ബദീഉസ്സമാൻ സഈദ് നൂർസി: വിപ്ലവ ചിന്തകളിലെ സൂഫി സ്വരങ്ങള്‍
1922, ലോക മുസ്‍ലിംകളുടെ ഭരണ സിരാകേന്ദ്രമായിരുന്ന തുർക്കിയിലെ ഉസ്മാനിയ സാമ്രാജ്യത്തിന്റെ അധപതന കാലഘട്ടം. മുസ്തഫ കമാൽ പാഷയുടെ വികല ചിന്തകളും ബഹിഷ്കരണ പദ്ധതികളും ആറ് നൂറ്റാണ്ടോളം ലോകം ഭരിച്ച ഉസ്മാനി ഖിലാഫത്തിന്റെ പ്രതാപ സ്മരണകളെ ശിഥിലമാക്കുന്നതായിരുന്നു. പാശ്ചാത്യ സംസ്കാരങ്ങളിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അറബി ലിപി നിരോധിച്ചും ഹാഗിയ സോഫിയ മസ്ജിദ് മ്യൂസിയമാക്കിമാറ്റിയും, തൻറെ ഭരണസമയത്ത് നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന തുർക്കിയുടെ മുഖച്ചായ തന്നെ മാറ്റിമറിക്കുന്ന നയങ്ങളായിരുന്നു മുസ്തഫ കമാൽ പാഷ നടപ്പിലാക്കിയത്. ഇതേ കാലഘട്ടത്തിലായിരുന്നു സഈദ് നൂർസ്സി എന്ന സൂഫി ചിന്തകന്റെ കടന്നുവരവിനും വിപ്ലവത്തിനും തുർക്കി സാക്ഷിയായത്. ഇസ്‍ലാമിക ആശയങ്ങളും ആദർശങ്ങളും നശിപ്പിച്ച് ഒരു പുതു യുഗത്തെ പ്രതിഷ്ഠിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കു മുന്നിലും ചില നവോത്ഥാന ചിന്തകളും വിപ്ലവ സ്വരങ്ങളും ഉയരാറുണ്ട്. തുർക്കിയിൽ മുസ്തഫ കമാൽ പാഷക്ക് നേരിടേണ്ടി വന്നത് സഈദ് നൂർസ്സിയേയും അദ്ദേഹത്തിൻറെ അനുയായികളെയുമാ യിരുന്നു.
ജനനവും ബാല്യവും
1873, അനാദൂലിലെ നൂറിസ്റ്റ് എന്ന ഗ്രാമത്തിലായിരുന്നു നൂര്‍സിയുടെ ജനനം. അദ്ദേഹത്തിൻറെ മാതാവും പിതാവും കുര്‍ദി വംശജരായിരുന്നു. 9-ാം വയസ്സിൽ സഹോദരൻ മുല്ല അബ്ദുല്ല പ്രമുഖ പണ്ഡിതരിലേക്ക് വിദ്യ നുകരാൻ സഈദ് നൂർസ്സിയെ പറഞ്ഞയച്ചു. 19 വയസ്സായപ്പോഴേക്കും ഫിഖ്ഹും ഫിലോസഫിയും ഖുർആനിക ജ്ഞാനങ്ങളും വശത്താക്കി. അതീവ ബുദ്ധിശക്തിയുള്ള സഈദ് നൂർസ്സി അൽ-ഖാമൂസുൽ മുഹീതിലെ സീൻ വരെയുള്ള വാക്കുകളും അർത്ഥങ്ങളും മനപ്പാഠമാക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ ഉസൂലുൽ ഫിഖ്ഹിലെ സുപ്രധാന ഗ്രന്ഥമായ ജംഉൽ ജവാമിഉം ഹൃദിസ്ഥമാക്കി. പാണ്ഡിത്യം കൊണ്ടും ബുദ്ധി വൈഭവം കൊണ്ടും ചെറുപ്രായത്തിൽ തന്നെ സഈദ് നൂർസ്സിയുടെ പേര് ജനങ്ങൾക്ക് സുപരിചിതമായി.
1897ല്‍ തുർക്കിയിലെ മറ്റൊരു നഗരമായ വാനിലേക്ക് യാത്ര തിരിക്കുകയും തുടർന്ന് കെമിസ്ട്രിയിലും ജിയോളജിയിലും ഫിലോസഫിയിലും അഗാധമായി ജ്ഞാനം നേടുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തതോടു കൂടിയാണ് ബദീഹു സമാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. തൻറെ ജ്ഞാന വിസ്ഫോടനം കൊണ്ട് നിരവധി പണ്ഡിതർക്കൊപ്പം വാഗ്വാദങ്ങളിൽ നൂർസ്സി ഏർപ്പെട്ടു. ഇസ്‍ലാമിക രാഷ്ട്രത്തെയും മുസ്‍ലിംകളെയും തകർക്കാൻ വെമ്പൽ കൊള്ളുന്ന ചിന്തകർക്ക് മുന്നിൽ അദ്ദേഹം തുറന്നടിച്ചു."ഖുർആൻ മുസ്‍ലിം കരങ്ങളിൽ നിലനിൽക്കുന്ന കാലത്തോളം അവരെ ഭരിക്കുകയും കീഴ്പെടുത്തുകയും ചെയ്യുക അസാധ്യമാണ്. അതിനാൽ ഖുർആനിനോടുള്ള മുസ്‍ലിംകളുടെ സുദൃഢമായ ബന്ധത്തെ വിച്ഛേദിക്കണം" എന്ന ഒരു പുത്തൻ ആശയം രാഷ്ട്രീയ പ്രവർത്തകനും ബ്രിട്ടീഷ്കാരനുമായ വില്യം എവർഡ് മുന്നോട്ടുവച്ചപ്പോൾ, അതിന് ഉരുളക്കു ഉപ്പേരി എന്ന നിലയ്ക്ക് നൂർസ്സി നൽകിയ മറുപടി ഏറെ ശ്രദ്ധേയമാണ്."ഖുർആൻ അത് മുസ്‍ലിം സമുദായത്തിന്റെ അർത്ഥപൂർണ്ണമായ സൂര്യനാകുന്നു. അതിൻറെ കിരണങ്ങളെ തടയുക എന്നത് അസാധ്യവും അപ്രാപ്യവുമാണ്".
പോരാട്ട ഗോദയിൽ
ചരിത്രത്തിൽ രണ്ട് ധ്രുവങ്ങളിലൂടെയാണ് സഈദ് നൂർസ്സിയുടെ ജീവിതം വ്യത്യസ്തമാകുന്നത്. സഈദ് ഖദീമും സഈദ് ജദീദും എന്ന ശീർഷകത്തിൽ നൂർസ്സിയുടെ ജീവിതത്തിൻറെ സിംഹ ഭാഗത്തെയും ഉൾക്കൊള്ളിക്കാം. ആദ്യകാലങ്ങളിൽ യുദ്ധത്തിൽ പങ്കുചേരുകയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സധൈര്യം മുന്നിട്ടിറങ്ങുകയും ചെയ്ത, നൂർസ്സി 1922 മുതൽ രാഷ്ട്രീയ ഇടപെടലുകൾ ഉപേക്ഷിക്കുകയും സൂഫി ചിന്താ ധാരയിലേക്ക് ഒതുങ്ങി കൂടുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധകാലത്ത് തുർക്കി സൈന്യത്തിൽ ചേർന്ന് റഷ്യക്കെതിരെ തൻറെ അനുയായികൾക്കൊപ്പം പോരാടിയിരുന്നു. ഈ ഒരു കാലഘട്ടത്തിനിടയിലാണ് നൂർസ്സി ഇഷാറത്തുൽ ഇഹ്ജാസ് എന്ന പുസ്തകം രചിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിൽ റഷ്യൻ സൈന്യങ്ങളാൽ തടവിലാക്കപ്പെട്ട് ഒട്ടേറെ വർഷങ്ങൾ കഴിഞ്ഞുപോയി. ശേഷം 1917 റഷ്യയിൽ അരങ്ങേറിയ ലെനിന്റെ വിപ്ലവങ്ങളുടെ മറയിൽ ജന്മനാടായ തുർക്കിയിലേക്ക് തന്നെ നൂർസ്സി മടങ്ങിയെത്തി. തുർക്കിയിൽ ഉസ്മാനിയ്യ സാമ്രാജ്യത്തിന്റെ അവസാന അധ്യായങ്ങളിലായിരുന്നു നൂർസ്സിയുടെ കടന്നുവരവ്.
മുസ്തഫ കമാൽ പാഷയും നൂർസിയും
തുർക്കിയിൽ തിരിച്ചെത്തിയ നൂർസിയെ കാത്തിരുന്നത് ഏറെ അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. തുർക്കിയുടെ തലസ്ഥാന നഗരം അങ്കാറയിലേക്ക് മാറ്റിയ മുസ്തഫ കമാൽ പാഷ ബഹിഷ്കരണ നടപടിക്രമങ്ങൾക്ക് വേഗത കൂട്ടി . ജന പിന്തുണയുള്ള നൂർസിയെ തൻറെ അണിയിൽ നിർത്താൻ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പരീക്ഷിച്ചു. എന്നാൽ പാഷയെ പിന്തുണക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച നൂർസി ഒടുവിൽ വാനിലേക്ക് തന്നെ തിരിച്ചു പോയി. ചരിത്രത്തിൽ ഇവിടുന്നങ്ങോട്ട് സഈദ് ജദീദ് എന്ന മറ്റൊരു രീതിയിലാണ് നൂർസ്സി അറിയപ്പെടുന്നത്.
അഹൂദു ബില്ലാഹി മിന ശൈത്താനി വൽസിയാസ എന്ന മുദ്രാവാക്യത്തിലൂടെ തൻറെ സൂഫി ലോകത്തേക്ക് നൂർസ്സി കാലെടുത്തുവെച്ചു. രിസാലത്തു നൂർ എന്ന ഗ്രന്ഥം ഈ കാലഘട്ടത്തിലാണ് നൂർസി രചിക്കുന്നത്. ആത്മീയമായും വൈജ്ഞാനികമായും മുസ്‍ലിം സമുദായത്തിന് നവോത്ഥാനം സൃഷ്ടിക്കാൻ സഹായിക്കുന്ന 135 സന്ദേശങ്ങളാണ് പുസ്തകത്തിൻറെ ഇതിവൃത്തം. ഖുർആനും തഫ്സീറും മുൻനിർത്തി നൂർസ്സി രചിച്ച രിസാലത്തു നൂരിന് തുർക്കിയിൽ ഇന്നും പ്രചാരണം ഏറെയാണ്. തുർക്കിയിൽ പാഷയുടെ കാലത്ത് പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ടു. ജമാഅത്തുന്നൂർ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിൻറെ അനുയായികളായിരുന്നു ഈ പുസ്തകത്തിൻറെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത്. നൂർസിയുടെ ഈ ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് മുസ്തഫ കമാൽ പാഷ അദ്ദേഹത്തെ ബർലയിലേക്ക് നാടുകടത്തി. എട്ടു വർഷത്തോളം തനിയെ നൂർസി ബർലയിൽ തള്ളി നീക്കി. ഇതേസമയം തൻറെ രിസാലത്തു നൂറിന്റെ പിന്നിൽ പ്രവർത്തിച്ച അനുയായികളെ ഭരണകൂടം ശിക്ഷിക്കുന്നുണ്ടായിരുന്നു. നൂർസിക്കും തൻറെ രാഷ്ട്രീയ സമീപനങ്ങൾ കാരണം നിരവധി തവണ നാട് വിടേണ്ടി വന്നിട്ടുണ്ട്.
ബർലയിലായിരുന്നു അദ്ദേഹത്തിൻറെ ജീവിതത്തിൻറെ അവസാന കാലഘട്ടം വരെ. തുർക്കിയിലെ ഓർഫയിലേക്ക് തൻറെ അനുയായികൾക്കൊപ്പം രഹസ്യമായി പ്രവേശിച്ച നൂർസിയെ ഭരണകൂടം തടഞ്ഞുവെങ്കിലും രണ്ടുദിവസമെങ്കിലും ഓർഫയിൽ ജീവിക്കണമെന്ന അദ്ദേഹത്തിൻറെ ആവശ്യം ഒടുവിൽ പരിഗണിക്കപ്പെട്ടു. ഓർഫയിലെ ജീവിതത്തിനിടയിലാണ് 1960 മാർച്ച് 23ന് നൂർസി വഫാത്താകുന്നത്. ഓർഫയിൽ അദ്ദേഹത്തെ ഖബറടക്കിയെങ്കിലും, തുടര്‍സ്വാധീനം പോലും ഭയപ്പെട്ട ഭരണകൂടം അദ്ദേഹത്തിന്റെ ഭൌതികശരീരം അവിടെനിന്ന് ഏതോ വിദൂര പ്രവിശ്യയിലേക്ക് മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഇന്നും അദ്ദേഹത്തിൻറെ ഖബർ എവിടെയാണെന്നത് അജ്ഞാതമാണ്.
Leave A Comment