അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 51-57) മുസൈലിമയും ജബലയും
അല്ലാഹുവിന്‍റെ വിധികളും നിയമങ്ങളും സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന വേദക്കാരെക്കുറിച്ചായിരുന്നല്ലോ കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നത്. അവരെ കരുതിയിരിക്കണമെന്നും അവരോടുള്ള ചങ്ങാത്തം ശ്രദ്ധിക്കണമെന്നും മുസ്‍ലിംകളോട് പ്രത്യേകം പറയുകയാണിനി.
മദീനാ ജീവിതത്തില്‍ ജൂതന്മാര്‍ മുസ്‌ലിംകളുടെ ബദ്ധവൈരികളായിരുന്നു. മുനാഫിഖുകള്‍, മുശ്‌രിക്കുകള്‍ എന്നിവരോടൊപ്പം ചേര്‍ന്നു ക്രിസ്ത്യാനികളും ഇസ്‌ലാമിനോടുള്ള ശത്രുത പ്രകടമാക്കി. പൊതുശത്രു എന്ന നിലയില്‍ ജൂത-ക്രിസ്ത്യാനികള്‍ ഇസ്‌ലാമിനെതിരെ കൈകോര്‍ക്കുകയും ചെയ്തു. ഇവ്വിധമൊരു പശ്ചാത്തലത്തില്‍ അവരെ രക്ഷാകര്‍ത്താക്കളാക്കുന്നതോ അവരുമായി ഉറ്റ സൗഹൃദവും ചങ്ങാത്തവും ആത്മബന്ധവും സ്ഥാപിക്കുന്നതോ തീര്‍ത്തും അപകടകരമായിരിക്കും. അക്കാര്യമാണിവിടെ ഗൗരവപൂര്‍വം സൂചിപ്പിക്കുന്നത്.
യഹൂദികളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു സ്വഹാബിവര്യനായ ഉബാദത്തുബ്നുസ്വ്‌സ്വാമിത്ത് (رضي الله عنه). അദ്ദഹേം ഒരിക്കല്‍ പറഞ്ഞു:`എനിക്ക് നല്ല കായികബലമുള്ള ധാരാളം മിത്രങ്ങള്‍ ജൂതന്മാരിലുണ്ട്. പക്ഷേ, ആ സുഹൃദ്ബന്ധം ഞാനുപേക്ഷിക്കുകയാണ്. എനിക്കിനി മിത്രമായി, രക്ഷാകര്‍ത്താവായി അല്ലാഹുവും അവന്‍റെ റസൂലും ധാരാളം മതി!
അദ്ദേഹത്തിന്‍റെ ഈ വാക്ക് കേട്ടപ്പോള്‍ മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് പറഞ്ഞത്രേ:`എനിക്ക് ജൂതരുമായുള്ള ചങ്ങാത്തം വിടാന്‍ പറ്റില്ല. എന്തെങ്കിലും ആപത്ത് പിണഞ്ഞേക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എനിക്കവരെ അത്യാവശ്യമാണ്!
ഈ അവസരത്തിലാണ് 51 -ആം സൂക്തവും തുടര്‍ന്നുള്ള ചില ആയത്തുകളും അവതരിച്ചത്. (അസ്‌ബാബുന്നുസൂല്‍ 113).
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ (51)
സത്യവിശ്വാസികളേ, യഹൂദികളെയും നസ്വാറാക്കളെയും നിങ്ങള്‍ രക്ഷാകര്‍ത്താ ക്കളായി സ്വീകരിക്കരുത്; അവര്‍ പരസ്പരം രക്ഷാകര്‍ത്താക്കളാണ്. നിങ്ങളിലൊരാള്‍ അങ്ങനെ സ്വീകരിക്കുന്നുവെങ്കില്‍ അവന്‍ അവരില്‍ പെട്ടവന്‍ തന്നെ. അക്രമികളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുകയേ ഇല്ല.
بَعْضُهُمْ أَوْلِيَاءُ بَعْضٍ
യഹൂദികളും നസ്വാറാക്കളും പണ്ടു മുതലേ അന്താരാഷ്ട്രതലത്തില്‍തന്നെ ഇസ്‌ലാമിനെതിരെ പ്രവര്‍ത്തിക്കുകയും അതിന് നേതൃത്വം നല്കുകയും ചെയ്യുന്നവരാണ്. ശത്രുവിന്‍റെ ശത്രു മിത്രം എന്ന ലെവലില്‍, ഇസ്‌ലാമിനെതിരെ എപ്പോഴും ഈ രണ്ടു കൂട്ടരും ഒറ്റക്കെട്ടാണുതാനും. അതാണ് بَعْضُهُمْ أَوْلِيَاءُ بَعْضٍ (അവര്‍ മിത്രങ്ങളാണ്) എന്നു പറയുന്നത്.
രണ്ടു കൂട്ടരും വിശുദ്ധ ഇസ്‍ലാമിനെതിരെ ഒന്നിച്ചിറങ്ങിയ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇരുനൂറു കൊല്ലത്തോളം നീണ്ടു നിന്ന കുരിശു യുദ്ധങ്ങള്‍ ഉദാഹരണം. അന്തലൂസ്യായിലും അബീസീനിയായിലും സോമാലിയയിലും എറിത്രയായിലുമൊക്കെ ഈ കൂട്ടുകെട്ട് പരസ്യമായി കണ്ടതാണ്.
നിലവില്‍, ഫലസ്തീനിലെ ജൂത രാഷ്ട്രത്തിന്‍റെ സ്ഥാപകരും സഹായികളുമെല്ലാം നസ്വാറാക്കളല്ലാതെ മറ്റാരാണ്?!
അതുപോലെത്തന്നെ, മതമില്ലാത്തവരോ നിരീശ്വരവാദികളോ ബഹുദൈവ വിശ്വാസികളോ ഇസ്‍ലാമിനെതിരെ വല്ല പ്രശ്നവുമുണ്ടാക്കിയാല്‍, അവരെ സഹായിക്കുക എന്നല്ലാതെ, ഒരു ദൈവിക മതത്തിന്‍റെ ആളുകളെന്ന നിലക്ക്, അത്തരക്കാരെ പ്രതിരോധിക്കാന്‍ മുസ്‌ലിംകളെയവര്‍ സഹായിച്ച ചരിത്രമില്ല. എവിടെയെങ്കിലും അങ്ങനെ ഉണ്ടായാല്‍ തന്നെ, അത്, താല്‍ക്കാലികവും രാഷ്ട്രീയവുമായ എന്തെങ്കിലും നേട്ടങ്ങള്‍ ഉദ്ദേശിച്ചായിരിക്കും; ആത്മാര്‍ത്ഥമായല്ല.
ചുരുക്കിപ്പറഞ്ഞാല്‍, വേദം നല്കപ്പെട്ടവര്‍ക്ക് - അവര്‍ വേദഗ്രന്ഥത്തിന്‍റെ ആളുകളെന്ന നിലക്ക്- ചില പ്രത്യേകതകള്‍ മുസ്‌ലിംകള്‍ വകവെച്ചുകൊടുക്കുന്നെങ്കിലും, തിരിച്ചിങ്ങോട്ട് ഇസ്‍ലാമിനോട് ആ ഒരു സമീപനം അവര്‍ സ്വീകരിക്കാറില്ല എന്നതിന് ചരിത്രം സാക്ഷിയാണ്.
ഈ രൂപത്തില്‍ വിശുദ്ധ ഇസ്‍ലാമിനോട് ശത്രുത കൊണ്ടുനടക്കുന്നവരുമായി മുസ്‍ലിമായൊരാള്‍ കൂട്ടുകൂടുന്നതും അവരെ സഹായികളും സഹകാരികളുമായി സ്വീകരിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഉറപ്പല്ലേ... അതുകൊണ്ട് അങ്ങനെ ചെയ്യരുതെന്ന് പറയുകയാണ് അല്ലാഹു.
ഈ ആയത്ത് പൊക്കിപ്പിടിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്; അന്യമതസ്ഥരോടൊക്കെ ഇതേ നിലപാടാണ് ദീന്‍ സ്വീകരിക്കുന്നതെന്ന്! ഒരിക്കലുമല്ല, വേദക്കാരോടെന്നു മാത്രമല്ല, മുസലിംകളല്ലാത്ത എല്ലാവരോടും സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലും പെരുമാറണമെന്നുതന്നെയാണ് ദീനിന്‍റെ വിധി.
ഇവിടെ കൂട്ടുകാരാക്കരുത് എന്ന് പറയുന്നത്, ഇസ്‌ലാമിനോട് പകയും ശത്രുതയും വെച്ചുകൊണ്ടിരിക്കുന്നവരെക്കുറിച്ചാണ്. അത്തരക്കാരെ അടുപ്പിക്കരുതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കവുമില്ലല്ലോ.
വേദക്കാരുടെ കൂട്ടത്തിലെ ശത്രുക്കളുമായി സ്നേഹബന്ധം പുലര്‍ത്തുന്നതിനെക്കുറിച്ചാണിവിടെ പരാമര്‍ശിച്ചത്. മുശ്‌രിക്കുകളുടെ കൂട്ടത്തിലെ ശത്രുക്കളെ മിത്രങ്ങളാക്കുന്നതിനെപ്പറ്റി ഇനിയുള്ള പല ആയത്തുകളിലും മറ്റും വേറെത്തന്നെ പ്രത്യേകം പറയുന്നുണ്ട്.
അടുത്ത ആയത്ത് 52
പ്രതിസന്ധിഘട്ടങ്ങളില്‍ തുണയാകാനെന്ന ന്യായം പറഞ്ഞ് മുനാഫിഖുകള്‍ വേദക്കാരുടെ കൂട്ടത്തിലെ ശത്രുക്കളോടും ആത്മബന്ധം സ്ഥാപിക്കുമായിരുന്നു.
കപടന്മാര്‍ക്ക് എപ്പോഴും സംശയമാണ് - ഇസ്‌ലാമിന്‍റെയും മുസ്‌ലിംകളുടെയും ഭാവിയെപ്പറ്റി പ്രത്യേകിച്ചും. അവരുടെ കാഴ്ച്ചപ്പാടില്‍, യഹൂദികളും നസ്വാറാക്കളും മുമ്പേ നല്ല കെട്ടുറപ്പുള്ള, ശക്തിയുള്ള സമൂഹമാണെന്നാണ്. ആ നിലക്ക് അവസാനം മുസ്‌ലിംകള്‍ പരാജയപ്പെടുകയും ശത്രുക്കള്‍ ജയിക്കുകയും ചെയ്യുകയാണെങ്കില്‍ അവരുടെ കാര്യം കഷ്ടത്തിലാകുമല്ലോ. അതുകൊണ്ടുതന്നെ, അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി - ശത്രുവിഭാഗത്തോട് - പ്രത്യേകിച്ചും യഹൂദികളോട് നല്ല ബന്ധം സൂക്ഷിച്ചുപോന്നു. ഇതിനെപ്പറ്റിയാണ് ഇനിയുള്ള ചില ആയത്തുകളിലെ പരാമര്‍ശം.
പക്ഷേ, താമസിയാതെ അന്തിമ നേട്ടം (മക്കാ വിജയം) മുസ്‌ലിംകള്‍ക്കു വരാനിരിക്കുകയാണെന്നും തത്സമയം ഹൃദയത്തിന് രോഗം ബാധിച്ച ആ കപടന്മാര്‍ ദുഃഖിക്കേണ്ടി വരുമെന്നുമാണ് അല്ലാഹു ഉണര്‍ത്തുന്നത്. ഇതുവരെ മിത്രങ്ങളാക്കി കൊണ്ടുനടന്നിരുന്ന ശത്രുക്കള്‍ അവരെ സഹായിക്കാനുണ്ടാകില്ല. മുസ്‌ലിംകളാണെങ്കിലോ, അവരെ വിശ്വസിക്കുകയുമില്ല.
فَتَرَى الَّذِينَ فِي قُلُوبِهِمْ مَرَضٌ يُسَارِعُونَ فِيهِمْ يَقُولُونَ نَخْشَىٰ أَنْ تُصِيبَنَا دَائِرَةٌ ۚ فَعَسَى اللَّهُ أَنْ يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِنْ عِنْدِهِ فَيُصْبِحُوا عَلَىٰ مَا أَسَرُّوا فِي أَنْفُسِهِمْ نَادِمِينَ (52)
എന്നാല്‍, ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അവരുമായി ഉറ്റ ബന്ധം സ്ഥാപിക്കുന്നതിനു ധൃതികൂട്ടുന്നതു താങ്കള്‍ക്കുകാണാം. 'വല്ല വിപത്തും വന്നേക്കുമോ എന്നാണു ഞങ്ങളുടെ ഭയം' എന്ന് അതിനെ അവര്‍ ന്യായീകരിക്കും. എന്നാല്‍ അല്ലാഹു വിജയം നല്‍കിയേക്കാം, അല്ലെങ്കില്‍ തന്‍റെ പക്കല്‍ നിന്നുള്ള മറ്റുവല്ല നടപടിയും ഉണ്ടായേക്കാം; തത്സമയം തങ്ങളുടെ ഉള്ളിലിരിപ്പിനെപ്പറ്റി ഇക്കൂട്ടര്‍ ദുഃഖിതരായിത്തീരുന്നതാണ്.
ഹൃദയത്തില്‍ രോഗമുള്ളവരെന്നു പറഞ്ഞാല്‍ കപടവിശ്വാസികളാണുദ്ദേശ്യം.
يَقُولُونَ نَخْشَىٰ أَنْ تُصِيبَنَا دَائِرَةٌ
കഴിഞ്ഞ ആയത്ത് പഠിച്ചപ്പോള്‍ നമ്മള്‍ പറഞ്ഞ ആ സംഭവത്തിലെ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്‍റെ പ്രസ്താവനയാണിവിടെ ഉദ്ദേശ്യം.
فَعَسَى اللَّهُ أَنْ يَأْتِيَ بِالْفَتْحِ
` عَسَى(ആയേക്കാം)' എന്ന പ്രയോഗമാണിവിടെ ഉള്ളതെങ്കിലും അല്ലാഹു അങ്ങനെ പറഞ്ഞാല്‍, ഉറപ്പായും പുലരുന്ന വാഗ്ദാനമാണത്. ഇമാം റാസി(رحمه الله) എഴുതുന്നു: അല്ലാഹു `عَسَى' എന്ന് പറഞ്ഞാല്‍ അത് നിര്‍ബന്ധത്തെയാണ് അറിയിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിരിക്കുന്നു.
അടുത്ത ആയത്ത് 53
കപടവിശ്വാസികള്‍ക്ക് നേരിടേണ്ടിവരുന്ന ദുര്യോഗങ്ങള്‍ കാണുമ്പോള്‍ സത്യവിശ്വാസികള്‍ അത്ഭുതപ്പെടുന്നതിനെക്കുറിച്ചാണിനി പറയുന്നത്.
ജൂതന്മാരും മുശ്‌രിക്കുകളുമൊക്കെ തിരുനബി (صلى الله عليه وسلم)ക്കെതിരെ പാരപ്പണികള്‍ ചെയ്യുമ്പോള്‍, ഞങ്ങളും നിങ്ങളോടൊപ്പമുണ്ട് എന്ന് പറഞ്ഞിരുന്നവരാണല്ലോ അവര്‍. സത്യവിശ്വാസികളെ കണ്ടാല്‍ ഞങ്ങള്‍ മുഅ്‌മിനുകളാണ് എന്നവര്‍ തട്ടിവിടും (സൂറത്തുല്‍ ബഖറ:14). ഇസ്‌ലാമിന്‍റെ ശത്രുക്കളുടെയടുത്ത് ചെല്ലുമ്പോഴോ, മട്ടുമാറും. `ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. മുസ്‌ലിംകളോട് ഞങ്ങളങ്ങനെ പറയുന്നത് പരിഹസിക്കാനാണ്' എന്നാണ് പറയുക.
അതുപോലെത്തന്നെ, വേദക്കാരുടെ കൂട്ടത്തിലെ സത്യനിഷേധികളായ കൂട്ടുകാരോടവര്‍ പറയുമായിരുന്നത്രേ: ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍, ഞങ്ങളും നിങ്ങളൊന്നിച്ച് നാട് വിടുകതന്നെ ചയ്യും; നിങ്ങളുടെ കാര്യത്തില്‍ മറ്റാരെയും ഞങ്ങള്‍ അനുസരിക്കില്ല, ഇനി നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടായാലോ, ഞങ്ങള്‍ നിങ്ങളെ സഹായിക്കുകതന്നെ ചെയ്യുന്നതാണ്. അക്കൂട്ടര്‍ നുണ തന്നെയാണ് തട്ടിവിടുന്നതെന്നതിന് അല്ലാഹു സാക്ഷി. ജൂതര്‍ ബഹിഷ്കൃതരാകുന്ന പക്ഷം ഈ മുനാഫിഖുകള്‍ അവരൊന്നിച്ച് പോകില്ല. അവരോട് യുദ്ധം ചെയ്യപ്പെടുന്നുവെങ്കില്‍ ഇവര്‍ സഹായിക്കുകയുമില്ല... (സൂറത്തുല്‍ ഹശ്‌ര്‍ 11,12).
ഇങ്ങനെ ഇരട്ട മുഖവുമായി നടക്കുന്ന ഇവര്‍ അവസാനം, രണ്ടുപക്ഷത്തും പിടിവള്ളി കിട്ടാതെ നിന്ദ്യരും ഇളിഭ്യരുമായിത്തീരുമെന്നാണ് അല്ലാഹു പറയുന്നത്. ഇരട്ടമുഖമുള്ളവരെ ആരും വിശ്വസിക്കില്ലല്ലോ.
അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തല്ലോ. മക്കാ ഫത്ഹ് ഉണ്ടായപ്പോഴും മുസ്‌ലിംകള്‍ക്കു മറ്റു നേട്ടങ്ങള്‍ ലഭ്യമായപ്പോഴുമൊക്കെ മുനാഫിഖുകള്‍ വല്ലാതെ ദുഃഖിക്കുകയും അസ്വസ്ഥരാവുകയും ചെയ്തു. മുസ്‌ലിം പക്ഷത്തായിരുന്നെങ്കില്‍ തങ്ങള്‍ക്കും പങ്കുപറ്റാമായിരുന്നല്ലോ എന്നായിരുന്നു അവരുടെ ചിന്ത. കാപട്യമാണ് അവരെ ഇങ്ങനെ മഹാ പരാജിതരാക്കിയത്.
ഈയൊരു അവസ്ഥ കാണുമ്പോള്‍ മുസ്‍ലിംകള്‍ ആശ്ചര്യത്തോടെ ചോദിക്കുന്നതാണ് ഇനിയുള്ള ആയത്തിലുള്ളത്.
وَيَقُولُ الَّذِينَ آمَنُوا أَهَٰؤُلَاءِ الَّذِينَ أَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَالُهُمْ فَأَصْبَحُوا خَاسِرِينَ (53)
അല്ലാഹുവിന്‍റെ പേരില്‍ ഉഗ്രശപഥം ചെയ്തുകൊണ്ട് 'ഞങ്ങളും നിങ്ങളൊന്നിച്ചു തന്നെയാണ്' എന്ന് ജല്‍പിച്ചിരുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണോ എന്ന് അപ്പോള്‍ സത്യവിശ്വാസികള്‍ ചോദിക്കും. ആ കപടരുടെ കര്‍മങ്ങളത്രയും ഫലശൂന്യമായിരിക്കുകയാണ്. തന്മൂലം അവര്‍ പരാജിതരായി ഭവിക്കുകയുണ്ടായി.
حَبِطَتْ أَعْمَالُهُمْ فَأَصْبَحُوا خَاسِرِينَ
അവരുടെ ഗൂഢപ്രവര്‍ത്തനങ്ങളും കൂട്ടുകെട്ടുകളും പൊളിഞ്ഞുപോയതും, മുസ്‌ലിംകളെന്ന നാട്യത്തില്‍ അവര്‍ ചെയ്ത നമസ്‌കാരം, നോമ്പ് പോലെയുളള സല്‍ക്കര്‍മങ്ങള്‍ വിഫലമായിത്തീരുന്നതുമാണ് ഉദ്ദേശ്യം.
അടുത്ത ആയത്ത് 54
സത്യവിശ്വാസികള്‍ ഇസ്‌ലാമിന്‍റെ ശത്രുക്കളെ മിത്രങ്ങളാക്കരുതെന്ന് പറഞ്ഞു. അതുപോലെ, മുസ്‌ലിംകളോട് കപട സ്നേഹം കാണിക്കുന്ന മുനാഫിഖുകള്‍ അവസാനം വഷളാകുമെന്നും പറഞ്ഞു.
ഇനി, ആരെങ്കിലും സത്യവിശ്വാസം സ്വീകരിച്ച ശേഷം ഇസ്‌ലാം ഉപേക്ഷിച്ച് കുഫ്‌റിലേക്കുതന്നെ മടങ്ങിപ്പോയാലോ? അങ്ങനെ ചിലരുണ്ട്. ഇസ്‌ലാമിനെ വലിച്ചെറിയുന്ന ദുര്‍ബലരും നിര്‍ഭാഗ്യവാന്മാരുമായ ചിലര്‍.
അങ്ങനെ വലിച്ചെറിയുന്നതുകൊണ്ട് അല്ലാഹുവിനോ അവന്‍റെ ദീനിനോ യാതൊരു ദോഷവും വരാനില്ല; പുറത്തുപോയവര്‍ക്കായിരിക്കും സര്‍വ നാശവും ഭവിക്കുക. ഇതുവരെ മുസ്‌ലിമായി ജീവിച്ചതിന് യാതൊരു ഗുണവും ലഭിക്കില്ല. പരലോകത്താകട്ടെ, ഗുരുതരവും വേദനാജനകവുമായ ശിക്ഷയുണ്ടാവുകയും ചെയ്യും. അത്തരക്കാര്‍ക്കു പകരം ഉറച്ച വിശ്വാസമുള്ള, കേമന്മാരായ മറ്റൊരു വിഭാഗത്തെ അല്ലാഹു രംഗത്തെത്തിക്കുകയും അവര്‍ മുഖേന ഈ ദീന്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ (54)
അല്ലയോ സത്യവിശ്വാസികളേ, സ്വന്തം മതത്തില്‍ നിന്നു നിങ്ങളാരെങ്കിലും വ്യതിചലിക്കുന്നു വെങ്കില്‍ മറ്റൊരു വിഭാഗത്തെ അല്ലാഹു കൊണ്ടുവരുന്നതാണ്. അവന്‍ അവരെയും അവര്‍ അവനെയും സ്‌നേഹിക്കും; അവര്‍ വിശ്വാസികളോട് വിനയവും നിഷേധികളോട് പ്രതാപവും കാണിക്കുന്നതും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പുണ്യസമരം ചെയ്യുന്നതുമാണ്; ആക്ഷേപകരുടെ വിമര്‍ശനങ്ങള്‍ അവര്‍ ഭയക്കുകയില്ല. അവരുടെ ഈ വിശിഷ്ട നിലപാട് അല്ലാഹുവിന്‍റെ ഔദാര്യമാണ്; താനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. വിശാലനും സൂക്ഷ്മജ്ഞനുമാണ് അല്ലാഹു.
അവതരണ പശ്ചാത്തലം പരിഗണിച്ച് ഈ സൂക്തത്തില്‍ സൂചിപ്പിക്കപ്പെട്ട സമൂഹം അബൂബക്‌ര്‍ സ്വിദ്ദീഖും (رضي الله عنه) കൂടെയുള്ള സ്വഹാബികളുമാണെന്നാണ് ഭൂരിഭാഗം മുഫസ്സിറുകളും പറയുന്നത്
കാരണം, തിരുനബി صلى الله عليه وسلم യുടെ വഫാത്തിനു തൊട്ടുമുമ്പും അബൂബക്ര്‍ رضي الله عنه ഭരണമേറ്റെടുത്ത ഉടനെയും വലിയൊരു വിഭാഗം ഇസ്‍ലാം ഉപേക്ഷിച്ചിരുന്നു. ഇവരെയെല്ലാം ഉപരോധിച്ചതും അടിച്ചമര്‍ത്തിയതും മഹാനായ അബൂബക്ര്‍ رضي الله عنهആയിരുന്നല്ലോ
അന്ന് പലരും മുര്‍തദ്ദായി. കള്ളപ്രവാചകന്മാര്‍ രംഗത്തുവന്നു. സക്കാത്ത് കൊടുക്കാന്‍ വിസമ്മതിച്ചു. അബൂബക്ര്‍ رضي الله عنه കര്‍ശന നിലപാട് സ്വീകരിച്ചു. സകാത്ത് കൊടുക്കാന്‍ തയ്യാറാകാത്തവരെക്കുറിച്ച് മഹാനവര്‍കളിങ്ങനെ പ്രഖ്യാപിച്ചു: അല്ലാഹുവാണ, തിരുനബി (صلى الله عليه وسلم) യുടെ കാലത്ത്, സക്കാത്തുമൃഗത്തിന്‍റെ കഴുത്തിലിട്ട് അവര്‍ നല്‍കാറുണ്ടായിരുന്ന കയര്‍ എനിക്ക് തരാതിരുന്നാല്‍ അതിനുവേണ്ടിയും യുദ്ധം ചെയ്യും, തീര്‍ച്ച (ബുഖാരി). ദീനിന്‍റെ വിഷയത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും ഞാന്‍ തയ്യാറാല്ല എന്ന് ചുരുക്കം.
فَسَوْفَ يَأْتِي اللَّهُ بِقَوْمٍ
പുതുതായി അല്ലാഹു രംഗത്ത് കൊണ്ടുവരുന്നവരുടെ സവിശേഷതകള്‍ എന്തായിരിക്കുമെന്നു കൂടി അല്ലാഹു പറയുന്നുണ്ട്:
1) يُحِبُّهُمْ (അല്ലാഹു അവരെ സ്‌നേഹിക്കും): അവന്‍റെ കരുണാകടാക്ഷവും അനുഗ്രഹവ വര്‍ഷവും അവര്‍ക്കുണ്ടാകുമെന്ന് താല്‍പര്യം.
2) وَيُحِبُّونَهُ (അവര്‍ അല്ലാഹുവിനെയും സ്‌നേഹിക്കും): അവനെയവര്‍ പൂര്‍ണമായി അനുസരിക്കുകയും അവന്‍റെ പ്രീതിക്കുവേണ്ടി നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
അല്ലാഹുവിനെ സ്‌നേഹിക്കാന്‍ കഴിയുക എന്നത് ഏറ്റവും വലിയ സൗഭാഗ്യമാണ്. ഈമാനിന്‍റെ മാധുര്യം ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നവരാണവര്‍. ഹദീസിലുണ്ടല്ലോ: ‘അല്ലാഹുവും അവന്‍റെ റസൂലും മറ്റുള്ള എല്ലാറ്റിനേക്കാളും ഒരാള്‍ക്ക് പ്രിയങ്കരരായിത്തീര്‍ന്നാല്‍ അവന്‍ ഈമാന്‍റെ മാധുര്യം ആസ്വദിച്ചു.’ (ബുഖാരി, മുസ്‌ലിം)
3) أَذِلَّةٍ عَلَى الْمُؤْمِنِينَ (സത്യവിശ്വാസികളോട് വിനയം കാണിക്കും): ഇത്തരം മുഅ്മിനീങ്ങളോട് അവര്‍ സഹോദരബുദ്ധ്യാ, സ്‌നേഹത്തോടെ, വിനയത്തോടെ ഇടപഴകും. പരസ്പരം സഹായ സഹകരണത്തോടും, ഗുണകാംക്ഷയോടും കൂടി പെരുമാറും.
4) أَعِزَّةٍ عَلَى الْكَافِرِينَ (സത്യനിഷേധികളോട് ശക്തി പ്രകടിപ്പിക്കും): സത്യം നിഷേധിക്കുന്നവര്‍ക്കുമുമ്പില്‍ അവര്‍ ചൂളിപ്പോകില്ല. ആളും അര്‍ത്ഥവുമൊക്കെ ശത്രുപക്ഷത്താണെങ്കില്‍ പോലും, വിശ്വാസമെന്ന അമുല്യസമ്പത്ത് സംരക്ഷിക്കാന്‍ അവര്‍ മുന്നിലുണ്ടാകും. പിന്മാറുകയോ ശത്രുക്കളുടെ മുമ്പില്‍ തല കുനിക്കുകയോ ചെയ്യില്ല. സത്യത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവുകയുമില്ല.
5) يُجَاهِدُونَ فِي سَبِيلِ اللَّهِ (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധര്‍മസരം ചെയ്യും): സത്യത്തിന്‍റെ പ്രചാരണത്തിനും പരിപോഷണത്തിനും പ്രതിരോധത്തിനും സദാ സന്നദ്ധരാണവര്‍. സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറാണവര്‍. ദീനിന്‍റെ നന്മക്കുവേണ്ടി ദേഹനഷ്ടമോ ധന നഷ്ടമോ ഒന്നും വകവെക്കുകയേയില്ല.
6) وَلَا يَخَافُونَ لَوْمَةَ لَائِمٍ (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരു ആക്ഷേപവും ഭയപ്പെടില്ല): അല്ലാഹുവിന്‍റെ ആക്ഷേപം മാത്രമേ അവര്‍ ഭയപ്പെടുകയുള്ളൂ. താന്‍ സ്വീകരിച്ച വഴി ശരിയാണെന്ന് ഉറച്ച വിശ്വാസമുള്ള ഒരാള്‍ക്ക് പിന്നെ, ആര് ആക്ഷേപിച്ചാലെന്താ, പരിഹസിച്ചാലെന്താ... അവഗണിക്കും, അത്ര തന്നെ.
നേരത്തെ സൂചിപ്പിച്ചപോലെ തിരുനബി صلى الله عليه وسلم യുടെ വഫാത്തിനു തൊട്ടുമുമ്പും, അബൂബക്ര്‍(رضي الله عنه) വിന്‍റെ ഖിലാഫത്ത് കാലത്തും മറ്റുമൊക്കെ നടന്ന പല സംഭവങ്ങളെയും സംബന്ധിച്ചുള്ള ദീര്‍ഘദര്‍ശനമാണിവിടെ വിശുദ്ധ ഖുര്‍ആന്‍ നടത്തുന്നത്. ഈ ആയത്തുകള്‍ അവതരിച്ച തൊട്ടടുത്ത കാലങ്ങളില്‍ ഇത് പുലര്‍ന്നിട്ടുമുണ്ട്.
മതഭ്രഷ്ട് സംഭവിച്ചപ്പോഴെക്കെ, ആ വിടവുകള്‍ അല്ലാഹു വിവിധ രൂപത്തില്‍ നികത്തിയിട്ടുണ്ട്, ഇസ്‌ലാം പൂര്‍വാധികം ശക്തിപ്പെട്ടിട്ടുമുണ്ട്. നിരവധി ഉദാഹരണങ്ങള്‍ കാണാവുന്നതുമാണ്.
തിരുനബി (صلى الله عليه وسلم) യുടെ വഫാത്തിനു മുമ്പുതന്നെ മൂന്നു വിഭാഗങ്ങള്‍ മുര്‍ത്തദ്ദുകളായിരുന്നു:
ബനൂമുദ്‌ലിജ് ഗോത്രമാണ് അതിലൊന്ന്. യമനില്‍ പ്രവാചകത്വം വാദിച്ച അസ്‌വദുല്‍ അന്‍സിയാണവരുടെ നേതാവ്. ഇസ്‌ലാമിന്‍റെ സന്ദേശവുമായി യമനില്‍ ചെന്ന സ്വഹാബികളെയും തിരുനബി (صلى الله عليه وسلم) യുടെ പ്രതിനിധികളെയുമൊക്കെ അയാള്‍ പുറത്താക്കി. ഈ വിവരം തിരുനബി صلى الله عليه وسلم അറിഞ്ഞപ്പോള്‍, അവിടെയുണ്ടായിരുന്ന ഗവര്‍ണര്‍ മുആദ്‌ബ്‌നു ജബലിനോടും മറ്റു നേതാക്കളോടും അസ്‌വദിനെ നേരിടാന്‍ ഉത്തരവിട്ടു. ഫൈറൂസ് ദൈലമി(رضي الله عنه) അദ്ദേഹത്തെ വധിക്കുകയും ചെയ്തു.
ഈ സംഭവം നടന്നത് തിരുനബി (صلى الله عليه وسلم) യുടെ വഫാത്തിന്‍റെ തൊട്ടുതലേദിവസമായിരുന്നു. അല്ലാഹു അറിയിച്ചുകൊടുത്തതനുസരിച്ച് അവിടന്ന് ഇക്കാര്യം അതേ രാത്രിതന്നെ സ്വഹാബികളെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, അസ്‌വദിന്‍റെ മരണവിവരം സാധാരണഗതിയില്‍ മദീനയിലെത്തിയത് ആ റബീഉല്‍ അവ്വല്‍ മാസം അവസാനമായിരുന്നു. (12 നായിരുന്നല്ലോ തിരുനബി صلى الله عليه وسلم യുടെ വഫാത്ത്.)
ബനൂഅസദ് ഗോത്രമായിരുന്നു ദീനീല്‍ നിന്ന് പുറത്തുപോയ രണ്ടാം വിഭാഗം. ഥുലൈഹത്തുബ്‌നു ഖുവൈലിദാണ് അവരുടെ നേതാവ്. ഇയാളും പ്രവാചകത്വം വാദിക്കുകയുണ്ടായി. ഖാലിദുബ്‌നുല്‍ വലീദി(رضي الله عنه)ന്‍റെ നേതൃത്വത്തിലുള്ള ഒരു സൈന്യം ഇവരെ പരാജയപ്പെടുത്തി. പക്ഷേ, ഥുലൈഹ സിറിയയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇദ്ദേഹം മുസ്‍ലിമായിട്ടുണ്ട്. (റാസി 12:19).
മൂന്നാമത്തെ ടീം ബനൂഹനീഫ ഗോത്രമാണ്. മുസൈലിമയാണിവരുടെ നേതാവ്. ഇവരുടെ ഒരു പതിനേഴംഗ സംഘം തിരുനബി (صلى الله عليه وسلم) യുടെയടുത്ത് വന്നു. പലതും പറഞ്ഞ കൂട്ടത്തില്‍ പ്രവാചകത്വ പദവിയില്‍ തന്നെയും പങ്കുചേര്‍ക്കണമെന്ന് മുസൈലിമ തിരുനബി (صلى الله عليه وسلم) യോടാവശ്യപ്പെട്ടു. ഖുര്‍ആന്‍ എന്ന പേരില്‍ ചില അറബി വാചകത്തുണ്ടുകള്‍ പ്രാസമൊപ്പിച്ചുണ്ടാക്കാനും ഇയാള്‍ ശ്രമം നടത്തി.
അനുയായികളെ കിട്ടാന്‍ പല നിയമങ്ങളും ഇയാള്‍ ഉദാരവല്‍ക്കരിച്ചു- നമസ്‌കാരം നിര്‍ബന്ധമില്ല, കള്ളുകുടിക്കാം, വ്യഭിചരിക്കുന്നതിന് കുറ്റമില്ല!-ഇങ്ങനെ ചില ഇളവുകള്‍.
തിരുനബി (صلى الله عليه وسلم) ക്ക് ഇയാള്‍ ഇങ്ങനെയൊരു കത്തയച്ചു: ‘അല്ലാഹുവിന്‍റെ ദൂതന്‍ മുസൈലിമ അല്ലാഹുവിന്‍റെ ദൂതന്‍ മുഹമ്മദിന് എഴുതുന്നു: `ഭൂമിയുടെ പകുതി എനിക്കും പകുതി നിങ്ങള്‍ക്കുമാകുന്നു.' തിരുനബി (صلى الله عليه وسلم) ഇതിന് മറുപടി നല്‍കി: ‘അല്ലാഹുവിന്‍റെ റസൂല്‍ മുഹമ്മദ് തനികള്ളനായ മുസൈലിമക്ക് എഴുതുന്നു: `ഭൂമി അല്ലാഹുവിനുള്ളതാകുന്നു. തന്‍റെ അടിമകളില്‍ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ അനന്തരാവകാശമായി നല്‍കുന്നതാണ്. അന്തിമവിജയം ജീവിതത്തില്‍ സൂക്ഷ്‌മതയുള്ളവര്‍ക്കത്രെ.'
മുസൈലിമയെയും സംഘത്തെയും മുസ്‌ലിംസേന നേരിട്ടത് സ്വിദ്ദീഖ്(رضي الله عنه)ന്‍റെ കാലത്താണ്. തിരുനബി (صلى الله عليه وسلم) യുടെ പിതൃവ്യന്‍ ഹംസ(رضي الله عنه)നെ കൊലപ്പെടുത്തിയ വഹ്‌ശി ആണ് മുസൈലിമയെ വെട്ടിവീഴ്‌ത്തിയത്.
ഈ രണ്ട് വധങ്ങളെയും കുറിച്ച് അദ്ദേഹം ഇടക്കിടെ ഇങ്ങനെ അനുസ്മരിക്കുമായിരുന്നു: ‘എന്‍റെ ജാഹിലിയ്യത്തില്‍ ഞാന്‍ മഹാനായൊരു ഉത്തമ മനുഷ്യനെ (ഹംസ- رضي الله عنه) കൊലപ്പെടുത്തി; ഇസ്‌ലാമില്‍ ഏറ്റവും ദുഷിച്ച മനുഷ്യനെയും (മുസൈലിമ)ഞാന്‍ വെട്ടിവീഴ്‌ത്തുകയുണ്ടായി.‘
അബൂബക്ര്‍ (رضي الله عنه)ന്‍റെ ഭരണകാലത്ത് വേറെയും പലരും മുര്‍തദ്ദുകളായിട്ടുണ്ട്. തിരുനബി صلى الله عليه وسلم യുടെ വഫാത്തോടെ പലരും ഇസ്‍ലാം ഉപേക്ഷിച്ചിരുന്നു.
ഫസാറ ഗോത്രം: ഉയൈനത്തുബ്‌നു ഹിസ്‌നാണ് അവരുടെ നേതാവ്. ഗഥഫാന്‍ ഗോത്രം: ഖുര്‍റത്തുബ്‌നു സലമല്‍ ഖുശൈരിയാണ് നേതാവ്. ബനൂസുലൈം ഗോത്രം: ഫുജാഅത്തുബ്‌നു അബ്ദിയാലീലാണ് നേതാവ്.
മാലികുബ്‌നു നുവൈറയുടെ ബനൂയര്‍ബൂഅ് ഗോത്രം, നേരത്തെ സൂചിപ്പിച്ച മുസൈലിമയുടെ ഭാര്യയായി സ്വയം സമര്‍പ്പിച്ച സജാഹ് ബിന്‍തുല്‍ മുന്‍ദിര്‍ എന്ന ജ്യോതിഷക്കാരിയുടെ നേതൃത്വത്തില്‍ ബനീതമീം ഗോത്രത്തിലെ ഒരു ഗ്രൂപ്പ്, അശ്‌അസുബ്‌നു ഖൈസിന്‍റെ കിന്‍ദ ഗോത്രം, ഹുഥമുബ്‌നു സൈദിന്‍റെ സാരഥ്യത്തില്‍ ബനൂബക്‌ര്‍ ഗോത്രം എന്നിവരെല്ലാം അബൂബക്ര്‍ (رضي الله عنه)വിന്‍റെ ഭരണകാലത്ത് മുര്‍തദ്ദായവരാണ്.
അതേസമയം ഇവരുടെ കൂട്ടത്തില്‍ വ്യത്യസ്‌ത നിലപാടുകളുള്ളവരുമുണ്ടായിരുന്നു. ഇസ്‌ലാമിക നിയമങ്ങളംഗീകരിക്കാന്‍ സന്നദ്ധരാണ്, പക്ഷേ, സകാത്ത് കൊടുക്കാന്‍ മാത്രം തയ്യാറല്ല. സകാത്ത്, തിരുനബി صلى الله عليه وسلم) ക്ക് മാത്രമേ കൊടുക്കേണ്ടതുള്ളൂ എന്നാണവര്‍ വാദിച്ചത്. മറ്റു പലരും ഇസ്‌ലാമിനെ ഭാഗികമായോ പൂര്‍ണമായിത്തന്നെയോ ഒഴിവാക്കുകയും പുതിയ വ്യാജപ്രവാചകന്മാരെ വിശ്വസിക്കുകയും ചെയ്‌തവരായിരുന്നു.
ഇവര്‍ക്കെല്ലാമെതിരെ മഹാനായ അബൂബക്ര്‍ (رضي الله عنه) അതിശക്തമായ നിലപാട് സ്വീകരിക്കുകയും എല്ലാവരെയും അടിച്ചമര്‍ത്തുകയും ചെയ്‌തു.
രണ്ടാം ഖലീഫ ഉമര്‍(رضي الله عنه) വിന്‍റെ കാലത്തും ഇങ്ങനെ രിദ്ദത്ത് സംഭവിച്ചിട്ടുണ്ട്.
ജബലതു ബ്നുല്‍ ഐഹം: റോമാ സാമ്ര്യാജ്യത്തിനു കീഴിലെ വലിയ അമീറായിരുന്നു ഇദ്ദേഹം. അന്നത്തെ ശാം നിവാസികളായ ഗസ്സാന്‍ ഗോത്രത്തിന്‍റെ സര്‍വാംഗീകൃതനായ നേതാവാണ്.
ഉമര്‍ (رضي الله عنه) ന്‍റെ ഭരണകാലത്താണ് ഇദ്ദേഹം മുസ്‍ലിമായത്. ഉമര്‍ (رضي الله عنه) വിനോട് സമ്മതം ചോദിച്ച് മദീനയിലെത്തി. അവിടെനിന്ന് ഹജ്ജിന് പോയി. മേല്‍മുണ്ട് വലിച്ചിഴച്ചുകൊണ്ട് ഥവാഫ് ചെയ്യുന്നിതിനിടയില്‍, അബദ്ധത്തില്‍ മറ്റൊരാള്‍ ജബലയുടെ മുണ്ടിന്‍റെയറ്റത്ത് ചവിട്ടിപ്പോയി.
ജബലക്ക് ദേഷ്യം വന്നു. അയാളുടെ മുഖത്തടിച്ചു. അടികൊണ്ട ആള്‍ അമീറുല്‍ മുഅ്‌മിനീന്‍റെ സന്നിധിയില്‍ കേസ് കൊടുത്തു. തിരക്കിനിടയില്‍ അബദ്ധത്തിലിങ്ങനെ ചവിട്ടിപ്പോകുന്നത് കുറ്റമല്ലല്ലോ. അതുകൊണ്ട് അന്യായമായി ദേഹോപദ്രവം ചെയ്‌തതിന് പരിഹാരം കാണണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
അന്യായക്കാരന്‍ മാപ്പു നല്‍കുന്നില്ലെങ്കില്‍ ജബലയോട് പ്രതികാരം ചെയ്യണം, പകരം അടിക്കണം-കോടതി വിധിച്ചു.
ഗസ്സാന്‍ ഗോത്രത്തിന്‍റെ സമാരാധ്യനായ നേതാവിനെ സംബന്ധിച്ചിടത്തോളം ഊഹിക്കാന്‍ പോലുമാകാത്ത ശിക്ഷ! ഒരു സാധാരണക്കാരന്‍ ജനസാന്നിദ്ധ്യത്തില്‍ തന്‍റെ മുഖത്തടിക്കുക!!...
എന്തു വില കൊടുത്തും ഈ അപമാനം തടഞ്ഞേ പറ്റൂ. അന്യായക്കാരനോടദ്ദേഹം വില പേശി - ആയിരം... രണ്ടായിരം... അയ്യായിരം.. പതിനായിരം...! പക്ഷേ, സ്വര്‍ണനാണയങ്ങള്‍ കൊണ്ട് തന്നെ വിലക്കുവാങ്ങാനാകില്ലെന്നയാള്‍ തറപ്പിച്ചുപറഞ്ഞു! ജബല ആകെ കുടുങ്ങി.
ഒന്നുകൂടി ആലോചിക്കാന്‍ സമയം തരണമെന്ന് ജബല ആശ്യപ്പെട്ടു. കോടതി അംഗീകരിച്ചു. ഈ തക്കത്തില്‍ ജബല, റോമാ സാമ്രാജ്യത്തിലേക്ക് ഒളിച്ചോടുകയും ഇസ്‌ലാം വലിച്ചെറിഞ്ഞ് മുര്‍ത്തദ്ദായി മാറുകയും ചെയ്തു. (റാസി 2:19).
അടുത്ത ആയത്ത് 55
51-ആം ആയത്തില്‍, ഇസ്‍ലാമിനോട് ശത്രുത വെച്ചുപുലര്‍ത്തുന്ന യഹൂദികളെയും നസ്വാറാക്കളെയും സത്യവിശ്വാസികള്‍ ബന്ധുമിത്രങ്ങളാക്കി വെക്കരുതെന്ന് പറഞ്ഞിരുന്നല്ലോ. അത്തരം ശത്രുതാമനോഭാവമുള്ള അവിശ്വാസികളെയും ബന്ധുമിത്രങ്ങളാക്കരുതെന്ന് അടുത്ത ആയത്തുകളില്‍ വരുന്നുമുണ്ട്. വേറെയും പല ആയത്തുകളും ഇതുപോലെ കാണാം.
അപ്പോള്‍പിന്നെ സ്വഭാവികമായും ഒരു സംശയം വരാം: ആരെയാണ് പിന്നെ സത്യവിശ്വാസികള്‍ മിത്രങ്ങളാക്കേണ്ടത്? അതിന്‍റെ മറപുടിയാണിനി പറയുന്നത്: അല്ലാഹുവും അവന്‍റെ റസൂലും കപടന്മാരല്ലാത്ത വിശ്വാസികളും മാത്രമാണ് സത്യവിശ്വാസികളുടെ ബന്ധുമിത്രങ്ങള്‍. അവരോടാണ് കൂട്ടുകൂടേണ്ടതെന്നര്‍ഥം.
إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (55)
നിങ്ങളുടെ രക്ഷാകര്‍ത്താക്കള്‍ അല്ലാഹുവും അവന്‍റെ റസൂലും ഭക്തരായി നമസ്‌കരിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ്.
മക്കയില്‍ മുശ്‌രിക്കുകളും മദീനയില്‍ ജൂതരും ധാരാളമുണ്ടായിരുന്നു. രണ്ട് വിഭാഗവും സത്യദീനിന്‍റെ ബദ്ധവൈരികളായിരുന്നല്ലോ. പല കാലത്തും മിക്ക സ്ഥലങ്ങളിലും മുസ്‌ലിംകള്‍ക്ക് ഇതേ അവസ്ഥ നേരിടേണ്ടിയും വന്നേക്കാം. അപ്പോഴൊക്കെ, അവര്‍ യഥാര്‍ഥ സ്നേഹബന്ധം സ്ഥാപിക്കേണ്ടത് അല്ലാഹുവും റസൂലും സത്യവിശ്വാസികളായ സഹോദരങ്ങളോടുമാണ്.
മുസ്‍ലിംകളെ ദ്രോഹിക്കാത്ത, യാതൊരു ശത്രുതാമനോഭാവവുമില്ലാത്ത അമുസ്‌ലിംകളുമായി നല്ല രൂപത്തിലേ പെരുമാറാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെ പറഞ്ഞുവരുന്നതൊക്കെ ശത്രുക്കളെക്കുറിച്ചാണ്. അത്തരക്കാരോട് ചങ്ങാത്തം കൂടാന്‍ പറ്റില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണല്ലോ.
അടുത്ത ആയത്ത് 56
ഇങ്ങനെ ശത്രുക്കളുമായുള്ള ബന്ധങ്ങളൊക്കെ വിച്ഛിദിച്ച്, മഹാഭൂരിപക്ഷം വരുന്ന അത്തരക്കാരോട് ഒരു ബന്ധവുമില്ലാതെ ജീവിച്ചാല്‍, പരാജയപ്പെട്ടുപോകുമോ എന്ന് പേടിക്കേണ്ട കാര്യമില്ല. ഒരു വിശ്വാസി അങ്ങനെ പേടിക്കേണ്ട കാര്യമില്ലെന്ന് ഉറപ്പിച്ചുപറയുകയാണിനി.
അല്ലാഹുവിനെയും റസൂലിനെയും ഇസ്‌ലാമിനെയും മറുകെപിടിക്കുന്നവര്‍ അല്ലാഹുവിന്‍റെ പാര്‍ട്ടിയാണ്. അവര്‍ക്കായിരിക്കും നിര്‍ണായകവും അന്തിമവുമായ വിജയം.
وَمَنْ يَتَوَلَّ اللَّهَ وَرَسُولَهُ وَالَّذِينَ آمَنُوا فَإِنَّ حِزْبَ اللَّهِ هُمُ الْغَالِبُونَ (56)
ആരെങ്കിലും അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും രക്ഷാകര്‍ത്താക്കളാക്കുന്നുവെങ്കില്‍, അല്ലാഹുവിന്‍റെ സൈന്യം തന്നെയത്രേ വിജയികള്‍.
സൂറത്തുല്‍ മുജാദില 22-ആം ആയത്തിലും ഇതേ ആശയം വ്യക്തമാക്കിയിട്ടുണ്ട്.
ജൂതപരോഹിതനായിരുന്ന അബ്ദുല്ലാഹിബ്‌നു സലാം رضي الله عنه ന്‍റെ ഇസ്‌ലാം മതാശ്ലേഷണാനന്തരമാണ് ഈ സൂക്തമിറങ്ങിയതെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്.
തിരുനബി (صلى الله عليه وسلم) യുടെ സന്നിധിയിലെത്തി അദ്ദേഹമിങ്ങനെ അറിയിച്ചുവത്രേ: അല്ലാഹുവിന്‍റെ തരുദൂതരേ, ജൂതന്മാര്‍ ഞങ്ങളൊന്നിച്ചിരിക്കുകയില്ലെന്ന് സത്യം ചെയ്ത് ഞങ്ങളെ കൈയൊഴിഞ്ഞിരിക്കുകയാണ്. അങ്ങയുടെ സ്വഹാബികളുമായി കൂട്ടുകൂടാന്‍ ദൂരം കാരണം ഞങ്ങള്‍ക്ക് കഴിയുന്നുമില്ല. (സ്വഹാബികള്‍ മദീനാ നഗരത്തിലും ജൂതസമൂഹം പ്രാന്തപ്രദേശങ്ങളിലുമായിരുന്നു താമസം.) ഈ സാഹചര്യത്തിലാണ് ഈ സൂക്തം അവതരിച്ചത്.
അടുത്ത ആയത്ത് 57
വേദം നല്കപ്പെട്ടവരിലെ ശത്രുക്കളെ മിത്രങ്ങളാക്കരുതെന്നു പറഞ്ഞല്ലോ. ഇനി അവരെപ്പോലെത്തന്നെ മുശ്‌രിക്കുകളുടെ കൂട്ടത്തിലുള്ള ശത്രുക്കളെയും മിത്രങ്ങളാക്കരുതെന്ന് പറയുകയാണ്. അവരൊക്കെ ദീന്‍ വെറും പരിഹാസ്യവും വിനോദവുമാക്കിയവരാണ്. വേദക്കാരെ ആത്മ മിത്രങ്ങളാക്കരുതെന്ന് ഒന്നുകൂടെ ഇവിടെ ആവര്‍ത്തിച്ചുപറയുന്നുമുണ്ട്.
പൂര്‍വകാല മുസ്‍ലിം ചരിത്രം പരിശോധിച്ചാല്‍, വിശിഷ്യാ മുസ്‍ലിം രാഷ്ട്രീയ ചരിത്രമെടുത്താല്‍, ശത്രുക്കളുമായുള്ള ഇത്തരം കൂട്ടുകെട്ടുകളും മറ്റും വരുത്തിവെച്ച അപകടങ്ങളെത്രയാണെന്ന് വ്യക്തമായി കാണാന്‍ കഴിയും. വലിയ അപകടങ്ങളാണത്തരം ബന്ധങ്ങള്‍ വരുത്തിവെക്കുക എന്നതുകൊണ്ടുതന്നെ വീണ്ടും ഇക്കാര്യം ഉണര്‍ത്തുകയാണ് അല്ലാഹു.
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّهَ إِنْ كُنْتُمْ مُؤْمِنِينَ (57)
ഹേ സത്യവിശ്വാസികളേ, മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസ്യവും വിനോദവുമാക്കിയവരെയും സത്യനിഷേധികളെയും നിങ്ങള്‍ രക്ഷാകര്‍ത്താക്കളാക്കരുത്. വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.
പരിശുദ്ധ ദീനിനെ പരിഹസിക്കുക, കളിയാക്കുക ഇതെല്ലാം വേദക്കാരുടെയും മുശ്‌രിക്കുകളുടെയും പതിവാണ്. പക്ഷേ, മുശ്‌രിക്കുകളെപ്പോലെയല്ലല്ലോ അല്ലാഹു കിതാബ് കൊടുത്ത വേദക്കാര്‍. അവരെങ്കിലും അത്തരം പരിഹാസങ്ങളില്‍ നിന്ന് എന്തുകൊണ്ടും ഒഴിഞ്ഞുനില്‍ക്കേണ്ടവരാണ്.
അതുകൊണ്ടായിരിക്കാം, മതത്തെ പരിഹസിക്കുന്നവരും കളിയാക്കുന്നവരുമെന്ന് അവരെ പ്രത്യേകം ഈ ആയത്തില്‍ വിശേഷിപ്പിച്ചത്. നിലവില്‍ സംസാരവിഷയവും അവരെക്കുറിച്ചുതന്നെയാണല്ലോ.
وَالْكُفَّارَ
ഇവിടെ ‘വല്‍ കുഫ്ഫാരി’ എന്നും ഖിറാഅത്തുണ്ട്. ഇതനുസരിച്ച് ‘വേദക്കാരുടെ കൂട്ടത്തില്‍ നിന്നും അവിശ്വാസികളുടെ കൂട്ടത്തില്‍ നിന്നും ദീനിനെ പരിഹസിക്കുന്ന, കളിയാക്കുന്നവരെ ബന്ധുമിത്രങ്ങളാക്കരുത്’ എന്നായിരിക്കും അര്‍ത്ഥം. വേദക്കാരെക്കുറിച്ചു സംസാരിക്കുന്ന സന്ദര്‍ഭമാണെന്നതുകൊണ്ട് അവരെ പ്രത്യേകം എടുത്തു പറഞ്ഞ ശേഷം, എല്ലാ അവിശ്വാസികളുടെ അവസ്ഥയും അങ്ങിനെത്തന്നെ എന്നു പൊതുവില്‍ പറഞ്ഞതായിരിക്കും അപ്പോഴത്.
അവര്‍ പരിഹസിച്ചതിന്‍റെ ഉദാഹരണമാണ് അടുത്ത ആയത്തിലുള്ളത്. അടുത്ത പേജില്‍ പഠിക്കാം – إن شاء الله
------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment