ഇമാം ഇബ്നുൽജസരീ: തജ്‌വീദ് പാഠങ്ങളെ ജനകീയമാക്കിയ പണ്ഡിതപ്രതിഭ

ഖുർആൻ പാരായണ ശാസ്ത്രമായ തജ്‌വീദിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്, കാവ്യശകലങ്ങളിലൂടെ തജ്‌വീദ് പാഠങ്ങളെ ഹൃദ്യമാക്കിയ അതുല്യ പ്രതിഭയാണ് മഹാനായ ഇമാം ഇബ്നുൽ ജസരീ. ഖുർആൻ പാരായണ പണ്ഡിതന്മാരുടെ ശൈഖ് ആയാണ് ഇമാം ജസരീ അറിയപ്പെടുന്നത്. തജ്‌വീദിന് പുറമെ തഫ്സീറിലും ഹദീസിലും ഫിഖ്‌ഹിലും സാഹിത്യത്തിലുമെല്ലാം ഇമാം ജസരീ മികവ് പുലർത്തിയിരുന്നു. പാരായണ ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ കാലമൊരുപാട് കഴിഞ്ഞിട്ടും അതിന്റെ ഉച്ചിയിൽ തന്നെ നില കൊള്ളുന്നവയാണ്.

ഇമാം ഇബ്നുൽജസരീ എന്ന നാമത്തിൽ തജ്‌വീദ് ലോകത്തു പ്രശസ്തനായ ശംസുദ്ദീൻ അബുൽ ഖൈർ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ അലി അൽ-ജസരീ ഹിജ്‌റ 751  (ക്രിസ്താബ്ദം 1350) റമദാൻ 25-ന് ദമസ്കസിലായിരുന്നു ജനിച്ചത്. ജസീറത്തു ഇബ്നുഉമർ എന്നതിലേക്ക് ചേർത്താണ് ജസരീ എന്ന് അറിയപ്പെടുന്നത്. കുട്ടികളില്ലാതിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഹജ്ജ് കർമ്മ വേളയിൽ സന്താന സൗഭാഗ്യം എന്ന ലക്ഷ്യത്തോടെയും നിയ്യത്തോടെയും സംസം വെള്ളം കുടിക്കുകയും അടുത്ത റമദാൻ മാസം ഇമാം ജസരീ ജനിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. 

പതിനഞ്ചോ പതിനാറോ വയസ്സിനുള്ളിൽ തന്നെ ഖുർആൻ മനഃപാഠമാക്കിയ ഇമാം ഇബ്നുൽജസരീ പ്രശസ്തമായ ശാഫിഈ ഫിഖ്ഹ് ഗ്രന്ഥം അൽ-തന്‍ബീഹും കൂടാതെ ഖിറത്തിന്റെ രണ്ട് ഗ്രന്ഥങ്ങളായ  അൽശാതിബിയ്യഹ്, അൽതൈസീർ എന്നിവയും ഹൃദ്യസ്ഥമാക്കി. അദ്ദേഹത്തിന്റെ അദ്ധ്യാപകരിൽ തഖിയുദ്ധീൻ അൽബഗ്ദാദി, ഇബ്നുഹുസ്സൈൻ അൽഹനഫി, ശൈഖ് ഇബ്നുൽ ലബ്ബാൻ തുടങ്ങി നിരവധി പണ്ഡിതര്‍ ഉൾപ്പെടുന്നു. ജമാൽ അൽ-ഇസ്നവീ, ഇബ്ൻ റസ്ലാൻ, അബുൽബഖാ അൽസുബ്കീ എന്നിവരായിരുന്നു ഫിഖ്ഹിലെ അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍. ഇബ്നു അബ്ദിൽകരീം അൽഹമ്പലി, ബഹാഉദ്ദീൻ അമീനി, ഇബ്നുൽ മുഹിബ്ബ് അൽമഖ്ദിസി, അല്ലാമാ ഇബ്നുകസീർ എന്നിവരിൽ നിന്നാണ് ഹദീസ് വിദ്യ നേടിയത്.

ഒരു ലക്ഷത്തിൽ പരം ഹദീസുകൾ ഹൃദ്യസ്ഥമാക്കിയതിന് പുറമെ ഇമാം ഇബ്നുൽജസരീ ഹദീസ്, ഫിഖ്ഹ്, ഖിറാഅത് എന്നിവയിൽ പ്രത്യേക വൈദഗ്ധ്യം നേടുകയും ചെയ്തു. “വിവിധ പണ്ഡിതന്മാർ അദ്ദേഹത്തിന് ഫിഖ്‌ഹീ വിധികൾ പുറപ്പെടുവിക്കാനും പഠിപ്പിക്കാനും ഖുർആൻ പാരായണ ശാസ്ത്രം (തജ്‌വീദ്) പഠിപ്പിക്കാനും അനുമതി നൽകിയിരുന്നതായി” ഇമാം സഖാവി പരാമർശിക്കുന്നുണ്ട്. തജ്‌വീദിന്റെ പാഠങ്ങൾ പഠിക്കാൻ അദ്ദേഹം ഡമാസ്കസ്, മക്ക, മദീന, കൈറോ, അലക്സാണ്ട്രിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ച് 40 ഓളം പണ്ഡിതരിൽ നിന്ന് വിജ്ഞാനം നേടിയെന്ന് ചരിത്രത്തില്‍ കാണാം. തുടർന്ന് അദ്ദേഹം ഡമസ്കസിലെ ശൈഖുൽ ഖുറാആയി നിയമിതനായി. ഈജിപ്തിലെ രാജാവായ മലിക് അൽളാഹിർ സൈഫുദ്ധീൻ ബർഖൂഖ്, അദ്ദേഹത്തെ അൽജാമിഅത്തുസ്സ്വലാഹിയ്യയിലെ വിദ്യാഭ്യാസ വിഭാഗം മേധാവിയായി നിയമിച്ചു.

ഹിജ്‌റ 797-ൽ, ലെവൻറിന്റെ ഗവർണർ അമീർ അൽതമാഷ്, അദ്ദേഹത്തെ ശാമിലെ ഖാദി (ജഡ്ജി) ആയി നിയമിച്ചു. സർക്കാർ അധികൃതരുമായുള്ള അഭിപ്രായവ്യത്യാസം കാരണം, ചില വ്യക്തികളുടെ എതിർപ്പിനും ഭരണകൂടത്തിന്റെ അപമാനത്തിനും ഇരയായ അദ്ദേഹം  ഡമസ്കസ് വിടുകയും ആധുനിക തുർക്കയിലെ ബുർസയിലേക്ക് കുടിയേറുകയും ചെയ്തു. ഇമാം ജസരിയുടെ വ്യക്തിത്വത്തെ ആദരിച്ചിരുന്ന തുർക്കയിലെ രാജാവ് ബായസീദ് ബിൻ ഉസ്മാൻ അദ്ദേഹത്തെ ബുർസയിൽ സ്ഥിരതാമസത്തിനായി ക്ഷണിച്ചു. അവിടെ, അദ്ദേഹം തന്റെ പ്രഭാഷണങ്ങളും രചനകളും തുടരുകയും, ഖുർആൻ പാരായണ പഠിതാക്കൾ ഉൾപ്പെടെ നിരവധി ആളുകൾ അദ്ദേഹത്തിൽ നിന്ന് അറിവ് നുകരുകയും ചെയ്തു.

ഹിജ്‌റ 805-ൽ, തിമൂർ ലാങ് തുർക്കി ആക്രമിക്കുകയും ബായസീദിന്റെ ഭരണം നഷ്ടമാവുകയും ബായസീദിനെ തടവിലാക്കുകയും ചെയ്തു. പണ്ഡിതന്മാരിൽ താൽപ്പര്യം കാണിച്ചിരുന്ന തിമൂർ, ഇമാം ജസരിയെയും ചില പണ്ഡിതന്മാരെയും സമർഖന്ദിലേക്ക് കൊണ്ടുപോയി. ദർശനശേഷിയും പ്രവാചകന്റെ ദർശനങ്ങളും ഉള്ള പണ്ഡിതനാണ് ജസരിയെന്ന് തിമൂര്‍ വൈകാതെ മനസ്സിലാക്കി. തിമൂറിന്റെ മരണാനന്തരം ഹിജ്‌റ 807-ൽ ഇമാം ജസരീ ഷീറാസിലേക്കു തിരിച്ചു. ഹിജ്‌റ 808-ൽ,  ഇമാം ജസരിയെ മാന്യമായി സ്വീകരിച്ച ഷീറാസിലെ ഗവർണറായ പീർ മുഹമ്മദ് അദ്ദേഹത്തെ ചീഫ് ജഡ്ജിയായി നിയമിച്ചു. ഷീറാസിൽ ദീർഘകാലം താമസിച്ചതിന് ശേഷം, ഹിജ്‌റ 827-ൽ അദ്ദേഹം ഹജ്ജ്‌ കര്‍മ്മത്തിനായി യാത്ര തിരിച്ചു. 

ഹജ്ജ് കഴിഞ്ഞ് കൈറോയിലേക്ക് തിരിച്ച അദ്ദേഹത്തിന്റെ അടുത്തേക്ക് ഇജാസത്തിനായി  പല പണ്ഡിതന്മാരും വിദ്യാർത്ഥികളും എത്തി. അവരിൽ പ്രഖ്യാതമായ സ്വഹീഹുൽബുഖാരിയുടെ വ്യാഖ്യതാവ് ഇബ്നു ഹജർ അൽഅസ്ഖലാനിയും ഉണ്ടായിരുന്നു. ഇമാം ജസരീ മുസ്‌നദ് അഹ്മദിലും മുസ്‌നദ് അൽഷാഫിഇയിലും മറ്റ് ഗ്രന്ഥങ്ങളിലും അധ്യാപനങ്ങൾ നടത്തി, ഇജാസത്തുകൾ നൽകി കൈറോയില്‍ തന്നെ തുടര്‍ന്നു.

ശേഷം ഷീറാസിലേക്കു മടങ്ങിയെത്തിയ ഇമാം ജസരീ, ദാറുൽഖുർആൻ എന്ന പേരിൽ ഒരു സ്ഥാപനം സ്ഥാപിച്ചു. ഡമസ്കസിൽ ഇതേ പേരിൽ ഒരു സ്ഥാപനം അദ്ദേഹം മുമ്പ് സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍, തജ്‌വീദിൽ ഇമാം ജസരിയെ കവച്ചു വെക്കാൻ ഒരാൾക്കും സാധ്യമായിരുന്നില്ല. പ്രശസ്ത പണ്ഡിതന്മാരായ ഇബ്നുഹജർ അൽഅസ്ഖലാനി, അല്ലാമാ ശൗകാനി, അല്ലാമാ സുയൂത്വീ എന്നിവർ അദ്ദേഹത്തിന്റെ അതുല്യമായ തജ്‌വീദ് വിജ്ഞാനത്തെ പ്രശംസിച്ചതായി കാണാം.

വിവിധ മേഖലകളിൽ ഏകദേശം 45-ഓളം ഗ്രന്ഥങ്ങൾ ഇമാം ജസരീ രചിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായവയാണ് അൽനശ്ർ ഫി ഖിറാഅത്തിൽ അശ്ർ, തഖ്‌രീബ്‌ അൽനശ്ർ, അൽദുറ എന്നിവ. 

ഹിജ്‌റ 833 (ക്രിസ്താബ്ദം 1429) റബീഉൽ അവ്വൽ 5-ന് 80-ാം വയസ്സിൽ ഇമാം ജസരീ അന്തരിച്ചു. ദാറുൽ ഖുർആൻ പരിസരത്ത് തന്നെയാണ് അദ്ദേഹത്തെ മറവ് ചെയ്തത്.

മൗലാനാ അബ്ദുൽ ഹയ്യ് ഫറങ്കി മഹല്ലി പരാമർശിക്കുന്നു:’എട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിന്റെ മഹത്തായ വ്യക്തിത്വങ്ങൾ സൈനുദ്ധീൻ അൽഇറാഖി, ശംസുദ്ധീൻ അൽജസരി, സിറാജുദ്ധീൻ അൽബൽഖീനി എന്നിവരായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter