അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 114-120) ഈസാ നബിയെ വിചാരണ ചെയ്യുന്നു
ഹവാരിയ്യുകള്‍ ഈസാ നബി عليه السلام യോട് നടത്തിയ വിചിത്രമായൊരു ആവശ്യത്തെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവെച്ചത് - ആകാശത്തുനിന്നൊരു ഭക്ഷണത്തളിക ഇറക്കിത്തരാന്‍ റബ്ബിനോട് ആവശ്യപ്പെടുക! ഏതായാലും ആവശ്യം സദുദ്ദേശ്യപരമാണെന്ന് മനസ്സിലായപ്പോള്‍ മഹാനവര്കള് അല്ലാഹുവിനോട് ദുആ ചെയ്തു. അതാണിനി പറയുന്നത്.
വളരെ ഭവ്യതയോടെ, വിനയാന്വിതനായാണ് അനുയായികളുടെ ഈ ആവശ്യം അല്ലാഹുവിന്റെ മുന്നില്‍ അവതരിപ്പിച്ചത്. കുളിച്ച് വുളൂഅ് ചെയ്ത് ഏറെ നേരം നമസ്കരിച്ച് ഖിബ്ലക്കഭിമുഖമായി നിന്ന് കണ്ണുനീര് പൊഴിച്ചാണ് ദുആ നിര്‍വഹിച്ചതെന്ന് സല്‍മാനുല്‍ ഫാരിസി(رضي الله عنه)യില്‍ നിന്ന് ഇമാം തുര്‍മുദി رحمه اللهനിവേദനം ചെയ്യുന്നുണ്ട് (ദുര്റുല് മന്‍സൂര്‍ 7:232).
قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنْزِلْ عَلَيْنَا مَائِدَةً مِنَ السَّمَاءِ تَكُونُ لَنَا عِيدًا لِأَوَّلِنَا وَآخِرِنَا وَآيَةً مِنْكَ ۖ وَارْزُقْنَا وَأَنْتَ خَيْرُ الرَّازِقِينَ (114)
ഈസാനബി പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥനായ അല്ലാഹുവേ, ആകാശത്തു നിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്കു നീ ഇറക്കിത്തരേണമേ. ഞങ്ങളിലെ ആദിമര്‍ക്കും അന്തിമര്‍ക്കും ഒരു ആഘോഷദിനവും നിന്റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിത്തീരണം അത്. ഞങ്ങള്‍ക്കു നീ ഭക്ഷണം തരികയും ചെയ്യേണമേ. നിശ്ചയം, ഉത്തമനായ അന്നദാതാവാണല്ലോ നീ.
ദുആയില്‍ മൂന്നു കാര്യങ്ങളാണ് ഈസാ നബി عليه السلام പരാമര്‍ശിക്കുന്നത്:
ഒന്ന്: തളിക ഇറക്കിത്തരുന്ന ദിവസം ഒരാഘോഷദിനമാകും. സത്യവിശ്വാസികളായ ഞങ്ങള്‍ക്കു മാത്രമല്ല, അന്നുള്ളവര്ക്കും ഭാവിതലമുറകള്‍ക്കും ആഘോഷദിനമായിരിക്കുമത്. അതായത്, അത്യത്ഭുതകരമായൊരു കാര്യം സംഭവിച്ച ദിവസമെന്ന നിലക്ക് എല്ലാ കാലത്തും അല്ലാഹുവിന്റെ മഹാശക്തിയെപ്പറ്റി ചിന്തിക്കാന്‍ അവസരമേകുന്ന ഒരു സന്ദര്‍ഭമാകും അതെന്ന് സാരം.
രണ്ട്: അതൊരു ദൃഷ്ടാന്തമായി മാറും. ദീനീ പ്രബോധനരംഗത്ത് എവിടെയും എടുത്തുദ്ധരിക്കാന്‍ പറ്റിയ, അനിഷേധ്യമായൊരു ദൃഷ്ടാന്തം.
മൂന്ന്: ഞങ്ങള്‍ക്കതില്‍ നിന്ന് കഴിക്കുകയും ചെയ്യാം.
അനുയായികളുടെ ശൈലിയിലല്ല ഈസാ നബി عليه السلام ദുആ ചെയ്യുന്നത്. അവര്‍ തളിക ആവശ്യപ്പെട്ടതിന് കാരണം പറഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത്, ഞങ്ങള്‍ക്ക് കഴിക്കാമല്ലോ എന്നായിരുന്നു. എന്നാല്‍, കേവലം ഭൗതികമായ ഇക്കാര്യം അവസാനം പറയുകയും, ആത്മികവും പാരത്രികവുമായ നേട്ടങ്ങള്‍ ആദ്യം അവതരിപ്പിക്കുകയുമാണ് ഈസാ നബി عليه السلام ചെയ്തത്. നല്ലൊരു മാതൃകയാണിത്.
ദുആ ചെയ്യുമ്പോഴുള്ള മര്യാദകളും അല്ലാഹുവിനോടുള്ള അദബും നാം പാലിക്കണം. നമ്മുടെ റബ്ബിനോട് എപ്പോഴും എത്രവേണമെങ്കിലും നമുക്ക് ചോദിക്കാം. എത്ര ചോദിച്ചാലും മടുപ്പില്ലാത്ത, ചോദ്യങ്ങളേറെ ഇഷ്ടപ്പെടുന്നവനാണല്ലോ പരമകാരുണികനായ അല്ലാഹു.
പാരത്രികമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം. റബ്ബിനെ മറപ്പിക്കാത്ത ദുന്യാവ് ചോദിക്കാം. രണ്ടിടത്തും നമുക്ക് നന്മ വേണം. ഇരുലോകവും രക്ഷപ്പെടണം... അങ്ങനെ ചോദിക്കാനാണോല്ലോ അല്ലാഹു തന്നെ നമ്മെ പഠിപ്പിച്ചത്.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
(നാഥാ, ഞങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും നല്ലതു നല്കേണമേ, നിരകശിക്ഷയില് നിന്ന് ഞങ്ങളെ സംരക്ഷിക്കേണമേ – അല്‍ബഖറ 201)
അടുത്ത ആയത്ത് 115
ഈസാ നബി عليه السلام യുടെ ദുആക്ക് അല്ലാഹു നല്കിയ മറുപടിയാണിനി പറയുന്നത്: ഭക്ഷണത്തളിക ഞാന്‍ ഇറക്കിത്തരാം. പക്ഷേ, കര്‍ശന വ്യവസ്ഥയുണ്ട് - അത്ഭുതകരമായ ഈ മുഅ്ജിസത്ത് കണ്ടുകഴിഞ്ഞ ശേഷവും സത്യം നിഷേധിക്കുന്നുവെങ്കില്‍, ലോകത്ത് മറ്റാര്‍ക്കും നല്കിയിട്ടില്ലാത്ത കഠോര ശിക്ഷ നല്‍കുന്നതായിരിക്കും.
قَالَ اللَّهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَنْ يَكْفُرْ بَعْدُ مِنْكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَا أُعَذِّبُهُ أَحَدًا مِنَ الْعَالَمِينَ (115)
അല്ലാഹു പ്രത്യുത്തരം നല്കി: ശരി, ആ ഭക്ഷണത്തളിക നിങ്ങള്‍ക്കു ഞാന്‍ ഇറക്കിത്തരികയാണ്. എന്നാല്‍, ഇനിയും നിങ്ങളിലാരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍ അവന്നു ഞാന്‍ ലോകത്ത് മറ്റാര്‍ക്കും നല്കിയിട്ടില്ലാത്ത കഠോര ശിക്ഷ കൊടുക്കുന്നതായിരിക്കും.
കണ്ടീഷനുകളെല്ലാം അംഗീകരിക്കപ്പെടുകയും ഭക്ഷണത്തളിക വാനത്തു നിന്നിറങ്ങുകയും ചെയ്തു. ഇതാണ് ഭൂരിഭാഗം വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഇബ്നു ജരീര്‍ (رحمه الله) പ്രബലമാക്കുന്നതും ഈ ഭൂരിപക്ഷാഭിപ്രായമാണ്.
തളിക ഇറങ്ങിയിട്ടില്ല എന്ന അഭിപ്രായപ്പെടുന്ന മുഫസ്സിറുകളും ഉണ്ട്. നേരത്തെ പറഞ്ഞ താക്കീത് കേട്ടപ്പോള്‍ ഈ ആവശ്യമവര്‍ പിന്‍വലിച്ചുവെന്നും, അതുകൊണ്ട് തളിക ഇറക്കപ്പെട്ടില്ലെന്നുമാണവര് പറയുന്നത്. ഇമാം ഹസന്, മുജാഹിദ് (رحمهم الله) എന്നിവര്‍ ഈ അഭിപ്രായക്കാരാണ്.
പല വിസ്തൃത വിവരങ്ങളും ഇതു സംബന്ധമായി തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ കാണാം. മലക്കുകളാണ് ഭക്ഷണത്തളികയുമായി ഇറങ്ങിവന്നത്. വട്ടത്തിലുള്ള ചുവന്ന കളറിലുള്ള സുപ്ര. ഇറങ്ങിവരുമ്പോള്‍ അതിനടിയിലും മുകളിലും മേഘപാളികളുണ്ട്. ആളുകളെല്ലാം അതങ്ങനെ നോക്കിക്കാണുകയാണ്.
ഇറങ്ങിവരുമ്പോള്‍ ഈസാ നബി عليه السلام കണ്ണുനിറഞ്ഞ് ദുആ ചെയ്തു:
اللهم اجعلها رحمة ولا تجعلها فتنة، إلهي أسألك من العجائب فتعطى
(‘അല്ലാഹുവേ, നീയത് കാരുണ്യത്തിന്റെ സുപ്രയാക്കേണമേ; പരീക്ഷണത്തിന്റേതല്ല. ചോദിക്കുന്ന ദൃഷ്ടാന്തങ്ങള്‍ നീ നല്കുകയാണല്ലോ!’)
സുപ്ര ഈസാ നബി عليه السلام യുടെ മുന്നിറലങ്ങി. ടവല്‍ കൊണ്ട് മൂടിയിട്ടുണ്ട്. മഹാനവര്‍കളും ഹവാരിയ്യുകളും നന്ദിസൂചകമായി സുജൂദില്‍ വീണു.
നല്ല മണം വരുന്നുണ്ട് സുപ്രയില്‍ നിന്ന്. ഇതുവരെ അനുഭവിക്കാത്ത ഗന്ധം!
തളികയുടെ മുകളിലുള്ള ടവല്‍ മാറ്റാനൊരുങ്ങുകയാണ്. അല്ലാഹുവിനോട് ഏറ്റവും അടുപ്പമുള്ള, ദൃഢവിശ്വാസമുള്ള, ആരാധനാനിമഗ്നനായൊരാള് ടവല്‍ മാറ്റട്ടെ എന്ന് ഈസാ നബി عليه السلام നിര്‍ദ്ദേശിച്ചു. അങ്ങു തന്നെയാണതിനര്ഹന് എന്ന് ഹവാരിയ്യുകള്‍ മറുപടി നല്കിയപ്പോള്, മഹാനവര്കള് വുളുഅ് എടുത്തു, നിസ്കരിച്ചു, നന്നായി ദുആ ചെയ്തു.
എന്നിട്ട് ആ ടവല്‍ മാറ്റി... ما شاء الله എന്തെല്ലാം വിഭവങ്ങള്‍! മുള്ളില്ലാത്ത അതിവിശിഷ്ടമായ പലതരം പൊരിച്ച മത്സ്യം, മാംസം... പല ഐറ്റം അപ്പങ്ങള്‍, റൊട്ടികള്‍, പഴവര്‍ഗങ്ങള്‍... റുമ്മാന്‍.. സൈതൂന്‍, മേത്തരം കാരക്കകള്‍... എല്ലാവരും സുഭിക്ഷമായി കഴിച്ചു.
ഭക്ഷണത്തളിക ലഭിച്ചത് ഒരു ഞായറാഴ്ചദിവസമായിരുന്നു. ഇസ്രയേല്യരുടെ നന്ദികേടും ധിക്കാരവും മുന്നില്‍ കണ്ടാണ്, നേരത്ത പറഞ്ഞ മുന്നറിയിപ്പും താക്കീതുമൊക്കെ വീണ്ടും നല്‍കിയിരുന്നത്. എന്നിട്ടുമവര്‍ വഞ്ചന കാട്ടി. ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ യാതൊന്നും നാളത്തേക്കോ മറ്റോ എടുത്ത് സൂക്ഷിച്ചുവെക്കരുതെന്ന് ഈസാ നബി عليه السلامകര്‍ശനമായി പറഞ്ഞിരുന്നു. പക്ഷേ, പലരുമത് ലംഘിച്ചു. അല്ലാഹു അവരെ ശിക്ഷിക്കുകുയും ചെയ്തു. ഈ മഹാത്ഭുതത്തിന്റെ സ്മണക്കായാണ് സൂറയ്ക്ക് അല്‍മാഇദ എന്നുപേര് നല്‍കിയത്.
അബ്ദുല്ലാഹിബ്നു അംറ് رضي الله عنه പറയുന്നു: ഖിയാമ നാളില്‍ കഠിന ശിക്ഷ ലഭിക്കുന്ന 3 വിഭാഗമുണ്ട്: കപട വിശ്വാസികള്‍, ഭക്ഷണത്തളിക സംഭവത്തില്‍ ധിക്കാരം കാണിച്ചവര്‍, ഫിര്‍ഔനും കൂട്ടരും. (ഇബ്നു ജരീര്‍ رحمه الله )
ഇതേപോലൊയൊക്കെ മക്കാമുശ്രിക്കുകളും തിരുനബി صلى الله عليه وسلم യോട് ആവശ്യപ്പെട്ടിരുന്നു; സ്വഫാ മല സ്വര്‍ണമാക്കി മാറ്റിയാല്‍ വിശ്വസിക്കാമെന്ന് പറഞ്ഞു. അവര്‍ ഉറപ്പ് പറഞ്ഞപ്പോള്‍ അവിടന്ന് ദുആ ചെയ്തു. ജീബ്രീല്‍ عليه السلام എത്തി: ‘താങ്കളുദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യാം – പക്ഷേ, പിന്നെയുമവര്‍ നിഷേധം തുടര്‍ന്നാല്‍, ലോകത്താരെയെും ശിക്ഷിക്കാത്ത വിധം ഞാനവരെ ശിക്ഷിക്കുമെന്നും, അതല്ലെങ്കില്‍ അവര്‍ക്ക് കാരുണ്യത്തിന്റെയും പശ്ചാത്താപത്തിന്റെയും വാതിലുകള്‍ തുറന്ന് സാവകാശം നല്‍കാമെന്നും റബ്ബ് അറിയിക്കുന്നുവെന്ന് പറഞ്ഞു.’ തിരുനബി صلى الله عليه وسلم രണ്ടാമത്തെ ഒപ്ഷനാണ് തെരഞ്ഞെടുത്തത്. (അഹ്മദ്, ഹാകിം).
പല സമൂഹങ്ങളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ദൃഷ്ടാന്തങ്ങള്‍ ചോദിക്കും. കണ്ടുകഴിഞ്ഞാലോ, സിഹ്റാണെന്നും മറ്റും പറഞ്ഞ് തള്ളിക്കളയും. റബ്ബിന്റെ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യും.
അടുത്ത ആയത്ത് 116
പരലോകത്തുവെച്ച് അല്ലാഹു ഈസാ നബി عليه السلامയോട് ചോദിക്കുന്ന പ്രധാനപ്പെട്ടൊരു ചോദ്യവും മഹാനവര്കള് അതിന് നല്കുന്ന മറുപടിയുമാണ് 116 മുതലുള്ള 3 വാക്യങ്ങളിലുള്ളത്.
ഈസാനബി عليه السلام ദൈവവും ദൈവപുത്രനുമാണെന്ന് ജല്പിച്ച് ഏകദൈവത്വത്തില്‍ നിന്ന് വിദൂരമായി ബഹുദൈവത്വമംഗീകരിച്ച ക്രിസ്ത്യാനികളെ ഉത്തരം മുട്ടിക്കാന്‍ വേണ്ടിയാണ് ഈ വിചാരണ. മഹാനവര്‍കളുടെ മാതാവായ മറിയം ബീവി رضي الله عنهاയെ ദൈവമാക്കുന്ന വിഭാഗങ്ങളും ക്രിസ്തീയരിലുണ്ട്.
ഈസാ നബി (عليه السلام) തന്റെ നിരപരാധിത്വം തെളിയിക്കുന്ന കൃത്യമായ മറുപടിയാണ് നല്‍കുക. അതോടുകൂടി അവര്‍ ഇളിഭ്യരും ഭഗ്നാശരുമായിത്തീരും.
'അല്ലാഹുവിനു പുറമെ എന്നെയും മാതാവിനെയും ദൈവങ്ങളാക്കണം' എന്ന് താങ്കളാണോ ജനങ്ങളോടാവശ്യപ്പെട്ടത്’ – ഇതാണ് അല്ലാഹുവിന്റെ ചോദ്യം.
ഈസാനബി(عليه السلام) ഇങ്ങനെ മറുപടി പറഞ്ഞു തുടങ്ങും: `രക്ഷിതാവേ, നീ എത്ര പരിശുദ്ധന്'. വളരെ ഗുരുതരമായ ഒരപരാധമാണ് എന്നെപ്പറ്റി ആളുകള്‍ പറഞ്ഞുണ്ടാക്കിയതെന്ന് ധ്വനി.
മഹാനവര്കള് മറുപടി തുടരും: ‘അര്‍ഹതയില്ലാത്തതൊന്നും പറയുകയെന്നത് എനിക്ക് ചേര്‍ന്നതല്ല. ഇനി, ഞാനങ്ങനെ പറഞ്ഞിരുന്നെങ്കില്തന്നെ നീയത് അറിഞ്ഞുകഴിഞ്ഞിരിക്കും. എന്റെ എല്ലാ ചലനങ്ങളും ചിന്തകള്‍ വരെയും അറിയുന്നവനാണല്ലോ നീ.’
നോക്കൂ, എത്രമാത്രം മര്യാദയോടെയും വിനയത്തോടെയുമാണ് മഹാനവര്കള് മറുപടി കൊടുക്കുന്നത്. അല്ലാഹുവിന്റെ തിരുസവിധത്തിലല്ലേ നില്‍ക്കുന്നത്! (റാസി 12:134).
وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِنْ دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ (116)
അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം സ്മരണീയമത്രേ: ഓ ഈസബ്നുമര്‍യം, 'അല്ലാഹുവിനു പുറമെ എന്നെയും മാതാവിനെയും ദൈവങ്ങളാക്കണം' എന്നു താങ്കളാണോ ജനങ്ങളോടാവശ്യപ്പെട്ട ത്? അദ്ദേഹം പ്രതികരിക്കും: നീ എത്ര പരിശുദ്ധന്! എനിക്കു അര്‍ഹതയില്ലാത്തത് ഞാന്‍ പറയാന്‍ പറ്റില്ലല്ലോ! ഇനി, ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ തന്നെ നീയത് അറിഞ്ഞു കഴിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത് നിനക്കറിയാം; എന്നാല്‍ നിന്നിലുള്ളത് ഞാനറിയില്ല. അദൃശ്യകാര്യങ്ങളെക്കുറിച്ചെല്ലാം സര്‍വജ്ഞനാണ് നീ.
ക്രിസ്തീയ സഹോദരങ്ങള്‍ ഈയൊരു ചോദ്യവും ഉത്തരവുമൊക്കെ ശരിക്കൊന്ന് ആലോചിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! ഖിയാമത്തു നാളില്‍ നടക്കുന്ന ഈ ചോദ്യോത്തരം ഇത്രയും വ്യക്തമായി മുന്‍കൂറായി അല്ലാഹു പറഞ്ഞുതരുന്നത് അവര്‍ ചിന്തിക്കാന്‍ വേണ്ടിയല്ലേ?!
ഈസാനബി(عليه السلام) ആകാശത്തേക്കുയര്ത്തപ്പെട്ട് വര്‍ഷങ്ങള്‍ പലതും കഴിഞ്ഞ ശേഷം പലരും എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളോ മറ്റോ കണ്ട് തെറ്റിദ്ധരിച്ചവരുണ്ടെങ്കില്‍, വിശുദ്ധ ഖുര്‍ആനിതാ സത്യം വ്യക്തമായി മനസ്സിലാക്കിത്തരുന്നു! പാശ്ചാത്യരാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പലരും ഇതെല്ലാം മനസ്സിലാക്കി സത്യം സ്വീകരിച്ചുകൊണ്ടിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
അടുത്ത ആയത്ത് 117
‘എന്നെയും മാതാവിനെയും ഇലാഹാക്കുക എന്ന് നിങ്ങളാണോ ആളുകളോട് പറഞ്ഞത്’ എന്ന അല്ലാഹുവിന്റെ ചോദ്യത്തിന്, ഒന്നുകൂടി വ്യക്തമായി മറുപടി പറയുകയാണിനി ഈസാ നബി عليه السلام
‘നീ എന്നോട് കല്പിച്ചത് മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. അതായത്, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന്. മാത്രമല്ല, ഈ ഏകദൈവസിദ്ധാന്തം മാത്രമേ, ഞാന്‍ ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്ത് അവര്‍ അംഗീകരിച്ചിരുന്നൂള്ളൂ എന്നും എനിക്ക് തീര്‍ത്തുപറയാന്‍ കഴിയും.’
‘എന്നാല്‍, നീയെന്നെ ആകാശത്തേക്കുയര്‍ത്തിയ ശേഷം, നീയാണല്ലോ അവരെ നിരീക്ഷിച്ചിരുന്നത്. അവരെന്തൊക്കെ ചെയ്തു, എങ്ങനെയൊക്കെയാണവര് ഈ സിദ്ധാന്തം വികലമാക്കിയത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം നീ തന്നെയാണല്ലോ സാക്ഷി’ - ഇങ്ങനെയൊക്കെയാണ് ഈസാനബി(عليه السلام) ബോധിപ്പിക്കുന്നത്.
مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنْتُ عَلَيْهِمْ شَهِيدًا مَا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنْتَ أَنْتَ الرَّقِيبَ عَلَيْهِمْ ۚ وَأَنْتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ (117)
എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ നിങ്ങളാരാധിക്കുക എന്ന, നീ കല്പിച്ച കാര്യമല്ലാതെ മറ്റൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അവര്‍ക്കിടയില്‍ കഴിഞ്ഞിരുന്നപ്പോഴൊക്കെ അവരുടെ നിലപാടിനു ഞാന്‍ സാക്ഷിയായിരുന്നു. എന്നാല്‍ എന്നെ നീ എടുത്തു കഴിഞ്ഞപ്പോള്‍ അവരുടെ നരീക്ഷകന്‍ നീ തന്നെയായിത്തീര്‍ന്നു. നീ സര്‍വ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു.
فَلَمَّا تَوَفَّيْتَنِي كُنْتَ أَنْتَ الرَّقِيبَ عَلَيْهِمْ
فَلَمَّا تَوَفَّيْتَنِي എന്ന വാക്കിന്, തെറ്റായ അര്‍ത്ഥങ്ങള്‍ നല്കി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന ചിലരുണ്ട്. ‘നീ എന്റെ ആയുസ്സ് പൂര്ത്തിയാക്കിയെടുത്ത് എന്നെ മരിപ്പിച്ചപ്പോള്‍’ എന്നും മറ്റും അര്‍ത്ഥം കൊടുക്കുകയാണവര്‍. ഇസാ നബി عليه السلامകുരിശ് സംഭവത്തില്‍നിന്ന് രക്ഷപ്പെട്ടശേഷം പിന്നീട് മരണപ്പെട്ടുപോയിട്ടുണ്ടെന്നും, ആകാശലോകത്തേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ലെന്നും, ലോകാവസാനത്തിനു മുമ്പ് മഹാനവര്കള് ഭൂമിയിലേക്കിറങ്ങി വരുമെന്ന വിശ്വാസം ശരിയല്ലെന്നും അവര്‍ പറയുന്നു.
فَلَمَّا تَوَفَّيْتَنِي എന്ന വാക്കിന് നല്കിയ തെറ്റായ അര്‍ത്ഥമാണ് ഈ ജല്പനത്തിനു കാരണം. ‘മരണപ്പെടുത്തുക’ എന്നല്ല ഇവിടെ അര്‍ത്ഥം, ഭൂമിയിലെ ജീവിതം അവസാനിപ്പിച്ചു എന്ന് മാത്രമാണുദ്ദേശ്യം. അതായത്, ഭൂമിയിലെ ജീവിതം അവസാനിച്ച് ഉപരിലോകത്തേക്ക് ഉയര്‍ത്തപ്പെട്ടു.
ഇത് സംബന്ധമായി സൂറത്തു ആലുഇംറാന് 55-ആം ആയത്ത് പഠിച്ചപ്പോള്‍ വിശദമായി നാം പറഞ്ഞിട്ടുണ്ട്. توفى എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെയും പ്രയോഗങ്ങളെയും കുറിച്ചെല്ലാം അവിടെ ചര്‍ച്ച ചെയ്തിരുന്നു.
അടുത്ത ആയത്ത് 118
ഈസാ നബി عليه السلام മറുപടി തുടരുകയാണ്: നീ അവരെ ശിക്ഷിക്കുകയാണ് എങ്കില്‍, നിനക്കതിന് തികച്ചും അധികാരമുണ്ട്, അവര്‍ നിന്റെ അടിമകളാണല്ലോ. അടിമകളെ, കുറ്റം ചെയ്തതിന് യജമാനന് ശിക്ഷിക്കും. വന്‍പാപമായ ശിര്ക്കാണവര് ചെയ്തത്. അതുപോലെ, സത്യത്തിലേക്ക് തിരിച്ചുവന്നിരുന്നവര്ക്ക് നേരത്തെ സ്വീകരിച്ചിരുന്ന ശിര്‍ക്കും പാപങ്ങളും നീ പൊറുത്തു കൊടുക്കുകയും ചെയ്യും. അതിനും നിനക്കധികാരമുണ്ട്.
إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (118)
നീ അവരെ ശിക്ഷിക്കുകയാണ് എങ്കില്‍ അവര്‍ നിന്റെ അടിമകള്‍ തന്നെയണല്ലോ; അതല്ല, പൊറുത്തുകൊടുക്കുന്നുവെങ്കിലോ, നിശ്ചയം നീ പ്രതാപശാലിയും യുക്തിമാനുമാകുന്നു.
വല്ലാത്തൊരു ആയത്താണിത്! തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ, ഒരു രാത്രി, നേരം പുലരുവോളം …. إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ എന്ന് തുടങ്ങുന്ന ഈ ആയത്തോതി നിസ്കരിച്ചതായി ഹദീസിലുണ്ട്.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ രണ്ട് ആയത്തുകള്‍ ഓതി ദുആ ചെയ്തുവത്രേ –
ഒന്ന് ഇബ്രാഹീം നബി عليه السلامചെയ്ത ദുആയും, രണ്ട്, ഈസാനബി عليه السلام യുടെ ഈ മറുപടിയും (അല്‍ മാഇദ 118).
ഇബ്രാഹീം നബി عليه السلامചെയ്ത ദുആ ഇതാണ്:
رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ ۖ فَمَن تَبِعَنِي فَإِنَّهُ مِنِّي ۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ
`രക്ഷിതാവേ, അവ (ബിംബങ്ങള്‍) നിരവധി മനുഷ്യരെ വഴിതെറ്റിച്ചിട്ടുണ്ട്. അതുകൊണ്ട് എന്നെ ആര് അനുധാവനം ചെയ്യുന്നുവോ അവന് എന്റെ ഗണത്തിലാണ്; എന്നെ ആരെങ്കിലും ധിക്കരിക്കുന്നുവെങ്കില്‍ നാഥാ, നീ ധാരാളമായി പൊറുക്കുന്നവനും കരുണാമയനുമാകുന്നു – സൂറത്തു ഇബ്റാഹീം 36)
ഈ രണ്ടു ആയത്തുകളും ഓതി കൈഉയര്ത്തിയിട്ട്, നാഥാ, എന്റെ സമുദായം, എന്റെ സമുദായം.. എന്നു പറഞ്ഞ് അവിടന്ന് കരഞ്ഞുപോയി!
തത്സമയം, ജിബ്രീലി(عليه السلام)നോട് അല്ലാഹു പറഞ്ഞു: `നിങ്ങള്‍ നബി صلى الله عليه وسلم യുടെയടുത്ത് പോവുക, എന്തിനാണ് കരയുന്നതെന്നന്വേഷിക്കുക. നബി صلى الله عليه وسلم കരയുന്നതെന്തിനാണെന്ന് നിങ്ങളുടെ റബ്ബിന് നന്നായറിയാം.'
ജിബ്രീല്‍(عليه السلام) തിരുനബി صلى الله عليه وسلم യുടെ അടുത്തെത്തി കാര്യമന്വേഷിച്ചു. അവിടന്ന് കാര്യം വിശദീകരിച്ചു.
ജിബ്രീല്‍ عليه السلامഅല്ലാഹുവിങ്കലെത്തി വിശദീകരണം നല്കിയപ്പോള്, വീണ്ടും അല്ലാഹുവിന്റെ കല്പന:`നിങ്ങള്‍ നബി صلى الله عليه وسلم യുടെയടുത്തുപോവുകയും ഇങ്ങനെ പറയുകയും ചെയ്യുക: ഉമ്മത്തിന്റെ കാര്യത്തില്‍ താങ്കളെ നാം സന്തോഷിപ്പിക്കുകതന്നെ ചെയ്യും; വിഷമിപ്പിക്കുകയില്ല' (മുസ്ലിം).
അടുത്ത ആയത്ത് 119
ഇതുവരെ നടന്ന വിചാരണയുടെ നീതിനിഷ്ഠവും സത്യസന്ധവുമായ വിധിയാണിനി അല്ലാഹു പറയുന്നത്.
ഇഹലോകത്ത് ജനിച്ചുമരിച്ച, ത്രിയേകത്വത്തില്‍ വിശ്വസിച്ച ക്രിസ്ത്യാനികളെല്ലാവരും ഒരു വശത്ത്. മറുവശത്ത് ഈസാനബി(عليه السلام) മാത്രം!
ഇത്രയും ആളുകള്‍ക്കെതിരെ മഹാനവര്കള് പറഞ്ഞ മറുപടി സ്വീകരിക്കപ്പെടുമോ? അതെ, തീര്‍ച്ചയായും. കാരണം, സത്യസന്ധര്‍ക്ക്, അവര്‍ കൊണ്ടുനടന്ന സത്യം പ്രയോജനപ്പെടുന്ന ലോകമാണത്. ഈസാനബി(عليه السلام) പറഞ്ഞത് സത്യമാണെന്നതിനാല്‍, അതുമാത്രമാണവിടെ സ്വീകരിക്കപ്പെടുക.
قَالَ اللَّهُ هَٰذَا يَوْمُ يَنْفَعُ الصَّادِقِينَ صِدْقُهُمْ ۚ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ (119)
അല്ലാഹു പ്രഖ്യാപിക്കും: സത്യസന്ധന്മാര്ക്ക് അവരുടെ സത്യനിഷ്ഠ പ്രയോജനകരമാകുന്ന ദിവസമാണിത്. താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗങ്ങള്‍ അവര്‍ക്കുണ്ട്. അതിലവര്‍ ശാശ്വതവാസികളായിരിക്കും. അല്ലാഹു അവരെക്കുറിച്ചും അവര്‍ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. വമ്പിച്ച വിജയമത്രേ അത്.
സത്യവും നീതിയും ധര്‍മവുമൊക്കെ മുറുകെപ്പിടിച്ചു ജീവിക്കുന്നവരെ മറ്റുള്ളവര്‍ പലപ്പോഴും അവഹേളിക്കാറുണ്ട്. എന്നാല്‍, ആ സന്മാര്ഗവും സത്യനിഷ്ഠയും അവര്‍ക്ക് സമൂര്‍ത്തമായി ഉപകാരപ്പെടുന്നത് ഖിയാമത്തു നാളിലായിരിക്കും.
അന്നത്തെ മോക്ഷത്തിന്നും വിജയത്തിന്നുമായി ഭൂമിയും അതിലുള്ളതത്രയും പ്രായശ്ചിത്തം സമര്‍പ്പിക്കാന്‍ നിഷേധികള്‍ സന്നദ്ധരാകുമെന്നു നേരത്തെ പറഞ്ഞു (വാക്യം 36). പക്ഷേ, അന്നത്തെ സമഗ്രാധിപത്യം അല്ലാഹുവിനാണല്ലോ. അവന്റെ ഇഷ്ടദാസന്മാര് മാത്രമായിരിക്കും അന്നു സൗഭാഗ്യവാന്മാര്; ശാശ്വതമായ സുഖലോകസ്വര്ഗത്തിന്റെ അവകാശികള്‍.
هَٰذَا يَوْمُ يَنْفَعُ الصَّادِقِينَ صِدْقُهُمْ
ഇഹലോകത്തുവെച്ച് സത്യമംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പരലോകത്ത് അതിന് പ്രതിഫലം ലഭിക്കുമെന്നാണര്ത്ഥം. അല്ലാതെ, ഇഹലോകത്ത് സത്യമംഗീകരിച്ചില്ലെങ്കിലും പാലിച്ചില്ലെങ്കിലും, പരലോകത്ത് വിചാരണാവേളയില്‍ സത്യം തുറന്നുപറഞ്ഞതു കൊണ്ട് രക്ഷപ്പെടാമെന്നല്ല.
رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ
സുഖാഡംബരങ്ങള്‍ നിറഞ്ഞ സ്വര്‍ഗം മാത്രമല്ല, അല്ലാഹുവും അവരും പരസ്പരം സംതൃപ്തരായിരിക്കും.
ശാശ്വത സ്വര്‍ഗീയ ജീവിതം ലഭിക്കുകയെന്നത് മഹാഭാഗ്യം തന്നെയാണ്. പക്ഷേ, അതിലേറെ മഹാഭാഗ്യമാണ്, അല്ലാഹുവിന്റെ തൃപ്തി നേടുകയെന്നത്. (وَرِضْوَانٌ مِّنَ اللَّهِ أَكْبَر) അതാണ്, ശാശ്വത സ്വര്‍ഗീയ ജീവിതമുണ്ടെന്ന് പറഞ്ഞ ശേഷം അല്ലാഹുവിന്റെ തൃപ്തിയും ലഭിക്കുമെന്ന് പ്രത്യേകം പറഞ്ഞത്.
അടുത്ത ആയത്ത് 120
ഈ സൂറയിലെ അവസാനത്തെ ആയത്താണിത്.
കരാറുകള്‍ പാലിക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നല്ലോ അധ്യായം തുടങ്ങിയത്.
ആ കരാറുകളുടെ - കല്പനകളുടെ - വ്യത്യസ്തമായ രൂപങ്ങളാണ് ശേഷം പറഞ്ഞത്. അതെല്ലാം നമ്മള് അനുസരിക്കണം എന്നതൊരു പരാമര്‍ത്ഥമാണ്.
എന്തിനാണങ്ങനെ അനുസരിക്കുന്നത് എന്നൊരു സാങ്കല്പിക ചോദ്യം ഉയരാമല്ലോ. എന്തെങ്കിലും ന്യായമതിനുണ്ടോ? ഈ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് അധ്യായം അല്ലാഹു അവസാനിപ്പിക്കുന്നത്.
പ്രപഞ്ചമഖിലവും അല്ലാഹുവിന്റെ അധീശാപത്യത്തിലാണ്, എല്ലാം അവന്റേതാണ്, അവന് എന്തിനും കഴിവുള്ളവനാണ് - ഇതാണ് ആ മറുപടി. അപ്പോള്‍ മനുഷ്യരും അവന്റെ ഉടമസ്ഥതയിലാണ്, അവന് പറഞ്ഞതനുസരിച്ച് നടക്കാന്‍ ബാധ്യസ്ഥരുമാണ്.
لِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (120)
ഭുവനവാനങ്ങളുടെയും അവയിലുള്ളവയുടെയും ആധിപത്യം അല്ലാഹുവിനാകുന്നു. സകല കാര്യത്തിനും കഴിവുറ്റവനത്രേ അവന്.
ഇങ്ങനെയൊരു ആയത്തുകൊണ്ട് സൂറത്ത് അവസാനിപ്പിച്ചതില്‍ പല സൂചനകളുമുണ്ട്.
എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളും ഉടമസ്ഥതയിലുമാണ്. അതുകൊണ്ടുതന്നെ, ഈ സൂറയില്‍ പറഞ്ഞതടക്കമുള്ള ഏത് നിയമങ്ങളും നിര്‍ദേശിക്കാനും, മുന്പ്രവാചകന്മാരുടെ ശരീഅത്തുകള്‍ മാറ്റി തല്‍സ്ഥാനത്ത് മുഹമ്മദ് നബി صلى الله عليه وسلمയുടെ ശരീഅത്ത് നിയമിക്കാനും അല്ലാഹുവിനധികാരമുണ്ട്.
ഈസാനബി عليه السلام യും തന്റെ മാതാവും അല്ലാഹുവിന്റെ സൃഷ്ടികളില്‍ പെട്ടവരാണ്. അതുകൊണ്ടുതന്നെ ഇലാഹുകളാകാന് യാതൊരു ന്യായവും അവകാശവുമില്ല
لِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا فِيهِنَّ
ആകാശഭൂമികളിലുള്ള സര്‍വതും എന്നാണ് പ്രയോഗം; സര്‍വരും എന്നല്ല. തന്റെ അധീശാധിപത്യത്തിനു കീഴില്‍ മനുഷ്യന് പോലും നിര്ജീവവസ്തുക്കള്ക്കു തുല്യനാണെന്നാണ് ഇതിന്റെ ധ്വനിയെന്ന് ഇമാം റാസി رحمه الله പറയുന്നുണ്ട്. (തഫ്സീര്‍ കബീര്‍ 12:139).
----------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment