അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 6-9) വുളൂഅ്, തയമ്മും

അംഗശുദ്ധി (വുളൂഅ്) യെക്കുറിച്ചാണിനി പറയുന്നത്. വുളൂഅ് ചെയ്യാന്‍ വെള്ളം കിട്ടാതെ വന്നാല്‍ ചെയ്യേണ്ട തയമ്മുമിനെക്കുറിച്ചും പറയുന്നുണ്ട്.

നമസ്‌കാരത്തിന്‍റെ പൂര്‍ണരൂപമോ, റുകൂഅ്, സുജൂദ് എങ്ങനെയാണെന്നോ വിശുദ്ധ ഖുര്‍ആനില്‍ വിശദീകരിച്ചിട്ടില്ല. ഹദീസുകളില്‍ നിന്നാണതെല്ലാം മനസ്സിലാക്കിയെടുത്തത്. പക്ഷേ, വുളൂഇന്‍റെ കാര്യം കുറച്ച് വിശദമായിത്തന്നെ അല്ലാഹു പറഞ്ഞിരിക്കുന്നു. ശുദ്ധീകരണത്തിനുള്ള പ്രാധാന്യമാണത് മനസ്സിലാക്കിത്തരുന്നത്. ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണല്ലോ നിസ്കാരം. അതിനൊരുങ്ങുമ്പോള്‍തന്നെ വുളൂഅ് വേണം.

മതത്തിന്‍റെ പാതിയാണ് ശുദ്ധി. ശുദ്ധിയുള്ളവരെയും പശ്ചാത്തപിക്കുന്നവരെയും അല്ലാഹുവിനിഷ്ടമാണെന്ന് പരിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്.

ഒരു മുസ്‍ലിമിനെ സംബന്ധിച്ചിടത്തോളം കുളി, അംഗശുദ്ധി, ദന്ത ശുചീകരണം എന്നിവയെല്ലാം കേവല ശുദ്ധികർമത്തിനപ്പുറം ആരാധന കൂടിയാണ്. ഇത്തരം കർമങ്ങൾ പുറംശുദ്ധിക്കപ്പുറം വിശ്വാസിക്ക് ആന്തരികശുദ്ധി കൂടി പ്രദാനം ചെയ്യുന്നുണ്ട്. എപ്പോഴും ഈ രണ്ട് ശുദ്ധിയുമുള്ളവനാകണം ഒരു വിശ്വാസി.

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِنْ كُنْتُمْ جُنُبًا فَاطَّهَّرُوا ۚ وَإِنْ كُنْتُمْ مَرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ مِنْهُ ۚ مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَٰكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ (6)

സത്യവിശ്വാസികളേനമസ്‌കരിക്കാനുദ്ദേശിച്ചാല്‍ നിങ്ങള്‍ മുഖങ്ങളും മുട്ടുവരെ കൈകളും കഴുകണം. തല തടവുകയും ഞെരിയാണിവരെ ഇരുകാലുകളും കഴുകുകയും ചെയ്യുക. വലിയ അശുദ്ധി (ജനാബത്ത്) ഉണ്ടെങ്കില്‍ കുളിച്ചു ശുദ്ധിയാവണം. ഇനി നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയിഅല്ലെങ്കില്‍ മലമൂത്ര വിസര്‍ജ്ജനം നിര്‍വഹിക്കുകയോ സ്ത്രീ സംസര്‍ഗം നടത്തുകയോ ചെയ്തു. എന്നിട്ട് വെള്ളം ലഭിച്ചില്ലെങ്കില്‍ തയമ്മും ചെയ്യാന്‍ നല്ല മണ്ണെടുക്കുകയും അതുകൊണ്ട് മുഖവും കൈകളും തടവുകയും ചെയ്യുക. നിങ്ങള്‍ക്ക് എന്തെങ്കിലും വിഷമമുണ്ടാകണമെന്നു അല്ലാഹു ഉദ്ദേശിക്കുന്നില്ലനിങ്ങളെ ശുദ്ധീകരിക്കണമെന്നും നിങ്ങള്‍ കൃതജ്ഞരാവാന്‍ വേണ്ടി തന്‍റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരണമെന്നുമാണ് അവന്‍റെ ഉദ്ദേശ്യം.

എന്താണ് വുളൂഅ്?

നീയ്യത്തോടുകൂടി ചില പ്രത്യേക ശരീരാവയവങ്ങള്‍ കഴുകുന്നതിന്നാണ്‌ വുളൂഅ്‌ എന്ന് പറയുന്നത്. ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാന്‍ വുളൂഅ്‌ ചെയ്യണം. 

ഒരു വുളൂഅ് എടുത്ത് അത് മുറിയാത്ത കാലത്തോളം അതുകൊണ്ട് സാധാരണഗതിയില്‍ ഒന്നിലധികം നമസ്‌കാരം നിര്‍വ്വഹിക്കാവുന്നതാണ്. എന്നാലും ഓരോ നമസ്‌കാരത്തിനും വുളൂഅ് പുതുക്കുന്നത് പ്രത്യേകം സുന്നത്താണ്.

വുളൂഇന്‍റെ ഫര്‍ളുകള്‍:

6 ഫര്‍ളുകളാണ് (അനിവാര്യഘടകങ്ങള്‍) വുളൂഇനുള്ളത്.

മൂന്ന്‌ അംഗങ്ങള്‍ കഴുകാനും ഒരംഗം തടവാനുമാണ് അല്ലാഹു കല്‍പിച്ചിരിക്കുന്നത്‌. മുഖം കഴുകുക, മുട്ടുവരെ കൈകള്‍ കഴുകുക, തല തടവുക, ഞെരിയാണിവരെ കാല്‍കഴുകുക. ഇതു നാലും വുളൂഇന്‍റെ ഫര്‍ളുകളാണ് ആണ്‌. അതായത്, 6 ഫര്‍ളുകളിലെ 4 എണ്ണം.

കഴുകുന്ന അവയവങ്ങളെക്കുറിച്ച് വിവരിക്കുന്നതിന്നിടയിലാണ് തടവുന്ന അംഗമായ തലയെക്കുറിച്ച് പറഞ്ഞത്. അതുകൊണ്ട് അതേ ക്രമപ്രകാരം തന്നെ (തര്‍തീബ്‌) ചെയ്യണമെന്ന്‌ ഇമാം ശാഫിഈ  رحمه اللهപറയുന്നുണ്ട്. കാല്‍ കഴുകണമെന്ന് ഉടനെ പറയാതെ, ഇടക്കുവെച്ച് തല തടവണമെന്നല്ലേ പറഞ്ഞത്. ഈ ‘തര്‍തീബ്’ ആണ് മറ്റൊരു ഫര്‍ള്.

നിയ്യത്ത്‌ നിര്‍ബന്ധമാണെന്ന് ഹദീസിലും വന്നിട്ടുണ്ട്. അങ്ങനെയാണ്‌ വുളൂഇന്‍റെ ഫര്‍ളുകള്‍ ആറായത്‌.

വുളൂഇന് ചില സുന്നത്തുകളുമുണ്ട് തുടക്കത്തില്‍ ബിസ്മി ചൊല്ലുക, മുന്‍കൈ രണ്ടും കഴുകുക, വായില്‍  വെള്ളം കൊപ്ലിക്കുക, മൂക്കില്‍ വെള്ളം കയറ്റിചീറ്റുക, ചെവികള്‍ തടവുക, വലതു ഭാഗത്തുനിന്ന് തുടങ്ങുക, ഓരോ അവയവും തേച്ചുകഴുകുക, ഖിബ്‍ലക്ക് മുന്നിടുക, ‌മുഖവും കൈകാലുകളും കുറച്ച് കയറ്റികഴുകുക, എല്ലാം മൂന്ന് പ്രാവശ്യമാക്കുക മുതലായവ.

മൂന്ന് പ്രാവശ്യത്തിലധികം കഴുകരുത്. വസ്‍വാസുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം വേസ്റ്റാക്കുകയാണവര്‍ ചെയ്യുന്നത്. പൊതുവെള്ളം ഉപയോഗിച്ചാണ് അങ്ങന ചെയ്യുന്നതെങ്കില്‍ ഗുരുതരമായ തെറ്റുകൂടിയാണത്.

വുളൂഇന്നും കുളിക്കും ചില ശര്‍ഥുകളുമുണ്ട്:

വുളൂഉം കുളിയും ‘ഥഹൂറാ’യ വെള്ളം കൊണ്ടായിരിക്കണം.

കര്‍മശാസ്ത്രം, വെള്ളം നാലായി തരംതിരിച്ചിട്ടുണ്ട്:

‘ഥഹൂര്‍’: ശുദ്ധിയുണ്ട്, ശുദ്ധീകരണ ശേഷിയുമുണ്ട്.

‘ഥാഹിര്‍’: ശുദ്ധിയുണ്ട്, പക്ഷേ, ശുദ്ധീകരണ ശേഷിയില്ല. ഉദാഹരണം: കഞ്ഞിവെള്ളം, തേങ്ങവെള്ളം, ചായ..) വുളൂഅ്‌ ചെയ്യാനോ കുളിക്കാനോ നജസായത് കഴുകാനോ ഇതുപയോഗിക്കാന്‍ പാടില്ല).

മുസ്ത‌അ്‌മല്‍’: ഒരിക്കല്‍ നിര്‍ബന്ധ ശുചീകരണത്തിനുപയോഗിച്ച വെള്ളം. അത് വീണ്ടും ശുദ്ധീകരണത്തിനുപയോഗിക്കാന്‍ പാടില്ല. എന്നാല്‍, ഈ വെള്ളം രണ്ടു ഖുല്ലത്തില്‍ അധികമുണ്ടെങ്കില്‍ ശുദ്ധീകരണത്തിനുപയോഗിക്കാവുന്നതാണ്‌.

മുതനജ്ജിസ്’: (മലിനമായ ജലം. ഇതും ശുദ്ധീകരണത്തിനുപയോഗിക്കാന്‍ പാടില്ല.)

കഴുകുന്ന അവയവങ്ങളിലൂടെ വെള്ളം ഒലിപ്പിക്കല്‍/ഒഴുക്കുക, വുളൂഅ് ചെയ്യുന്നവൻ മുസ്‍ലിമായിരിക്കുക, വിശേഷ ബുദ്ധിയുള്ളവനായിരിക്കുക, മറയോ വെള്ളത്തെ പകർച്ചയാക്കുന്നവയോ അവയവങ്ങളിലില്ലാതിരിക്കുക, നിത്യഅശുദ്ധിയുള്ളവന്‍ നിസ്കാരത്തിന്‍റെ സമയം വന്ന ശേഷം മാത്രം വുളൂഅ് ചെയ്യുക - ഇതെല്ലാമാണ് വുളൂഇന്‍റെ മറ്റു ശര്‍ഥുകള്‍.

വുളൂഅ് ചെയ്യുമ്പോൾ അവയവങ്ങളെല്ലാം സൂക്ഷിച്ച് കഴുകണം. ഫർളുകളും ശർഥുകളും ശരിയായി പാലിച്ചാലേ വുളൂഅ് ശരിയാവുകയുള്ളൂ. സുന്നത്തുകൾകൂടി പരിഗണിച്ച് വുളൂഅ് എടുക്കുമ്പോള്‍ അത് പരിപൂർണമാവുകയും ചെയ്യും.

ചിലർ വുളൂഅ് എടുത്ത് കഴിഞ്ഞാൽ മുഖത്ത് പൂർണമായും വെള്ളമെത്താത്ത അവസ്ഥയുണ്ടാകാറുണ്ട്. ചിലരുടെ മടമ്പ് നനയാറില്ല. കൈമുട്ടുകളും വളൂഇൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഭാഗങ്ങളാണ്.

 വുളൂഅ് മുറിയുന്ന കാര്യങ്ങൾ:

  1. സ്ത്രീയുടെയും പുരുഷന്‍റെയും മുന്‍‌ദ്വാരത്തില്‍ കൂടിയോ പിന്‍‌ദ്വാരത്തില്‍ കൂടിയോ ശുക്ലമല്ലാത്ത എന്തെങ്കിലും പുറത്തുവരിക. കീഴ്വായു പുറത്തുവന്നാലും വുളൂഅ്‌ മുറിയുന്നതാണ്.

    2. ബുദ്ധിയുടെ വിവേചനശക്തി ഇല്ലാതായിത്തീരുക. ഭ്രാന്ത്, ബോധക്ഷയം, ഉറക്കം ‌തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കുറച്ചു നേരത്തേക്കെങ്കിലും ബുദ്ധിയുടെ വകതിരിവ് ഇല്ലാതാകാം.ഇരിപ്പിടം ഉറപ്പിച്ചു ഇരിന്നുറങ്ങുന്നവന്‍റെ വുളൂഅ് മുറിയുകയില്ല.

    3. കൈപ്പത്തിയുടെ ഉള്ളു കൊണ്ട് മനുഷ്യ ലൈംഗിക അവയവം തൊടൽ.

    4. വിവാഹിതരാവാന്‍ നിയമതടസ്സമില്ലാത്ത മുതിര്‍ന്ന സ്ത്രീപുരുഷന്മാരുടെ തൊലികള്‍ തമ്മില്‍ സ്പര്‍ശിക്കുക.

وَامْسَحُوا بِرُءُوسِكُمْ

തലയുടെ എത്ര ഭാഗം തടവണമെന്ന് ആയത്തില്‍ വ്യക്തമായി പറയാത്തതുകൊണ്ട് മുഴുവന്‍ ഭാഗവും തടവല്‍ നിര്‍ബ്ബന്ധമാണെന്നും, കുറച്ചുഭാഗം തടവിയാല്‍ മതിയാകുമെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. മുഴുവന്‍ തടവുകയാണ് നല്ലതെന്നതില്‍ പക്ഷാന്തരമില്ല താനും.

തല മുഴുവന്‍ തടവല്‍ നിര്‍ബന്ധമാണെന്നാണ്‌ ഇമാം മാലിക്‌, ഇമാം അഹ്‌മദ്‌ (رحمهما الله) എന്നിവരുടെ മദ്‌ഹബ്‌. തലയുടെ നാലിലൊരു ഭാഗം തടവല്‍ നിര്‍ബന്ധമാണെന്നാണ് ഇമാം അബൂഹനീഫ(رحمه الله)യുടെ പക്ഷം. അല്‍പം തടവല്‍ മാത്രമാണ്‌ നിര്‍ബന്ധം, മുഴുവന്‍ തടവല്‍ സുന്നത്താണ്‌ എന്നാണ് ഇമാം ശാഫഈ رحمه الله യുടെ മദ്ഹബ്.

فَتَيَمَّمُوا صَعِيدًا طَيِّبًا

തയമ്മുമിനെക്കുറിച്ച് സൂറത്തു ന്നിസാഅ് 43ല്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്.  കുളിക്കേണ്ട കാരണങ്ങളുണ്ടായാല്‍ അതിനു കഴിയില്ലെങ്കില്‍, കുളിക്കു പകരം അനുഷ്ഠിക്കേണ്ടത് എന്ന നിലക്കാണ് അവിടെ തയമ്മുമിനെപ്പറ്റി വിവരിച്ചത്. ഇവിടെ പറഞ്ഞത് വുളൂഅ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനു പകരം സ്വീകരിക്കേണ്ട പ്രതിവിധി എന്ന നിലക്കാണ്. തയമ്മും ചെയ്യേണ്ടത് രണ്ടിനും ഒരുപോലെത്തന്നെയാണ് എന്ന് ചുരുക്കം.

യാത്രാ വേളയിലോ മറ്റോ വുളു ചെയ്യുന്നതിന്ന് വേണ്ടി വെള്ളം കിട്ടാതെ വന്നു; അല്ലെങ്കില്‍ രോഗം മൂലം വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു എങ്കില്‍ താല്‍കാലിക ബദല്‍ സംവിധാനം എന്ന നിലക്ക് ശുദ്ധിയുള്ള മണ്ണു കൊണ്ട് തയമ്മും ചെയ്യണം.

مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَٰكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ 

മതപരമായ കല്പനകളിലൊന്നും യാതൊരു വിഷമവും അല്ലാഹു വരുത്തിയിട്ടില്ല. ഓരോരുത്തരുടെയും കഴിവും സൗകര്യവും കണക്കിലെടുത്തുകൊണ്ടുതന്നെയാണ് എല്ലാ നിയമങ്ങളുമുള്ളത്.

وَلَٰكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ 

വുളൂഉം തയമ്മുമും നിയമമാക്കിയതു കൊണ്ടുദ്ദേശ്യം നിങ്ങളെ വിഷമിപ്പിക്കുകയല്ല, മറിച്ച് നിങ്ങളെ ശുദ്ധീകരിക്കുകയാണ്, അനുഗ്രഹം നേടിയവരാക്കുകയാണ്.

വുളൂഉം തയമ്മുമും കേവലം ശാരീരികവും ബാഹ്യവുമായ മാലിന്യങ്ങളില്‍നിന്നുള്ള ശുദ്ധി മാത്രമല്ല, ആത്മീയവും മാനസികവുമായ ശുദ്ധിയും കൂടിയാണ്.

തിരുനബി(صلى الله عليه وسلم) പറയുന്നു: ഒരു വിശ്വാസിയായ അടിമ വുളൂഅ് ചെയ്താൽ മുഖം കഴുകുന്ന വെള്ളത്തിനൊപ്പം കണ്ണുകൾ മൂലം സംഭവിച്ച തെറ്റുകൾ പൊഴിഞ്ഞുപോവുന്നതാണ്. കൈ കഴുകുമ്പോൾ അവയുടെ ദോഷങ്ങളും കാൽ ശുദ്ധിയാക്കുമ്പോൾ നടത്തം മൂലമുള്ള പാപങ്ങളും ഇല്ലാതാവുന്നു. അങ്ങനെ അവൻ തെറ്റുകളിൽ നിന്ന് പരിശുദ്ധനാകുന്നു (മുസ്‌ലിം). ചെറുപാപങ്ങളാണിങ്ങനെ വുളൂഅ് കൊണ്ട് പൊറുക്കപ്പെടുകയെന്ന് പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്.

ഈ ഒരു ബോധം വുളൂഅ് ചെയ്യുന്ന സമയത്ത് നമുക്കൊക്കെ ഉണ്ടാകണം. വെറും ഒരു കഴുകലല്ല... ഒരു തൌബ കൂടിയാണത്... ചെയ്തുപോയ തെറ്റുകള്‍ ഒഴുക്കിക്കളയാനുള്ളൊരു അവസരം!

വുളൂഅ് കഴിഞ്ഞ ശേഷം താഴെ പറയുന്ന ദുആയും സുന്നത്താണ്. വലിയ പ്രതിഫലമുള്ള ദുആയാണത്. സ്വര്‍ഗത്തിന്‍റെ എട്ട് വാതിലുകളും തുറക്കപ്പെട്ട്, ഏതിലൂടെ വേണമെങ്കിലും അകത്തേക്ക് കയറാനുള്ള അവസരമാണ് ആ ദുആയിലൂടെ ലഭിക്കുന്നത് (ഹദീസ്).

വുളൂഇനു ശേഷം ഇരുകണ്ണുകളും മേല്‍പോട്ടുയര്‍ത്തി ഇങ്ങനെ ദുആ ചെയ്യുക:

أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ سُبْحانَكَ اللَّهُمَّ وبِحَمْدِكَ، أشْهَدُ أنْ لا إلهَ إِلاَّ أنْتَ، أسْتَغْفِرُكَ وأتُوبُ إِلَيْكَ

വുളൂഇനു ശേഷം സൂറത്തുല്‍ ഖദ്ര്‍ ഓതലും നല്ലതാണ്.

നിസ്‌കാരത്തിന്‍റെ അനിവാര്യ ഘടകം എന്നതിലുപരി വുളൂഇന്‍റെ മഹത്വം ശരിക്ക് മനസ്സിലാക്കണം. സ്വർഗീയ പദവി കൂടാന്‍വരെ കാരണമാണത്.

തിരുനബി (صلى الله عليه وسلم) സ്വഹാബത്തിനോടൊരിക്കല്‍ ചോദിച്ചുവത്രേ: ‘പാപങ്ങൾ പൊറുക്കുന്ന, പദവി ഉയർത്തുന്നൊരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?’ അതെ എന്നവർ മറുപടി പറഞ്ഞപ്പോൾ തിരുനബി(صلى الله عليه وسلم) പറഞ്ഞുകൊടുത്തു: പ്രയാസമുള്ള സാഹചര്യത്തിലും പൂർണമായി വുളൂ എടുക്കുക, പള്ളിയിലേക്ക് ചവിട്ടടികൾ വർധിപ്പിക്കുക, ഒരു നിസ്‌കാരത്തിന് ശേഷം മറ്റൊരു നിസ്‌കാരം പ്രതീക്ഷിച്ചിരിക്കുക (മുസ്‌ലിം).

നല്ല തണുപ്പുള്ളപ്പോഴും സുന്നത്തുകളെല്ലാം പാലിച്ച് പൂർണമായി വുളൂഅ് ചെയ്യുന്നവനാണീ പ്രതിഫലം ലഭിക്കുക എന്നര്‍ത്ഥം.

മനുഷ്യജീവിതത്തിന്‍റെ ദൈനംദിന വ്യവഹാരങ്ങളുടെ തുടക്കത്തിലും ഒടുക്കത്തിലും - ഉണരുമ്പോഴും ഉറങ്ങാനുദ്ദേശിക്കുമ്പോഴും- അംഗശുദ്ധി വരുത്തുന്നത് സുന്നത്താണ്.

എപ്പോഴും വുളൂഅ് ഉള്ളവനായിരിക്കുക (دَائِمُ الْوُضُوء) എന്നത് വളരെ പുണ്യകരമാണ്. ശരിയായ വിശ്വാസിക്കേ അത് സാധിക്കൂ എന്നാണ് തിരുനബി  صلى الله عليه وسلم പറഞ്ഞത്.

ഉറങ്ങാന്‍ പോകുമ്പോള്‍ വുളൂഅ് പ്രത്യേകം സുന്നത്താണ്. ശുദ്ധിയോടെ ഉറങ്ങിയവന് പൊറുത്തുകൊടുക്കാന്‍ ഒരു മലക്ക് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമെന്ന് ഹദീസിലുണ്ട്. അവരുടെ ആത്മാവ് അർശിങ്കൽ സുജൂദ് ചെയ്യുകയും ചെയ്യും. വുളൂഇല്ലാതെ ഉറങ്ങുന്നവരുടെ ആത്മാവിന് ഈ അസുലഭ സന്ദര്‍ഭം നഷ്ടപ്പെടുമെന്നര്‍ത്ഥം.

തിരുനബി (صلى الله عليه وسلم) പറയുന്നു: ഉറക്കത്തിൽ ആത്മാക്കൾ ആകാശത്തേക്കുയരും. അർശിന്‍റെയരികിൽ സുജൂദ് ചെയ്യാൻ അവയോട് ആജ്ഞാപിക്കും. ശുദ്ധിയുള്ളവർ (ഉറക്കത്തിനു മുമ്പ് വുളൂ ചെയ്തവർ) അർശിനരികിൽ സുജൂദ് ചെയ്യും. അല്ലാത്തവർ വിദൂരത്തും സുജൂദ് ചെയ്യും (ബുഖാരി).

