ഇസ്രായേൽ തിരഞ്ഞെടുപ്പും അറബ് രാഷ്ട്രീയത്തിന്റെ തിരിച്ചുവരവും
ഇസ്രായേലിന്റെ 2026-ലെ പൊതുതിരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ നേടിയ മുന്നേറ്റം ലോകത്താകമാനം വാര്ത്തയായിരിക്കുകയാണ്. രാജ്യത്തിന്റെ രാഷ്ട്രീയ അധികാരഘടനയിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രാതിനിധ്യത്തിന്റെ പ്രതിസന്ധിയെ ചോദ്യം ചെയ്യുന്ന ഇടപെടൽ കൂടിയാണ് ഇത്. നെതന്യാഹുവിന്റെ വലതുപക്ഷ മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിൽ അറബ് വോട്ടർമാരുടെയും പാർട്ടികളുടെയും നിലപാട് സർക്കാർ രൂപീകരണത്തിന്റെ ഗതി നിർണയിക്കുന്ന ഘടകമായി മാറിയിരിക്കുന്നതാണ് പുതിയ സാഹചര്യം. ഇതോടെ, 2026 ഒക്ടോബർ 27-ന് നടന്ന ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ അറബ് വോട്ടർമാരിലേക്കും അവരുടെ രാഷ്ട്രീയ പ്രതിനിധികളിലേക്കും തിരിച്ചുവിട്ടിരിക്കുകയാണ്.
ഇത് വരെ ലഭ്യമായ കണക്കുകൾ പ്രകാരം, 120 അംഗങ്ങളുള്ള നെസെറ്റിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നണിക്ക് 53 സീറ്റുകളും ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിക്ക് 48 സീറ്റുകളുമാണ് ലഭിച്ചത്. അറബ് രാഷ്ട്രീയ പാർട്ടികളായ ജോയിന്റ് ലിസ്റ്റും റആമും ചേർന്ന് 19 സീറ്റുകൾ നേടിയതോടെ സർക്കാർ രൂപീകരണത്തിന് ആവശ്യമായ 61 സീറ്റുകളുടെ ഭൂരിപക്ഷം ഒരു മുന്നണിക്കും സ്വന്തമാക്കാനായില്ല. ഇസ്രായേൽ ജനസംഖ്യയുടെ ഏകദേശം 21 ശതമാനം വരുന്ന ഫലസ്തീൻ വംശജരായ പൗരന്മാരുടെ രാഷ്ട്രീയ പങ്കാളിത്തം ഇതോടെ പാർലമെന്ററി അധികാരത്തിൽ നിർണായകമായി മാറിയിരിക്കുന്നു.
റോയിട്ടേഴ്സിന്റെ ഒക്ടോബർ 28-ലെ റിപ്പോർട്ട് അറബ് വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തത്തെ ചരിത്രപരമായ രാഷ്ട്രീയ മുന്നേറ്റമായാണ് വിശേഷിപ്പിക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അറബ് പാർട്ടികളുടെ പ്രാതിനിധ്യം ഏകദേശം ഇരട്ടിയാകുന്ന സാഹചര്യം രൂപപ്പെട്ടതും ശ്രദ്ധേയമാണ്. ബി.ബി.സി.യുടെ തിരഞ്ഞെടുപ്പ് വിശകലനവും അറബ് പാർട്ടികൾക്ക് ലഭിച്ച 19 സീറ്റുകൾ അവരെ സർക്കാർ രൂപീകരണത്തിലെ നിർണായക ശക്തിയാക്കിയേക്കാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
വോട്ടർമാരുടെ രാഷ്ട്രീയബോധം: പ്രതിഷേധവും പ്രാതിനിധ്യവും
അറബ് വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തത്തെ കേവലം തിരഞ്ഞെടുപ്പ് ആവേശമായി വ്യാഖ്യാനിക്കുന്നത് അപൂർണമായിരിക്കും. നെതന്യാഹു സർക്കാരിന്റെ വലതുപക്ഷ നയങ്ങൾ, ഫലസ്തീനികളോടുള്ള ഭരണകൂടത്തിന്റെ സമീപനം, ഗാസയിലെ യുദ്ധം, ഇസ്രായേലിലെ അറബ് പ്രദേശങ്ങളിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, സാമൂഹിക വികസനത്തിനും പൊതുസേവനങ്ങൾക്കുമുള്ള അപര്യാപ്തമായ നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ അറബ് സമൂഹത്തിന്റെ രാഷ്ട്രീയ മുൻഗണനകളെ സ്വാധീനിച്ചിട്ടുണ്ട്. ബി.ബി.സി.യോട് സംസാരിച്ച ജോയിന്റ് ലിസ്റ്റ് നേതാവ് യൂസഫ് ജബാരീൻ, ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻഗ്വിറിന്റെ വംശീയവും പ്രകോപനപരവുമായ രാഷ്ട്രീയ പ്രസ്താവനകൾ അറബ് വോട്ടർമാരെ തിരഞ്ഞെടുപ്പിലേക്ക് സജീവമായി എത്തിച്ച ഘടകങ്ങളിലൊന്നാണെന്ന് വിശദീകരിക്കുന്നു.
റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, അറബ് വോട്ടർമാരുടെ ആവശ്യങ്ങൾ ഗാസയിലെയും ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെയും നിലപാടുകളിൽ ഒതുങ്ങുന്നില്ല. അറബ് പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുക, അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക, വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, സാമൂഹിക സമത്വം ഉറപ്പാക്കുക തുടങ്ങിയ ആഭ്യന്തര ആവശ്യങ്ങളും അവരുടെ രാഷ്ട്രീയ പങ്കാളിത്തത്തിന് പിന്നിലുണ്ട്. അതിനാൽ അറബ് വോട്ടിന്റെ വർധനവിനെ ഇസ്രായേലിന്റെ ആഭ്യന്തര സാമൂഹിക പ്രശ്നങ്ങളോടും ഫലസ്തീൻ രാഷ്ട്രീയത്തോടും ബന്ധപ്പെടുത്തി വായിക്കേണ്ടതുണ്ട്.
ജോയിന്റ് ലിസ്റ്റും റആമും: വ്യത്യസ്ത രാഷ്ട്രീയ സമീപനങ്ങൾ
അറബ് രാഷ്ട്രീയത്തിന്റെ ശക്തി മനസ്സിലാക്കാൻ ജോയിന്റ് ലിസ്റ്റിന്റെയും റആമിന്റെയും രാഷ്ട്രീയ സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസം പരിശോധിക്കേണ്ടതുണ്ട്. യൂസഫ് ജബാരീൻ നേതൃത്വം നൽകുന്ന ജോയിന്റ് ലിസ്റ്റ് അറബ് പൗരന്മാരുടെ കൂട്ടായ രാഷ്ട്രീയ പ്രാതിനിധ്യം, പൗരാവകാശങ്ങൾ, ഫലസ്തീൻ പ്രശ്നം, വംശീയ വിവേചനത്തിനെതിരായ നിലപാടുകൾക്കാണ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നത്. മറുവശത്ത്, മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റആം പ്രായോഗിക പാർലമെന്ററി സഹകരണത്തിലൂടെ അറബ് സമൂഹത്തിന്റെ വികസനാവശ്യങ്ങൾ നേടിയെടുക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
2021-ലെ തിരഞ്ഞെടുപ്പിനുശേഷം നഫ്താലി ബെന്നറ്റിന്റെയും യായർ ലാപിഡിന്റെയും നേതൃത്വത്തിൽ രൂപപ്പെട്ട സർക്കാരിനെ പിന്തുണച്ചതിലൂടെ റആം ഇസ്രായേലിന്റെ ഭരണസഖ്യത്തിൽ പങ്കാളിയായ ആദ്യ സ്വതന്ത്ര അറബ് പാർട്ടിയെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. അറബ് സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി ഭരണകൂടവുമായി നേരിട്ട് ചർച്ച നടത്താൻ കഴിയുമെന്നതാണ് മൻസൂർ അബ്ബാസിന്റെ രാഷ്ട്രീയ സമീപനത്തിന്റെ അടിസ്ഥാനം. എന്നാൽ ഗാസയിലെയും ലെബനാനിലെയും യുദ്ധങ്ങളുമായി ബന്ധപ്പെട്ട നിലപാടുകളും സയണിസ്റ്റ് രാഷ്ട്രീയത്തോടുള്ള സമീപനവും കാരണം ജോയിന്റ് ലിസ്റ്റും റആമും തമ്മിൽ വ്യത്യസ്തമായ രാഷ്ട്രീയ മുൻഗണനകൾ നിലനിൽക്കുന്നു. ഈ വ്യത്യാസങ്ങൾക്കിടയിലും 19 സീറ്റുകളുടെ സംയുക്ത സ്വാധീനം അറബ് രാഷ്ട്രീയത്തെ അവഗണിക്കാൻ കഴിയാത്ത ശക്തിയാക്കി മാറ്റിയിരിക്കുകയാണ്.
കിങ്മേക്കർ രാഷ്ട്രീയം: അറബ് പിന്തുണ തേടുന്ന പ്രതിപക്ഷം
തിരഞ്ഞെടുപ്പിനുശേഷം രൂപപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വൈരുദ്ധ്യം അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിലും അവരെ ഔദ്യോഗിക സഖ്യകക്ഷികളായി അംഗീകരിക്കാൻ പ്രതിപക്ഷത്തിലെ പ്രധാന നേതാക്കൾ മടിക്കുന്നുവെന്നതാണ്. ഐസൻകോട്ടിന്റെ മുന്നണിക്ക് 48 സീറ്റുകളാണുള്ളത്. ജോയിന്റ് ലിസ്റ്റിന്റെയും റആമിന്റെയും 19 സീറ്റുകൾ കൂടി ചേർത്താൽ 67 സീറ്റുകളുള്ള ഭൂരിപക്ഷം സാധ്യമാകും. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അറബ് പാർട്ടികളുമായി ഔപചാരിക സഖ്യത്തിനില്ലെന്ന് ഐസൻകോട്ടും മറ്റു വലതുപക്ഷ പ്രതിപക്ഷ നേതാക്കളും സംശയലേശമന്യേ വ്യക്തമാക്കിയിരുന്നു.
അൽ ജസീറയുടെ ഉറൂബ ജമാലിന്റെ വിശകലനം ഈ സാഹചര്യത്തെ അറബ് പാർട്ടികൾക്ക് ലഭിച്ച രാഷ്ട്രീയ വീറ്റോ ആയാണ് വിശദീകരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും പാർലമെന്റിൽ സീറ്റുകൾ നേടാനും അറബ് പൗരന്മാർക്ക് കഴിയുന്നുണ്ടെങ്കിലും അവരുടെ പ്രതിനിധികൾക്ക് ഭരണകൂടത്തിൽ പങ്കാളികളാകാനുള്ള രാഷ്ട്രീയ അംഗീകാരം ലഭിക്കുന്നതിൽ തടസ്സങ്ങളുണ്ട്. അറബ് പാർട്ടികൾക്ക് ഭരണത്തിൽ പങ്കാളികളാകാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് ഇസ്രായേലിന്റെ ജനാധിപത്യ പ്രാതിനിധ്യത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നു. അതേസമയം, ജോയിന്റ് ലിസ്റ്റ് ഐസൻകോട്ടിന്റെ ന്യൂനപക്ഷ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനുള്ള സാധ്യത തുറന്നുവെച്ചിട്ടുണ്ടെങ്കിലും ഗാസയിലെയും ലെബനാനിലെയും വിഷയങ്ങളിൽ വ്യക്തമായ രാഷ്ട്രീയ ഉറപ്പുകൾ ആവശ്യപ്പെടുന്നുണ്ട്. റആം ഭരണസഖ്യത്തിൽ നേരിട്ട് പങ്കാളിയാകാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്.
ജനാധിപത്യത്തിന്റെ പരിധികൾ: അറബ് രാഷ്ട്രീയത്തിന്റെ ഭാവി
നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി അറബ് പാർട്ടികൾ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്നും ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നിയമവിരുദ്ധ സാമ്പത്തിക സഹായം സ്വീകരിച്ചെന്നും ആരോപിച്ചതോടെ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ സംഘർഷം കൂടുതൽ സങ്കീർണമായി. എന്നാൽ ഈ ആരോപണങ്ങൾക്ക് വിശ്വസനീയമായ തെളിവുകൾ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിലപാടും ശ്രദ്ധേയമാണ്.
അറബ് പാർട്ടികളുടെ മുന്നേറ്റം ഇസ്രായേലിലെ രാഷ്ട്രീയ അധികാരത്തിന്റെ ഘടനയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വോട്ടർമാരുടെ എണ്ണം വർധിക്കുകയും പാർലമെന്റിലെ പ്രാതിനിധ്യം ശക്തിപ്പെടുകയും ചെയ്തിട്ടും ഭരണപങ്കാളിത്തത്തിന്റെ കാര്യത്തിൽ ഇപ്പോഴും കൃത്യമായ ചിത്രമായിട്ടില്ല. ഈ സാഹചര്യത്തിൽ 2026-ലെ തിരഞ്ഞെടുപ്പ് അറബ് പൗരന്മാരുടെ രാഷ്ട്രീയ അവകാശങ്ങൾ, ഫലസ്തീൻ ദേശീയ പ്രശ്നം, ഇസ്രായേലി ജനാധിപത്യത്തിന്റെ സ്വഭാവം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന നിർണായക സംഭവമായി മാറുന്നു. അറബ് പാർട്ടികൾക്ക് ലഭിച്ച സീറ്റുകൾ അടുത്ത സർക്കാർ രൂപീകരണത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിനൊപ്പം, അവരുടെ രാഷ്ട്രീയ ആവശ്യങ്ങൾ ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഫലിക്കുമോ എന്നതും പ്രധാനമാണ്. ഇസ്രായേലിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ അറബ് വോട്ടർമാർക്ക് ലഭിച്ച ഈ പുതിയ പ്രാധാന്യം തിരഞ്ഞെടുപ്പ് വിജയത്തിന്റെ കണക്കുകൾക്കപ്പുറം വിലയിരുത്തപ്പെടേണ്ടതാണ്.



Leave A Comment