ഇശ്ഖ് കൊണ്ട് എഴുതിയ മദീനയിലേക്ക് ഒരു ഓട്ടോ
സ്വപ്ന സഞ്ചാരിയായ മനുഷ്യരുടെ ജീവിതങ്ങൾ തമ്മിലുള്ള ആകസ്മികമായ കൂടിച്ചേരലുകളാണ് ഫാത്തിമ നാസിറിന്റെ മദീനയിലേക്ക് ഒരു ഓട്ടോ എന്ന ഇസ്‌ലാമിക നോവല്‍.
ജീവിതത്തിന് അർത്ഥപൂർണമായ ലക്ഷ്യമുണ്ടെന്നും ലൗകികതയുടെ വിശാലമായ നാലുവരിപ്പാതയിലൂടെയാണ് സഞ്ചാരമെന്നും വായനക്കാരനെ മനസ്സിലാക്കി, ജന്നയുടെയും അനീസിന്റെയും കൂടെ ഒരു ഓട്ടോയിലെ വ്യത്യസ്ത സഞ്ചാരികളാക്കി മാറ്റുന്നു. ലക്ഷ്യ സ്ഥാനത്തേക്ക് പതിയെ നീങ്ങുന്ന ഓട്ടോയുടേത് പോലെ തന്നെയാണ് കഥയുടെയും സഞ്ചാരം. വ്യത്യസ്ത ദിക്കുകളിൽ വ്യത്യസ്ത സാഹചര്യങ്ങളിലൂടെ നീങ്ങുന്ന ജന്നയും അനീസും നോവലിന്റെ ആത്മാക്കളായി മാറുന്നു. ഇടക്ക് കയറി വരുന്ന ജാമിദും ഇജാസും മർജാനയും കഥയിൽ പ്രധാന റോളുകൾ വഹിക്കുന്നു.
പ്രവാചകാനുരാഗത്തിന്റെ മാധുര്യതയിൽ ജീവിച്ച ഒട്ടനവധി സ്വഹാബാക്കളുടെ ചരിത്രങ്ങളിലൂടെ തുടങ്ങുന്ന നോവൽ, ദേഹമില്ലാതെ ദേഹിയെ പ്രണയിച്ചവരെയും പാപികളുടെ പാപങ്ങളെ എങ്ങനെ അത് മായ്‍ച്ച് കളയുന്നുവെന്നും വരച്ച് കാട്ടുന്നു. തെറ്റുകളിൽ പുരണ്ട് ജീവിക്കുന്ന മനുഷ്യന് മുമ്പിൽ ഉറ്റ സുഹൃത്തിന്റെ മരണം വരുത്തിയ ആഘാതമാണ് കഥയുടെ ഗതി നിയന്ത്രിക്കുന്നത്. നന്മയിലേക്ക് സദാ ക്ഷണിക്കുന്ന സുഹൃത്തിന്റെ വേർപാടുകളിൽ നിന്ന് കര കയറാനാവാതെ അലയുന്നിടത്ത് സ്നേഹം എന്ന വാക്കിന് പ്രവാചകൻ എന്ന പര്യായം കണ്ടെത്തുകയാണ് കഥാപാത്രം. കഥ കേൾക്കാനായി, ഉമ്മാമയുടെ ഓത്ത് കഴിയാൻ കാത്തിരിക്കുന്ന മിന്നത്തിന്റെ നീലക്കണ്ണുകളിൽ വിരിഞ്ഞ നക്ഷത്രങ്ങള്‍ക്ക്, പണ്ട്, ഉറങ്ങുന്ന സമയത്ത് ഉമ്മമാർ പറഞ്ഞ് കൊടുക്കാറുള്ള പ്രവാചക കഥകൾ കേള്‍ക്കുന്ന കൊച്ചുകുഞ്ഞുങ്ങളുടെ തിളക്കവും തെളിച്ചവും കാണാനാവും.
മക്കത്തെ പള്ളിയെ ഓർത്ത് കിടക്കുന്ന കുഞ്ചൂസ് ഇടയ്ക്കിടക്ക് കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നഷ്ടപ്പെട്ട ആത്മസുഹൃത്ത് ലയിച്ചിരുന്ന നന്മയുടെ വഴിയിലേക്ക് കടന്ന് ചെല്ലുന്ന കഥാപാത്രം ഭൂതകാലത്തിന്റെ ലഹരികൾക്കെതിരെ വിരലനക്കുന്നതും, കല്യാണപ്പന്തലിൽ ഇസ്‌ലാമിക സംസ്കാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നതിനെതിരെ സ്വയം മാറി നിന്ന് പ്രതിരോധിക്കുന്നതും പുതിയ കാലത്ത് അത്ഭുതമായി തോന്നിയേക്കാം. നന്മകളേക്കാൾ തിന്മകൾ ഹീറോയായി മാറുന്ന പുതിയ കാലത്തിന്റെ കാലൊച്ചകൾക്ക് നേരെ നോവൽ തുറന്ന് സംസാരിക്കുന്നു. റീൽസ് മുതൽ പ്രണയം വരെ നീണ്ട് നിൽക്കുന്ന സെഡ്, ആൽഫ, ബീറ്റ ജനറേഷനുകളുടെ ദിനചര്യകളെ യുക്തിപൂർവം വിമർശിക്കാനും കൃതി ശ്രമിച്ചിട്ടുണ്ട്. സ്വത്തിന് വേണ്ടിയും, പക തീർക്കാൻ വേണ്ടിയും ബന്ധങ്ങൾ അറുത്തു മുറിച്ച് കളയുന്ന പുതിയ കാലത്തിന് ബദലായി ആത്മ ബന്ധങ്ങളിലെ സ്നേഹ നിമിഷങ്ങൾ നോവലിനെ ഹൃദയസ്പർശിയാക്കുന്നു.
ഇസ്‌ലാമിക നോവലുകളിൽ കാണാറുള്ളതിൽ നിന്നും വിഭിന്നമായി കഥയുടെ മേമ്പൊടിയായി കൃത്യമായ ഇടങ്ങളിൽ കടന്ന് വരുന്ന പ്രവാചക ചരിത്രം മരുഭൂമിയിലകപ്പെട്ട പഥികന് ലഭിക്കുന്ന ദാഹജലം പോലെ വാക്കുകള്‍ക്കതീതമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്. പാപിയായ പടപ്പിന് മുന്നിൽ പടച്ചോന്റെ പാപമോചനത്തിന്റെ വാതിലുകൾ തുറന്ന് വെച്ചതും, സ്വലാത്ത് ചൊല്ലാനുള്ള പ്രേരണയും, അലി – ഫാത്തിമ ദമ്പതികളുടെ പ്രണയവും ഏറെ ഹൃദ്യമായാണ് അനുഭവപ്പെടുന്നത്. ബെഞ്ചിലിരുന്ന് ചായ കുടിക്കാനൊരുങ്ങുന്ന അനീസിന്റെ പിറകിൽ നിന്ന് സുഹൃത്ത് കണ്ണ് പൊത്തുന്ന രംഗത്തെ ദൂരെ മദീനത്ത് റബ്ബിലേക്കടുത്ത് പള്ളിയുടെ മുന്നിലിരിക്കുന്ന സ്വഹാബിയുടെ കണ്ണ് പൊത്തുന്ന രംഗത്തിനോട് കൂട്ടിച്ചേർത്തെഴുതിയത് ഏറെ മനോഹരമായിരിക്കുന്നു.
മാർദവമേറിയ സുഗന്ധം പ്രസരിക്കുന്ന കൈയ്യുടമയെ സ്വഹാബി തിരയുന്നതിന് സമാനമായി അനീസും തന്റെ കണ്ണ് പൊത്തിയ കൈകളെ തിരയുന്നുണ്ട്. ആളെ തിരയാതെ പേരുകൾ അവസാനിച്ചപ്പോൾ സ്വഹാബിയുടെ മുഖത്ത് നിന്നും പട്ട് തോൽക്കുന്ന മാർദവ കരങ്ങൾ ഊർന്ന് വീണു. തെല്ലിട പെയ്ത നിശബ്ദതയ്ക്ക് ശേഷം അത് “ഞാനായിരുന്നു .....!” എന്ന പ്രവാചക സ്വരം വായനക്കാരൻ പല തവണ ആവർത്തിച്ച് കേള്‍ക്കുന്നതായി തോന്നും. ദീർഘ നേരം വരണ്ട തൊണ്ടയിലൂടെ ഒരു തെളിനീരുറവ പിറവി കൊള്ളുന്നതായി അപ്പോള്‍ അനുഭവപ്പെടും. മനസ്സിൽ പ്രവാചകന്റെ മുഖം തിരഞ്ഞു. പലയാവൃത്തി സ്വലാത്തുകൾ അറിയാതെ മൊഴിഞ്ഞുപോയി. ശേഷം സ്വഹാബിയുടെ മറുപടി കേട്ടപ്പോൾ ഹൃദയം മദീനയെ കൊതിച്ചു. റസൂലേ ...... അങ്ങായിരുന്നു എന്ന് ഞാൻ ആദ്യമേ അറിഞ്ഞിരുന്നു. അത് പറഞ്ഞാൽ കൂടുതൽ സമയം ആ കൈകളുടെ തിരുസ്പർശനം ഏൽക്കാൻ ഭാഗ്യമുണ്ടാവില്ലല്ലോ എന്നോർത്തിട്ടാണ് പറയാത്തത്...!
സ്വപ്ന സഞ്ചാരത്തിന്റെ അവസാനത്തോടടുക്കുന്തോറും പുസ്തകത്തെ നാം കൂടുതൽ ഇഷ്ടപ്പെടും എന്നത് തീർച്ച. മദീനയിലേക്കുള്ള ഒരു ഓട്ടോയിലെ യാത്രാ സാഞ്ചാരികളായി കഥാപാത്രത്തിൻ്റെ കൂടെ വായനക്കാരനും മദീനയിലേക്ക് സഞ്ചരിക്കും. അല്‍അറബ് ബുക് ഹൗസ് പുറത്തിറക്കിയ ഈ കൃതിയില്‍, 134 പേജുകളാണുള്ളത്. 160 രൂപയാണ് വില.
Leave A Comment