ശരിയായ രൂപത്തിൽ പരിപൂര്‍ണമായ വുളൂഅ് ചെയ്യാന്‍ ശീലിക്കുക. കാരണം, അങ്ങനെ ചെയ്യുന്നവർ, കോടാനുകോടി ജനങ്ങൾ ഒരുമിച്ചു കൂടുന്ന പരലോകത്ത് പ്രത്യേകം മാർക്ക് ചെയ്യപ്പെടുന്നതാണ്. അവരെ പ്രത്യേകം വിളിച്ചു വരുത്തി, തിരുനനബി (صلى الله عليه وسلم) ഹൗളുൽ കൗസർ കുടിപ്പിക്കുകയും ചെയ്യും.

അബൂഹുറൈറ(رضي الله عنه)യിൽ നിന്നുദ്ധരിക്കുന്നൊരു ഹദീസ് നോക്കൂ: വിശ്വസികളെ ഹൗളിന്‍റെയരികിൽ ഞാൻ കാത്തിരിക്കുമെന്ന് തിരുനബി صلى الله عليه وسلم പറഞ്ഞപ്പോൾ സ്വഹാബികള്‍ ചോദിച്ചുവത്രേ:  “ഇതുവരെ ഭൂമിയിലേക്ക് വന്നിട്ടില്ലാത്ത അനുയായികളെ അങ്ങ് എങ്ങനെ തിരിച്ചറിയും നബിയേ?” “കറുത്ത കുതിരകൾക്കിടയിൽ വെളുത്ത മുഖവും കൈകാലുകളുമായി ഒരു കുതിരയുണ്ടെങ്കിൽ ഉടമസ്ഥന് അതിനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലേ?” “അതെ, കഴിയും അല്ലാഹുവിന്‍റെ പ്രവാചകരേ”. “എന്നാൽ എന്‍റെ അനുയായികൾ വുളൂഅ് കാരണം മുഖവും കൈകാലുകളും വെളുത്തവരായിട്ടാണ് വരിക. ഹൗളുൽ കൗസറിന്‍റെ സമീപം ആതിഥേയനായി ഞാൻ അവരെ കാത്തിരിക്കും (മുസ്‌ലിം).

لَعَلَّكُمْ تَشْكُرُونَ 

വുളൂഅ്, കുളി, തയമ്മും എന്നിവയിലൂടെയെല്ലാം ബാഹ്യമായും ആന്തരികമായും നമ്മള്‍ ശുദ്ധീകരിക്കപ്പെടുകയാണ്. അതുമൂലം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നമുക്ക് ലഭിക്കുകയും ചെയ്യുന്നു; ഇതിനെല്ലാം അല്ലാഹുവിനോട് നാം നന്ദി കാണിക്കേണ്ടവരാണ്. അതാണ് لَعَلَّكُمْ تَشْكُرُونَ എന്ന് പറഞ്ഞ് ആയത്തവസാനിപ്പിച്ചത്.

അടുത്ത ആയത്ത് 7

നമ്മെ മുസ്‍ലിംകളാക്കി എന്നത് അല്ലാഹു ചെയ്‌ത ഏറ്റവും വലിയ അനുഗ്രഹമാണെന്നാണിനി പറയുന്നത്. സത്യവിശ്വാസികളേ എന്ന അഭിസംബോധനയോടുകൂടിയാണല്ലോ മുന്‍സൂക്തം ആരംഭിച്ചത്‌.

സന്മാര്‍ഗപ്രാപ്‌തി എന്നത്‌ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന അമൂല്യമായ ഒരനുഗ്രഹമാണ്‌. വലിയ കുടുംബത്തില്‍ പിറന്നതുകൊണ്ടോ ഉന്നതാധികാരസ്ഥാനങ്ങള്‍ കൈയിലുള്ളതുകൊണ്ടോ ഈമാന്‍, ഇസ്‌ലാം എന്നീ അനുഗ്രഹങ്ങള്‍ നേടാനാകില്ല. ചരിത്രത്തിലുടനീളം അതിനുദാഹരണങ്ങള്‍ കാണാം.

മഹത്തായ ഈ അനുഗ്രഹം നിങ്ങളെപ്പോഴുമോര്‍ക്കുകയും  അല്ലാഹുവിനോടതിന് കൃതജ്ഞരായിരിക്കുകയും വേണം. കൃതഘ്നരുടെ കൂട്ടത്തില്‍ നിങ്ങള്‍ പെടരുത്.

മിക്കവരിലും ഇല്ലാതെ പോകുന്നൊരു കാര്യമാണീ നന്ദിപ്രകടനം. അല്ലാഹു തന്നെ പറയുന്നു: إِنَّ الْإِنسَانَ لَكَفُورٌ مُّبِينٌ  (നിശ്ചയം മനുഷ്യന്‍ സ്‌പഷ്ടമായ നന്ദികേടു കാണിക്കുന്നവനാണ് - അസ്സുഖ്‌റുഫ്‌ 15). സൂറത്തുല്‍ ഹജ്ജ്‌ 66 ലും സൂറത്തുശ്ശൂറാ 48 ലും ഇതേ കാര്യം അല്ലാഹു പറഞ്ഞിട്ടുണ്ട്.

അല്ലാഹുവിനോട്‌ സത്യവിശ്വസികള്‍ ചെയ്‌ത ഒരു കരാറിനെക്കുറിച്ചാണ് ശേഷം പറയുന്നത് - ഇസ്‌ലാമിന്‍റെ സംരക്ഷണത്തെക്കുറിച്ച കരാര്‍. (ബൈഅത്തുര്‍രിള്‌വാന്‍ എന്ന പേരിലറിയപ്പെടുന്ന സുപ്രസിദ്ധമായൊരു സന്ധി). അതായത്, സന്തോഷത്തിലും സന്താപത്തിലും ഐശ്വര്യാവസ്ഥയിലും ദാരിദ്ര്യഘട്ടത്തിലുമൊക്കെ തിരുനബി(صلى الله عليه وسلم) യെ നിരുപാധികം അനുസരിക്കുമെന്ന് സ്വഹാബികള്‍ ഉടമ്പടി ചെയ്‌തിട്ടുണ്ടായിരുന്നു.

അതുപോലെ, അവിടന്ന് കല്‍പിക്കുന്നതെല്ലാം സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തുകൊള്ളാമെന്ന് സത്യവിശ്വാസികള്‍ പല സന്ദര്‍ഭങ്ങളിലും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പ്രതിജ്ഞ ചെയ്യുകയും  വാക്കുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

അത്തരം പ്രതിജ്ഞകളും ബാധ്യതകളും ഉത്തരവാദിത്തങ്ങളും ഒരിക്കലും വിസ്‌മരിച്ചു കളയരുതെന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്.

وَاذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ وَمِيثَاقَهُ الَّذِي وَاثَقَكُمْ بِهِ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ (7)

അല്ലാഹു ചെയ്തുതന്ന അനുഗ്രഹം നിങ്ങളനുസ്മരിക്കണം. 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നുഎന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ അവന്‍ വാങ്ങിയ ദൃഢമായ ഉടമ്പടിയും ഓര്‍ക്കുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണം. മനസ്സുകളിലുള്ളത് നന്നായറിയുന്നവന്‍ തന്നെയാണ് അല്ലാഹു. 

وَاذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ

അല്ലാഹുവിന്‍റെ അനുഗ്രഹം എന്നാല്‍, ഈമാനിന്‍റെയും ഇസ്‌ലാമിന്‍റെയും അനുഗ്രഹം എന്നാണിവിടെ ഉദ്ദേശ്യം.

وَمِيثَاقَهُ الَّذِي وَاثَقَكُمْ بِهِ

ബൈഅത്തുര്‍രിള്‌വാന്‍ എന്ന സുപ്രസിദ്ധമായ സന്ധിയാണിവിടെ സൂചന; എങ്കിലും അല്ലാഹുവിനെയും റസൂലിനെയും നിരുപാധികമായി അനുസരിക്കണം എന്ന പൊതുതത്ത്വമാണിവിടെ ഉദ്ദേശ്യം. 

അടുത്ത ആയത്ത് 8

സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. അതായത് അവന്‍ ചെയ്യാന്‍ പറഞ്ഞത് ചെയ്തും വിരോധിച്ചത് ഉപേക്ഷിച്ചും ജീവിക്കേണ്ടവരാണ്. നീതി പാലിക്കേണ്ടവരും ഉള്ളതുപോലെ സാക്ഷി പറയേണ്ടവരുമാണ്. ഭൂമിയില്‍ അല്ലാഹുവിന്‍റെ പ്രതിനിധികളാണല്ലോ അവര്‍.

പക്ഷേ, അധികപേരും അല്ലാഹുവിന്‍റെ പ്രതിനിധി എന്ന ഈ പദവിക്ക് ഒരു വിലയും കല്പിക്കുന്നില്ലെന്നത് ഖേദകരമാണ്. തോന്നിയതുപലെ ജീവിക്കുകയാണവര്‍. അങ്ങനെയല്ല, നിങ്ങള്‍ അല്ലാഹുവിന്‍റെ ആജ്ഞാനുവര്‍ത്തികളാവുകയാണ്  വേണ്ടത്, അവനു വേണ്ടിയാകണം നിങ്ങളുടെ മുഴുവന്‍ ജീവിതവും, ഏതു ഘട്ടത്തിലും തഖ്‌വയാണ്‌ നിങ്ങള്‍ മുറുകെപ്പിടിക്കേണ്ടത്‌ എന്നെല്ലാം സത്യവിശ്വാസികളെ ഉദ്‌ബോധിപ്പിക്കുകയാണിനി അല്ലാഹു.

ആരോടെങ്കിലും ശത്രുതയുണ്ടെങ്കില്‍‌ന്നെ, അവരോട്‌ അനീതി കാണിക്കാന്‍ അത് കാരണമാകരുതെന്നും പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. ശത്രുക്കളോടുപോലുമുള്ള ഇസ്‍ലാമിന്‍റെ നീതിനിഷ്ഠ നോക്കൂ!

ശത്രുക്കളോടുപോലും നീതി പാലിക്കാന്‍ കഴിയുമെന്ന് വെറുതെ പറയുകയല്ല, പ്രയോഗത്തില്‍ കാണിച്ചുകൊടുത്തിട്ടുമുണ്ട്. സത്യവിശ്വാസവും സല്‍ക്കര്‍മവും കൊണ്ട്‌ അത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതിന് ഇസ്‍ലാമിക ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ നിരവധിയാണ്.

മക്കംഫത്‌ഹുതന്നെ വലിയ ഉദാഹരണമല്ലേ. വിശുദ്ധ മക്ക തിരുനബി صلى الله عليه وسلمയുടെ അധീനതയില്‍ വന്നപ്പോള്‍, അവിടത്തെ ആജന്മവൈരികളും ബദ്ധശത്രുക്കളുമായിരുന്ന ഖുറൈശ്‌ നേതാക്കള്‍ തിരുനബി صلى الله عليه وسلم യുടെ മുന്നില്‍ ഹാജറാക്കപ്പെടുകയുണ്ടായി. തിരുനബി صلى الله عليه وسلم യെ ആവുന്നത്ര മര്‍ദ്ദിക്കുകയും സ്വന്തം നാട്ടില്‍ നിന്ന്‌ പുറത്താക്കുകയും, തന്‍റെ അനുയായികളെയും അതിക്രൂരമായി പീഢിപ്പിക്കുകയും പലരെയും കൊല്ലുകപോലും ചെയ്‌തവരുമായിരുന്നു അവര്‍. എന്നിട്ടും അവിടന്നു പറഞ്ഞത്‌ ഇങ്ങനെയായിരുന്നു: `നിങ്ങള്‍ക്കെല്ലാം പോകാം; നിങ്ങളെ കുറ്റവിചാരണ ചെയ്യുന്നില്ല!'

 يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (8)

സത്യവിശ്വാസികളേനിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിയുടെ സാക്ഷികളും ആവുക. ഒരു വിഭാഗത്തോടുള്ള രോഷം നീതിപാലിക്കാതിരിക്കുന്നതിനു നിങ്ങള്‍ക്കു പ്രേരകമാകരുത്. നീതിമുറുകെപ്പിടിക്കുക- അതാണ് ദൈവഭക്തിയോട് ഏറ്റം അടുത്തത്. അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങളുടെ ചെയ്തികളെക്കുറിച്ചെല്ലാം നന്നായറിയുന്നവന്‍ തന്നെയാണ് അല്ലാഹു. 

وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا

അത്യത്ഭുതകരമായൊരു കല്പനയാണിത്! ഒരു ജനതയോടുള്ള ദേശ്യം അവരോട് നീതിപാലിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. ഈ കല്‍പന ശരിക്കും പാലിക്കപ്പെടുകയാണെങ്കില്‍ ലോകത്ത് എന്തൊരു സമാധാനമായിരിക്കുമല്ലേ!

وَاتَّقُوا اللَّهَ

അധിക കല്‍പനകളും നല്‍കിയ ശേഷം, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം എന്ന് അല്ലാഹു ആവര്‍ത്തിച്ചുണര്‍ത്തുന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

അടുത്ത ആയത്ത് 9

മുകളില്‍ പറഞ്ഞതുപോലെ, സത്യവിശ്വാസം സ്വീകരിച്ച്, തദനുസൃതമായി സല്‍ക്കര്‍മങ്ങളനുഷ്‌ഠിക്കുന്നവരുടെ ജീവിതം ഇവിടെ സമാധാനപൂര്‍ണമായിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ തന്നെ, അത് ക്ഷമിക്കാന്‍ തയ്യാറായാല്‍ അതുവഴിയും വലിയ നേട്ടവും പ്രതിഫലവും ലഭിക്കുകയും ചെയ്യും.

പരലോകത്താകട്ടെ, പാപമോചനവും മികച്ച പ്രതിഫലവുമാണ്‌ അല്ലാഹു അവര്‍ക്ക്‌ ഒരുക്കിവെച്ചിരിക്കുന്നത്. സത്യനിഷേധികള്‍ക്ക്‌ വിപരീതഫലമാണുണ്ടാവുക എന്ന്‌ അടുത്ത ആയത്തില്‍ വ്യക്തമാക്കുന്നുമുണ്ട്‌.

 وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۙ لَهُمْ مَغْفِرَةٌ وَأَجْرٌ عَظِيمٌ (9)

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോട്പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. 

------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter