യു.കെ തെരഞ്ഞെടുപ്പിലെ  ഗസ്സ ഇഫക്ട്

14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിനുശേഷം വൻഭൂരിപക്ഷത്തോടെ ബ്രിട്ടണിൽ ലിബറൽ പാർട്ടി അധികാരത്തിൽ വന്നിരിക്കുകയാണ്. 650 ൽ 412 സീറ്റുകൾ നേടി അധികാരം പിടിച്ച ലേബർ പാർട്ടിയുടെ നേതാവായ കിയർ സ്റ്റാർമർ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 373 സീറ്റുകൾ നേടി ഭരണത്തിലേറിയ കൺസർവേറ്റീവ് പാർട്ടി ഇത്തവണ 121 സീറ്റുകളിലൊതുങ്ങി. മുൻതിരഞ്ഞെടുപ്പിൽ വെറും 8 സീറ്റുകളിൽ മാത്രം വിജയിച്ച് വലിയ തിരിച്ചടിയേറ്റ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 72 സീറ്റുകൾ നേടി ഉജ്ജ്വല തിരിച്ച് വരവ് നടത്തി. അതേസമയം തീവ്ര വലതുപക്ഷ പാർട്ടിയായി രംഗത്ത് വന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ മാറ്റുരച്ച റിഫോം യുകെ പാർട്ടി 5 ഉം ഗ്രീൻ പാർട്ടി 4 ഉം സീറ്റുകൾ നേടിയിട്ടുണ്ട്. ലേബർ പാർട്ടി നേതാവ് കിയർ സ്റ്റാർമറിന്റെ ഇസ്രായേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിക്കെതിരെ ഗസ്സ അനുകൂല നിലപാടുകളുമായി മത്സരിച്ച 5 സ്വതന്ത്രരും ഹൗസ് ഓഫ് കോമൺസിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

ഗസ്സക്ക് വേണ്ടി തെരഞ്ഞെടുപ്പ് പോരാട്ടം

ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധ റാലികൾ നടന്ന നഗരങ്ങളിലൊന്നാണ് ബ്രിട്ടണ്‍ തലസ്ഥാനമായ ലണ്ടൻ. ഈ റാലികളെല്ലാം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. എന്നാൽ ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഭരണകൂടവും കിയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും ഇസ്രായേലിന്റെ കിരാത നടപടികൾക്ക് പച്ചക്കൊടി കാണിക്കുന്ന തിരക്കിലായിരുന്നു. ഋഷി സുനക് ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന പടിഞ്ഞാറിന്റെ പല്ലവി ആവർത്തിച്ചപ്പോൾ ഗസ്സയിലെ 20 ലക്ഷം മനുഷ്യർക്കുള്ള ജല വൈദ്യുതി ബന്ധം വിഛേദിക്കുന്നതിൽ ഇസ്രായേലിനെ തെറ്റ് പറയാനാവില്ലെന്നായിരുന്നു കിയർ സ്റ്റാർമറുടെ നിലപാട്. ഇതിൽ ലേബർ പാർട്ടി നേതാവായ കിയർ സ്റ്റാർമർക്ക് എതിരെയായിരുന്നു കൂടുതൽ വിമർശനം. ഇടതുപക്ഷ തൊഴിലാളി പാർട്ടിയായ ലേബറിന്റെ നേതൃ സ്ഥാനത്തിരുന്ന് വലത് പക്ഷത്തിന് വീടുപണി ചെയ്യുന്ന സ്റ്റാർമറുടെ നിലപാടുകൾക്കെതിരെ പാർട്ടിയിൽ വലിയ എതിർപ്പിന്റെ സ്വരമുയർന്നു. 

ഇതിനിടെയുണ്ടായ റോച്ച്ഡേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വർക്കേഴ്സ് പാർട്ടി നേതാവും കടുത്ത ഇസ്രായേൽ വിമർശകനുമായ ജോർജ് ഗാലവേ വിജയിച്ചതും തന്റെ വിജയം ഗസ്സയിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം സമർപ്പിച്ചതും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് കിയർ സ്റ്റാർമറുടെ സയണിസ്റ്റ് അനുകൂല നിലപാട് വിനയാകുമെന്ന പ്രതീതി സൃഷ്ടിച്ചു. ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ പക്ഷേ ഗാലവേക്ക് അതേ വിജയം നിലനിർത്താൻ സാധിച്ചില്ല. എന്നാൽ ഫലസ്തീൻ വിഷയം ഉയർത്തി സ്വതന്ത്രരായി മൽസരിച്ച 5 പ്രമുഖ സ്ഥാനാർത്ഥികൾ ലേബർ സ്ഥാനാർത്ഥികളെ അട്ടിമറിച്ചത് കാണാതെ പോവാനുമാവില്ല. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ നയിച്ച കടുത്ത ഇസ്രായേൽ വിരുദ്ധനായ ജെറമി കോർബിനാണ് ഈ പേരുകളിൽ ശ്രദ്ധേയൻ. 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 32.2% വോട്ടുകളോടെ 202 സീറ്റുകൾ നേടിയെങ്കിലും കൺസർവേറ്റീവ് പാർട്ടി 43.6% വോട്ട് വിഹിതത്തോടെ അധികാരത്തിൽ എത്തിയതിനെ തുടർന്ന് അദ്ദേഹം പാർട്ടി നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. താൻ സ്വീകരിച്ച സയണിസ്റ്റ് വിരുദ്ധ നിലപാടുകളെ സെമിറ്റിക് വിരുദ്ധതയായി പ്രഖ്യാപിച്ച് 2020 ൽ തന്നെ പുറത്താക്കിയ ലേബർ പാർട്ടിയോടുള്ള മധുര പ്രതികാരമായി മാറി അയലിംഗ്ടൺ നോർത്തിലെ കോർബിന്റെ ഉജ്ജ്വല വിജയം. തന്റെ മുൻ നേതാവിനെ പരാജയപ്പെടുത്താനും അദ്ദേഹത്തിന്റെ പാർലമെന്റ് രാഷ്ട്രീയം അവസാനിപ്പിക്കാനും സ്റ്റാർമർ ശ്രമം നടത്തിയെങ്കിലും 7000 വോട്ടുകൾക്കായിരുന്നു കോർബിൻ ലേബർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗസ്സ അനുകൂല നിലപാട് സ്വീകരിച്ച 5 സ്വതന്ത്ര സ്ഥാനാർത്ഥികൾ സമാന നിലപാട് സ്വീകരിച്ച ഗ്രീൻ പാർട്ടിയോടൊപ്പം ചേർന്ന് ഗസ്സ വിഷയത്തിൽ മുന്നോട്ടുപോകുമെന്ന് കോർബിൻ വ്യക്തമാക്കിയതോടെ ഗസ്സ വിഷയം വരും ദിവസങ്ങളിലും ബ്രിട്ടീഷ് പാർലമെന്റിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഫലസ്തീൻ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിയ മറ്റൊരു വ്യക്തിയാണ് ലെസ്റ്റർ സൗത്തിൽ നിന്നും വിജയിച്ച ഷൗക്കത്ത് ആദം. 1000 വോട്ട് ഭൂരിപക്ഷത്തിൽ ലേബർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ ലെസ്റ്ററിലെ പ്രമുഖ ദന്തഡോക്ടറായ ഷൗകത്, ഫലസ്തീനീ കഫിയ ധരിച്ചു കൊണ്ട് തന്റെ വിജയം ഗസ്സയിലെ ജനതക്ക് വേണ്ടിയുള്ളതാണെന്ന് പ്രഖ്യാപിച്ചിരുന്നു. മുമ്പ് ലേബർ പാർട്ടിയോട് കൂടുതൽ അടുപ്പം പുലർത്തിയിരുന്ന ഷൗക്കത്ത് ഫലസ്തീൻ വിഷയത്തിൽ കൃത്യമായ പിന്തുണ നൽകാത്തതിന്റെ പേരിൽ പാർട്ടിയുമായി അകലുകയായിരുന്നു. തന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഗസ്സയിലെ അക്രമങ്ങളെ വംശീയ ഉന്മൂലനമായി വിശേഷിപ്പിക്കുന്ന അദ്ദേഹം ലോകസമാധാനത്തിനുവേണ്ടി നിലയിറപ്പിക്കുമെന്നും പറയുന്നുണ്ട്.

ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേൺ നോർത്തിൽ നിന്നും ജയിച്ച അദ്നാൻ ഹുസൈൻ ആണ് മറ്റൊരാൾ. 10,518 വോട്ടുകൾ നേടിയ അദ്ദേഹം 132 വോട്ട് ഭൂരിപക്ഷത്തിൽ ലേബർ പാർട്ടിയുടെ കെയ്റ്റ് ഹൊളേറിനെയാണ് പരാജയപ്പെടുത്തിയത്. ഈ മണ്ഡലത്തിൽ ഫലസ്തീൻ അനുകൂല പാർട്ടിയായ വർക്കേഴ്സ് പാർട്ടി 7015 വോട്ടുകൾ നേടി മൂന്നാമതെത്തി.
മധ്യ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം പെറി ബാർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അയ്യൂബ് ഖാനും ഗസ്സയെ ഹൃദയത്തോട് ചേർത്ത് വെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടയാളാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ലിബറൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി സാധ്യത കൽപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ തെരഞ്ഞെടുപ്പ് കാലത്ത് ഗസ്സയെ കുറിച്ച് മൗനം പാലിക്കണമെന്ന പാർട്ടിയുടെ തിട്ടൂരത്തിന് വഴങ്ങാതെ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹത്തിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം തന്നെയാണ്. 2001 മുതൽ നീണ്ട വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ലേബർ പാർട്ടിയുടെ ഖാലിദ് മഹ്മൂദിനെ 507 വോട്ടുകൾക്കാണ് അയ്യൂബ് ഖാൻ മലർത്തിയടിച്ചത്.

ഡ്യൂസ്ബറി ആൻഡ് ബാറ്റ്‍ലി മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഫലസ്തീനനുകൂല സ്ഥാനാർത്ഥി, ഇഖ്ബാൽ മുഹമ്മദിന്റെ വിജയം ആധികാരികമായിരുന്നു. 6934 വോട്ടുകൾക്കാണ് അദ്ദേഹം എതിരാളിയായ ലേബർ പാർട്ടിയുടെ ഹൈദർ ഇഖ്ബാലിനെ മറികടന്നത്. ഗസ്സയിൽ സുസ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കുന്നതിനായി സമ്മർദ്ദം ചെലുത്തുന്നതിന് താൻ പ്രഥമ പരിഗണന നൽകുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇവർക്ക് പുറമേ ലേബർ പാർട്ടിയോട് കനത്ത മത്സരം കാഴ്ച വെച്ച് ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ട സ്ഥാനാർത്ഥികളുമുണ്ട്. കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് നോർത്തിൽ മത്സരിച്ച ബ്രിട്ടീഷ് ഫലസ്തീനിയായ ലീന മഹ്മൂദ് വെറും 528 വോട്ടുകൾക്കാണ് കടുത്ത ഇസ്രായേൽ അനുകൂലിയും ലേബർ പാർട്ടി നിഴൽ മന്ത്രിസഭയിലെ ഹെൽത്ത് സെക്രട്ടറിയുമായ വെസ് സ്ട്രീറ്റിംഗിനോട് പരാജയപ്പെട്ടത്. ആകെ പോൾ ചെയ്തതിൽ 32.2% അഥവാ 15119 വോട്ടുകളാണ് അവർ നേടിയത്. 2019ൽ 50.5% അഥവാ 25,323 വോട്ടുകൾ നേടി 5218 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച ഈസി വാക്കോവർ മണ്ഡലത്തിൽ ഇത്തവണ വോട്ട് വിഹിതം 33.4% ആയി കൂപ്പുകുത്തി.

ബർമിംഗ്ഹാം യാർഡ്‍ലിയിൽ ലേബർ സ്ഥാനാർഥി വെറും 693 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. വർക്കേർസ് പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് ഇവിടെ 10,582 വോട്ടുകളോടെ രണ്ടാമതെത്തിയത്.

സ്കൈ ടിവി നടത്തിയ തെരഞ്ഞെടുപ്പ് വിശകലനത്തിൽ മുസ്‌ലിം വോട്ടുകൾ ഗണ്യമായി ലേബറിന് നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. മുസ്‌ലിം വോട്ടർമാർ 5-15% ഉള്ള മണ്ഡലങ്ങളിൽ ലേബറിന്റെ വോട്ട് വിഹിതം 1.7% കുറഞ്ഞു. 15%ന് മുകളിൽ മുസ്‌ലിം വോട്ടുകളുള്ള മണ്ഡലങ്ങളിൽ ലേബറിന്റെ നഷ്ടം 14.3 ശതമാനമാണ്. 44.6% വോട്ട് വിഹിതമുണ്ടായിരുന്ന ബ്രാഡ് ഫോർഡ് വെസ്റ്റിൽ അത് 31.6% ആയി മാറി. ഇവിടെ വെറും 707 വോട്ട് ഭൂരിപക്ഷത്തിലാണ് ലേബർ പാര്‍ട്ടി ജയിച്ചത്. ഇങ്ങനെ നിരവധി മണ്ഡലങ്ങളിൽ വോട്ടുകളിലുണ്ടായ ചോർച്ച പാർട്ടിയെ ഇരുത്തിച്ചിന്തിപ്പിക്കാതിരിക്കില്ല.

ഭരണ നേട്ടത്തിലും ലേബർ പാർട്ടിയെ അസ്വസ്ഥമാക്കുന്ന  കണക്കുകൾ

1997ൽ ടോണി ബ്ലയറിന്റെ നേതൃത്വത്തിൽ നേടിയ വിജയം മാറ്റിനിർത്തിയാൽ സമീപകാലത്ത് ലേബർ പാർട്ടി നേടിയ ഏറ്റവും വലിയ വിജയമാണ് ഇത്തവണത്തേത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 326 സീറ്റുകളേക്കാൾ 85 സീറ്റുകൾ അധികം നേടുകയും (മൊത്തം 411 സീറ്റുകൾ) എതിരാളികളായ കൺസർവേറ്റീവ് പാർട്ടിയെ വെറും 121 സീറ്റുകളിൽ ഒതുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വോട്ട് ശതമാനത്തിന്റെ കണക്കിൽ ലേബറിന് ആശ്വസിക്കാൻ വകയില്ല. കാരണം ഇത്തവണ 33.6% വോട്ട് മാത്രമാണ് ലേബർ പാർട്ടി രാജ്യത്തൊന്നാകെ നേടിയത്. കൺസർവേറ്റീവ് പാർട്ടിക്കെതിരെ കനത്ത ഭരണ വിരുദ്ധ വികാരമുണ്ടായിരുന്നിട്ടും 202 സീറ്റുകൾ മാത്രം നേടി പാർട്ടി പരാജയപ്പെട്ട 2019ലെ തെരഞ്ഞെടുപ്പിലെ 32.1% വോട്ട് വിഹിതത്തേക്കാൾ വെറും 1.5% മാത്രമാണ് ഇത്തവണ വർദ്ധിപ്പിച്ചതെന്ന സത്യം അവരെ ഞെട്ടിക്കാതിരിക്കില്ല.

ചുരുക്കിപ്പറഞ്ഞാൽ  ഇത്തവണത്തെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ലേബർ വിജയിച്ചു എന്ന് പറയുന്നതിനേക്കാൾ കൺസർവേറ്റീവ് പാർട്ടി കനത്ത പരാജയം നേരിട്ടു എന്ന് വിലയിരുത്തുന്നതാവും കൂടുതൽ ഉചിതം. 2019 ലെ 43.6%ൽ നിന്ന് വെറും 23.7 ശതമാനമായി അവരുടെ വോട്ട് വിഹിതം കൂപ്പുകുത്തി. അതിനു പിന്നിലെ പ്രധാന കാരണക്കാർ പക്ഷേ ലേബറോ മറ്റു ഇടതുപക്ഷ പാർട്ടികളോ അല്ല, മറിച്ച് തീവ്ര വലതുപക്ഷ ആശയങ്ങൾ മുൻനിർത്തി ആദ്യമായി തെരഞ്ഞെടുപ്പിൽ മാറ്റുരച്ച നൈജൽ ഫരാഗിന്റെ റിഫോം യുകെ എന്ന പാർട്ടിയാണ്. 14 ശതമാനം വോട്ടുകളാണ് ഈ പാർട്ടി യുകെയിൽ നിന്നാകെ വാരിക്കൂട്ടിയത്. കൺസർവേറ്റീവ് പാർട്ടിയിലേക്ക് ഒഴുകേണ്ടിയിരുന്ന വോട്ടുകളാണ് ഇത് മുഴുവൻ. ഈ കണക്ക് സീറ്റുകളുടെ എണ്ണത്തിലേക്ക് മാറ്റി പകർത്തിയാൽ 80 സീറ്റുകളിലാണ് റിഫോം പാർട്ടി സ്ഥാനാർത്ഥികളുടെ സാന്നിധ്യം കൊണ്ട് കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടത്. അതായത് റിഫോം പാർട്ടി മത്സരിച്ചില്ലായിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പിൽ ഗസ്സ അനുകൂല സ്ഥാനാർത്ഥികളുടെ വിജയത്തിന് കൂടുതൽ ദൃശ്യത കൈവന്നേനെ. അടുത്ത തെരഞ്ഞെടുപ്പിൽ റിഫോം പാർട്ടി പിരിച്ചുവിടുകയോ കൺസർവേറ്റീവ് പാർട്ടിക്കൊപ്പം ഒരേ മുന്നണിയിൽ മത്സരിക്കുകയോ ചെയ്താൽ, ലേബർ പാർട്ടിക്ക് വീണ്ടും അധികാരത്തിലെത്താന്‍ ഏറെ വിയര്‍ക്കേണ്ടിവരുമെന്ന സത്യമാണ് ഈ തെരഞ്ഞെടുപ്പ് വിളിച്ചുപറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter