തഫ്സീർഅൽ-റാസി, സമഗ്രവും വേറിട്ടതുമായ ഖുര്‍ആന്‍ വ്യാഖ്യാനം

വിജ്ഞാന മണ്ഡലത്തിലെ മഹാ വിസ്ഫോടനമായിരുന്ന ഇമാം ഫഖ്റുദ്ദീൻ റാസി(റ) ആറാം നൂറ്റാണ്ടിലെ ഇസ്‍ലാമിക ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു. വിജ്ഞാന ലോകത്തെ അതുല്യ പ്രതിഭയായിരുന്ന അദ്ദേഹം സ്പർശിക്കാത്ത വിജ്ഞാന ശാഖ കുറവായിരുന്നു. ലോക പ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്സീറുൽ കബീർ (تفسير الكبير), മഫാത്തീഹുൽ ഗയ്ബ് (مفاتيح الغيب) എന്നും അറിയപ്പെടുന്ന ഗ്രന്ഥം ഇമാം റാസി (റ) ന്റെ മാസ്റ്റർ പീസാണ്. മുപ്പത്തിരണ്ടോളം വാള്യങ്ങളുള്ള ഇത് അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭാവിലാസത്തെ വിളംബരം ചെയ്യുന്നു. തഫ്സീർഅൽ-റാസി (تفسير الرّازي) എന്നും ഇതിന് പേരുണ്ട്.
 

റാസി വ്യാഖ്യാനത്തിലെ സവിശേഷതകൾ

തഫ്സീറുത്ത്വബ്രി (تفسير الطبري) പ്രമാണാധിഷ്ഠിത വ്യാഖ്യാനങ്ങളുടെ (تفسير بالمأثور) മാതൃകയായി എണ്ണപ്പെടുന്നുവെങ്കിൽ തഫ്സീർ അൽ-റാസി ഗവേഷണാത്മക (التفسير بالرّأي) തഫ്സീറുകൾക്ക് മാതൃകയായാണ് അറിയപ്പെടുന്നത്. ഇമാം റാസി അവസാന കാലങ്ങളിൽ തന്റെ തഫ്സീർ എഴുതാൻ തുടങ്ങിയത് കൊണ്ട് തന്നെ ഖുർആൻ മുഴുവൻ വ്യാഖ്യാനിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇമാം റാസിക്ക് ശേഷം കഷ്ഫുള്ളുനൂനിന്റെ (كشف الظنون) രചയിതാവ് നജ്മുദ്ദീൽ ഖമൂലി, ശിഹാബുദ്ദിൻ ഖൂബി എന്നിവരാണ് ഇതിന്റെ രചന പൂർത്തീകരിച്ചത്. എന്നാല്‍ അത്തരം ഒരു വ്യത്യാസം തോന്നുക പോലും ചെയ്യാത്ത വിധമാണ് അവര്‍ അത് നിര്‍വ്വഹിച്ചത്. അത്രയും ഘടനയോടെയും ചിട്ടയോടെയും കൂടിയാണ് ഗ്രന്ഥം അവസാനിപ്പിച്ചിരിക്കുന്നത്.

ഇമാം റാസിയുടെ തഫ്സീറിൽ ഖുർആനിൽ നിന്നും നിർദ്ധാരണം (مستنبطة) ചെയ്തു വന്ന വിവിധ ഇനം അറിവുകൾ ഉൾക്കൊണ്ടിട്ടുണ്ട്. ഖുർആൻ എല്ലാം അറിവുകളുടെയും അടിസ്ഥാനമാണെന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഇത്. അതുപോലെ അദ്ദേഹത്തിന്റെ തഫ്സീറിൽ ധാരാളം മസ്അലകൾ കൊണ്ടുവന്നതായി കാണാം. ഖുർആനിലെ ഓരോ വാക്കില്‍ നിന്നും ധാരാളം മസ്അലകളും നിയമങ്ങളും കണ്ടെത്താമെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. ഇതിന്ന് പ്രകടമായ ഒരു ഉദാഹരണമായി, സൂറതുല്‍ഫാതിഹയിൽ തന്നെ പതിനായിരക്കണക്കിന് മസ്അലകൾ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. സൂറത്തുൽഫാതിഹ വ്യാഖ്യാനിച്ച് ഒരു വാള്യത്തിനോട് അടുത്ത ശേഷം വ്യാഖ്യാനം അവസാനിപ്പിച്ച് അദ്ദേഹം പറയുന്നത്, ഇനിയും സൂറത്തുൽ ഫാത്തിഹ വ്യാഖ്യാനിക്കാനുണ്ട്, പക്ഷെ തല്‍ക്കാലം ഇവിടെ നിർത്തുന്നു എന്നാണ്.

തഫ്സീറുറാസിയുടെ മറ്റൊരു സവിശേഷത അദ്ദേഹത്തിന്റെ കാലത്തെ എല്ലാ തെറ്റിദ്ധാരണാജനകമായ വിഭാഗങ്ങളേയും ശക്തമായി ഖണ്ഡനം ചെയ്തിട്ടുണ്ട് എന്നതാണ്. ഏതെങ്കിലും വാക്യത്തിന്റെ അർത്ഥത്തിലോ മസ്അലകളിലോ തെറ്റിദ്ധരിക്കുന്ന മുഅ്തസില, ജഹ്മിയ്യ പോലോത്ത വിഭാഗങ്ങളെ അവർ അവതരിപ്പിക്കുന്ന ഏത് ഇടപെടലുകളും പൂർണ്ണമായി വിവരിക്കുകയും വിശദമായ വാദങ്ങൾ ഉന്നയിച്ച് കൊണ്ട് അവരെ പൂർണ്ണമായി നിരാകരിക്കുകയും ചെയ്തിട്ടുണ്ട്.

ഖുർആനിലെ വാക്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും അവകളുടെ വിവരണവുമാണ് തഫ്സീർ അൽ-റാസിയുടെ മറ്റൊരു സവിശേഷത. വാചകഘടനയിലെ ലാളിത്യവും അവതരണ ഭംഗിയും ഈ വ്യാഖ്യാനത്തിന്റെ രചനാവൈഭവം വിളിച്ചോതുന്നു. ഓരോ സൂക്തങ്ങളുടെ മുമ്പും ശേഷവുമുള്ള ആയത്തുകളോടുള്ള യോജിപ്പുകളും അനുബന്ധ ക്രമങ്ങളെയും സമർത്ഥമായാണ് അവതരിപ്പിക്കുന്നത്. പ്രകൃതിശാസ്ത്രം, കർമശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവ വ്യാഖ്യാനത്തിൽ ഉൾപ്പെടുത്തിയതായും കാണാം.

വ്യാഖ്യാനത്തിലെ മറ്റൊരു സവിശേഷത പ്രമാണാധിഷ്ഠിത വ്യാഖ്യാനങ്ങൾ (تفسير بالمأثور) വളരെകുറവാണ് എന്നതാണ്. ഖുർആനിലെ ഉദ്ദരണികൾ എടുത്തുള്ള തഫ്സീറുകൾ, നബി തങ്ങളുടെ ചര്യ പിന്തുടർന്നുള്ള തഫ്സീർ, സ്വഹാബികളുടെയും താബിഉകളുടെയും ഉദ്ദരണികളും ഇതിൽ കുറവാണ്. അദ്ദേഹത്തിന്റെ തഫ്സീർ പ്രാമുഖ്യം കൊടുക്കുന്നത് ഗവേഷണാത്മക തഫ്സീറു (التفسير بالرّأي) കൾക്കാണ്. അതുപോലെ തത്വശാസ്ത്ര ചിന്തകൾക്കും (Philosophical Thoughts)  പ്രാമുഖ്യം നൽകുന്നുണ്ട്.
 
തഫ്സീർ അൽ-റാസിയുടെ ലക്ഷ്യങ്ങൾ

'തഫ്സീറുൽ കബീർ' രചിക്കുന്നതിൽ ഇമാംറാസി(റ) കാണുന്ന ലക്ഷ്യങ്ങൾ താഴെ പറയും പ്രകാരമാണ്:
1. തന്റെ ജീവിതകാലത്ത് ലഭ്യമായിരുന്ന ശാസ്ത്രീയ വിജ്ഞാനങ്ങളുടെയും അറിവുകളുടെയും പിൻബലത്തിൽ ഖുർആനിന്ന് ശക്തമായ പ്രതിരോധം തീർക്കുക.
2. ഖുർആനിൽ സമർപ്പിതമായ (عقائد) വിശ്വാസങ്ങൾക്കെതിരിൽ അക്കാലത്തെ നിരീശ്വര-ഭൗതികവാദികൾ തുറന്ന് വിട്ട വാദങ്ങളെ ഖണ്ഡിക്കുകയും അവരുടെ സംശയങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി പറയുകയും ഖുർആനിന്ന് പ്രതിരോധം തീർക്കുകയും ചെയ്യുക.
3. സൂറതുകളും ആയതുകളും തമ്മിലുള്ള പരസ്പര ബന്ധം വിശദീകരിക്കുകയും ഖുർആനിന്റെ ഉള്ളടക്കത്തിലെ ഏകീഭാവം (وحدة) വിവരിക്കുകയുംചെയ്യുക.
4. ഖുർആൻ വ്യാഖ്യാന രംഗത്ത് മുഅ്തസിലുകൾക്കുണ്ടായ (തെറ്റിദ്ധരിച്ച വിഭാഗം) കുത്തക അവസാനിപ്പിക്കുക. ജുബാഈ, അസ്ഫഹാനി, സമഖ്ശരി, ഹാകിമുൽ ജശമീ പോലോത്ത അവരിലെ പണ്ഡിതന്മാരുടെ വിശ്വാസം അക്കാലത്ത് മുസ്‍ലിംകളിൽ ബുദ്ധിപരമായ നിലവാരം പുലർത്തിയിരുന്നത് മുഅ്തസിലുകളാണെന്നും ഖുർആനിനെ ബുദ്ധിപരമായി വ്യാഖ്യാനിക്കാനുള്ള അർഹത തങ്ങൾക്കാണെന്ന് അവർ വാദിക്കുകയും ചെയ്തിരുന്നു. ഇമാം റാസി അവരുടെ വാദമുഖങ്ങളെ ഖണ്ഡിക്കുകയും അവരുടെ തെളിവുകളെ അടിച്ചമർത്തുകയും ചെയ്തു. അതിന് ശേഷം ആ രംഗത്ത് മുഅ്തസിലുകളുടെ കുത്തകക്ക് ശമനമായി എന്നാണ് ചരിത്രം.
5. അബ്ദുൽ ഖാഹിർ ജുർജാനി ഖുർആനിലെ ഘടനാപരമായ അമാനുഷികതയെപ്പറ്റി (النظم القرآني) ഗ്രന്ഥമെഴുതി തുടങ്ങിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചുവട് പിടിച്ച് ഖുർആനിന്റെ ഈ വിഷയത്തിലുള്ള അമാനുഷികതയെ വ്യക്തമാക്കി അവതരിപ്പിക്കുന്ന ഒരു പരിപൂർണ്ണ ഗ്രന്ഥമാണ് ഇമാം റാസിയുടെ തഫ്സീർ കൊണ്ട് ഉദ്ദേശിക്കുന്ന മറ്റൊരു ലക്ഷ്യം.

എതിരെയുള്ള ആരോപണങ്ങൾ (شبهة)

മറ്റു തഫ്സീറുകളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഈ തഫ്സീറിനുണ്ടെങ്കിലും പോരായ്മകൾ ഇതിനുമുണ്ട്. ആധുനിക വിജ്ഞാനങ്ങളുടെ അതിപ്രസരം കാരണം അദ്ദേഹത്തിന്റെ തഫ്സീർ പല വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. മുഖ്യമായും തഫ്സീർ റാസിയിൽ പറയുന്ന ആരോപണം അദ്ദേഹത്തിന്റെ വ്യാഖ്യനത്തിൽ ആവശ്യമില്ലാത്തതും അതിദീർഘമവുമായ പലതും ശേഖരിച്ചു വെച്ചിട്ടുണ്ട് എന്നതാണ്. അബൂ ഹയ്യാൻ അൽ അൻദുലുസി ഉദ്ദരിക്കുന്നത് കാണാം: ഇമാം റാസി തന്റെ ഗ്രന്ഥത്തിൽ വ്യാഖ്യാനത്തിലേക്ക് ആവശ്യമില്ലാത്ത ധാരാളം കാര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ തന്നെ പല പണ്ഡിതന്മാരും അദ്ദേഹത്തിന്റെ തഫ്സീറിനെ കുറിച്ച് പറഞ്ഞത് കാണാം: " فيه كل شيئ إلا التفسير" (അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ തഫ്സീർ ഒഴികെ എല്ലാം ഉണ്ട്).

മറ്റൊരു പ്രധാന ആരോപണം, മുഅ്തസില പോലോത്ത തെറ്റിദ്ധാരണാജനകമായ വിഭാഗങ്ങളുടെ ശക്തമായ വാദങ്ങൾക്ക് ഇമാം റാസി പലപ്പോഴും ദുർബ്ബലമായ മറുപടിയാണ് നൽകിയിട്ടുള്ളത്. അതുപോലെത്തന്നെ അദ്ദേഹം വ്യാഖ്യാനത്തില്‍ കൊണ്ടുവന്ന താരതമ്യേന കുറഞ്ഞ ഹദീസുകളിൽ ദുർബലവും (ضعيف) വ്യാജവുമായ ഹദീസുകൾ എടുത്തു ചേർത്തിട്ടുണ്ട് എന്നതാണ്. ആയത്തുകളുടെ വ്യാഖ്യാനത്തിൽ തത്ത്വശാസ്ത്രകാരന്മാരുടെയും വചനശാസ്ത്രകാരന്മാരുടെയും അഭിപ്രായങ്ങൾ ധാരാളമായി അദ്ദേഹം ഉദ്ദരിക്കുകയും ചെയ്തത് ഈ വ്യാഖ്യാനത്തിനെതിരെയുള്ള ആരോപണങ്ങളിൽ പെട്ടതാണ്. 

എന്നിരുന്നാലും ആഗോള തലത്തിൽ ഇന്നും ഇമാം റാസിയുടെ തഫ്സീറുൽ കബീർ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ ഗ്രന്ഥത്തെ മുൻനിർത്തി സ്വതന്ത്രമായ അന്വേഷണങ്ങളും പഠനങ്ങളും നിരൂപണങ്ങളും ഗവേഷണങ്ങളും നിരവധി നടന്നനതായി കാണാം. പല ആധുനിക കൃതികൾക്കും ഇത് ഒരു അവലംബമായി ഉപയോഗിച്ചതും കാണാവുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter