ഐ.എസ്: കറുത്തകൊടിയിലെ മതവും രാഷ്ട്രീയവും
flag isഒടുവില്‍ കറുത്ത കൊടിയുമായി ഐ.എസും കൂടി കടന്നുവന്നതോടെ അത് ലോകതലത്തില്‍ തന്നെ പുതിയൊരു ഡിബാറ്റിന് വഴി തുറന്നിരിക്കുന്നു. പ്രവാചക പാഠങ്ങളില്‍നിന്നും ഇസ്‌ലാമിക ചരിത്രത്തില്‍നിന്നും ലഭ്യമാകുന്ന ചില സാധ്യതകളെ ചൂഷണം ചെയ്ത് തങ്ങളുടെ ലജിറ്റിമേസി തെളിയിക്കാന്‍ ഐ.എസ് അതിനെ ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. ചിഹ്നങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ജനങ്ങളുടെ ഭക്തിയും വൈകാരിക മനസ്സും പിടിച്ചെടുക്കുന്നതില്‍ വലിയ പങ്കുണ്ടെന്നതാണ് സത്യം. വിവിധ മതങ്ങളും രാഷ്ട്രങ്ങളും പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമുള്ള കൊടികളും ബാനറുകളും ഉയര്‍ന്നുവരുന്നത് അങ്ങനെയാണ്. ഇസ്‌ലാമിനു ഔദ്യോഗികമായി ഏതെങ്കിലും നിറത്തിലുള്ള പ്രത്യേകം ഒരു കൊടി എന്ന രീതിയില്ലെങ്കിലും പ്രവാചകന്‍ പലപ്പോഴായി കൊടിയെ എടുത്തുകാണിക്കുകയും അതിന്റെ പ്രാധാന്യം സൂചിപ്പിക്കുകയും ചെയ്തതായി കാണാം. പ്രത്യേകിച്ചും, യുദ്ധങ്ങളുമായി ബന്ധപ്പെട്ടോ പ്രബോധന സംഘങ്ങളെ വിവിധയിടങ്ങളിലേക്കു പറഞ്ഞയക്കുന്നതുമായി ബന്ധപ്പെട്ടോ ആയിരുന്നു ഇത്. തിരിച്ചറിയാനുള്ള ഒരു ഉപാതി എന്ന നിലക്കായിരുന്നു ഇവിടെ കൊടികള്‍ വര്‍ത്തിച്ചിരുന്നത്. സൈന്യങ്ങളെ പറഞ്ഞയക്കുമ്പോള്‍ കൊടി ആരുടെ കരങ്ങളില്‍ നല്‍കണമെന്നത് വലിയ മഹത്വമുള്ള കാര്യമായി അനുചരന്മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. യുദ്ധ കൊടി പിടിക്കാനുള്ള അവസരം ലഭിക്കല്‍ പ്രവാചകരുടെ ഭാഗത്തുനിന്നുള്ള അംഗീകാരത്തെയും തന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം സ്വീകാര്യതയെയും കുറിക്കുന്ന കാര്യമായി അവര്‍ മനസ്സിലാക്കിയതിനാലായിരുന്നു ഇത്. കൊടി ഉപയോഗിക്കല്‍ എന്ന പാരമ്പര്യത്തിന് ഇസ്‌ലാമിക അധ്യാപനങ്ങളിലും ചരിത്രത്തിലും മതൃകകളുണ്ടെന്നതിന് ആര്‍ക്കും തര്‍ക്കമില്ല. മഹാനായ ഇബ്‌റാഹീം നബി (അ) ആണ് ആദ്യമായി ലോക ചരിത്രത്തില്‍ കൊടി ഉപയോഗിച്ചത് എന്ന് ചരിത്രത്തില്‍ കാണാന്‍ കഴിയും. മുഅ്തത്ത് യുദ്ധ വേളയില്‍ കൈക്കാലുകള്‍ ഛേദിക്കപ്പെടുമ്പോഴും കൊടി താഴെവെക്കാതെ കക്ഷത്തിലും മറ്റും ഇറുക്കിവെച്ച് പോരാടുന്ന ജഅ്ഫര്‍ ബിന്‍ അബീത്വാലിബിന്റെ ചരിത്രം മറുഭാഗത്തുണ്ട്. തിരിച്ചറിയാനുള്ള ഒരടയാളമെന്നതോടൊപ്പം തങ്ങളുടെ യശസ്സ് കാക്കുന്ന ഒരു ചിഹ്നമായും കൊടി കടന്നുവരുന്നത് ഇവിടെ നാം കാണുന്നു. അതുകൊണ്ടായിരിക്കാം പില്‍ക്കാലത്ത് വിവിധ മത സംഘങ്ങളും കൂട്ടായ്മകളും വ്യത്യസ്ത തരത്തിലുള്ള കൊടികള്‍ തങ്ങളുടെ ചിഹ്നങ്ങളായി ഉപയോഗിച്ചിരുന്നത്. ഇസ്‌ലാമില്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം നിര്‍ദ്ദേശങ്ങളില്ലാത്തതുകൊണ്ടുതന്നെ പലരും പല രൂപത്തില്‍ ്അത് സ്വീകരിച്ചുവരുന്നു. കറുത്ത കൊടിയുടെ മതവും രാഷ്ട്രീയവുമാണ് ഇവിടെ വിഷയം. ഐ.എസ് കറുത്ത കൊടിയും ബാനറുമായി കടന്നുവന്ന പശ്ചാത്തലത്തില്‍ അത് ഉണര്‍ത്തുന്ന ചിന്തകളും ധ്വനികളും ചര്‍ച്ചക്കു വരുന്നു. പ്രവാചകന്‍ കറുത്ത കൊടിയും വെളുത്ത കൊടിയും ഒരുപോലെ ഉപയോഗിച്ചിരുന്നതായി ഹദീസിലും ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിലും കാണാം. ഉഖാബ് എന്ന പേരില്‍ പ്രവാചകനുണ്ടായിരുന്ന കൊടി കറുത്തതായിരുന്നു. പ്രവാചകരുടെ കാലത്തു നടന്ന ഇസ്‌ലാമിക യുദ്ധങ്ങളിലും കളര്‍ വൈവിധ്യങ്ങളോടെ കൊടികള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ബദര്‍ യുദ്ധത്തിന്റെ മുന്നണിപ്പോരാളികളില്‍ മൂന്നു കൊടിയുണ്ടായിരുന്നുവെന്നും അതില്‍ മുന്നില്‍ നിന്ന ഒന്ന് വെളുത്തതും പിന്നിലുണ്ടായിരുന്ന രണ്ടെണ്ണം കറുത്തതുമായിരുന്നെന്നും ചരിത്രത്തില്‍ കാണാം. ഇങ്ങനെ ഇസ്‌ലാമിന്റെ ഓരോ യുദ്ധത്തിലും കൊടിയും കൊടി പിടിക്കുന്നവരുമുണ്ടായിട്ടുണ്ട്. സ്വിഫീന്‍ യുദ്ധത്തില്‍ ഒരു ഭാഗം കറുത്ത കൊടിയും മറു ഭാഗം വെളുത്ത കൊടിയുമാണ് പിടിച്ചിരുന്നത്. അവസാന കാലവുമായി ബന്ധപ്പെട്ട പ്രവാചകാധ്യാപനങ്ങളില്‍ കറുത്ത കൊടി ധാരാളമായി പരാമര്‍ശിക്കപ്പെടുന്നതായി കാണാം. ഐ.എസിന്റെ കൊടിയുടെ നിറവുമായി ബന്ധപ്പെട്ട അന്വേഷണം ഇവിടെയാണ് പ്രസക്തമാകുന്നത്. ഒരു പ്രതീക്ഷയുടെ ചിഹ്നമായും തകര്‍ച്ചയുടെ ചിഹ്നമായും ഈ കൊടി ഹദീസുകളില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, ഐ.എസിനെ എതിര്‍ക്കുന്നവര്‍ക്കും പിന്‍താങ്ങുന്നവര്‍ക്കും ഈ ഹദീസുകള്‍ തന്നെയാണ് തെളിവ്. ആ ഹദീസുകളുടെ സാഹചര്യവും പശ്ചാത്തലവും മനസ്സിലാക്കുമ്പോഴേ അതുകൊണ്ടുള്ള ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. സൗബാന്‍ (റ) വിനെ തൊട്ട് ഇമാം ബൈഹഖി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: 'ഖുറാസാന്‍ ഭാഗത്തുനിന്നും കറുത്ത കൊടികള്‍ വരുന്നതായി നിങ്ങള്‍ കണ്ടാല്‍ നിങ്ങളതിനെ സ്വീകരിക്കുക. ഇമാം മഹ്ദി അതിലുണ്ടായിരിക്കും.' മറ്റൊരു നിവേദനത്തില്‍ കിഴക്കില്‍ നിന്നും കറുത്ത കൊടി വന്നാല്‍ എന്ന പരാമര്‍ശവും കാണാം. ദീ മഖ്മര്‍ (റ) നിന്നും നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസാണിത്. അവസാന കാലത്തെ കൊലകളെയും പ്രക്ഷുബ്ധമായ ലോക സാഹചര്യങ്ങളെയും സൂചിപ്പിച്ച ശേഷം അതില്‍ പ്രവാചകന്‍ പറയുന്നു: 'ശേഷം, കിഴക്കില്‍നിന്നും ചില കറുത്ത കൊടികള്‍ വരും. മഞ്ഞിലൂടെ ഞെരുങ്ങിചെന്നാണെങ്കിലും നിങ്ങളതിനെ പിന്‍പറ്റണം. അതിനു ശേഷം ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നതാണ്.' ഇസ്‌ലാമിക ഗ്രന്ഥങ്ങളിലുള്ള ഇത്തരം അധ്യാപനങ്ങള്‍ മുസ്‌ലിം ലോകത്തെ പല നിലക്കും ആവേശിച്ചതായി കാണാം. പോസിറ്റീവായിട്ടും നെഗറ്റീവായിട്ടും. പലരും പല നിലക്കുള്ള സാധ്യതകളുടെ വെളിച്ചത്തിലാണ് ഇത്തരം ഹദീസുകള്‍ വായിച്ചത്. അതേസമയം, പലരും തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ നേടിയെടുക്കാനും ഇവ ഉപയോഗപ്പെടുത്തി. കറുത്ത കൊടി ഒരു പ്രതീക്ഷയുടെ സിംബലാണെന്നും അത് കൂടെക്കരുതുന്നത് തങ്ങള്‍ സത്യത്തിന്റെ ആളുകളാണെന്ന് ജനം വിചാരിക്കാനുള്ള ഒരെളുപ്പവഴിയാണെന്നും അവരതില്‍നിന്നും ഊഹിച്ചെടുത്തു. ഈയൊരു ചിന്തയുടെ വെളിച്ചത്തില്‍ പിന്നീട് ലോകത്ത് കടന്നുവന്ന പല ഭരണ കൂടങ്ങളും മത രാഷ്ട്രീയ കക്ഷികളും കറുത്ത കൊടിയുമായാണ് കടന്നു വന്നത്. സ്വന്തത്തെ ന്യായീകരിക്കാനും അവരെ സത്യത്തിന്റെ വക്താക്കളായി അവതരിപ്പിക്കാനും വേണ്ടിയായിരുന്നു ഇത്. ചില തെമ്മാടി സംഘങ്ങള്‍ വരെ ഈ രീതി പിന്തുടര്‍ന്നുവെന്നതാണ് ചരിത്രത്തിലെ വലിയ വിരോധാഭാസം. ശിയാക്കള്‍ക്കിടയിലും സുന്നികള്‍ക്കിടയിലും വ്യത്യാസമില്ലാതെ ഈ കറുത്ത കൊടിയുടെ പാരമ്പര്യം ഉണ്ടായിരുന്നു. അബ്ബാസി ഭരണ കാലം മുതലാണ് കറുത്ത കൊടിക്ക് വ്യാപകമായി ഇത്തരം വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടുതുടങ്ങുന്നതെന്നു തോന്നുന്നു. അവരുടെ സൈനിക മേധാവിയായിരുന്ന അബൂ മുസ്‌ലിമുല്‍ ഖുറാസാനി കറുത്ത കൊടിയുമായാണ് സൈനിക മുന്നേറ്റങ്ങള്‍ നടത്തിയിരുന്നത്. അമവികള്‍ക്കെതിരെയുള്ള അവരുടെ പോരാട്ടങ്ങളധികവും കറുത്ത കൊടിയുടെ നിഴലിലായിരുന്നു. അതുകൊണ്ടതന്നെ മുസവ്വിദൂന്‍ (കറുപ്പന്മാര്‍) എന്നാണ് ആ സൈന്യം വിളിക്കപ്പെട്ടിരുന്നത്. ഖുറാസാനില്‍നിന്നും വിജയവുമായി കറുത്ത കൊടി വരുമെന്ന ഹദീസിനെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇവരുടെ ഈ മുന്നേറ്റം. അതിനു ശേഷം ഇരുപതാം നൂറ്റാണ്ടുവരെ വിവിധ കാലങ്ങളിലായി വ്യത്യസ്ത ഭരണകൂടങ്ങള്‍ തങ്ങളുടെ മേല്‍ക്കോഴ്മക്ക് ലജിറ്റിമേസി വരുത്താന്‍ കറുത്ത കൊടി ഔദ്യോഗിക ചിഹ്നമായി സ്വീകരിച്ചിട്ടുണ്ട്. ശിഷാ ഭരണകൂടമായ സ്വഫവി ഡൈനാസ്റ്റിയും 1800 കളിലെ അഫ്ഗാനിസ്ഥാന്‍ ഭരണകൂടവുമെല്ലാം അതില്‍ പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ഉയര്‍ന്നുവന്ന അഹ്മദിയ്യാ ജമാഅത്ത് (ഖാദിയാനികള്‍) പോലും തങ്ങളുടെ പുതിയ വാദഗതികളുടെ 'സത്യസന്ധത' സ്ഥാപിക്കാന്‍ കറുത്ത കൊടിയുമായിത്തന്നെയാണ് കടന്നുവരുന്നത്. 1908 ല്‍ മീര്‍സ അഹ്മദ് ഖാദിയാനി മരിച്ചുവെങ്കിലും ലിവാ അഹ്മദിയ്യ (അഹ്മദിയ്യ കൊടി) എന്ന പേരില്‍ 1939 ലാണ് ഔദ്യോഗികമായി അവരുടെ കറുത്ത കൊടി പുറത്തുവരുന്നത്. പ്രവാചകരുടെ ആ ഹദീസുകളുടെ സാധ്യതകള്‍ പിന്നീടു വന്ന സര്‍വ്വ മൂവ്‌മെന്റുകളും പരമാവധി ഉപയോഗപ്പെടുത്തിയിരുന്നുവെന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ രൂപപ്പെട്ടുന്ന വന്ന ജിഹാദിസ്റ്റ് കൂട്ടായ്മകളും കറുത്ത കൊടിയെന്ന ഈയൊരു സാധ്യതയെ ഒഴിവാക്കിയില്ല. തങ്ങളുടെ ചിന്താധാര ശരിയാണെന്ന് സ്ഥിരീകരിക്കാനും സമര്‍ത്ഥിക്കാനും അവരും തങ്ങളുടെ ഔദ്യോഗിക സിംബലായി കറുത്ത കൊടിയെത്തന്നെ ഉയര്‍ത്തിക്കാട്ടി. 1980 ല്‍ വന്ന താലിബാന്‍ ഭരണകൂടത്തിന്റെയും ശേഷം രൂപപ്പെട്ടുവന്ന അല്‍ ഖാഇദയുടെയും അബൂ മുസ്അബ് സര്‍ഖാവി നേതൃത്വം നല്‍കിയ ജമാഅത്തു ത്തൗഹീദ് വ ദ്ദഅവയുടെയുമെല്ലാം ചിഹ്നം കറുത്ത കൊടി തന്നെയായിരുന്നു. കറുത്ത പശ്ചാത്തലത്തില്‍ വെള്ളയിലോ മഞ്ഞയിലോ അതിന്മേല്‍ എഴുതുന്ന വിശുദ്ധ വാക്യങ്ങള്‍ക്കനുസരിച്ചാണ് അവ വ്യത്യസ്തമായിരുന്നത്. ഈയൊരു രീതി തന്നെയാണ് 2010 നു ശേഷം രൂപപ്പെട്ടു വന്ന ഐ.എസും സ്വീകരിച്ചിരുന്നത്. മറ്റു കൊടികളില്‍നിന്നും ഐ.എസിന്റെ കൊടി ഒരു പടി കൂടി മുന്നിലായിരുന്നു. കറുത്ത പശ്ചാത്തലത്തില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യവും പ്രവാചകരുടെ സീലിനെ തോന്നിപ്പിക്കുംവിധം വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത മഷികൊണ്ട് മുഹമ്മദുര്‍റസൂലുല്ലാഹ് എന്നും അതിന്മേല്‍ കുറിക്കപ്പെട്ടിരുന്നു. മുമ്പത്തെ പല കൂട്ടായ്മകളും സത്യസന്ധമായും കപടമായും ഈ കറുത്ത കൊടിയെ ഉപയോഗപ്പെടുത്തിയിരുന്നതായി നാം സൂചിപ്പിച്ചു. എന്നാല്‍, തങ്ങളുടെ രക്തരൂക്ഷിത അതിക്രമങ്ങള്‍ക്ക് ഇസ്‌ലാമിക മുഖവും സാധുതയും നല്‍കാനാണ് ഐ.എസ് ഈ ചിഹ്നം ഉപയോഗിച്ചത്. തങ്ങള്‍ ചെയ്യുന്ന പേക്കൂത്തുകളെല്ലാം മതത്തിന്റെ വെളിച്ചത്തിലാണെന്ന് സ്വയം ന്യായീകരിക്കുംവിധത്തിലായിരുന്നു അവര്‍ ഈ ചിഹ്നത്തെ ഉയര്‍ത്തിക്കാട്ടിയത്. ഐ.എസ് പിന്തുടരുന്ന കാടന്‍ രീതിയെ ഇസ്‌ലാമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഈ കൊടി തന്നെ പലപ്പോഴും കാരണമാകുന്നുണ്ട്. തുര്‍ക്കിയിലെ ഒരു മുസ്‌ലിം വീട്ടില്‍ തുര്‍ക്കിയുടെ ദേശീയ പതാകയോടൊപ്പം ഐ.എസിന്റെ കൊടിയും കെട്ടിത്തൂക്കിയതിനെക്കുറിച്ച് അന്വേഷിച്ച ഒരെഴുത്തുകാരനോട് 'ഇത് ഇസ്‌ലാമിന്റെ കൊടിയാണല്ലോ' എന്നാണ് വളരെ ലാഘവത്തോടെ വീട്ടുകാരന്‍ മറുപടി നല്‍കിയിരുന്നത്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഐ.എസ് പ്രതിനിധീകരിക്കുന്ന ചിന്താധാര നിമിത്തമാകുന്നുണ്ടെന്നതാണ് ഇത് വ്യക്തമാകുന്നത്. അവസാന കാലത്ത് വിജയവുമായി കറുത്ത കൊടി കടന്നുവരുമെന്ന ഹദീസിന്റെ ധ്വനി തങ്ങളിലൂടെ സാക്ഷാല്‍കരിക്കാനും കറുത്ത കൊടി തന്നെ തെരഞ്ഞെടുത്തതിലൂടെ ഐ.എസ് ശ്രമിക്കുന്നുണ്ട്. അല്‍പജ്ഞാനികളായ പല മുസ്‌ലിം ചെറുപ്പക്കാരും ഇതില്‍ പെട്ടുപോകുന്നുണ്ടെന്നതാണ് ഏറെ ദു:ഖകരമായ സത്യം. എന്നാല്‍, കറുത്ത കൊടിക്ക് നേര്‍ വിപരീതമായ ഒരു സൂചനകൂടിയുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ നാശത്തിന്റെയും തകര്‍ച്ചയുടെയും സൂചനയാണത്. ഇമാം ശഅ്ബിയില്‍നിന്നും നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് ഇതിനാധാരം. അതില്‍ ഇങ്ങനെ കാണാം: 'സിറിയ (ഡമസ്‌ക്കസ്) യില്‍നിന്നും കറുത്ത കൊടി കടന്നുവരും. അവരവിടെ പള്ളികള്‍ തകര്‍ത്ത് കലാപങ്ങള്‍ സൃഷ്ടിക്കും. ശേഷം അധികാരം പിടിച്ചെടുക്കും.' അവസാന കാലത്തെ ദുരന്ത സാഹചര്യങ്ങളെക്കുറിച്ച് വിശാലമായി പരാമര്‍ശിക്കുന്ന വലിയൊരു ഹദീസിന്റെ ചെറിയൊരു ഭാഗമാണിത്. പില്‍ക്കാലത്ത് കറുത്ത കൊടിയുമായി കടന്നുവന്ന പല അക്രമ സംഘങ്ങളും ഭീകര കൂട്ടായ്മകളും അനിസ്‌കലാമികവും അന്ത്യനാളിന്റെ അടയാളവുമാണെന്ന് ഈ ഹദീസിന്റെ വെളിച്ചത്തില്‍ പല പണ്ഡിതരും വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ നിരത്തിക്കൊണ്ട് അമേരിക്കല്‍ പണ്ഡിതനായ ശൈഖ് ഹംസ യൂസുഫ് രക്തദാഹികളായ ഐ.എസും ഈ ശ്രേണിയിലെ അവസാനത്തെ അടയാളമാണെന്ന് സ്ഥിരീകരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter