അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 1-6) നീതി പാലിക്കില്ലെങ്കിൽ ഒന്നു മതി
വിശുദ്ധ ഖുര്ആനിലെ നാലാമത്തെ സൂറയാണിത്.
മദനിയ്യയാണ്. 176 ആയത്തുകള്. 3745 പദങ്ങള്. 16,030 അക്ഷരങ്ങള്.
സ്ത്രീകളുടെ കാര്യങ്ങള് പ്രതിപാദിക്കുന്ന അധ്യായം. അവരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സവിസ്തരം പ്രിതിപാദിക്കുന്നുണ്ട്.
സ്ത്രീകളുടെ വലിയ സൂറത്ത്(سورة النساء الكبرى) എന്നറിയപ്പെടുന്നു.
65-ആം അധ്യായം സൂറത്തു ത്ത്വലാഖ് ആണ് സ്ത്രീകളുടെ ചെറിയ സൂറത്ത് (سورة النساء الصغرى) എന്നറിയപ്പെടുന്നത്.
മദീനയിലവതീര്ണമായ അധ്യായങ്ങളില് മിക്കതിലും ശരീഅത്ത് നിയമങ്ങള് സംബന്ധിച്ചും, മക്കയിലവതരിച്ചതില് വിശ്വാസകാര്യങ്ങളെക്കുറിച്ചുമുള്ള പരാമര്ശങ്ങളായിരിക്കുമെന്ന് മുമ്പ് നാം പഠിച്ചിട്ടുണ്ട്. മദനിയ്യായ ഈ സൂറയിലും ഒട്ടേറെ ശരീഅത്ത് നിയമങ്ങള് പറയുന്നുണ്ട്.
എന്തൊക്കെയാണ് സൂറയുടെ പ്രമേയങ്ങളെന്ന് നോക്കാം:
സ്ത്രീകള്, അനാഥകുട്ടികള്-വിശിഷ്യ അനാഥപെണ്കുട്ടികള്- ജാഹിലിയ്യാ കാലത്ത് നിരവധി മൃഗീയപീഡനങ്ങള്ക്ക് വിധേയരായിരുന്നു. അനാഥകളും അഗതികളുമൊന്നുമല്ലാത്ത, മാന്യമായ കുടുംബത്തില് പിറന്ന സ്ത്രീകള്തന്നെ ചൂഷണം ചെയ്യപ്പെട്ടിരുന്ന കാലമാണത്. സ്ത്രീകള്ക്ക് വ്യക്തിത്വവും മാന്യതയും കല്പിക്കപ്പെട്ടിരുന്നില്ല. പെണ്കുഞ്ഞ് ജനിക്കുന്നതുതന്നെ നാണക്കേടും അവലക്ഷണവുമായി കണ്ടിരുന്നു. ഇവരെ ശാക്തീകരിക്കുകയാണ് വിശുദ്ധ ഖുര്ആന്.
ദാമ്പത്യത്തിലും സ്വത്തിലും അനന്തരാവകാശത്തിലുമെല്ലാം സ്ത്രീകള്ക്ക് അവകാശങ്ങള് നിര്ണയിച്ചു. മാന്യമായ പദവികള് നേടിക്കൊടുത്തു. സമൂഹത്തിന്റെ പ്രാഥമിക ഘടകമായ കുടുംബത്തിലെ റാണിയായി വാഴിച്ചു.
അനന്തര സ്വത്തുക്കള് യുക്തമായ രീതിയില് വിഭജിക്കപ്പെടണം. അപ്പഴേ സാമ്പത്തികമായ അസന്തുലിതത്വവും ഉച്ചനീചത്വവും സമൂഹത്തില്നിന്നു വിപാടനം ചെയ്യപ്പെടുകയുള്ളു. അക്കാര്യത്തില് ഏറ്റവും പരിഷ്കൃതവും ശാസ്ത്രീയവുമായ വിഭജനം നിര്വഹിച്ചത് വിശുദ്ധ ദീനാണ്. ആയിരത്തി നാനൂറിലധികം കൊല്ലങ്ങള്ക്കു മുമ്പ് തയ്യാറാക്കിയ അനന്തരാവകാശപ്പട്ടിക ഈ സൂറയില് കാണാം. ഏറെ പുരോഗമിച്ചെന്നു പറയപ്പെടുന്ന ഇക്കാലത്തുപോലും, നീതിരഹിതമായ സമീപനങ്ങളാണ് ഈ വിഷയത്തില് പലരും സ്വീകരിക്കുന്നത്.
കുടുംബബന്ധം, മുലകുടിബന്ധം, വിവാഹബന്ധം എന്നിവ വഴി വിവാഹബന്ധം നിഷിദ്ധമായവരെക്കുറിച്ച് ചര്ച്ച ചെയ്യുന്നുണ്ട്.
ദാമ്പത്യബന്ധത്തെക്കുറിച്ചും ചര്ച്ചയുണ്ട്. വളരെ പരിപാവനമായൊരു ഇടപാടാണീ ബന്ധം. ഇണകള് എന്നാണ് വിശുദ്ധ ഖുര്ആന് അവരെ വിളിക്കുന്നത്. ആണിണയും പെണ്ണിണയും-زَوْج، زَوْجَة. രണ്ടു മെയ്യാണെങ്കിലും ഒറ്റ മനസ്സോടെ രമ്യതയില് കഴിയേണ്ട ഇണകളെ ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവളുമെന്ന് വിഭജിച്ചുകൂടല്ലോ. കുടുംബത്തിന്റെ ഊടും പാവും ഒന്നിച്ചിരുന്നു നെയ്യുന്നവരാണവര്.
അതേസമയം രണ്ടുപേര്ക്കും പരസ്പരം ചില കടമകളും ബാധ്യതകളും ഉണ്ട്. ദൗര്ഭാഗ്യവശാല് തമ്മതമ്മില് പിണക്കമോ മറ്റോ ഉണ്ടായാല് അതിന് പരിഹാരമുണ്ടാക്കണം. അത്തരം കാര്യങ്ങളൊക്കെ ഈ സൂറയില് പ്രതിപാദിക്കുന്നുണ്ട്.
കുടുംബപരമായ വിശദീകരണങ്ങള്ക്കുശേഷം സമൂഹത്തെക്കുറിച്ചാണ് പറയുന്നത്. സാമൂഹിക ഭദ്രതക്കാവശ്യമായ നിര്ദേശങ്ങള് നല്കുന്നുണ്ട്. സഹകരണവും കാരുണ്യവും ഗുണകാംക്ഷയും വിട്ടുവീഴ്ചയും വിശ്വസ്തതയും നീതിയും സമൂഹത്തില് നിലനില്ക്കണം.
ശത്രുക്കളെ ഉപരോധിക്കാനും പ്രതിരോധിക്കാനുമുളള സന്നാഹങ്ങളും റെഡിയായിരിക്കണം. അതിനു വേണ്ട നിയമങ്ങളും ആവശ്യമാണ്. അതും സൂറയില് ചര്ച്ചചെയ്യുന്നുണ്ട്.
ശേഷം, ദീനിനുള്ളില് നിന്നുതന്നെ പ്രശ്നങ്ങളുണ്ടാക്കുന്ന കപടവിശ്വാസികളെക്കുറിച്ചാണ് വീശദീകരിക്കുന്നത്.
അവസാനം ജൂത-ക്രസ്ത്യാനികളെക്കുറിച്ച് ജാഗ്രത പുലര്ത്താനുളള ആഹ്വാനവും നല്കുന്നുണ്ട്..
അടിസ്ഥാനരഹിതമായ ക്രിസ്തീയ വിശ്വാസങ്ങളെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. ദൈവമാണെന്ന് വിശ്വസിക്കപ്പെടുന്നയാള്, ശത്രുക്കളുടെ കൈയാല് കുരിശിലേറ്റപ്പെട്ടുവെന്ന പൊള്ളയും വിചിത്രവുമായ വിശ്വാസമാണല്ലോ അവരുടേത്!
ഈ സൂറയിലെ ചില ആയത്തുകള് നമുക്ക് വല്ലാത്ത പ്രതീക്ഷയും ആശ്വാസവും തരുന്ന ആയത്തുകളാണ്.
‘സൂറത്തുന്നിസാഇലെ 5 ആയത്തുകള് ഇഹലോകം മുഴുവന് ലഭിക്കുന്നതിനെക്കാളും എനിക്ക് ഇഷ്ടമാണ്’ എന്നു പറഞ്ഞ് ഇബ്നുമസ്ഊദ് (رضي الله عنه), താഴെ കാണുന്ന ആയത്തുകള് എണ്ണിയിട്ടുണ്ട് (ഇബ്നുജരീര് رحمه الله)
(1) 31-ആം ആയത്ത് - إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا (മഹാപാപങ്ങള് ഉപേക്ഷിക്കുകയാണെങ്കില് മറ്റു തിന്മകള് അല്ലാഹു മാപ്പു നല്കും)
(2) 40-ആം ആയത്ത് – إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا (അല്ലാഹു അണുവോളം അനീതി ചെയ്കയില്ല, ഓരോ നന്മയെയും അവന് ഇരട്ടിപ്പിച്ചു വലുതാക്കും).
(3, 4) 48 ഉം 116 ഉം ആയത്തുകള് -
إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا (48)
إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا (116)
(ശിര്ക്കല്ലാത്ത പാപങ്ങളെല്ലാം അല്ലാഹു ഉദ്ദേശിക്കുന്നവര്ക്ക് പൊറുത്തു കൊടുക്കും)
(5) 110-ആം ആയത്ത് – وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا (വല്ല തിന്മയോ, സ്വന്തം ദേഹങ്ങളോട് അക്രമമോ ചെയ്യുന്നവര് പാപമോചനം തേടിയാല് അല്ലാഹു പൊറുത്തു കൊടുക്കും.)
ഹാകിം(رحمه الله) ഉദ്ധരിച്ച രിവായത്തില് ഈ അവസാനത്തെ വചനത്തിന്റെ സ്ഥാനത്ത് 64-ആം വചനമാണുള്ളത് - وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا (സ്വന്തത്തോടുതന്നെ അക്രമം ചെയ്തപ്പോള് അവര് താങ്കളുടെയടുത്ത് വരികയും അല്ലാഹുവിനോട് പാപമോചനമര്ത്ഥിക്കുകയും റസൂല് صلى الله عليه وسلم അവര്ക്ക് പൊറുക്കലിനെ തേടുകയും ചെയ്തിരുന്നുവെങ്കില് പശ്ചാത്താപം സ്വീകരിക്കുന്നവും കരുണാവാരിധിയുമായി അല്ലാഹുവിനെ അവര് കണ്ടെത്തുമായിരുന്നു).
അതുപോലെ, ‘സൂറത്തുന്നിസാഇലെ എട്ട് ആയത്തുകള് ഈ സമുദായത്തെ സംബന്ധിച്ചിടത്തോളം ഇഹലോകത്തെക്കാള് ഉത്തമമാണ്’ എന്ന് ഇബ്നു അബ്ബാസ് (رضي الله عنهما)ല് നിന്ന് മറ്റൊരു രിവായത്തും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (ഇബ്നുജരീര് رحمه الله).
നേരത്തെ പറഞ്ഞ 5 ആയത്തുകള്ക്ക് പുറമെ 26, 27, 28 എന്നീ ആയത്തുകളും കൂടിയാണ് അതിലദ്ദേഹം എടുത്തുപറഞ്ഞിരിക്കുന്നത്.
ആ തിരുവചനങ്ങളെല്ലാം തന്നെ അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹവും അളവില്ലാത്ത കാരുണ്യവും പറഞ്ഞുതരുന്നതും നമുക്ക് നല്ല പ്രതീക്ഷ തരുന്നവയുമാണ്.
ആയത്ത് 1
എല്ലാ മനുഷ്യരും ഒറ്റയാളില്നിന്നുണ്ടായതാണ്. ഇണയും അദ്ദേഹത്തില് നിന്നു തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്. ലോകത്തുള്ളവരെല്ലാം സത്യത്തില് ഒരു കുടുംബമാണ്.
പരസ്പരം കലഹിക്കുകയല്ല, സ്നേഹത്തോടെ ജീവിക്കുകയാണ് വേണ്ടത്. എല്ലാവരെയും പരസ്പരം ഒറ്റക്കുടുംബമായി ബന്ധിപ്പിച്ച, രക്ഷിതാവായ അല്ലാഹുവിന്റെ വിധിവിലക്കുകള് ലംഘിക്കരുത്.
പരസ്പരം വല്ല സഹായവും ആവശ്യപ്പെടുമ്പോള് അല്ലാഹുവിനെ മുന്നിറുത്തിയാണല്ലോ നിങ്ങള് ചോദിക്കാറുള്ളത്. സ്വന്തം കാര്യം സാധിക്കാനായി ആരുടെ പേരാണോ നിങ്ങള് ഉപയോഗിക്കുന്നത്, അതേ അല്ലാഹുവിനെ അനുസരിച്ച്, സൂക്ഷ്മതയോടെ ജീവിക്കണം. അവന്റെ കോപത്തിന് ഹേതുവാകുന്ന എല്ലാ കാര്യങ്ങളില് നിന്നും വിട്ടുനില്ക്കണം.
അതുപോലെ, കുടുംബബന്ധങ്ങള്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും സൂക്ഷിക്കണം. കുടുംബമര്യാദ തികച്ചും പാലിച്ചുപോരണം. എല്ലാം അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ശക്തമായൊരു താക്കീതും നല്കുന്നുണ്ട്.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا﴿١﴾
ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയില് നിന്നു നിങ്ങളെ പടക്കുകയും അതില് നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില് നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഏതൊരുവന്റെ പേരില് നിങ്ങള് അവകാശങ്ങള് ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക. നിശ്ചയം അവന് നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്.
ഈ ആയത്തിലെ ക്രമം ശ്രദ്ധിക്കണം- നിങ്ങള്, ഭാര്യ, സമൂഹം. നിങ്ങളും കുടുംബവും മാത്രമല്ല, വേറെയും കുറെ ആളുകളിണ്ടിവിടെ. അവരോടും നല്ല നിലക്ക് പെരുമാറണം.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ എന്ന വാക്യം കൊണ്ട് ആരംഭിക്കുന്ന രണ്ടു സൂറത്തുകളില് ഒന്നാമത്തേതാണിത്. സൂറത്തുല് ഹജ്ജാണ് മറ്റൊന്ന്. (يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ) മനുഷ്യവര്ഗത്തിന്റെ ഉല്ഭവത്തെക്കുറിച്ചാണിവിടെ പറയുന്നതെങ്കില്, അന്ത്യനാളിനെപ്പറ്റിയും അതിന്റെ ഭയാനതകളെക്കുറിച്ചുമാണ് സൂറത്തുല് ഹജ്ജില് പറയുന്നത്.
മനുഷ്യരുടെ ഉത്ഭവം നോക്കിയാലും, അവരുടെ ഒടുക്കവും മടക്കവും നോക്കിയാലും അല്ലാഹു അല്ലാതെ വേറെയൊരു രക്ഷിതാവ് അവര്ക്കില്ലെന്നും, അതുകൊണ്ട് അവനെ സൂക്ഷിച്ച് ജീവിക്കുക എന്നത് മനുഷ്യന്റെ പ്രകൃതിപരമായ കടമ യാണെന്നും സൂചിപ്പിക്കുകയാണ്.
ٱتَّقُواْ رَبَّكُمُ
ഈ പ്രയോഗം ശ്രദ്ധേയമണ്. അല്ലാഹുവിനെ സൂക്ഷിക്കണമെന്നോ, നിങ്ങള് ആരാധിക്കുന്നവനെ സൂക്ഷിക്കണമെന്നോ എന്നല്ല പറഞ്ഞത്. നിങ്ങളെ പടച്ച് പരിപാലിക്കുന്നവനെ സൂക്ഷിച്ച് ജീവിക്കണമെന്നാണ്.
നമുക്കൊരു ഫേവര് ചെയ്തുതന്ന, നല്ലൊരു പ്രൊഡക്ട് ഉണ്ടാക്കിത്തന്ന, അത് കൃത്യമായി പരിപാലിക്കുന്ന ഒരാളോട് നല്ല നിലക്കല്ലേ നമ്മള് പെരുമാറൂ.. അതെ. അല്ലാഹുവിനോടും അങ്ങനെത്തന്നെയാണ് വേണ്ടത്.
ഞാനാണ് നിങ്ങളെ പടച്ചുണ്ടാക്കി പരിപാലിക്കുന്നത്. അതുകൊണ്ട് എന്നെ സൂക്ഷിച്ച് ജീവിക്കണം.
ഏതൊരു പ്രൊഡക്ടിനും മെയ്ന്റനന്സ് മാന്വല് ഉണ്ടാകും. അതനുസരിച്ച് അത് മെയ്ന്റെന് ചെയ്തുകൊണ്ടുപോകണം. അല്ലെങ്കില് കേടുപാടുവരും. എത്ര ഗ്യാരണ്ടിയും വാറണ്ടിയും ഉണ്ടെങ്കിലും അങ്ങനെത്തന്നെ.
നമുക്ക് ആയുസ്സ് നിശ്ചയിച്ചതാണ് നമ്മുടെ ഗ്യാരണ്ടിയും വാറണ്ടിയും. അത് തീരുന്നതുവരെ അല്ലാഹു തന്നുവിട്ട മാന്വല് അനുസരിച്ച് ജീവിക്കണം. അതാണ് പരിശുദ്ധ ശരീഅത്ത്.
പടച്ചങ്ങോട്ട് വിട്ടിട്ട് നിങ്ങള് തോന്നിയ പോലെ ജീവിച്ചോളൂ എന്നല്ല അല്ലാഹുവിന്റെ നിലപാട്. അങ്ങനെയാണെങ്കില് നമ്മള് കേടുവന്നുപോകും. അത് സംഭവിക്കാതിരിക്കാനാണ് വ്യക്തമായ മാര്ഗദര്ശനങ്ങള് നല്കുന്നത്. ആ മാര്ഗദര്ശനങ്ങള്ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തി തഖ്വയോടെ ജീവിചിച്ചാല് നമ്മുടെ ഭാഗം ക്ലിയറായി.
അല്ലാഹുവിന്റെ ഭാഗം അവന് കൃത്യമായി നിര്ഹിക്കുന്നുണ്ടല്ലോ. അതായത്, നമ്മളെയവന് കൃത്യമായി പരിപാലിക്കുന്നു. പടച്ചുവിടുക മാത്രമല്ലോ ചെയ്തത്, മരണം വരെ എല്ലാം കൃത്യമായി പ്രവര്ത്തിപ്പിച്ച്, ഓരോരുത്തരെയും വേണ്ടതുപോലെ കൃത്യമായി പരിപാലിക്കുകയാണ്.
ചില്ലറ കാര്യമാണോ അത്?! ഭക്ഷണം മാത്രല്ലല്ലോ. ശരീരവും അവയവങ്ങളും വിവിധ സിസ്റ്റങ്ങളും. കാറ്റ്, മഴ, വായു, വെള്ളം, വെളിച്ചം, സൂര്യന്, ഭൂമി, ചന്ദ്രന്... സമൂഹം, പരിസ്ഥിതി.... ഇതെല്ലാം നമുക്കുവേണ്ടിയാണ് റബ്ബ് സംവിധാനിച്ചത്.
ഇഹലോകത്ത് ഒരാളെയും റബ്ബ് ഒഴിവാക്കുന്നില്ലല്ലോ. മുസ്ലിമായാലും കാഫിറായാലും എല്ലാവരെയും വേണ്ടതുപോലെ പരിപാലിക്കുകയാണ്. ഒരൊറ്റ സുജൂദ് പോലും ചെയ്യാത്തവരെയും, റബ്ബിനെ നിഷേധിച്ച് വെല്ലുവിളികള് നടത്തുന്നവരെയും പരിപാലിക്കുന്നു. ഓരോരുത്തര്ക്കും നല്കുന്ന വിഭവങ്ങളിലും സൌകര്യങ്ങളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും – അതെല്ലാം പരീക്ഷണങ്ങളാണ്. പല ഹിക്മത്തുകളും അതിനുപിന്നിലുണ്ട്താനും.
الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا
ഒറ്റ നഫ്സില് നിന്നുതന്നെ ഇണയെ പടച്ചു എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. നിങ്ങള് ഇണകള് രണ്ടല്ല, ഒന്നാണെന്ന് മനസ്സിലാക്കിത്തരികയാണ്. രണ്ടെണ്ണമാകുമ്പോഴല്ലേ വ്യത്യസ്ത താല്പര്യങ്ങളുണ്ടാവുക. ഒന്നാകുമ്പോള്, അങ്ങനെയല്ലല്ലോ, അത് സങ്കടമായാലും സന്തോഷമായാലും എന്തൊക്കെയായാലും പങ്കിട്ടെടുക്കാന് കഴിയും.
ആണിന്റെ പകുതി തന്നെയാണ് പെണ്ണെന്ന് മനസ്സിലാക്കിത്തരികയാണ്. Better Half എന്നല്ലേ പറയാറ് (നല്ല പാതി).
ആദം നബി عليه السلامയുടെ ഇടത്തെ ഭാഗത്തെ ഒരു വാരിയെല്ലു കൊണ്ടാണ് ഹവ്വാ ബീവി رضي الله عنها സൃഷ്ടിക്കപ്പെട്ടത്; അദ്ദേഹം നല്ല ഉറക്കത്തിലായിരുന്നപ്പോള്. ഇമാം ഖുര്ഥുബിയും ഇബ്നു കസീറും ഈ വിഷയം ഇമാം സുദ്ദി رحمه الله യില് നിന്നും ഉദ്ധരിച്ചിട്ടുണ്ട്.
عَنْ السُّدِّيّ , قَالَ : أُسْكِنَ آدَم الْجَنَّة , فَكَانَ يَمْشِي فِيهَا وَحِشًا لَيْسَ لَهُ زَوْج يَسْكُن إِلَيْهَا ; فَنَامَ نَوْمَة , فَاسْتَيْقَظَ فَإِذَا عِنْد رَأْسه اِمْرَأَة قَاعِدَة خَلَقَهَا اللَّه مِنْ ضِلْعه , فَسَأَلَهَا مَا أَنْتِ ؟ قَالَتْ اِمْرَأَة , قَالَ : وَلِمَ خُلِقْت ؟ قَالَتْ : لِتَسْكُن إِلَيَّ (قرطبي، ابن كثير) .
(ഉണര്ന്നെണീറ്റപ്പോഴുണ്ട് അടുത്തൊരു പെണ്ണ്. നീ ആരാണ്, ഏതാണെന്നൊക്കെയുള്ള ചോദ്യത്തിന്, താങ്കള്ക്ക് അശ്വാസവും സമാധാനവും നല്കാന് പടക്കപ്പെട്ട പെണ്ണാണ് ഞാനെന്നായിരുന്നു ഹവ്വാ ബീവി رضي الله عنهاയുടെ മറുപടി.)
ആശ്വാസം നല്കാനാണെന്നാണ് ഹവ്വാ (رضي الله عنها) പറഞ്ഞത്. ഉള്ള ആശ്വാസം കളയാനോ പോകാനോ എന്നല്ല! കല്യാണം കഴിഞ്ഞതോടെ കാലു കെട്ടി, കണ്ണുപൊട്ടി എന്നൊക്കെ പറയുന്നത്, ഈ പവിത്രമായ ബന്ധം ശരിയായ അര്ത്ഥത്തില് ഉള്ക്കൊള്ളാത്തതുകൊണ്ടാണ്.
പെണ്ണുകെട്ടിയാല് സമാധാനമായി, ആശ്വാസമായി എന്നാണല്ലോ വിശുദ്ധ ഖുര്ആന്റെ ഭാഷ്യവും.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ- الروم 21
(ഇണകളുമായി സംഗമിച്ച് സമാധാന ജീവതമാസ്വദിക്കാനായി സ്വന്തത്തില് നിന്നുതന്നെ നിങ്ങള്ക്ക് ഇണകളെ സൃഷ്ടിച്ചുതന്നതും പരസ്പര സ്നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില് പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്ക്ക് ഇതില് പാഠങ്ങളുണ്ട്.)
അങ്ങനെ ആശ്വാസമുണ്ടാക്കാനാണ് ദമ്പതികള് ശ്രമിക്കേണ്ടത്. സമാധാനം നഷ്ടപ്പെടുന്നത് വിട്ടുവീഴ്ചാ മനോഭാവം ഇല്ലാതിരിക്കുമ്പോഴാണ്.
രണ്ടാലൊരു സൈഡ് താഴ്ന്നുകൊടുത്താല് തീരാത്ത പ്രശ്നങ്ങളില്ലല്ലോ.
وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ
‘അല്ലാഹുവിന്റെ പേരില് ഞാന് അപേക്ഷിക്കുന്നു, അല്ലാഹുവിനെ ഓര്ത്ത് ഇന്നതു ചെയ്തുതരണം, പടച്ചവനെ മുന്നിറുത്തിയാണ് ഞാനിതു പറയുന്നത്’ ഇങ്ങനെയൊക്കെ പറയുന്നതും ചോദിക്കുന്നതും പണ്ടുമുതലേയുള്ള പതിവാണല്ലോ. ജാഹിലിയ്യാ കാലത്തും ഇങ്ങനെ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യലും അവനെ മുന്നിറുത്തി പരസ്പരം പലതും ചോദിക്കലും സാര്വത്രികമായിരുന്നു. അതാണ് സൂചിപ്പിച്ചിരിക്കുന്നത്.
وَالْأَرْحَامَ
കുടുംബ ബന്ധം പുലര്ത്തുക, കുടുംബത്തോട് നല്ല നിലക്കു പെരുമാറുക – വലിയ വിഷയമാണിത്. വിശുദ്ധ ദീന് അതിപ്രധാന്യത്തോടെ പറഞ്ഞ കാര്യം. കുടുംബബന്ധങ്ങള് സൂക്ഷിക്കണമെന്ന് ഒന്നാമത്തെ ഈ വചനത്തില്തന്നെ പ്രത്യേകം ഉണര്ത്തുന്നത്, ആ പ്രാധാന്യം മനസ്സിലാക്കിത്താരാനാണ്. അതുകൊണ്ടാണ്. അല്ലാഹുവിനെ സൂക്ഷിക്കാന് ഊന്നിപ്പറഞ്ഞതോടു ചേര്ത്തി, കുടുംബ ബന്ധങ്ങളും സൂക്ഷിക്കണം എന്നുകൂടി പറഞ്ഞത്.
അല്ലാഹുവിനോടും കുടുംബങ്ങളോടുമുള്ള കടമകളെല്ലാം നിങ്ങള് പാലിക്കുന്നുണ്ടോ എന്ന് അല്ലാഹു സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും അവസാനം ഓര്മപ്പെടുത്തുന്നു.
അടുത്ത ആയത്ത് 2
മനുഷ്യരെല്ലാം ഒറ്റൊരാളില് നിന്നാണുണ്ടായതെന്നും, അതുകൊണ്ടുതന്നെ പരസ്പരം പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ സ്നേഹത്തോടും സൗഹൃദത്തോടും കൂടി ജീവിക്കണമെന്നുമാണല്ലോ കഴിഞ്ഞ ആയത്തില് പറഞ്ഞത്. അല്ലാഹുവിനെയും കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കാനും പറഞ്ഞു. ഇനി, രണ്ടാം ആയത്ത് മുതല് അത് വിശദീകരിക്കുകയാണ്.
വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണല്ലോ അനാഥകളുടെ വിഷയം. അതുകൊണ്ട് ആദ്യം പറയുന്നത് അതിനെക്കുറിച്ചാണ്.
യുദ്ധങ്ങളും മറ്റും കാരണമായി ധാരാളം അനാഥക്കുട്ടികള് അറബികളിലുണ്ടായിരുന്നു. പല അനീതികളും ക്രൂരതകളും അവര് നേരിടേണ്ടിയും വന്നിരുന്നു. അതിന് അറുതി വരുത്തുകയാണ് അല്ലാഹു.
പിതാവ് മരണപ്പെട്ട പ്രായം തികയാത്ത കുട്ടിക്കാണ് 'യതീം' എന്നു പറയുന്നത്. അവരെയും കുടുംബത്തിലെ ഒരംഗത്തെപ്പോലെത്തന്നെ ശ്രദ്ധിക്കണം.
അവരുടെ സമ്പത്തും മറ്റും സംരക്ഷിക്കുന്നവര് ആ കുട്ടികള് പ്രായപൂര്ത്തിയായാല് അവര്ക്കത് വിട്ടുകൊടുക്കണം. അതപഹരിച്ചോ അവരെ കബളിപ്പിച്ചോ നിങ്ങളുടെ നല്ല ധനം ചീത്തയാക്കരുത്. നല്ല സ്വത്ത് നിങ്ങളെടുത്ത്, മോശം സ്വത്ത് യതീമിന് കൊടുക്കുകയും ചെയ്യരുത് - ഇതാണ് അല്ലാഹു കല്പിക്കുന്നത്. യതീമുകളുടെ ആടുകളുടെ കൂട്ടത്തില് നിന്ന് നല്ല തടിച്ചുകൊഴുത്തത് എടുത്തിട്ട്, പകരം മെലിഞ്ഞൊട്ടിയതനെ പകരം വെക്കുമായിരുന്നു അവര്.
സ്വത്തുക്കള് കൂട്ടിക്കലര്ത്തി സ്വന്തം സ്വത്തെന്ന നിലക്ക് വിനിയോഗിക്കും. അതുപോലെ, പ്രായം തികഞ്ഞാല് വിട്ടുകൊടുക്കേണ്ടിവരുമെന്ന പേടി കാരണം, നേരത്തെതന്നെ യതീമുകളുടെ സമ്പത്തെല്ലാം ധൂര്ത്തടിച്ചു നശിപ്പിക്കുകയും ചെയ്യും.
ഈ അനാഥ, ഒരു പെണ്കുട്ടിയാണെങ്കിലോ, വല്ലാത്ത കഷ്ടപ്പാടുതന്നെയാണ്. സൗന്ദര്യമുള്ളവളാണെങ്കില് ഇയാള് തന്നെ വിവാഹം ചെയ്യും. പക്ഷേ, മഹ്റൊന്നും വേണ്ടതുപോലെ കൊടുക്കില്ല.
സൗന്ദര്യമില്ലാത്തവളാണെങ്കിലോ, താന് കല്യാണം കഴിക്കില്ലെന്നു മാത്രമല്ല, സ്വത്ത് വിട്ടുകൊടുക്കേണ്ടിവരുമെന്ന പേടികാരണം മറ്റാരെങ്കിലും വിവാഹം ചെയ്യുന്നതിന് തടസ്സം നില്ക്കുകയും ചെയ്യും. ഇതിനെല്ലാം അറുതി വരുത്തികയാണ് അല്ലാഹു.
وَآتُوا الْيَتَامَىٰ أَمْوَالَهُمْ ۖ وَلَا تَتَبَدَّلُوا الْخَبِيثَ بِالطَّيِّبِ ۖ وَلَا تَأْكُلُوا أَمْوَالَهُمْ إِلَىٰ أَمْوَالِكُمْ ۚ إِنَّهُ كَانَ حُوبًا كَبِيرًا﴿٢﴾
അനാഥക്കുട്ടികളുടെ സമ്പത്തുകള് അവര്ക്കുവിട്ടുകൊടുക്കുക; നല്ലതിനു പകരം ചീത്തയെടുക്കരുത്. നിങ്ങളുടെ സമ്പത്തുകളോട് കൂട്ടിക്കലര്ത്തി അവരുടേത് തിന്നാനും പാടില്ല. വമ്പിച്ച കുറ്റമാണത്.
അനാഥകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന എല്ലാവര്ക്കും ബാധകമാണീ കല്പനകള്. അത് കുടുംബക്കാരാകട്ടെ, അല്ലാത്തവരാകട്ടെ.
وَلَا تَتَبَدَّلُوا الْخَبِيثَ بِالطَّيِّبِ
വിശാലാര്ത്ഥത്തില് മനസ്സിലാക്കേണ്ട ആയത്താണിത്. ഇമാം സുഫ്യാനുസ്സൌരി (رحمه الله) ഈ ആയത്ത് വ്യാഖ്യാനിച്ചത് ഇങ്ങനെയാണ്:
قال سفيان الثوري: لا تعجل بالرزق الحرام قبل أن يأتيك الرزق الحلال الذي قدّر لك
(നിനക്ക് കണക്കാക്കിയ ഹലാലായ രിസ്ഖ് വരുന്നതിനുമുമ്പ്, ഹറാമായ രിസ്ഖിന് ധൃതി കാണിക്കരുത്).
നമ്മളൊക്കെ പലരും ചെയ്യുന്ന പണിയാണിത്. അതുകൊണ്ടാണല്ലോ പലിശയധിഷ്ഠിത ലോണുകളെടുക്കാന് ബാങ്കുകളിലേക്ക് പായുന്നത്. റബ്ബ് തരുന്ന ഹലാലായ സമ്പത്ത് കുറച്ച് വൈകിയാലും തരക്കേടില്ല, ഹറാം എനിക്ക് വേണ്ട എന്നല്ലേ ചിന്തിക്കേണ്ടത്.
വീടുപണി, വാഹനം, വിദ്യാഭ്യാസം, സ്ഥലം വാങ്ങാന്... എന്തിനാണിപ്പോള് ലോണെടുക്കാത്തത്? എന്നിട്ടതിലെല്ലാം ബറകത് കിട്ടണമെന്ന് ദുആ ചെയ്യുകയും ചെയ്യും. എവിടന്ന് കിട്ടാനാണ്?!
إِنَّهُ كَانَ حُوبًا كَبِيرًا
മഹാപാപമാണതെന്നാണ് പറയുന്നത്. യതീംഖാന നടത്തിപ്പുകാരടക്കമുള്ള യതീം സംരക്ഷകരെല്ലാം നല്ലോണം ശ്രദ്ധിക്കണം. വക മാറ്റുന്നതൊക്കെ വലിയ വിഷയമാണ്.
അടുത്ത ആയത്ത് 3
ഈ ആയത്തിന്റെ ഉദ്ദേശ്യം ശരിക്ക് മനസ്സിലാക്കാന്, അവതരണകാലത്തെ ഇവ്വിഷയകമായ സ്ഥിതിഗതികളെക്കുറിച്ച് അറിയണം. നേരത്തെ പറഞ്ഞപോലെ, അനാഥകളില് നല്ലൊരു പങ്ക് ബാലികമാരായിരുന്നു. ഇന്നും അങ്ങനെത്തന്നെയാണല്ലോ.
സ്വത്തുകൂടി കിട്ടുമെന്നു കരുതി അവരെ സംരക്ഷകര് തന്നെ വിവാഹം ചെയ്യുക അറബികളില് പതിവുണ്ടായിരുന്നു. ചിലര്, സ്വത്ത് നഷ്ടപ്പെടുമെന്ന് പേടിച്ച് കല്യാണം കഴിക്കുകയുമില്ല, മറ്റൊരാള്ക്ക് കെട്ടിച്ചുകൊടുക്കുകയുമില്ല!
എന്നാല്, യതീം മക്കളുടെ സ്വത്തുമായി ബന്ധപ്പെട്ടും അവരോട് നടത്തുന്ന അവകാശലംഘനങ്ങളെക്കുറിച്ചും ഖുര്ആന് അതിശക്തമായ താക്കീതുകള് നല്കിയപ്പോള്, പലരും ഭവിഷ്യല്ഫലങ്ങളോര്ത്ത് ഭയപ്പെട്ടു. അതാണിവിടെ പശ്ചാത്തലം.
അത്തരം സാഹചര്യങ്ങളില് എന്തു ചെയ്യണമെന്നാണ് അല്ലാഹു നിര്ദേശിക്കുന്നത്. യതീമായ പെണ്കുട്ടികളെ രക്ഷിതാക്കളായ നിങ്ങള്തന്നെ കല്യാണം കഴിച്ചാല്, പണ്ടേ നിങ്ങളുടെ സംരക്ഷണയില് വളര്ന്നവരാണല്ലോ എന്നുകരുതി, അവര്ക്ക് കൊടുക്കേണ്ട 'മഹ്ര്' പോലെയുള്ള അവകാശങ്ങള് നല്കുന്നതില് എന്തെങ്കിലും വീഴ്ചയോ മറ്റു അനീതിയോ കാണിക്കരുത്. അങ്ങനെയെന്തെങ്കിലും അനീതി വരുമെന്ന് പേടിയുണ്ടെങ്കില്, നിങ്ങളവരെ കല്യാണം കഴിക്കേണ്ട. ലോകത്തു വേറെയും നിരവധി സ്ത്രീകളുണ്ടല്ലോ.
അത്തരം സ്ത്രീകളുടെ കൂട്ടത്തില്, നിങ്ങള്ക്കിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ കല്യാണം കഴിക്കാവുന്നതാണ്. അങ്ങനെ ഒന്നിലധികം പേരെ വിവാഹം ചെയ്യുന്നുണ്ടെങ്കില്, അവിടെയും കര്ക്കശമായ നീതിപാലനം നിര്ബന്ധമാണ്. അതിന് കഴിയില്ലെന്ന് പേടിയുണ്ടെങ്കില് ഒരാളെ മാത്രം വരിച്ചാല് മതി. അതിനും കഴിവില്ലെങ്കില് അടിമസ്ത്രീകളെക്കൊണ്ടു മതിയാക്കണം-ഇതാണു ഖുര്ആന് ഉദ്ദേശിക്കുന്നത്.
وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانْكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا﴿٣﴾
അനാഥക്കുട്ടികളുടെ കാര്യത്തില് നീതി പാലിക്കാന് കഴിയില്ലെന്നു ഭയപ്പെടുകയാണെങ്കില് മറ്റുവനിതകളില് നിന്നു നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം കഴിക്കുക; അവരോടും നീതി ചെയ്യാനാവില്ലെന്നു പേടിയുണ്ടെങ്കില് ഒരുത്തിയെ മാത്രം; അല്ലെങ്കില് നിങ്ങളുടെ അടിയാത്തികള്. പരിധികള് ലംഘിക്കാതിരിക്കാന് നിങ്ങള്ക്ക് അതാണേറ്റം നല്ലത്.
യത്തീമുകളെപോലെത്തന്നെ, സ്ത്രീകളോടും വളരെ ക്രൂരമായാണ് അക്കാലത്ത് പെരുമാറിയിരുന്നത്.
തോന്നിയതുപോലെ സ്ത്രീകളെ കല്യാണം കഴിക്കും. അത് എത്ര പേരെയുമാകാം. എന്നിട്ട് അവകാശങ്ങള് വകവെച്ചുകൊടുക്കുകയോ, നീതി പാലിക്കുകയോ ചെയ്യാതെ അതിക്രമം കാണിക്കുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ്, യത്തീമുകളോടുള്ള അനീതിയെക്കുറിച്ച് ശക്ത
മായ താക്കീത് വരുന്നത്. അപ്പോഴവര് പേടിച്ചുപോയി.
അവരോടിങ്ങനെ പറയുകയാണ് അല്ലാഹു: യത്തീമുകളോട് അനീതി ചെയ്യുന്നത് നിങ്ങള് പേടിക്കുന്നുവെങ്കില്, അതുപോലെത്തന്നെയാണ്, സ്ത്രീകളോട് അനീതി ചെയ്യുന്നതും. അതും നിങ്ങള് പേടിക്കണം.
തോന്നിയതുപോലെ കുറെ കെട്ടിക്കൂട്ടുകയല്ല വേണ്ടത്. നീതി പാലിക്കാന്കഴിയുമെന്ന് വിശ്വാസമുണ്ടെങ്കില് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യാം. ആ വിശ്വാസമില്ലെങ്കില് ഒന്നു മാത്രം. അതിനും കഴിയില്ലെങ്കില്, അടിമസത്രീകള് മാത്രം; അവരെക്കൊണ്ട് മതിയാക്കണം.
നാല് ഭാര്യമാരിലധികം ഒരേ സമയം ഉണ്ടാവാന് പാടില്ലെന്നു ഇവിടെ നിന്ന് മനസ്സിലാക്കാം. (ഇബ്നുഅബ്ബാസ്رضي الله عنهما )
തിരുനബി صلى الله عليه وسلمക്കല്ലാതെ അവിടത്തെ സമുദായത്തില് മറ്റാര്ക്കും ഒരേസമയം നാലു ഭാര്യമാരിലധികം ഉണ്ടാവാന് പാടില്ല. തിരുനബി صلى الله عليه وسلم ക്ക് അങ്ങനെയുണ്ടായിരുന്നത്, അവിടത്തെ മാത്രം പ്രത്യേകതകളില് പെട്ടതാണ്.
ഈ ആയത്ത് ഇറങ്ങിയതോടെ പലരും അധികമുള്ളവരെ ഒഴിവാക്കി. ഉമൈറത്തുല് അസദി رضي الله عنهമുസ്ലിമാകുമ്പോള് എട്ടു ഭാര്യമാരാണുണ്ടായിരുന്നത്. നാലെണ്ണം തെരഞ്ഞെടുക്കാനാണ് തിരുനബി صلى الله عليه وسلم അവരോട് പറഞ്ഞത് (അബൂദാവൂദ്).
നൗഫലുബ്നുമുആവിയ رضي الله عنه മുസ്ലിമാകുമ്പോള് അഞ്ചു ഭാര്യമാരുണ്ടായിരുന്നു. നാലെണ്ണം തെരഞ്ഞെടുത്ത് ബാക്കി ഒഴിവാക്കി.
ബഹുഭാര്യത്വം – എന്നും വിവാദമാണല്ലേ. അന്ധമായി ഇതിനെ വിമര്ശിക്കുന്നവര് വസ്തുതകള്ക്കു നേരെ കണ്ണടക്കുകയാണ്. വിമര്ശകര് മുഴുവനല്ലെങ്കില് മഹാഭൂരിഭാഗവും ഫലത്തില് ബഹുഭാര്യമാരുള്ളവരാണ്. ഔദ്യോഗിക ഭാര്യ ഒന്നേ ഉണ്ടാകൂ എന്ന് മാത്രം.
എന്നാല്, സ്ത്രീകളെ ഇങ്ങനെ സുഖഭോഗവസ്തുമായി മാത്രം കാണാനും ചവച്ചു തുപ്പാനും ഇസ്ലാം അനുവദിക്കുന്നില്ല. ആവശ്യമാണെങ്കില് ഭാര്യാപദവി നല്കി അന്തസ്സായി സ്വീകരിക്കുക.
ബഹുഭാര്യത്വം അനുവദനീയമാക്കിയത് സത്യത്തില് വലിയ റഹ്മത്താണത്. അനിവാര്യ സാഹചര്യങ്ങളുണ്ടാകില്ലേ. കലാപങ്ങളും യുദ്ധങ്ങളുമുണ്ടാകുമ്പോഴുള്ള പോലെ.
അതുപോലെ, പ്രസവിക്കാത്ത ഭാര്യ, മാറാരോഗങ്ങള് ബാധിച്ചവള്.. ഇത്തരക്കാരെ ഥലാഖ് ചൊല്ലാതെ, കൂടെനിറുത്തി സംരക്ഷിച്ച് രണ്ടാമത് വിവാഹം കഴിക്കുകയല്ലേ നല്ലത്.
ബഹുഭാര്യത്വം അനുവദിക്കപ്പെട്ടില്ലെങ്കില് ഉണ്ടാകുന്ന ഭവിഷ്യത്തുകള് ദൂരവ്യാപകമായിരിക്കും. ഇപ്പോള് തന്നെ ആണ്-പെണ് ജനസംഖ്യാനുപാതത്തില് വലിയ അന്തരമില്ലേ. കൂടുതലുള്ള സ്ത്രീകള് എന്തു ചെയ്യും? നിയമവിധേയമായി വിവാഹിതരാകാനുള്ള സാഹചര്യമില്ലെങ്കില് അവിഹിത മാര്ഗം സ്വീകരിക്കും. അതും മറ്റൊരു കല്യാണം കഴിച്ച പുരുഷന്റെ കൂടെത്തന്നെ അവിഹിതമായി പോകും. സമൂഹത്തില് അരാചകത്വം നടമാടുകയും ചെയ്യും.
أَوْ مَا مَلَكَتْ أَيْمَانُكُمْ
മേല് പറഞ്ഞതുപോലെ നിങ്ങള് കല്യാണം കഴിക്കുന്നില്ലെങ്കില് പിന്നെ അടിമപ്പെണ്ണുങ്ങള് മതി. അവരെക്കൊണ്ട് തൃപ്തിപ്പെടണം.
അന്നത്തെ സാഹചര്യമനുസരിച്ചുള്ള നിര്ദേശമാണിത്. ഇന്നിപ്പോള് അടിമ സമ്പ്രദായമില്ലല്ലോ. ഈ സമ്പ്രദായം ഇല്ലാതെയാക്കാനും അടിമ സ്ത്രീകള്ക്ക് സ്വതന്ത്രകളായിത്തീരാനും വിശുദ്ധ ഇസ്ലാം പല മാര്ഗങ്ങളും നിര്ദ്ദേശിച്ചിരുന്നു. അക്കൂട്ടത്തില് പെട്ട ഒന്നുതന്നെയാണ് ഈ നിര്ദ്ദേശവും.
അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്ബന്ധിച്ച് കൂട്ടിക്കൊടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കുന്ന പതിവ് അന്നുണ്ടായിരുന്നു. വിശുദ്ധ ഖുര്ആന് അത് കണിശമായി നിരോധിച്ചു (24:33). വേശ്യാവൃത്തി, പീഢനം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് അവരെ തള്ളിവിടാതെ, ഉടമക്ക് 3 ഓപ്ഷനുകളാണ് ഇസ്ലാം നല്കിയത്: ഒന്നുകില് മോചിപ്പിക്കുക, അല്ലെങ്കില് വിവാഹം കഴിക്കുക, അതുമല്ലെങ്കില് അടിമയാക്കി നിര്ത്തുക. ഇതില് അടിമയാക്കി വെക്കുമ്പോള് അവളുമായി ലൈംഗിക ബന്ധം ആകാവുന്നതാണ്.
ഇത്തരം ബന്ധങ്ങളിലൂടെ അടിമസ്ത്രീ ഗര്ഭിണിയായാല്, പ്രസവിക്കുന്നതോടെ ആ കുഞ്ഞ് സ്വതന്ത്രന് ആകും – ഇതാണ് ഇസ്ലാം പ്രഖ്യാപിച്ച നിയമം. അതോടെ ആ അടിമസ്ത്രീയുടെ തലമുറയില് നിന്ന് അടിമത്തം എന്നെന്നേക്കുമായി ഇല്ലാതെയാകും. പിന്നീട് ഉടമയുടെ മരണത്തോടെ അയാളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയും സ്വതന്ത്രയായി മാറും. അതോടെ ആ കണ്ണിയില് ഇനിയൊരു അടിമക്ക് ജന്മം നല്കാത്ത വിധം ആ തലമുറയും നിന്നുപോകും. ഇത്തരം അടിമസ്ത്രീകള്ക്ക് ഉമ്മു വലദ് എന്നാണ് ഇസ്ലാമിക നിയമത്തില് പറയുക.
അടുത്ത ആയത്ത് 4
അനാഥകളുടെയും ഭാര്യമാരുടെയും കാര്യത്തില് നീതി പാലിക്കണമെന്ന് പറഞ്ഞ ശേഷം, സ്ത്രീകളുടെ ഒരു പ്രധാന അവകാശമായ മഹ്റിനെക്കുറിച്ച് വിവരിക്കുകയാണ്.
وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً ۚ فَإِنْ طِبْنَ لَكُمْ عَنْ شَيْءٍ مِنْهُ نَفْسًا فَكُلُوهُ هَنِيئًا مَرِيئًا﴿٤﴾
ഭാര്യമാര്ക്ക് വിവാഹമൂല്യം നിര്ബന്ധമായും നല്കണം. ഇനി, സ്വേഷ്ടപ്രകാരം അവരതില് നിന്നു വല്ലതും നിങ്ങള്ക്ക് തരുന്നുവെങ്കില് സാമോദം സുഖമായി ഭക്ഷിക്കുക.
വിവാഹസമയത്ത് പുരുഷന് സ്ത്രീക്കു നല്കേണ്ട മഹ്ര് (مهر) എന്നറിയപ്പെടുന്ന വിവാഹമൂല്യത്തിനു തന്നെയാണ് صدُقة എന്നും പറയുന്നത്. ചിലപ്പോള് അതിന് صَدَاق എന്നും പറയാറുണ്ട്.
نِحْلَة എന്നാല് നിര്ബ്ബന്ധ ദാനം എന്നാണിവിടെ അര്ത്ഥം.
പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ മക്കള്ക്കോ മറ്റോ നല്കാറുള്ള ഇഷ്ടദാനം എന്ന അര്ഥത്തിലാണ് സാധാരണയായി ഈ പദം ഉപയോഗിക്കാറുള്ളത്.
സ്ത്രീയുടെ അവകാശമായ മഹ്റ് പൂര്ണമായും കൊടുക്കല് നിബന്ധമാണ്. ഒട്ടും മടിയോ പിശുക്കോ കാണിക്കാതെ സന്തോഷത്തോടെ കൊടുക്കുകയും വേണം.
മഹ്റ് അവളുടേതാണ്. പുത്യാപ്ലക്കോ വീട്ടുകാര്ക്കോ ഉപയോഗിക്കാന് പാടില്ല. ഇനി, മനഃസംതൃപ്തിയോടുകൂടി അവളതില് നിന്ന് വല്ലതും തരുന്നുവെങ്കില്, ഭര്ത്താവിനോ മറ്റോ ഉപയോഗിക്കുന്നതിന്നു കുഴപ്പവുമില്ല.
മഹ്ര് നിശ്ചയിച്ചാല്തന്നെ അത് സമയത്ത്, പറഞ്ഞതുപോലെ കൊടുക്കാന് മടി കാണിക്കുന്ന ഭര്ത്താക്കന്മാരുണ്ട്. ഇനി കൊടുത്താല്തന്നെ, സ്ത്രീകള്ക്കത് കൈമാറാതെ കൈയടക്കിവെക്കുന്ന ചില രക്ഷിതാക്കളും കൈകാര്യ കര്ത്താക്കളുമുണ്ട്. അതായത്, മകളെ കെട്ടിക്കുമ്പോള് കിട്ടുന്ന മഹ്ര് മകള്ക്ക് കൈമാറാതെ പിതാവോ മറ്റോ കൈയില് വെക്കും. എല്ലാവര്ക്കും ബാധകമാണീ കല്പന. ഈ രണ്ടു രീതിയും ജാഹിലിയ്യാകാലത്ത് പതിവുണ്ടായിരുന്നുവത്രെ.
ഇന്നുമിത് കാണാവുന്നതാണ്. ദമ്പതികളിലൊരാള് മരണപ്പെട്ടു പിരിയുന്നതുവരേക്കും മഹ്ര് കൊടുത്തുതീര്ക്കാതിരിക്കുക, എന്നിട്ട് മരിച്ചയാളുടെ അനന്തരാവകാശ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള് മാത്രം അതിന്റെ കണക്കു പറയുക. അതുപോലെ, പരസ്പരം തെറ്റിപ്പിരിയുമ്പോള് മാത്രം മഹ്റിനെപ്പറ്റി സംസാരിക്കുന്ന പതിവും ഇന്ന് നടപ്പുണ്ട്. ഇതൊന്നും ശരിയല്ല. വിവാഹവേളയില് നിശ്ചയിക്കപ്പെട്ട മഹ്ര്, സ്ത്രീകളുടെ ഭാഗത്തു നിന്ന് ആവശ്യപ്പെടാതെതന്നെ അവര്ക്ക് സന്തോഷത്തോടെ കൊടുത്തുതീര്ക്കണം.
فَكُلُوهُ هَنِيئاً مَّرِيئاً
ആരോഗ്യകരമായി സുഖമായി ഭക്ഷിച്ചോളൂ. ഭക്ഷണമാണെങ്കില് ആരോഗ്യത്തിന് ഹാനികരമല്ലാത്ത രൂപത്തില് കഴിക്കണം, സമ്പത്താണെങ്കില് നല്ല രൂപത്തില്, മറ്റുള്ളവര്ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രൂപത്തില് ഉപയോഗിക്കണം എന്നര്ത്ഥം.
അടുത്ത ആയത്ത് 5
അനാഥകളുടെ സ്വത്തുക്കള് അവര്ക്ക് വിട്ടുകൊടുക്കണമെന്ന് രണ്ടാം ആയത്തില് പറഞ്ഞല്ലോ. അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളാണ് ഇനിയുള്ളത്.
മനുഷ്യന്റെ നിലനില്പിന് ആധാരവും അനിവാര്യവുമാണല്ലോ സമ്പത്ത്; അത് കാര്യബോധ മില്ലാത്തവര് കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാകരുത്.
സ്വത്ത് അവരുടേതു തന്നെയാണെങ്കിലും, തന്റേടവും കാര്യബോധവുമില്ലാത്ത പക്ഷം അവര്ക്കത് വിട്ടുകൊടുത്താല്, ആ സ്വത്ത് നശിക്കുകയും ദുര്വിനിയോഗം ചെയ്യപ്പെടുകയുമാണ് ഉണ്ടാവുക. അനാഥകളുടെ കാര്യത്തില് മാത്രമല്ല, ഭ്രാന്തന്മാര്, കുട്ടികള് പോലെയുള്ളവരുടെ സ്വത്തിത്തിന്റെ കാര്യവും ഇങ്ങനെത്തന്നെ.
وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللَّهُ لَكُمْ قِيَامًا وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَعْرُوفًا﴿٥﴾
നിങ്ങളുടെ നിലനില്പിന്നനിവാര്യമായി അല്ലാഹു നിശ്ചയിച്ച സമ്പത്തുകള് മൂഢന്മാര്ക്ക് വിട്ടുകൊടുക്കരുത്. നിങ്ങളവര്ക്ക് അതില് നിന്നു ഭക്ഷണവും വസ്ത്രവും നല്കുകയും നന്മയുപദേശിക്കുകയും ചെയ്യുക.
കുട്ടികള്, ഭ്രാന്തന്മാര്, ബുദ്ധിയില്ലാത്തതുകൊണ്ടോ മതബോധമില്ലാത്തതുകൊണ്ടോ ശരിയായ മാര്ഗത്തിലല്ലാതെ ധനവിനിമയം ചെയ്യുന്നവര് എന്നാണ് സുഫഹാഅ് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം.
വിവേകവും തന്റേടവുമില്ലാതെ പലരും പണം കൊണ്ട് പന്താടുന്നതും ധൂര്ത്തടിക്കുന്നതും ഇന്നിപ്പോള് നിത്യകാഴ്കകളാണല്ലോ. സമൂഹത്തിലെ എല്ലാവര്ക്കും ആരോഗ്യകരമായ രീതിയില് വ്യയം ചെയ്യപ്പെടേണ്ട സമ്പത്താണിങ്ങനെ ധൂര്ത്തടിക്കുന്നത്.
അതുകൊണ്ടുതന്നെ, അവരുടേതും അല്ലാത്തതുമായ സ്വത്തുക്കളൊന്നും അവരെ ഏല്പിക്കരുത്. എന്നുവെച്ച് അവരെ പട്ടിണിക്കിടാനും പാടില്ല.
ഭക്ഷണം, വസ്ത്രം തുടങ്ങിയവയെല്ലാം രക്ഷാകര്ത്താക്കള് കൊടുക്കണം. അതവരുടെ സ്വത്തില് നിന്നുതന്നെയാകാവുന്നതാണ്.
അവരുടെ സ്വത്തുക്കള്ക്ക് തേയ്മാനവും കുറവും ബാധിക്കാത്തവിധം അത് പോഷിപ്പിച്ചു വളര്ത്താനും ശ്രമിക്കണം എന്നുകൂടി ഇവിടെ നിന്ന് മനസ്സിലാക്കാവുന്നതാണ്.
وَقُولُوا لَهُمْ قَوْلًا مَعْرُوفًا
അവരോട് നല്ല വാക്കു പറയണം. 'സ്വത്തൊക്കെ നിങ്ങളുടേതു തന്നെയാണ് ട്ടോ, അത് വേണ്ടവിധം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടാകുമ്പോള് വിട്ടുതരാം' തുടങ്ങിയ നല്ലവാക്കുകള് പറയണം.
വിശാലമായ അര്ത്ഥമുള്ക്കൊള്ളുന്നതാണ് ഈ കല്പന. അവരോട് അധികാര സ്വരത്തിലും ഗൗരവത്തിലും പെരുമാറാതിരിക്കുക, സൗമ്യവും സ്നേഹവും പ്രകടമാകുംവിധം സംസാരിക്കുക, സദുപദേശങ്ങളും സന്ദര്ഭോചിതമായ നിര്ദ്ദേശങ്ങളും നല്കുക, മനസ്സമാധാനവും ആവേശവും തോന്നത്തക്ക വാക്കുകള് പറയുക ഇങ്ങനെ പലതും ഇതില് പെടും.
അടുത്ത ആയത്ത് 6
അനാഥകളുടെ സ്വത്തിന്റെ സംരക്ഷണവും സാമൂഹിക ഭദ്രതയുമെല്ലാം ലക്ഷ്യം വെച്ചാണല്ലോ രക്ഷാകര്ത്താക്കള് അവരുടെ സ്വത്ത് സംരക്ഷിക്കുന്നത്. അവര്ക്ക് പ്രായപൂര്ത്തി ആയി എന്ന ഒറ്റക്കാരണംകൊണ്ട് അനാഥക്കത് കൈമാറരുത്. മറിച്ച്, കാര്യപ്രാപ്തി പരീക്ഷിച്ചുനോക്കണം. പ്രായം തികഞ്ഞാല് മതബോധവും ധനസംബന്ധമായ കാര്യശേഷിയും കാണുന്നുവെങ്കില് കൈമാറാവുന്നതാണ്.
ഇല്ലെന്നാണു പരീക്ഷണത്തില് തെളിഞ്ഞതെങ്കില്, സ്വത്തിന്റെ കൈകാര്യം പഴയ പോലെ തുടരുകയും വേണം. പിന്നീട് സ്ഥിതിഗതികള് മാറി, ആവശ്യമായ കാര്യബോധം വന്നിട്ടുണ്ടെന്ന് ബോധ്യപ്പെടുമ്പോള് വിട്ടുകൊടുക്കുകയും ചെയ്യണം.
ഇനി, രക്ഷാകര്ത്താക്കള്ക്ക് സ്വന്തം ചെലവിന് ആ സ്വത്ത് ഉപയോഗിക്കാന് പാടുണ്ടോ? ധനികണാനെങ്കില് അതില് നിന്നെടുക്കാന് പാടില്ല. ദരിദ്രനാണെങ്കില് മര്യാദയനുസരിച്ച് എടുക്കാവുന്നതാണ്. അല്ലെങ്കില്, അയാളുടെ ഉപജീവനമാര്ഗങ്ങള് അടഞ്ഞുപോകുമല്ലോ.
അമിതമായി വല്ലതും എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. അനാഥര് വലുതായി പ്രായപൂര്ത്തിയാകുമ്പോള്, തിരിച്ചേല്പിക്കേണ്ടിവരുമല്ലോ എന്നു കരുതി നേരത്തെത്തന്നെ വല്ലതും കൈവശപ്പെടുത്തുകയും അരുത്.
അനാഥ-അഗതികളുടെ സ്വത്തുക്കള് കൈകാര്യം ചെയ്യുമ്പോള് സാധാരണയായി ഉണ്ടാകാറുള്ള വിഷയങ്ങളാണിതെല്ലാം. അതുകൊണ്ടാണ് ഇത്രയും വിശദമായി അല്ലാഹു കാര്യങ്ങള് പറയുന്നത്.
രക്ഷാകര്ത്താവിന് ആ സ്വത്തില്നിന്നു എത്ര ഉപയോഗിക്കാം, അല്ലെങ്കില് ഉപയോഗിച്ചുകൂടാ എന്നൊന്നും അല്ലാഹു കണിശമായി പറഞ്ഞിട്ടില്ല. ധനികനാണെങ്കില്, മാന്യത പാലിക്കണം (وَمَنْ كَانَ غَنِيًّا فَلْيَسْتَعْفِفْ) എന്നും, ദരിദ്രനാണെങ്കില് മര്യാദയനുസരിച്ച് ഉപയോഗിച്ചുകൊള്ളട്ടെ (وَمَنْ كَانَ فَقِيرًا فَلْيَأْكُلْ بِالْمَعْرُوفِ) എന്നും പറഞ്ഞു മതിയാക്കുകയാണ് ചെയ്തത്.
ധനികന്റെ ആവശ്യങ്ങള്ക്കുള്ള വക തന്റെയടുത്തുണ്ടാകുമല്ലോ. അപ്പോള് പിന്നെ അനാഥകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന്റെ പേരില് അതില് നിന്നെന്തെങ്കിലും കൈപറ്റുന്നത് ശരിയല്ല. ദരിദ്രനാണെങ്കില്, അത്യാവശ്യങ്ങള്ക്ക് വേറെ വഴിയുണ്ടാകില്ല. മാത്രമല്ല, അവരുടെ സ്വത്ത് കൈകാര്യം ചെയ്യാന് തന്റെ സമയവും അധ്വാനവും വിനിയോഗിക്കുകയും വേണം. അതുകൊണ്ടുതന്നെ ന്യായമായതെടുക്കാവുന്നതാണ്.
വിശുദ്ധ ഖുര്ആന് അവതരിക്കുന്ന കാലത്ത്, കാലികളും തോട്ടങ്ങളുമൊക്കെ ആയിരുന്നല്ലോ പലപ്പോഴും സ്വത്തുക്കള്. അതെല്ലാം നോക്കിനടത്തുക എന്നത് വലിയ ചെലവുള്ള കാര്യവുമാണ്. തോട്ടങ്ങളിലെ പഴങ്ങള്, കാലികളുടെ മേലുള്ള യാത്ര... ഇങ്ങനെ ആവശ്യമാണെങ്കില് മരാദ്യയനുസരിച്ച് അവ ഉപയോഗിക്കാവുന്നതാണ്. എന്നാലും മൂലധനം തൊടരുത്.
സ്വത്ത് വിട്ടുകൊടുക്കുമ്പോള് സാക്ഷി നിറുത്തണം. പിന്നീടുള്ള പ്രശ്നങ്ങളൊഴിവാക്കാനാണത്. സ്വത്ത് സത്യസന്ധമായി കൈകാര്യം ചെയ്തതാണെങ്കില്തന്നെ, വല്ല ആരോപണവും ഉയരുമ്പോള്, രക്ഷപ്പെടാന് രേഖകള് സഹായിക്കുമല്ലോ.
സൂക്ഷ്മമായി വിചാരണ നടത്തുന്നവനാണ് അല്ലാഹു. സ്വത്ത് വിട്ടുകൊടുക്കുമ്പോള് വല്ല കൃത്രിമവും കാണിക്കുന്നുവെങ്കില് അവനത് അറിയും. രേഖയും തെളിവും എങ്ങനെയായിരുന്നാലും ശരി, യഥാര്ത്ഥത്തില് എന്തൊക്കെയാണ് നടന്നത്, എത്രമാത്രം കൃത്യമായി കാര്യങ്ങള് കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നെല്ലാം റബ്ബിന് ശരിക്കറിയാം. അതിനെപ്പറ്റി വിചാരണയുണ്ടാവുകയും ചെയ്യണം.
وَابْتَلُوا الْيَتَامَىٰ حَتَّىٰ إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُمْ مِنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ ۖ وَلَا تَأْكُلُوهَا إِسْرَافًا وَبِدَارًا أَنْ يَكْبَرُوا ۚ وَمَنْ كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَنْ كَانَ فَقِيرًا فَلْيَأْكُلْ بِالْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَالَهُمْ فَأَشْهِدُوا عَلَيْهِمْ ۚ وَكَفَىٰ بِاللَّهِ حَسِيبًا (6)
വിവാഹപ്രായം വരെ അനാഥക്കുട്ടികളെ നിരീക്ഷണവിധേയരാക്കുകയും എന്നിട്ട് നിങ്ങള്ക്കവരുടെ കാര്യശേഷി മനസ്സിലായാല് തങ്ങളുടെ സ്വത്തവര്ക്കു വിട്ടുകൊടുക്കുകയും ചെയ്യുക. അവര് വലുതാകുമെന്നു കണ്ട് നിങ്ങളത് ധൃതികൂട്ടി ധൂര്ത്തടിച്ച് തിന്നൊടുക്കരുത്. സംരക്ഷകന് സമ്പന്നനാണെങ്കില് പങ്കുപറ്റാതെ മാന്യത പുലര്ത്തണം; ദരിദ്രനാണെങ്കില് മര്യാദപ്രകാരം തിന്നാം. സ്വത്തുകളവര്ക്ക് ഏല്പിക്കുമ്പോള് നിങ്ങളതിനു സാക്ഷിനിറുത്തണം. സൂക്ഷ്മ വിചാരണക്ക് അല്ലാഹു മതി.
സാബിതുബ്നു രിഫാഅ رضي الله عنه യുടെയും പിതൃവ്യന്റെയും കാര്യത്തിലാണീ ആയത്ത് അവതരിച്ചതെന്ന് റിപ്പോര്ട്ടുകളുണ്ട്. പിതാവ് രിഫാഅ മരണപ്പെടുമ്പോള് സാബിത് എന്നവര് ചെറിയ കുട്ടിയാണ്. സംരക്ഷണമേറ്റെടുത്ത പിതൃവ്യന് തിരുനബി صلى الله عليه وسلم യുടെ അടുത്തുചെന്ന് പറഞ്ഞു: എന്റെ സഹോദര പുത്രന് (സാബിത്) യതീമാണ്, എന്റെ സംരക്ഷണയിലാണ്. അവന്റെ സ്വത്തില് നിന്ന് എന്താണെനിക്ക് അനുവദനീയമായത്? എപ്പോഴാണ് ആ സ്വത്ത് അവന് തിരിച്ചുനല്കേണ്ടത്? തല്സമയമാണ് ഈ ആയത്ത് അവതരിച്ചത്.
رُشْد എന്നാല് വിവേകവും സമ്പത്ത് കൈകാര്യം ചെയ്യാനുള്ള കഴിവും എന്നാണുദ്ദേശ്യം. മതബോധവും കൂടി വേണമെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
പ്രായപൂര്ത്തി ആവുക എന്ന് പറയാതെ, ‘വിവാഹ പ്രായമാവുക (بلغ النكاح) എന്നാണ് അല്ലാഹു ഉപയോഗിച്ചത്. പ്രായപൂര്ത്തി ആകുമ്പോഴാണല്ലോ, സ്വാഭാവികമായും വിവാഹസമയവും, സാമ്പത്തികമായ ആവശ്യങ്ങളുമുണ്ടാകുന്നത്. പതിനഞ്ചു വയസ്സ് പൂര്ത്തിയാകുക, ഇന്ദ്രിയസ്ഖലനമോ ആര്ത്തവമോ ഉണ്ടാകുക - ഇതാണല്ലോ പ്രായപൂര്ത്തി ആവുക എന്നതിന്റെ മാനദണ്ഡം.
--------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment