കേവലാസ്വാദനമല്ല, കര്‍മ്മവും മൂല്യാധിഷ്ഠിത ജീവിതവുമാണ് തസ്വവ്വുഫ്

കേരളത്തിൽ വീണ്ടും തസ്വവ്വുഫ് ചർച്ചയാകുകയാണ്. സൂഫി സംഗീതവും കവിതയും പ്രണയഭാഷയും “മതാതീത ആത്മീയത”യുമെല്ലാം ഒരു വശത്ത് വലിയ ആകർഷണം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് സൂഫിസത്തെ മുഴുവനായി ഇസ്‌ലാമിനു പുറത്തുള്ള ഒന്നായി ചിത്രീകരിക്കുന്ന പ്രതികരണങ്ങളും ശക്തമാണ്. ഒരു വിഭാഗം തസവ്വുഫിനെ അതിന്റെ മതപരമായ വേരുകളിൽനിന്ന് വേർപെടുത്തുന്നു. മറ്റൊരു വിഭാഗം അതിനെ മൊത്തമായി പൈശാചികവൽക്കരിക്കുന്നു. ഈ രണ്ടു സമീപനങ്ങൾക്കിടയിൽ നഷ്ടപ്പെടുന്നത് തസ്വവ്വുഫിന്റെ യഥാർഥ ചരിത്രവും അതിന്റെ ദീനീ ഉള്ളടക്കവുമാണ്.

തസ്വവ്വുഫിനെ മനസ്സിലാക്കാനുള്ള വായന റൂമിയുടെ പേരിൽ പ്രചരിക്കുന്ന ഇംഗ്ലീഷ് ഉദ്ധരണികളിൽ ഒതുങ്ങാതെ ആദ്യകാല പണ്ഡിതരിലേക്കും ശൈഖുമാരിലേക്കും മടങ്ങേണ്ടതുണ്ട്. അവരിൽ കേന്ദ്രസ്ഥാനത്തുള്ള വ്യക്തിയാണ് അബുൽ ഖാസിം ജുനൈദ് അൽബഗ്ദാദി(റ). ഫിഖ്ഹും ഹൃദയശുദ്ധീകരണവും ഒരുമിച്ചുകൊണ്ടുപോയ ഈ പണ്ഡിതനെ ഇമാം അൽഖുശൈരി പരിചയപ്പെടുത്തുന്നത് “ഈ വിഭാഗത്തിന്റെ നേതാവും ഇമാമും” എന്നാണ്. ഇമാം അബൂ ഥൗറിന്റെ ഫിഖ്ഹ് പിന്തുടർന്നിരുന്ന ഇമാം ജുനൈദ്, ഇരുപതാം വയസ്സിൽതന്നെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫത്‌വ നൽകിയിരുന്നുവെന്നും ഹിജ്റ 297-ൽ നിര്യാതനായെന്നും ഖുശൈരി രേഖപ്പെടുത്തുന്നു. അറിവും കര്‍മ്മവും ഹൃദയശുദ്ധീകരണവും ഒരുമിച്ചുനിന്ന ദീനീ പരിശീലനമായിരുന്നു അദ്ദേഹത്തിന്റെ തസ്വവ്വുഫ്. അഹ്ലുസുന്നയുടെ എല്ലാ വിഭാഗങ്ങളും ഒരു പോലെ അദ്ദേഹത്തെ അംഗീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഇമാം ജുനൈദിന്റെ സമീപനം വ്യക്തമാക്കുന്ന പ്രധാനപ്പെട്ട വാചകങ്ങളിലൊന്നാണ്: “നമ്മുടെ ഈ അറിവ് ഖുർആനും സുന്നത്തുംകൊണ്ട് നിയന്ത്രിക്കപ്പെട്ടതാണ്.” ഇതിനു മുന്നോടിയായി അദ്ദേഹം പറയുന്നു: “ഖുർആൻ അറിഞ്ഞു മനസ്സിലാക്കുകയും ഹദീസ് രേഖപ്പെടുത്തുകയും ചെയ്തിട്ടില്ലാത്ത ഒരാളെ ഈ മാർഗത്തിൽ മാതൃകയാക്കരുത്.” അതേ ഭാഗത്ത് അദ്ദേഹത്തിന്റെ മറ്റൊരു വാചകവും ഖുശൈരി ഉദ്ധരിക്കുന്നു: “പ്രവാചകന്‍(സ്വ)യുടെ പാത പിന്തുടരുന്നവനൊഴികെ മറ്റുള്ളവർക്ക് വഴികളെല്ലാം അടഞ്ഞതാണ്.”

ഇവിടെ ഖുർആനും സുന്നത്തും ആത്മീയ യാത്രയുടെ തുടക്കത്തിൽ മാത്രം ആവശ്യമുള്ള പാഠങ്ങളല്ല. യാത്രയുടെ മുഴുവൻ ഘട്ടങ്ങളിലും അവയാണ് മാനദണ്ഡം. ചിലപ്പോൾ ശരീഅത്തിനെ പ്രാഥമികമായൊരു മതബോധമായും തസ്വവ്വുഫിനെ അതിനെ അതിജീവിച്ച ഉയർന്ന ആത്മീയതയായും അവതരിപ്പിക്കുന്ന ഭാഷ കേൾക്കാറുണ്ട്.  അല്ലാഹുവിനോട് അടുക്കും തോറും കര്‍മ്മങ്ങൾ അപ്രസക്തമാകുന്നില്ല. മറിച്ച് അവ കൂടുതൽ ജീവനുള്ളതാകുകയാണ് ചെയ്യുന്നത്. നിസ്കാരത്തിലെ ഖുശൂഅ്, ദിക്റിലെ സാന്നിധ്യബോധം, ഇടപാടുകളിലെ സത്യസന്ധത, മനുഷ്യരോടുള്ള കരുണ — ഇവയിലാണ് ആ അടുപ്പത്തിന്റെ ഫലം തെളിയേണ്ടത്. ആത്മീയാനുഭവം ശരീഅത്തിന്റെ അർഥം ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ ഉറപ്പിക്കുകയാണ് വേണ്ടത്.

ഇത് ഇമാം ജുനൈദിന്റെ മാത്രം നിലപാടായിരുന്നില്ല. ആദ്യകാല സൂഫീ ശൈഖുമാരുടെ ഉപദേശങ്ങളിൽ ആവർത്തിച്ചുവരുന്ന മാനദണ്ഡമാണിത്. ആദ്യകാല ആത്മജ്ഞാനികളിൽ പെട്ട അബൂ ഹഫ്സ് അൽഹദ്ദാദ്(റ) പറയുന്നു: “സ്വന്തം പ്രവൃത്തികളും ആത്മീയാവസ്ഥകളും എല്ലാസമയത്തും ഖുർആനും സുന്നത്തുംകൊണ്ട് തൂക്കിനോക്കുകയും മനസ്സിലെ തോന്നലുകളെ വിമർശനാത്മകമായി പരിശോധിക്കുകയും ചെയ്യാത്തവനെ ആത്മീയ പക്വതയുള്ളവരുടെ ഗണത്തിൽ ഞങ്ങൾ ഉൾപ്പെടുത്തുന്നില്ല.”

ഈ വാചകത്തിലെ ശ്രദ്ധേയമായ ഭാഗം «وَلَمْ يَتَّهِمْ خَوَاطِرَهُ» എന്നതാണ്. സ്വന്തം ഉള്ളിൽ ഉയരുന്ന പ്രചോദനവും ഉൾബോധവും ആത്മീയമായ തോന്നലും പോലും പരിശോധനയ്ക്കു വിധേയമാണ്. അതു ശക്തമായ അനുഭവമായിരുന്നു എന്നതുകൊണ്ടുമാത്രം സത്യത്തിന്റെ മാനദണ്ഡമാകുന്നില്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, “എനിക്ക് feel ചെയ്തു” എന്നത് മത്തില്‍ തെളിവ് അല്ല. ഒരു അനുഭവത്തെ പരിശോധിക്കാനുള്ള മാനദണ്ഡം അനുഭവത്തിനു പുറത്തുള്ള വഹ്‌യിലാണ്.

ഈ പശ്ചാത്തലത്തിലാണ് തസവ്വുഫിലെ രണ്ടു സാങ്കേതിക പദങ്ങൾ പ്രസക്തമാകുന്നത്: സുക്ർ — السُّكْر, സ്വഹ്‌വ് — الصَّحْو. ആത്മീയാനുഭവത്തിന്റെ ശക്തിയിൽ സാധാരണ ബോധം മറയുന്ന അവസ്ഥയും, ആ അവസ്ഥയ്ക്കുശേഷം ബോധത്തിലേക്കുള്ള തിരിച്ചുവരവുമാണ് ഇവ സൂചിപ്പിക്കുന്നത്. “ഉന്മാദം”, “ഉണർവ്” എന്നിങ്ങനെ മലയാളത്തിൽ അവയെ വിളിക്കാം.

ഈ രണ്ടു പ്രവണതകളെ അബൂയസീദ് അൽബിസ്താമിയുടെയും ഇമാം ജുനൈദിന്റെയും സമീപനങ്ങളുമായി ബന്ധപ്പെടുത്തി അൽഹുജ്‌വീരി തന്റെ കശ്ഫുൽ മഹ്ജൂബ് എന്ന കൃതിയിൽ അവതരിപ്പിക്കുന്നു. ബിസ്താമിയുമായി ബന്ധപ്പെടുത്തി കൈമാറപ്പെട്ട വിവരണങ്ങളിൽ മഹബ്ബത്തിന്റെ തീവ്രതയും ഫനാഇന്റെ അനുഭവവും സ്വയംവിസ്മൃതിയും മുന്നിലെത്തുന്നു. ഇമാം ജുനൈദിന്റെ സമീപനത്തിൽ ആത്മീയാനുഭവത്തിനുശേഷമുള്ള തെളിഞ്ഞ ബോധത്തിനും പക്വതയ്ക്കുമാണ് മുൻഗണന.

അസാധാരണമായ ആത്മീയാവസ്ഥകളിൽ ചില ശൈഖുമാരില്‍നിന്ന് പുറപ്പെട്ടതായി പറയപ്പെടുന്ന വാക്കുകളാണ് ‘ശത്വഹാത്ത്’ എന്ന പേരിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇത്തരം വാക്കുകളുടെ ആധികാരികതയിലും വ്യാഖ്യാനത്തിലും പണ്ഡിതർക്കിടയിൽ വ്യത്യാസങ്ങളുണ്ട്. ചിലർ അവയെ ആ വ്യക്തിയുടെ പ്രത്യേക അവസ്ഥയുടെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുകയും അതിന്റെ പേരിൽ അവരെ കുറിച്ച് വിധിപറയുന്നതിൽ സൂക്ഷ്മത പാലിക്കുകയും ചെയ്തവരാണ് അധികവും. അതേസമയം, സമൂഹത്തെ പഠിപ്പിക്കേണ്ട മാർഗം അറിവും ബോധവും ഉത്തരവാദിത്വവും ശരീഅത്തും അദബും സംരക്ഷിക്കുന്നതായിരിക്കണം.

ഇമാം ജുനൈദിന്റെ സ്വഹ്‌വിന് പ്രാധാന്യം ലഭിക്കുന്നത് ഇവിടെയാണ്. അദ്ദേഹത്തിന്റെ സമീപനത്തിൽ ഫനാഇനോടൊപ്പം ബഖാഉം പ്രസക്തമാണ്. നഫ്സിന്റെ അവകാശവാദങ്ങളും സ്വയംകേന്ദ്രിതത്വവും ക്ഷയിക്കുന്നതോടൊപ്പം, അല്ലാഹുവിന്റെ അടിമയായി കൂടുതൽ തെളിഞ്ഞ ബോധത്തോടെ ജീവിക്കാൻ ‘സാലിക്’ പക്വത നേടുന്നു. ഈ സമീപനത്തിന്റെ പ്രായോഗിക അർഥം, അല്ലാഹുവുമായുള്ള ബന്ധം മനുഷ്യരോടുള്ള ഉത്തരവാദിത്വത്തെ കൂടുതൽ ആഴപ്പെടുത്തണം എന്നതാണ്. കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകളിലും ആ ആത്മീയപരിശീലനത്തിന്റെ ഫലം പ്രകടമാകണം.

ഹുജ്‌വീരി ജുനൈദീ സമീപനത്തെ പിന്തുണച്ചുകൊണ്ട് പറയുന്ന നിർണായകമായ വാചകത്തിന്റെ അർഥം ഇതാണ്: “സുക്റിലുള്ളവന്റെ അവസ്ഥയുടെ പൂർണത സ്വഹ്‌വിലാണ്.”  (The perfection of the state of intoxication is sobriety)

ആത്മീയാനുഭവം ബോധത്തെ മറച്ചുകളഞ്ഞാൽ, അതിന്റെ പക്വത തെളിഞ്ഞ ബോധത്തിലേക്കുള്ള തിരിച്ചുവരവിലാണ് എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. അതോടൊപ്പം മറ്റൊരു സൂക്ഷ്മതയും ഹുജ്‌വീരി ചൂണ്ടിക്കാണിക്കുന്നു: അശ്രദ്ധമായ സ്വഹ്‌വും മഹബ്ബത്തോടെയുള്ള സ്വഹ്‌വും ഒരുപോലെയല്ല. ഇവിടെ ഉയർത്തിപ്പിടിക്കുന്ന ഉണർവ്, അല്ലാഹുവിനെ മറന്നുകൊണ്ടുള്ള സാധാരണ ജീവിതബോധമല്ല; മഹബ്ബത്തോടൊപ്പം നിലനിൽക്കുന്ന തെളിഞ്ഞ ബോധമാണ്.

ഇമാം ജുനൈദിന്റെ വഴിക്ക് മുൻഗണന നൽകുന്നത് ബിസ്താമിയുടെ ആത്മീയ മഹത്വത്തെ നിഷേധിക്കുന്നതല്ല. പൊതുവായ തർബിയ്യത്തിനും സാധാരണ വിശ്വാസിയുടെ സുലൂക്കിനും ഏത് സമീപനമാണ് മാതൃകയാക്കേണ്ടത് എന്നതാണ് ചർച്ച. അനുഭവത്തെ ഖുർആനും സുന്നത്തുംകൊണ്ട് പരിശോധിക്കുകയും മഹബ്ബത്ത് ഉബൂദിയ്യത്തിൽ പ്രകടമാവുകയും ചെയ്യുന്ന ജുനൈദീ സമീപനമാണ് ഇവിടെ കൂടുതൽ വ്യക്തമായ മാർഗദർശനം നൽകുന്നത്.

സൂഫി കവിതയിലെ സൗന്ദര്യം ആസ്വദിക്കാം. റൂമിയെയും ഇബ്നുൽ ഫാരിദിനെയും വായിക്കാം. സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും ചരിത്രം പഠിക്കാം. മനുഷ്യസ്നേഹം, സഹിഷ്ണുത, കരുണ, സൗന്ദര്യബോധം — ഇവയെല്ലാം വിലപ്പെട്ടതാണ്. എന്നാൽ ഈ കവിതകളെ അവ രൂപപ്പെട്ട വിശ്വാസലോകത്തിൽനിന്ന് വേർപെടുത്തി വായിക്കുമ്പോൾ അവയുടെ അർഥവും മാറിപ്പോകും. ഖുർആനെ മാറ്റിനിർത്തി റൂമിയെ മാത്രം സ്വീകരിച്ചാൽ റൂമിയുടെ ആത്മീയലോകം തന്നെ മാറിപ്പോകും. ‘ഉബൂദിയ്യത്ത്’ ഒഴിവാക്കി ദൈവികപ്രണയം മാത്രം എടുത്താൽ സൂഫി മഹബ്ബത്തിന്റെ ഉള്ളടക്കം മാറും. നബി(സ്വ) യെ പിന്തുടരുന്നതിനെ അപ്രസക്തമാക്കി മതാതീത ആത്മീയത മാത്രം മുന്നോട്ടുവെച്ചാൽ അതുമായി ഇസ്‍ലാമിന് ഒരു ബന്ധവുമുണ്ടാകില്ല. അവസാനം കവിതയും സംഗീതവും പ്രണയഭാഷയും മാത്രം ബാക്കിയാവും.

അതേസമയം, സൂഫിസത്തിന്റെ പേരിൽ നടക്കുന്ന ചില അതിരുകടക്കലുകൾ കണ്ടിട്ട് ജുനൈദ്‌ അൽബഗ്ദാദി, സരി അൽസഖതി, ഹാരിസ് അൽമുഹാസിബി, അബൂ സുലൈമാൻ അൽദാറാനി, അബൂ ഹഫ്സ് അൽഹദ്ദാദ് തുടങ്ങിയ ആദ്യകാല സൂഫികളുടെ പാരമ്പര്യം മുഴുവനായി തള്ളിക്കളയുന്നതും ഇസ്‌ലാമിക ബൗദ്ധികചരിത്രത്തോട് നീതി പുലര്‍ത്തുന്നതല്ല. ഓരോ വാദത്തെയും ആചാരത്തെയും അതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം. അതോടൊപ്പം ഹൃദയശുദ്ധീകരണത്തിനായി ഈ പണ്ഡിതർ നൽകിയ സംഭാവനകളും പഠിക്കണം.

ഹൃദയം എങ്ങനെ അല്ലാഹുവിനായി ശുദ്ധമാക്കാം? രിയാഅ് എങ്ങനെ നീക്കാം? കിബ്ർ എങ്ങനെ നിയന്ത്രിക്കാം? നഫ്സിനെ എങ്ങനെ പരിശീലിപ്പിക്കാം? ദിക്റിന് എങ്ങനെ ജീവൻ നൽകാം? ഇബാദത്തിൽ ഇഹ്സാൻ എങ്ങനെ കൈവരിക്കാം? ഇവയായിരുന്നു അവരുടെ അന്വേഷണങ്ങൾ. ഖുർആൻ പഠിപ്പിക്കുന്ന തസ്കിയത്തിനും ഹദീസ് വിശദീകരിക്കുന്ന ഇഹ്സാനിനും അവർ പരിശീലനത്തിന്റെ ഭാഷ നൽകി. ആത്മീയാനുഭവത്തിന്റെ മൂല്യം അതിന്റെ തീവ്രതകൊണ്ടുമാത്രം അളക്കാനാവില്ല. ആ അനുഭവം ഒരാളെ കൂടുതൽ വിനയമുള്ളവനാക്കുന്നുണ്ടോ, ഇബാദത്തിൽ കൂടുതൽ ആത്മാർഥതയുള്ളവനാക്കുന്നുണ്ടോ, മനുഷ്യരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രതയുള്ളവനാക്കുന്നുണ്ടോ എന്നത് കൂടി പരിശോധിക്കുമ്പോഴേ ഇതിലെ നെല്ലും പതിരും തിരിക്കാനാവൂ.

നമ്മുടെ മുന്നിലുള്ള പരിപൂർണ മാതൃക റസൂൽ(സ്വ)യാണ്. പ്രവാചക മാതൃകയുടെ പരിപൂർണത, ബോധം നഷ്ടപ്പെട്ട ഒരു ecstasy ആയിരുന്നില്ല. ഏറ്റവും ഉയർന്ന ആത്മീയ സമീപ്യതയ്ക്കിടയിലും റസൂൽ(സ്വ) ഉമ്മത്തിനെ പഠിപ്പിച്ചു, കുടുംബത്തെ പരിചരിച്ചു, വിധിന്യായം നടത്തി, ഉടമ്പടികൾ ചെയ്തു, യുദ്ധവും സമാധാനവും നിയന്ത്രിച്ചു, രാത്രിയിൽ കരഞ്ഞുകരഞ്ഞ് നിന്ന് നിസ്കരിക്കുകയും പകൽ മനുഷ്യർക്കിടയിൽ ഉത്തരവാദിത്തത്തോടെ ജീവിക്കുകയും ചെയ്തു.  പ്രവാചകത്വം അടയാളപ്പെടുത്തിയത് ‘ഉബൂദിയ്യത്തിന്റെ’ ആഴമേറിയ ബോധവും ബോധ്യവുമാണ്.  ആ ബോധ്യമാണ് ഹൃദയത്തിൽ തെളിച്ചം നൽകുന്നത്. ആ തെളിച്ചമാകണം ആത്മീയതയുടെ വെളിച്ചമായി മാറേണ്ടത്. നൈമഷിക ആത്മീയലഹരിയിൽ സ്വയം അഭിരമിക്കുമ്പോൾ മതിമറക്കുന്ന ഉന്മാദമല്ല, അതിനെ മറികടക്കുന്ന ബോധാവസ്ഥയാണ് ആത്മീയ ഉന്നതിയുടെ ഉദാത്തരൂപമായ ഉണർവ് എന്ന് ചുരുക്കം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter