ഖുബ്ബതുസ്വഖ്റ പുഞ്ചിരി തൂകിയ ദിനം

അധികാരം കൈകളിലെത്തിയത് മുതലേ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സ്വപ്നം ബൈതുല്‍മഖ്ദിസിന്റെ മോചനമായിരുന്നു. പരിസരപ്രദേശങ്ങളിലെ മുസ്‍ലിം അധികാരികളായിരുന്നു പലപ്പോഴും ആ വഴിയില്‍ തടസ്സം സൃഷ്ടിച്ചത്. തങ്ങളുടെ അധികാരം സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും കുരിശ് സൈന്യവുമായി സന്ധികളിലേര്‍പ്പെടാന്‍ വരെ അവര്‍ തയ്യാറായി. അത് കൊണ്ട് തന്നെ, അവരെയെല്ലാം ഒതുക്കുന്നതിനായി ഏറെ വര്‍ഷങ്ങള്‍ അയ്യൂബിക്ക് ചെലവിടേണ്ടിവന്നു. അവസാനം ഏറെക്കുറെ ഭീഷണികളെല്ലാം അടങ്ങി എന്ന് മനസ്സിലാക്കിയതും അയ്യൂബി ഖുദ്സ് ലക്ഷ്യമാക്കി നീങ്ങി.

1187 സെപ്റ്റംബര്‍ 20 (ഹിജ്റ 583 റജബ് 15), ഞായറാഴ്ചയായിരുന്നു അയ്യൂബി ഖുദ്സിലെത്തിയത്. ഖുദ്സിനോട് ചേര്‍ന്നുള്ള സല്‍വാന്‍ അരുവിയുടെ ഭാഗത്തിലൂടെയാണ് അവര്‍ ഖുദ്സിലേക്ക് പ്രവേശിച്ചത്. ശുദ്ധ ജലം വേണ്ടത്ര ലഭ്യമാകുന്ന ഭാഗമായിരുന്നു അത് എന്നതിനാലാണ് അയ്യൂബി ആ ഭാഗം തെരഞ്ഞെടുത്തത്. അഥവാ, പ്രതീക്ഷിച്ചതിലപ്പുറം ചെറുത്ത് നില്‍പ്പുകളോ യുദ്ധമോ വേണ്ടിവന്നാല്‍ കുടിവെള്ളത്തിന് ക്ഷാമമുണ്ടാവരുതെന്നായിരുന്നു അതിന്റെ പിന്നിലുള്ള ലക്ഷ്യം. 

ഖുദ്സിലെത്തിയ അയ്യൂബിയുടെ മനോമുകുരത്തിലേക്ക് ഇസ്‍ലാമിക ചരിത്രത്തിലെ പഴയ താളുകള്‍ ഓരോന്നോരോന്നായി കടന്നുവന്നു. മിഅ്റാജ് രാത്രിയില്‍ പ്രവാചകര്‍ ആദ്യമെത്തിയത് ഇവിടെയായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അയ്യൂബിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ശേഷം, ഖുദ്സിന്റെ ഒന്നാം വിമോചകനായ രണ്ടാം ഖലീഫ ഉമര്‍(റ)വും അദ്ദേഹത്തിന്റെ ഓര്‍മ്മകളിലേക്ക് കടന്നുവന്നു. ഇപ്പോഴിതാ, രണ്ടാം വിമോചകനാവാനുള്ള അവസരം അല്ലാഹു തന്റെ മുന്നിലെത്തിച്ചിരിക്കുന്നു. ഇത്രയേറെ പരിശുദ്ധമായ ഈ ഭൂമിക, ഒരു തുള്ളി രക്തം പോലും ചിന്താതെ മോചിപ്പിക്കാനായെങ്കിലെന്ന് അയ്യൂബി വല്ലാതെ ആഗ്രഹിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം ഖുദ്സ് നിവാസികള്‍ക്ക് ഒരു കത്തെഴുതി. അത് ഇങ്ങനെയായിരുന്നു. 
ഖുദ്സ് നിവാസികളേ, ഞങ്ങള്‍ മുസ്‍ലിംകള്‍ക്ക് ഏറ്റവും പരിശുദ്ധമായ സ്ഥലങ്ങളില്‍ ഒന്നാണ് ഈ പ്രദേശം. വിശുദ്ധി എന്നര്‍ത്ഥം വരുന്ന ഖുദ്സ് എന്നാണ് ഞങ്ങളിതിനെ വിളിക്കുന്നത് തന്നെ. നിങ്ങളേക്കാളേറെ ഞങ്ങളിതിനെ ആദരിക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ് അത്. ഈ പ്രദേശത്തിനോ ഇവിടെ താമസിക്കുന്നവര്‍ക്കോ യാതൊരു പ്രയാസവും ഉണ്ടാവരുതെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അത് കൊണ്ട്, ഒരു ഏറ്റുമുട്ടലിന് അവസരമുണ്ടാക്കാതെ നിങ്ങള്‍ കീഴടങ്ങണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എങ്കില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം തരാമെന്ന് ഞാന്‍ ഇതിനാല്‍ ഉറപ്പ് നല്കുന്നു. അതിന് നിങ്ങള്‍ തയ്യാറാവാത്ത പക്ഷം, എന്റെ മുന്നില്‍ യുദ്ധമല്ലാതെ വേറെ മാര്‍ഗ്ഗങ്ങളുണ്ടാവില്ല. ഞങ്ങളുടെ ആദ്യ ഖിബ്‍ലയായ ഈ പള്ളിയും അതുള്‍ക്കൊള്ളുന്ന പ്രദേശവും മോചിപ്പിക്കാതെ മടങ്ങാന്‍ ഞാന്‍ ഒരുക്കവുമല്ല.

ശേഷം, ഖുദ്സ് പട്ടണത്തെ നാല് ഭാഗത്ത് നിന്നും വൃത്താകൃതിയില്‍ ഉപരോധിക്കാന്‍ അയ്യൂബി സൈന്യത്തിന് നിര്‍ദ്ദേശം നല്കി. അടുത്ത ദിവസം വെള്ളിയാഴ്ച നേരം വെളുത്തപ്പോഴേക്കും ഖുദ്സ് പട്ടണം അയ്യൂബിയുടെ സൈന്യത്തിന്റെ ഉപരോധത്തിന് കീഴിലായിക്കഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള മലയിലായിരുന്നു അയ്യൂബിയും സൈന്യവും അന്ന് ജുമുഅ നിര്‍വ്വഹിച്ചത്. നിസ്കാരം കഴിഞ്ഞ് അല്ലാഹുവിനോട് ദുആ ചെയ്ത് അവര്‍ ഖുദ്സിലേക്ക് നീങ്ങി.

അപ്പോഴും, രക്തച്ചൊരിച്ചിലുകളൊന്നുമില്ലാതെ ഖുദ്സ് തിരിച്ച് പിടിക്കണമെന്ന് തന്നെയായിരുന്നു അയ്യൂബി ആഗ്രഹിച്ചത്. ഖുദ്സില്‍ ബന്ദികളായി കഴിയുന്ന മുസ്‍ലിംകളുടെ കാര്യം എന്താവും എന്ന ആശങ്കയും അയ്യൂബിക്ക് ഉണ്ടായിരുന്നു. വിവിധ യുദ്ധങ്ങളിലും ആക്രമണങ്ങളിലുമായി കുരിശ് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ധാരാളം മുസ്‍ലിംകളെ അവിടെയാണ് പാര്‍പ്പിച്ചിരുന്നത്.

അദ്ദേഹം അവസാനമായി, ഖുദ്സ് രാജാവായ ബാലിയാന് ഒരിക്കല്‍ കൂടി സന്ദേശം അയച്ച്, ചെറുത്ത് നില്‍ക്കാതെ ഖുദ്സ് തങ്ങളെ ഏല്‍പിക്കുന്ന പക്ഷം പൂര്‍ണ്ണമായ സുരക്ഷിതത്വം നല്കാമെന്ന് ഉറപ്പ് കൊടുത്തു. പക്ഷെ, ആ ഉറപ്പില്‍ വിശ്വാസം വരാത്തത് കൊണ്ടാവാം ബാലിയാന്‍ അത് സമ്മതിച്ചില്ല. ഖുദ്സ് ക്രിസ്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് വന്ന സമയത്ത് അവിടെയുണ്ടായിരുന്ന മുസ്‍ലിംകളോട് തങ്ങളുടെ സൈന്യം ചെയ്ത കൊടും ക്രൂരതകള്‍ അദ്ദേഹം പോലും മറന്നിരുന്നില്ല. അത് കൊണ്ട് തന്നെ, അത്രയും ചെയ്ത തങ്ങള്‍ക്ക് മാപ്പ് തരാന്‍ അയ്യൂബിക്ക് സാധിക്കുമോ എന്ന് അദ്ദേഹത്തിന് സംശയം തോന്നിയതും ആ ഉറപ്പുകളില്‍ വിശ്വാസം വരാതിരുന്നതും സ്വാഭാവികം മാത്രം. അദ്ദേഹം യുദ്ധം ചെയ്യാന്‍ തന്നെ തീരുമാനിക്കുകയും പതിനാല് ദിവസം അത് നീണ്ടുനില്‍ക്കുകയും ചെയ്തു. 

അതോടെ അയ്യൂബി മറ്റൊരു വഴിയെ കുറിച്ച് ആലോചിച്ചു. ഓര്‍തഡോക്സ് വിശുദ്ധനായ യൂസുഫ് അല്‍ബതീതിനെ അയ്യൂബി ഡമസ്കസില്‍നിന്ന് ആളയച്ച് വരുത്തി. ക്രിസ്ത്യാനിയായിരുന്നെങ്കിലും മുസ്‍ലിംകളോടും സ്വലാഹുദ്ദീന്‍ അയ്യൂബിയോടും വളരെ നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഒരു പറങ്കി വംശജനായിരുന്നു അദ്ദേഹം. നൂറുദ്ദീന്‍ സങ്കിയുടെ കൂടെ സേവനം ചെയ്ത കാലത്ത് അയ്യൂബിയുടെ പിതാവ് മുതല്‍ തുടങ്ങിയതായിരുന്നു ആ ബന്ധം. ശേഷം അയ്യൂബി ഈജിപ്ത് കീഴടക്കിയപ്പോള്‍ അദ്ദേഹം അങ്ങോട്ട് പോവുകയും പല കാര്യങ്ങളിലും അദ്ദേഹം അയ്യൂബിയെ സഹായിക്കുകയും ചെയ്തിരുന്നു. ഏല്‍പിക്കപ്പെട്ട കാര്യങ്ങള്‍ വളരെ ആത്മാര്‍ത്ഥതയോടെ ചെയ്തിരുന്ന അദ്ദേഹത്തെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. അയ്യൂബിയുടെ സഹോദരന്‍ അബൂബക്റ് കൈറോയില്‍ ഖലീഫയുടെ കൊട്ടാരത്തില്‍തന്നെ അദ്ദേഹത്തിന് താമസസൌകര്യം പോലും ഒരുക്കിക്കൊടുത്തിരുന്നു. 

പറങ്കികളായ ചില നേതാക്കളുമായി കത്തിടപാട് നടത്തുകയായിരുന്നു ഇപ്പോള്‍ അയ്യൂബി അദ്ദേഹത്തെ അങ്ങോട്ട് വരുത്തിയതിന്റെ ലക്ഷ്യം.  അവരുടെ നിയന്ത്രണത്തിലാണല്ലോ ഇപ്പോള്‍ ഖുദ്സിന്റെ നിയന്ത്രണം. പറങ്കികളുടെ നാടിനെ കുറിച്ചും അവിടത്തെ രാഷ്ട്രീയ-സാമുദായിക-മത വിഭാഗീയതകളെ കുറിച്ചും നന്നായി അറിയുന്ന ആളായിരുന്നു യൂസുഫ് അല്‍ബതീത്. അതോടൊപ്പം, പ്രമുഖ സൈന്യാധിപരെയും അവരുടെ ചിന്താരീതികളുമെല്ലാം അദ്ദേഹത്തിന് ഏറെ പരിചിതമായിരുന്നു. അറബികളും റോമക്കാരുമായ ഓര്‍ത്തഡോക്സുകാരെ കൂട്ട് പിടിക്കുകയായിരുന്നു അയ്യൂബിയുടെ ലക്ഷ്യം. പൊതുവെ പറങ്കി ആധിപത്യത്തോട് യോജിപ്പില്ലാത്തവരായിരുന്നു അവര്‍. 

അത് പ്രകാരം, അദ്ദേഹം അവരുമായി കത്തിടപാടുകള്‍ നടത്തി. പറങ്കികളെ സഹായിക്കാതെ, അയ്യൂബിയുടെ കൂടെ നിന്നാല്‍, നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും നല്കാമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് കൊടുത്തു. പറങ്കികളുടെ ആധിപത്യം ഇല്ലാതാവണമെന്ന് അവരും ആഗ്രഹിച്ചിരുന്നതിനാല്‍ അനൂകൂലമായാണ് അവരെല്ലാം അയ്യൂബിയുടെ കത്തിനോട് പ്രതികരിച്ചത്. അതോടെ, പുറത്ത് നിന്ന് സഹായം വരുമെന്ന ബാലിയാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

പറങ്കിസൈന്യം മുസ്‍ലിംകള്‍ക്ക് ഒട്ടേറെ ദ്രോഹം ചെയ്തവരാണെന്നതിനാല്‍ അവര്‍ക്ക് മാപ്പ് നല്കുന്ന പ്രശ്നമില്ലെന്നും അയ്യൂബി തുറന്ന് പറഞ്ഞിരുന്നു. തങ്ങള്‍ക്ക് മാപ്പ് നല്കാതെ വധിച്ചുകളയാനാണ് തീരുമാനമെങ്കില്‍, ഖുദ്സില്‍ തങ്ങളുടെ ബന്ദികളായി കഴിയുന്ന മുഴുവന്‍ മുസ്‍ലിംകളെയും കൊല്ലുമെന്നും ഖുബ്ബതുസ്വഖ്റയും ഖിബ്‍ലാ പള്ളിയുമടക്കം ഖുദ്സിലെ ഇസ്‍ലാമിക വിശുദ്ധ കേന്ദ്രങ്ങളെല്ലാം തകര്‍ക്കുമെന്നും ബാലിയാനും ഭീഷണിപ്പെടുത്തി. 

ഖുദ്സിലെ വിശുദ്ധ കേന്ദ്രങ്ങളുടെയും അവിടെയുള്ള ബന്ദികളായ മുസ്‍ലിംകളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തി വേണം ഖുദ്സ് കീഴടക്കാന്‍ എന്ന് അയ്യൂബിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇനി എന്ത് വേണമെന്ന് അദ്ദേഹം തന്റെ സന്തത സഹചാരികളോട് ചര്‍ച്ച ചെയ്തു. അവസാനം ബാലിയാന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തന്നെ തീരുമാനിച്ചു. നിശ്ചിതമായ ഒരു തുക മോചനമൂല്യമായി നല്കിയാല്‍ ഖുദ്സിലുള്ള മുഴുവന്‍ ക്രിസ്തീയരെയും സ്വതന്ത്രരായി വിടാമെന്ന് ധാരണയായി. പുരുഷന്മാര്‍ പത്ത് ദീനാര്‍ വീതവും സ്ത്രീകള്‍ അഞ്ച് ദീനാര്‍ വീതവും കുട്ടികള്‍ രണ്ട് ദീനാര്‍ വീതവും നല്കണമെന്നായിരുന്നു വ്യവസ്ഥ. അത് അടക്കുന്നതോടെ, അവരുടെ മറ്റ് സ്വകാര്യ സമ്പാദ്യങ്ങളെല്ലാം എടുത്ത് സുരക്ഷിതരായി ഖുദ്സില്‍നിന്ന് പോവാമെന്ന് പ്രഖ്യാപിക്കുകയും അതിനായി നാല്പത് ദിവസത്തെ കാലാവധി അനുവദിച്ച് കൊടുക്കുകയും ചെയ്തു. ആ വ്യവസ്ഥയില്‍ ബാലിയാന്‍ ഖുദ്സിന്റെ നിയന്ത്രണം അയ്യൂബിക്ക് കൈമാറി.

ഹിജ്റ 583, റജബ് 27 (1187, ഒക്ടോബര്‍ 2), വെള്ളിയാഴ്ച. അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും നഷ്ടനാളുകള്‍ വീണ്ടെടുത്ത് അയ്യൂബി ഇസ്‍ലാമികചരിത്രത്തിലേക്ക് പുതിയ തങ്കത്താളുകള്‍ കൂട്ടിച്ചേര്‍ത്തത് അന്നായിരുന്നു. പ്രവാചകര്‍(സ്വ) ഇസ്‍റാഅ്-മിഅ്റാജ് യാത്രകളുടെ ഭാഗമായി ഖുദ്സിലെത്തിയ അതേ ദിവസം അയ്യൂബിയും ബൈതുല്‍മുഖദ്ദസിലേക്ക് പ്രവേശിച്ചു. അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി അദ്ദഹം സുജൂദില്‍ വീണു. ആ കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു, കൂടെയുള്ളവര്‍ക്കും സന്തോഷക്കണ്ണീര്‍ പിടിച്ചുനിര്‍ത്താനായില്ല. 

ഖുദ്സ് അയ്യൂബിയുടെ കൈകളിലായ വേളയില്‍ അദ്ദേഹം ക്രിസ്തീയരോട് സ്വീകരിച്ച സമീപനം ഇന്നും ചരിത്രത്തിലെ പുളകിത രംഗങ്ങളാണ്. അംഗീകരിക്കപ്പെട്ട നിബന്ധനകള്‍ പ്രകാരം, ഭൂരിഭാഗ പേരും പറഞ്ഞ സമയത്തിനകം തന്നെ മോചനമൂല്യം നല്കി ക്രിസ്ത്യന്‍ നാടുകളിലേക്ക് യാത്രയായി. തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം എടുത്തായിരുന്നു അവരൊക്കെ പോയത്. അയ്യൂബി ഒന്നും പിടിച്ചുവെക്കുകയോ ആരെയും ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്ന് മാത്രമല്ല, എല്ലാവര്‍ക്കും സുരക്ഷിതമായി പുറത്ത് പോവാനുള്ള സൌകര്യങ്ങളും ആവശ്യമായ സുരക്ഷയും നല്കുക കൂടി അദ്ദേഹം ചെയ്തു. ചിലര്‍ പ്രായമായ മാതാപിതാക്കളെയും അസുഖബാധിതരായ മക്കളെയുമെല്ലാം ചുമന്നായിരുന്നു പുറപ്പെട്ടത്. ഇത് കണ്ട് അലിവ് തോന്നിയ അയ്യൂബി തന്റെ സൈനികരോട് അത്തരക്കാര്‍ക്ക് ആവശ്യമായ വാഹനം ഒരുക്കിക്കൊടുക്കാന്‍ വരെ ആവശ്യപ്പെട്ടു. കണക്കില്ലാത്ത തന്റെ സമ്പാദ്യവുമായി ഖുദ്സ് വിട്ട് പോകുകയായിരുന്ന പാട്രിയാര്‍ക്കിന് പൂര്‍ണ്ണ സുരക്ഷിതത്വം നല്കിയതും ലക്ഷ്യസ്ഥാനത്തെത്താന്‍ ആവശ്യമായ സൌകര്യങ്ങളൊരുക്കിയതും ഇതേ വേളയിലായിരുന്നു. 

ചരിത്രം പോലും മൂക്കത്ത് വിരല്‍ വെച്ച നിമിഷം
മോചനദ്രവ്യം നല്കാന്‍ സാധിക്കാതെ ഏതാനും സാധാരണക്കാര്‍ ഖുദ്സില്‍ ബാക്കിയായി. ശിഷ്ടകാലം അയ്യൂബിയുടെയും സൈന്യത്തിന്റെയും അടിമകളായി ഇവിടെ കഴിയേണ്ടിവരുമെന്ന് തന്നെ അവര്‍ ഉറപ്പിച്ചു. കുരിശ് സൈന്യം ഖുദ്സ് കീഴടക്കിയപ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്ന മുസ്‍ലിംകളോട് ചെയ്ത ക്രൂരതകള്‍ അവര്‍ക്കും നന്നായി അറിയുന്നതായിരുന്നല്ലോ. 

എന്നാല്‍ അവരെയെല്ലാം ഒരുമിച്ച് കൂട്ടി അയ്യൂബി ഇങ്ങനെ പറഞ്ഞു, നിങ്ങളും സ്വതന്ത്രരായി പോയിക്കൊള്ളുക. മോചന ദ്രവ്യം അടക്കാന്‍ നിങ്ങളുടെ കൈയ്യില്‍ പണമില്ലാത്തത് കൊണ്ടാണെന്ന് എനിക്കറിയാം. നിങ്ങളോട് യാതൊരു ദ്രോഹവും ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. 

ഇത് കേട്ട അവര്‍ക്ക് അത് വിശ്വസിക്കാവുന്നതിലപ്പുറമായിരുന്നു. അയ്യൂബി നിശ്ചയിച്ച മോചന ദ്രവ്യം നല്കി അവിടെ നിന്ന് രക്ഷപ്പെട്ടവരിലധികവും പോയത് സ്വകാര്യ സ്വത്തുക്കളുടെ കൂമ്പാരവുമായിട്ടായിരുന്നു. തങ്ങളടക്കമുള്ള പൊതുജനങ്ങള്‍ നല്കിയ സംഭാവനകളും പാരിതോഷികങ്ങളും കൊണ്ട് ഒട്ടേറെ സമ്പാദിച്ച് കൂട്ടിയ പാട്രിയാര്‍ക് പോലും അവയെല്ലാം കൂടെ കൊണ്ട് പോയത് ഏറെ പ്രയാസപ്പെട്ടായിരുന്നു. എന്നിട്ട് പോലും അതില്‍നിന്ന് അല്‍പം നല്കി മോചനദ്രവ്യം നല്കാന്‍ സാധിക്കാതെ നില്‍ക്കുന്ന തങ്ങളെ മോചിപ്പിക്കാനോ ശേഷിച്ചവരെ കുറിച്ച് ആലോചിക്കാന്‍ പോലുമോ തയ്യാറായിട്ടില്ലായിരുന്നു. അവിടെയാണ് അയ്യൂബിയുടെ ഈ മഹാമനസ്കതയും ഉദാരസമീപനവും അവരെ കടാക്ഷിക്കുന്നത്. തങ്ങള്‍ ഈ കേള്‍ക്കുന്നത് സത്യമാണോ എന്ന് പോലും അവര്‍ ഒരു വേള സംശയിച്ചുപോയി. 

മക്കാവിജയ വേളയില്‍, കഅ്ബയുടെ വാതിലില്‍ പിടിച്ചുകൊണ്ട്, നിങ്ങളെല്ലാം സ്വതന്ത്രരാണ്, ആരെയും ഞാന്‍ ആക്ഷേപിക്കുക പോലും ചെയ്യുന്നില്ലെന്ന് പറഞ്ഞ പ്രവാചക പ്രഖ്യാപനത്തിന്റെ മാറ്റൊലി ഒരിക്കല്‍ കൂടി മനുഷ്യചരിത്രം കേള്‍ക്കുകയായിരുന്നു അയ്യൂബിയുടെ ആ വാക്കുകളിലൂടെ. ധര്‍മ്മസമരത്തിന്റെ വ്യക്തമായ ചിത്രം വരച്ച് വെച്ച രോമാഞ്ചജനകമായ അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്നായി അതും ചരിത്രത്തില്‍ ഇടം നേടി.

ജൂതന്മാരായ പ്രദേശവാസികള്‍ക്ക് വേണമെങ്കില്‍ ഖുദ്സിലേക്ക് തിരിച്ച് വരാനും അയ്യൂബി സമ്മതം നല്കി. അസ്ഖലാനില്‍ താമസിച്ചിരുന്ന പല ജൂത കുടുംബങ്ങളും ഖുദ്സിലെത്തുന്നത് അങ്ങനെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter