നഫീസത്തുൽ മിസ് രിയ്യ: അനുരാഗത്തിന്റെ തൂവൽ പക്ഷി
ഭൗതിക ആഢംബരങ്ങൾ കൊണ്ട് മോടി പിടിപ്പിക്കാതെ ഏകാന്തതയും പരിത്യാഗവും ജീവിതത്തിൻറെ ഭാഗമാക്കി പരലോകത്തെ ലക്ഷ്യമാക്കി ജീവിക്കുന്നവരാണല്ലോ സൂഫികൾ. അവരിലെ അറിയപ്പെട്ട സ്ത്രീ സാന്നിധ്യങ്ങള്‍ അപൂർവങ്ങളിൽ അപൂർവമായിരുന്നു. ആ മഹത് രത്നങ്ങളിലെ അമൂല്യ രത്നവും അഹ്‌ലു ബൈത്തെന്ന താരക കൂട്ടത്തിലെ വെള്ളിനക്ഷത്രവുമായിരുന്നു സയ്യിദത്ത് നഫീസത്തുൽ മിസ്രിയ്യ(റ). പേരുപോലെ തന്നെ ഈജിപ്ഷ്യന്‍ അമൂല്യ രത്നം. ബീവിയുടെ ഇഷ്ടഭൂമികയായ മദീന അവർക്ക് എങ്ങനെ നഷ്ടപ്പെട്ടു എന്നും ശേഷം ഈജിപ്തിലെത്തപ്പെട്ടതും അടക്കം സംഭവബഹുലമായ ചരിത്ര കഥകൾ 14 അധ്യായങ്ങളിലായി കോർത്തിണക്കിയ ചരിത്ര രചനയാണ് മോയിൻ ഹുദവി മലയമ്മയുടെ നഫീസത്തുൽ മിസിരിയ:
പ്രവാചകരുടെയും സൂഫിജ്ഞാനികളുടേയും പാദ സ്പർശനമേറ്റ പുണ്യഭൂമിയായിരുന്നു ഈജിപ്ത്. മഹാനായ യൂസുഫ് നബി, ഇമാം ഷാഫിഈ എന്നിവർ ഏതാനും ഉദാഹരണങ്ങൾ മാത്രം. ധാരാളം അനുഗ്രഹീത മുഹൂർത്തങ്ങൾക്ക് സാക്ഷിയായ ആ മണ്ണ് വീണ്ടും പുളകമണിഞ്ഞത് എട്ടാം നൂറ്റാണ്ടിൽ ബീവി നഫീസത്തുൽ മിസ്‍രിയ്യയുടെ വരവോടെയാണ്. അത്രമേൽ മനോഹരമായ ജീവിതമായിരുന്നു ബീവി ആ മണ്ണിന് സമ്മാനിച്ചത്. 10 വയസ്സ് തികയും മുമ്പ് തന്നെ ഖുർആൻ മനഃപാഠമാക്കി, ഹദീസുകൾ ധാരാളം ഹൃദിസ്ഥമാക്കി. അങ്ങനെ ലോക മുസ്ലിം വനിതകൾക്ക് ഉത്തമ ഉദാഹരണമായി ബീവി പ്രശോഭിച്ചു നിന്നു. പ്രവാചക ജീവിതത്തിലെ ഓരോ സുന്നത്തിനേയും ഒപ്പിയെടുത്ത് ജീവിതത്തിൽ പകർത്തി തന്റേതായ ആത്മീയ ലോകത്ത് അവര്‍ ജീവിതാനന്ദം കണ്ടെത്തി. ഐഹിക സുഖം പാടേ ഉപേക്ഷിച്ചു. കാൽനടയായി ചെയ്ത മുപ്പതോളം ഹജ്ജുകൾ ആ ജീവിതത്തിലെ ആത്മീയ സൗരഭ്യത്തിന്റെ ഒരു ഉദാഹരണം മാത്രം.
ആ സുന്ദര പുഷ്പം മൊട്ടിട്ടത് മക്കയിലും വിരിഞ്ഞത് മദീനയിലും ആയിരുന്നുവെങ്കിലും അവരുടെ ആത്മീയ സുഗന്ധം ആസ്വദിക്കാൻ കഴിഞ്ഞത് ഈജിപ്തിനായിരുന്നു. മഹതിയുടെ അവസാന കാലഘട്ടവും ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നതും ആ പുണ്യഭൂമികയിൽ തന്നെയാണ്. ജീവിതകാലത്ത് തന്നെ തിരു നബിയുടെ സ്വപ്നദർശനം കൊണ്ട് അതറിയാൻ സാധിച്ചിരുന്നു.
കർമ്മശാസ്ത്രവും വിശ്വാസശാസ്ത്രവും ആധ്യാത്മികതയും ഒരു പോലെ സ്വായത്തമാക്കിയ ബീവിയിൽ നിന്നും വിജ്ഞാനം കരസ്ഥമാക്കാൻ ദൂരദേശങ്ങളിൽ നിന്ന് പോലും ആയിരങ്ങൾ വരാറുണ്ടായിരുന്നു. ഇമാം ശാഫിഈ, ദുന്നൂറുൽ മിസ്‍രി അടക്കം ഒട്ടേറെ സതീർഥ്യരായ ശിഷ്യ ഗണങ്ങൾ ബീവിക്കുണ്ടായിരുന്നു. ഹൃദയവും ചുണ്ടും ദൈവസ്മരണയാൽ തത്തിക്കളിക്കുന്നതോടൊപ്പം തന്നെ, സാമൂഹിക നവോത്ഥാനത്തിലും മഹതി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ധർമ്മത്തെ മുറുകെ പിടിച്ച് ഭരണകൂടത്തിലെ അധർമ്മത്തിനെതിരെ പോരാടി വിജയം നേടിയ നഫീസാ ബീവിയെ കൂടി ഈ കൃതി നമുക്ക് കാണിച്ച് തരുന്നുണ്ട്. ഈജിപ്ത് ഭരിച്ച ഖസ്വീബ് ബിൻ അംറിന്റെ ഭരണത്തിൽ വന്ന മാറ്റം ഇതിൽ ഒരു ഉദാഹരണം മാത്രം.
ചുരുക്കത്തിൽ, സാധാരണ ജീവിതത്തിന്റെ ഈടുവഴികളിലൂടെ കടന്ന് ആദ്ധ്യാത്മികതയുടെ അത്യുന്നതി പ്രാപിക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയിരുന്നു മഹതിയുടെ ജീവിതം. താളുകൾ ഓരോന്നായി മറിയുമ്പോൾ ബീവിയുടെ ദിവ്യാൽഭുത കഥകളിലേക്കും കൃതി ചെന്നെത്തുന്നുണ്ട്. അന്ധത സുഖപ്പെടുത്തിയതും തടവുകാരെ രക്ഷപ്പെടുത്തിയതും ആ അത്ഭുത ജീവിതത്തിലെ ഏതാനും ഏടുകൾ മാത്രം.
വിശുദ്ധിയുടെ ജാലകം തുറക്കുന്ന ആ ജീവിതം വരച്ചെടുക്കാവുന്നതല്ലെങ്കിലും പുതുതലമുറയുടെ നടപ്പാതകളിൽ വെളിച്ചം വിതറാൻ ഇത്തരം ജീവിതങ്ങൾക്കേ സാധിക്കൂ എന്ന തിരിച്ചറിവ് അക്ഷരക്കൂട്ടങ്ങളിൽ വായനക്കാരനെ ബോധിപ്പിക്കാൻ ഗ്രന്ഥകർത്താവിന് സാധിച്ചിട്ടുണ്ട്. ഓരോ വരിയിലേയും അത്ഭുത-ആത്മീയ ജീവിത ലക്ഷ്യങ്ങൾ കൊണ്ട് മുസ്‍ലിം യാഥാസ്ഥിതിക മത വിശ്വാസികളുടെ മനസ്സിൽ ഈറനണിയിച്ച ഈ കൃതി തീർത്തും വായനായോഗ്യം തന്നെ. ശംസുൽ ഉലമ ഇസ്ലാമിക് ഫൗണ്ടേഷനു കീഴിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിഫ ബുക്സ് ആണ് പ്രസാധകർ. 76 പേജുകളുള്ള ഈ കൃതിക്ക് 55 രൂപയാണ് മുഖവില.
Leave A Comment