തഫ്സീറുൽ ഖുശൈരി: ഖുർആൻ വ്യാഖ്യാനത്തിലെ സൂഫീ രീതിശാസ്ത്രം
ഇശാരീ തഫ്സീർ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണ് ഇമാം അബുൽഖാസിം അൽഖുശൈരി രചിച്ച "ലത്വാഇഫുൽ ഇശാറാത്ത്". ഖുർആൻ വചനങ്ങളുടെ പ്രത്യക്ഷമായ അർഥങ്ങളോടൊപ്പം, ആത്മീയവും ധാർമികവുമായ മാനങ്ങളുള്ള ആന്തരികസൂചനകളെയും സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ തഫ്സീർ രചിച്ചിരിക്കുന്നത്.
"ലത്വാഇഫുൽ ഇശാറാത്ത്" എന്ന് പേരുള്ള ഇത് ഹിജ്റ അഞ്ചാം നൂറ്റാണ്ടിലാണ് രചിക്കപ്പെടുന്നത്. ആത്മശുദ്ധീകരണം, ആത്മീയ പരിശീലനം, ദൈവസാമീപ്യം തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന ഈ തഫ്സീർ, ഖുർആനിന്റെ സന്ദേശത്തെ ആത്മീയവും ധാർമികവുമായ വീക്ഷണകോണിൽ നിന്ന് അവതരിപ്പിക്കുന്നു. ഖുർആൻ വചനങ്ങളിൽ അന്തർലീനമായിരിക്കുന്ന സൂക്ഷ്മവും ആന്തരികവുമായ അർത്ഥങ്ങളെ കണ്ടെത്തുന്നതിലാണ് പ്രധാനമായും ഇത് അധിഷ്ഠിതമായിരിക്കുന്നത്. സുന്നത്തിനെ പിന്തുടരുക, ആത്മീയതയുടെ മാർഗത്തിലെ സൂക്ഷ്മതകൾ അനാവരണം ചെയ്യുക, സൂഫിസവുമായി ബന്ധപ്പെടുത്തി ആരോപിക്കപ്പെട്ട വിവിധ ബാഹ്യരൂപങ്ങളെയും അതിനോട് കാലക്രമേണ ചേർന്നുവന്ന ആചാരരീതികളെയും നിരാകരിക്കുക എന്നിവയാണ് ഈ സമീപനത്തിന്റെ പ്രധാന സവിശേഷതകൾ.
തഫ്സീറുൽ ഖുശൈരിയുടെ സ്വഭാവവും വ്യാഖ്യന രീതിയും
ഖുർആനിക ശൈലിയെ സമീപിക്കുന്നതിലുള്ള തന്റെ രീതിശാസ്ത്രം വ്യക്തമാക്കുന്ന പ്രയോജനപ്രദമായ ഒരു ആമുഖത്തോടെയാണ് ഖുശൈരി തന്റെ ഗ്രന്ഥത്തിന് തുടക്കം കുറിക്കുന്നത്. ഈ ആമുഖം ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ മാത്രം പ്രകാശിപ്പിക്കുന്നതല്ല, മറിച്ച് ഖുർആനിലെ ഇശാരീ തഫ്സീർ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും, അതിന്റെ മാർഗങ്ങളും ലക്ഷ്യങ്ങളും എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിനും ഇത് സഹായിക്കുന്നു. മുൻകാല തഫ്സീർ ഗ്രന്ഥങ്ങളെ അവലംബിച്ച് ആദ്യം വചനങ്ങളുടെ പ്രത്യക്ഷമായ അർത്ഥം അദ്ദേഹം വിശദീകരിക്കുന്നു. തുടർന്ന്, പ്രസ്തുത ആയത്തുമായി പൊരുത്തപ്പെടുന്ന ആന്തരിക അർത്ഥങ്ങളും സൂഫീ ആത്മീയസൂചനകളും അവതരിപ്പിക്കുന്നു.
പദങ്ങൾ ഒറ്റയ്ക്കായാലും സംയുക്തമായാലും അവയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മവും ഗൂഢവുമായ അർത്ഥങ്ങളെ കണ്ടെത്തുന്നതിനെ അടിസ്ഥാനമാക്കിയുള്ള തഫ്സീറുകളാണ് ഇശാരീ തഫ്സീര്. പദങ്ങളുടെ സാധാരണ പ്രത്യക്ഷാർത്ഥങ്ങളുടെയും നിഘണ്ടുവ്യാഖ്യാനങ്ങളുടെയും പരിധിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഈ സമീപനം. മറിച്ച്, ഓരോ ഖുർആനിക പദത്തിനും സാധാരണ ബൗദ്ധിക ഗ്രഹണശേഷിക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാനാകാത്ത ഒരു ആന്തരിക സത്ത ഉണ്ടെന്ന് ഇത് കാണുന്നു. ദൈവാനുഗ്രഹത്താൽ ആത്മീയമായ ശുദ്ധീകരണം നേടിയവർക്കു മാത്രമാണ് ഈ ആന്തരിക സത്ത അനാവരണം ചെയ്യുന്നതിനാവശ്യമായ ജ്ഞാനം ലഭ്യമാകുന്നതെന്ന് ഈ വ്യാഖ്യാനരീതി വ്യക്തമാക്കുന്നു. ഇമാം ഖുശൈരി തന്റെ തഫ്സീറിൽ ശുദ്ധവും പ്രാമാണികവുമായ അറബി ഭാഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഖുർആൻ പാഠത്തിന്റെ പ്രത്യക്ഷമായ അർത്ഥങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഒരു ഉപാധിയായി അദ്ദേഹം അറബി ഭാഷയുടെ വ്യാകരണനിയമങ്ങളെ ആശ്രയിക്കുന്നു. എന്നാൽ ഇമാം സമഖ്ശരിയെപ്പോലെ വിശദമായ ഭാഷാപരമായ ചർച്ചകളിൽ അദ്ദേഹം ഏർപ്പെടുന്നില്ല. അത്തരം ഭാഷാപരമായ വിശദീകരണങ്ങൾ ഖുർആനിലെ സൂക്ഷ്മമായ അർത്ഥങ്ങൾ ഗ്രഹിക്കുന്നതിന് സഹായകരമല്ലെങ്കിൽ, അവയ്ക്ക് അദ്ദേഹം പ്രത്യേക പ്രാധാന്യം നൽകുന്നുമില്ല.
ഇതുമായി ബന്ധപ്പെട്ട് ഇമാം ഖുശൈരി തന്റെ മുഖവുരയിൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “തന്റെ ദാസന്മാരിൽപ്പെട്ട വിശുദ്ധരും നിർമലരുമായവരിൽ ചിലരെ, താൻ നിക്ഷേപിച്ചിരിക്കുന്ന സൂക്ഷ്മമായ രഹസ്യങ്ങളെയും ദിവ്യപ്രകാശങ്ങളെയും ഗ്രഹിക്കാനുള്ള കഴിവുകൊണ്ട് അല്ലാഹു ആദരിച്ചിരിക്കുന്നു. അവന്റെ സൂക്ഷ്മമായ സൂചനകളിലും ഗൂഢമായ പ്രതീകങ്ങളിലും മറഞ്ഞിരിക്കുന്ന ആഴമേറിയ അർത്ഥങ്ങൾ തിരിച്ചറിയുന്നതിനായി, മറഞ്ഞുകിടന്നിരുന്ന രഹസ്യങ്ങളിലേക്ക് അവൻ സൂചന നൽകിയിരിക്കുന്നു. അങ്ങനെ, മറ്റുള്ളവർക്ക് അപ്രാപ്യമായിരുന്ന കാര്യങ്ങളെ, തങ്ങൾക്ക് പ്രത്യേകമായി ലഭിച്ച അദൃശ്യലോകത്തിന്റെ പ്രകാശത്തിന്റെ സഹായത്തോടെ അവർ ഗ്രഹിച്ചു. തുടർന്ന്, തങ്ങളുടെ ആത്മീയ സ്ഥാനത്തിനും യോഗ്യതയ്ക്കും അനുസൃതമായി അവർ അതിനെക്കുറിച്ച് സംസാരിച്ചു. അല്ലാഹു അവരെ ആദരിക്കുന്നതിനായി അവർക്കു പ്രചോദനം നൽകുന്ന കാര്യങ്ങളാണ് അവർ അവന്റെ പേരിൽ പ്രസ്താവിക്കുന്നത്. അതിലൂടെ അവർ അവനെക്കുറിച്ച് സംസാരിക്കുകയും അവന്റെ സൂക്ഷ്മമായ അർത്ഥങ്ങളെക്കുറിച്ച് വിവരിക്കുകയും അവനിലേക്കു സൂചന നൽകുകയും അവനെക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കുകയും ചെയ്യുന്നു. അവർ പറയുന്നതും ചെയ്യുന്നതും ഉപേക്ഷിക്കുന്നതുമായ എല്ലാ കാര്യങ്ങളിലും അന്തിമമായ വിധിനിർണയാധികാരം അല്ലാഹുവിനുതന്നെയാണ്.”
ആദ്യനോട്ടത്തിൽ തന്നെ വ്യക്തമാകുന്നത് ഈ പഠനരീതി ഇസ്ലാമിക ചിന്തയുടെ മറ്റു ശാഖകളിൽനിന്ന് നിരവധി കാര്യങ്ങളിൽ വ്യത്യസ്തമാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള പ്രത്യേക തിരഞ്ഞെടുപ്പ് (الاصطفاء) എന്ന ഘടകമാണ്. അല്ലാഹു തന്റെ അനുഗ്രഹത്താൽ പ്രത്യേകം തിരഞ്ഞെടുത്തവർക്കല്ലാതെ മറ്റാർക്കും ഈ മേഖലയിൽ പ്രവേശിക്കാനാവില്ലെന്നാണ് ഇതിന്റെ അടിസ്ഥാനധാരണ. ഒരു വ്യക്തിക്ക് ആവശ്യമായ കഴിവും അനുയോജ്യമായ അഭിരുചിയും ഉണ്ടായിരിക്കുകയും അതിനായി പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്താൽ, അയാൾക്ക് മതപണ്ഡിതനോ, തത്ത്വചിന്തകനോ, വ്യാകരണപണ്ഡിതനോ, സാഹിത്യകാരനോ ആകാൻ കഴിയും. എന്നാൽ ഒരു പ്രയോഗത്തിൽനിന്ന് അതിന്റെ പരോക്ഷമായ അർത്ഥം കണ്ടെത്താനാവുക എന്നത് തികച്ചും സവിശേഷമായ ഒരു പ്രത്യേകതയാണ്. അതിന് ഒരു ദൈവിക തിരഞ്ഞെടുപ്പും അനുഗ്രഹവും ഉണ്ടായിരിക്കേണ്ടതുണ്ട്.
അതുപോലെ, ഒരാൾക്ക് ഏതെങ്കിലും വിജ്ഞാനശാഖയിൽ പരിശ്രമത്തിലൂടെ പാണ്ഡിത്യം നേടാൻ കഴിയും, അതിന് പ്രത്യേകമായ ആത്മീയ പരിശീലനം ആവശ്യമായിരിക്കണമെന്നില്ല. എന്നാൽ ഖുർആനിലെ പ്രത്യക്ഷമായ അർത്ഥങ്ങൾക്കപ്പുറം അതിൽ അടങ്ങിയിരിക്കുന്ന ആഴമേറിയ ജ്ഞാനവും സൂചനകളും മനസ്സിലാക്കാൻ ശ്രമിക്കുന്നത് വ്യത്യസ്തമായ കാര്യമാണ്. അതിനായി മനുഷ്യൻ തന്റെ ആത്മാവിനെയും ഹൃദയത്തെയും ലോകത്തോടുള്ള അമിതമായ ബന്ധങ്ങളിൽനിന്നും ലൗകികമായ ചിന്തകളിൽനിന്നും ശുദ്ധീകരിക്കണം. കൂടാതെ, നല്ലതും ഉന്നതവുമായ ആത്മീയ ഗുണങ്ങൾ വളർത്തിയെടുക്കുകയും വേണം. ഇതിനായി കഠിനമായ ആത്മശുദ്ധീകരണവും നിരന്തരമായ പരിശ്രമവും ആവശ്യമാണ്. ഈ വ്യാഖ്യാനരീതിയെ മറ്റു തഫ്സീർ രീതികളിൽനിന്ന് വേർതിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷത, ഇത് യുക്തിയെ പൂർണമായോ അതിരുകടന്നോ ആശ്രയിക്കുന്നില്ല എന്നതാണ്. സൂഫികൾ യുക്തിക്ക് നൽകുന്ന പ്രാധാന്യത്തിന്റെ പരിധിയിലാണ് ഇവിടെ ബൗദ്ധിക ഘടകങ്ങൾക്ക് സ്ഥാനമുള്ളത്. അതായത്, പ്രാരംഭഘട്ടത്തിൽ വിശ്വാസത്തെ ശരിയായ രീതിയിൽ ഉറപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായാണ് യുക്തിയെ കാണുന്നത്. എന്നാൽ അതിനപ്പുറം, ഉന്നതമായ ആത്മീയ ജ്ഞാനത്തിലേക്ക് മുന്നേറുന്ന ഘട്ടത്തിൽ ഈ ദൗത്യം നിർവഹിക്കുന്നത് മറ്റു ആന്തരിക ആത്മീയ കഴിവുകളാണ്. ഇമാം ഖുശൈരിയുടെ വീക്ഷണത്തിൽ അവ ഹൃദയം, ആത്മാവ്, രഹസ്യം (السر), രഹസ്യത്തിന്റെ രഹസ്യം അഥവാ ആന്തരിക ദർശനം (سر السر / عين السر) എന്നിങ്ങനെ ക്രമാനുഗതമായി ഉയരുന്നു.
ഇതിന്റെ അർത്ഥം, ഖുർആൻ സൂക്തത്തിൽനിന്ന് സൂക്ഷ്മമായ സൂചനകളും ആന്തരിക അർത്ഥങ്ങളും കണ്ടെത്തുന്നത് പൂർണമായും യുക്തിപരമായ ഒരു പ്രക്രിയയല്ല എന്നതാണ്. എന്നാൽ ആ സൂചനകൾ ഖുർആൻ പാഠത്തിന്റെ പ്രത്യക്ഷമായ അർത്ഥത്തിനോട് വിരുദ്ധമാവാത്ത പരിധിയിൽ യുക്തിക്ക് ഇവിടെ ഒരു പ്രധാന പങ്കുണ്ട്. അറബി ഭാഷ, വ്യാകരണം, പദോൽപ്പത്തി, സാഹിത്യശൈലികൾ തുടങ്ങിയ മേഖലകളിൽ അംഗീകരിക്കപ്പെട്ട ഭാഷാപരമായ രീതികളോട് പൊരുത്തപ്പെടുന്ന വിധത്തിലായിരിക്കണം ആ സൂചനകളെ മനസ്സിലാക്കേണ്ടത്. അതുപോലെതന്നെ, അവതരണത്തിന്റെ കാരണങ്ങൾ (أسباب النزول), വിശ്വസനീയമായ നിവേദനങ്ങൾ, ഹദീസ് ശാസ്ത്രം, ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ് തുടങ്ങിയ പ്രമാണങ്ങളുമായി പൊരുത്തപ്പെടുന്ന അർത്ഥങ്ങളിൽനിന്നും അത് വ്യതിചലിക്കരുത്. അതിനാൽ, ഖുർആൻ സൂക്തത്തിൽനിന്നുള്ള ഈ സൂക്ഷ്മസൂചനകൾ സ്വതന്ത്രമായി സ്വാഭാവികമായി ഉദിക്കുന്ന ഒരു പ്രക്രിയയല്ല. അവ തുടക്കം മുതൽ തന്നെ ബൗദ്ധികവും നിവേദനാധിഷ്ഠിതവുമായ വിവിധ വിജ്ഞാനശാഖകളുടെ അടിസ്ഥാനനിയമങ്ങൾക്കു വിധേയമാണ്. ഈ സാഹചര്യത്തിൽ, ഖുർആനിലെ ഒരു പദത്തിന്റെ സ്ഥിതിയെ, സൂഫി മാർഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന വ്യക്തിയുടെ അവസ്ഥയോട് ഉപമിക്കാം. ഇരുവരും തങ്ങളുടെ പുറമേയുള്ള രൂപത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇരുവരും പ്രാരംഭഘട്ടത്തിൽ ബൗദ്ധികവും നിവേദനാധിഷ്ഠിതവുമായ വിജ്ഞാനങ്ങൾ ആവശ്യപ്പെടുന്ന നിബന്ധനകൾക്ക് വിധേയരാണ്. തുടർന്ന്, ആത്മീയമായ ഉയർച്ചയും ലക്ഷ്യത്തിലേക്കുള്ള പുരോഗതിയും വർധിക്കുന്നതിനനുസരിച്ച്, ഇരുവരും ക്രമേണ കൂടുതൽ ശുദ്ധവും തെളിമയുള്ളതുമായ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, ഇമാം ഖുശൈരിയുടെ "ലതാഇഫുൽ ഇശാറാത്ത്" എന്ന തഫ്സീറിനെ സൂഫിസത്തോടും സൂഫികളോടും ബന്ധപ്പെടുത്തി വ്യാഖ്യാനിക്കപ്പെടുന്ന മറ്റു തഫ്സീറുകളിൽ നിന്ന് വേർതിരിച്ചറിയാൻ നമുക്ക് സാധിക്കും. കാരണം, അവരിൽ ചിലർ ഖുർആനിക സൂക്തത്തിന് അതിന്റെ യഥാർത്ഥ സാധ്യതയ്ക്കും പരിധിക്കും അതീതമായ അർത്ഥങ്ങൾ ചുമത്തുന്നതിൽ അതിരുകടന്നിട്ടുണ്ട്. ഖുർആനിക സൂക്തത്തിന് കീഴടങ്ങുന്നതിനുപകരം, സ്വന്തം മത-ചിന്താധാരകളെ സ്ഥാപിക്കാനും പിന്തുണയ്ക്കാനും വേണ്ടി അവർ ഖുർആനിനെ തന്നെ തങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി വ്യാഖ്യാനിച്ചു. അവർ യുക്തിചിന്തയുടെ വഴികളിലൂടെ അതിരുവിട്ടു സഞ്ചരിക്കുകയും, തഫ്സീറിന്റെ അടിസ്ഥാനപരമായ പാതയിൽ നിന്ന് അകന്നുപോകുകയും ചെയ്തു. അതിനാൽ, അവരുടെ തഫ്സീറുകൾ ആത്മീയ പരിശീലനങ്ങൾ, അനുഭവാവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള സദസ്സുകളേക്കാൾ തത്ത്വചിന്തയുടെയും ഇൽമുൽ കലാമിന്റെയും ചർച്ചാസദസ്സുകളിൽ പഠനാർഹമായിത്തീർന്നു. എന്നാൽ ഇമാം ഖുശൈരിയുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒളിഞ്ഞിരിക്കുന്ന യുക്തിവാദപരമായ ഒരു സിദ്ധാന്തമോ മറഞ്ഞിരിക്കുന്ന ഒരു ആന്തരിക വിശ്വാസസംവിധാനമോ കാണുന്നില്ല. അല്ലാഹുവിന്റെ വചനങ്ങളുടെ തണലിൽ ശരീഅത്തും ഹഖീഖത്തും തമ്മിൽ പൂർണ്ണമായ ഒരു സമന്വയം സാക്ഷാത്കരിക്കുക എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
ഇമാം ഖുശൈരിയുടെ വ്യാഖ്യാനരീതിയിൽ നാം പ്രത്യേകമായി പ്രശംസിക്കേണ്ടതും എടുത്തുപറയേണ്ടതുമായ ഒരു കാര്യം, ഖുർആനിക സൂക്തത്തോട് അദ്ദേഹം പുലർത്തിയ അതീവ ജാഗ്രതയും പ്രതിബദ്ധതയുമാണ്. ഖുർആനിക വചനങ്ങളെ ആഴത്തിലുള്ള പരിഗണനയുടെയും ആദരവിന്റെയും പവിത്രബോധത്തിന്റെയും ദൃഷ്ടി കോണിൽ സമീപിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. വലിയൊരു പ്രകാശസ്രോതസ്സിൽ നിന്ന് പ്രകാശത്തിന്റെ ചെറുകിരണങ്ങൾ സ്വീകരിച്ച്, അവയുടെ വെളിച്ചത്തിൽ സൂഫീജീവിതം നയിക്കുന്നവർക്കും ആത്മീയ ജ്ഞാനികൾക്കും വഴികാട്ടിയാകുന്ന ഒരാളുടെ പ്രവർത്തനത്തോടാണ് അദ്ദേഹത്തിന്റെ രീതി സാമ്യമുള്ളത്. അതേസമയം, വ്യാഖ്യാനത്തിൽ അനാവശ്യമായ കൃത്രിമതയിലോ അതിരുകടന്ന വ്യാഖ്യാനങ്ങളിലോ അദ്ദേഹം അകപ്പെട്ടില്ല.
ഈ വ്യാഖ്യാനരീതിയുടെ പിന്നിലെ പ്രധാന കാരണം, അദ്ദേഹം സുന്നി പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുന്ന ഒരാളായിരുന്നതോടൊപ്പം, തന്റെ സൂഫി പാരമ്പര്യത്തോടും അതേ അളവിൽ പ്രതിബദ്ധത പുലർത്തിയിരുന്നുവെന്നതാണ്. അതിനാൽ, സൂഫികൾക്ക് പ്രയോജനകരമായ മാർഗനിർദേശം നൽകുന്നതിനോടൊപ്പം തന്നെ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാരുടെ അംഗീകാരവും സംതൃപ്തിയും നേടേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ രണ്ടു വിഭാഗങ്ങൾക്കും ഒരുപോലെ വ്യക്തമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ശരീഅത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും ശാഖാപരമായ നിയമങ്ങളും, അതുപോലെതന്നെ സൂഫി ആത്മീയജീവിതത്തിന്റെ അടിസ്ഥാനങ്ങളും ശാഖകളും വിശുദ്ധ ഖുർആനിൽ നിന്നുതന്നെയാണ് ഉരുത്തിരിയുന്നത്.
എന്നിരുന്നാലും, ഇമാം ഖുശൈരിയുടെ ഈ വ്യാഖ്യാനരീതിക്കെതിരെ ചില വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ തഫ്സീർ സാധാരണ വായനക്കാർക്ക് അവ്യക്തവും ദുർഗ്രഹവുമാണെന്നാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ, അദ്ദേഹത്തിന്റെ പല വ്യാഖ്യാനങ്ങളും വ്യക്തിപരമായ സൂഫി ആത്മീയാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഇത്തരം ആത്മീയാനുഭവങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രാപ്യമാകണമെന്നില്ല. അതിനാൽ, അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളിലെ ചില ആശയങ്ങൾ സാധാരണ വായനക്കാർക്ക് അവ്യക്തമായി അനുഭവപ്പെടാം. അതുകൊണ്ട്, ഖുർആൻ വചനങ്ങളുടെ ആശയങ്ങളും അർത്ഥതലങ്ങളും കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി മറ്റു തഫ്സീർ ഗ്രന്ഥങ്ങളെയും കൂടി അവലംബിക്കേണ്ടത് അത്യാവശ്യമാണ്.
ചുരുക്കത്തില്, അറബി ഭാഷയും ശരീഅത്ത് വിജ്ഞാനങ്ങളും അടിസ്ഥാനമാക്കി, ആത്മശുദ്ധീകരണം, മുജാഹദ, സുലൂക് എന്നിവയ്ക്കും ശരീഅത്തും ഹഖീഖത്തും തമ്മിലുള്ള സമന്വയത്തിനും പ്രാധാന്യം നൽകി ഇമാം ഖുശൈരി രചിച്ച ഈ ഖുര്ആന് വ്യാഖ്യാനം, സാധാരണ വായനക്കാർക്ക് സങ്കീർണമായിരുന്നാലും, സൂഫീ തഫ്സീർ സമീപനവും ഖുർആന്റെ ആഴമേറിയ ആത്മീയ-വിശ്വാസപരമായ സന്ദേശങ്ങളും മനസ്സിലാക്കുന്നതിനുള്ള പ്രധാന സ്രോതസ്സായി ഇന്നും നിലകൊള്ളുന്നു.



Leave A Comment