സയണിസ്റ്റ് ഭീകരതയുടെ  മനഃശാസ്ത്രം

വർഷങ്ങളായുള്ള അപ്രമാദിത്വത്തിനെതിരെ ഹമാസിൽ നിന്നും  ഇത്തരമൊരു തിരിച്ചടി സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല ഇസ്‍റായേൽ. ആയിരയത്തി ഇരുന്നൂറിലധികം സൈനികരെയാണ് അവർക്ക് നഷ്ടമായത്. 240  പേരെ  ഹമാസ് ബന്ധികളായി പിടിച്ചു വച്ചിരിക്കുന്നു. നാളിതുവരെ ലോകം ദർശിക്കാത്ത രീതിയിലുള്ള  ബോംബേറിലൂടെയും സൈനിക നീക്കത്തിലൂടെയുമാണ്  ഇതിനെ ഇസ്‍റാഈല്‍ എതിരേറ്റത്. ഞൊടിയിട കൊണ്ട്  എണ്ണമറ്റ  പൗരന്മാരുടെയും  കുഞ്ഞുങ്ങളുടെയും  മാധ്യമപ്രവർത്തകരുടെയും  സ്ത്രീകളുടെയും  ജീവനുകൾ പൊലിഞ്ഞു. നിരപരാധികൾക്കെതിരെയുള്ള സൈന്യത്തിന്റെ  നിർദയ നീക്കങ്ങളിൽ ഇസ്‍റാഈലിൽ നിന്നുള്ള ഒരു പറ്റം ആളുകള്‍ പോലും  അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്വദേശത്തുനിന്നുള്ള  എതിർപ്പുകളെ ചെറുക്കാനായി  അനല്പം  ഫലസ്തീൻ വിരുദ്ധ ക്യാമ്പയിനുകളും  പ്രചാരണങ്ങളും  ഇസ്‍റായേൽ ഭരണകൂടം സംഘടിപ്പിച്ചിരുന്നു. ഹമാസ്  കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊല്ലുന്നു,  സ്ത്രീകളെ പീഢിപ്പിക്കുന്നു, വൃദ്ധന്മാരെ  ജീവിച്ഛവമാക്കുന്നു, ഇവയൊക്കെ ആയിരുന്നു  ഹേറ്റ് ക്യാമ്പയിനുകളിൽ മുഴച്ച് നിന്നിരുന്നത്. ഒരുവേള ഇസ്‍റാഈലിന്റെ  മനുഷ്യത്വ വിരുദ്ധ നീക്കങ്ങളെ  തള്ളിപ്പറഞ്ഞിരുന്ന  അല്പം മനുഷ്യത്വ ബോധമുള്ളവർ   പോലും  ഈ പ്രചരണങ്ങളുടെ ഫലമായി ഇസ്‍റാഈലി സേനയെ പിന്തുണക്കാൻ തുടങ്ങി.

ബഹിഷ്കരണങ്ങളിലെയും വെറുപ്പ് പ്രചാരണത്തിലെയും മുഖ്യധാര സോഷ്യൽ മീഡിയകളുടെ  പങ്ക് സ്മരണീയമാണ്. മെറ്റ തന്നെയായിരുന്നു  ഫലസ്തീനികൾക്കെതിരെ പടവാളുയർത്തി പിടിച്ച് സാമൂഹിക മാധ്യമങ്ങളിൽ  മുന്നിട്ടുനിന്നത്. സമീപ ദിവസങ്ങളിലായി  ഒട്ടേറെ ഫലസ്തീൻ അനുകൂല കണ്ടെന്റുകൾ  പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്തു, ലൈവ് സ്ട്രീമുകൾ തടസ്സപ്പെടുത്തി. ഫലസ്തീൻ   പ്രവർത്തകരുടെ അക്കൗണ്ടുകൾ ബാൻ ചെയ്തു. ഫലസ്തീനിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നവർ ഇൻസ്റ്റഗ്രാമിലും എക്സിലും ടിക്ടോകിലും ഷാഡോ ബാനിങ്ങിന് (ഉപയോക്താവ് അറിയാതെ അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്ന രീതി) പോലും വിധേയരായി. ഇസ്‍റാഈലിന്റെ പരാക്രമത്തെ വെളുപ്പിക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങളായിരുന്നു സോഷ്യൽ മീഡിയകൾ മുന്നോട്ടുവച്ചത്. ഇതിൽ നിന്നെല്ലാം  വർദ്ധിത ഊർജ്ജം കണ്ടെത്തുകയായിരുന്നു ഇസ്‍റായേൽ.

അമേരിക്കയെ പോലുള്ള പാശ്ചാത്യ ശക്തികളുടെ അന്ധമായ പിന്തുണയിലാണ് എഐ   അടക്കമുള്ള നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ഫലസ്തീനെ  തവിടുപൊടിയാക്കാൻ  ഇസ്‍റാഈൽ കച്ചകെട്ടി ഇറങ്ങിയത്. രണ്ടര മാസം പിന്നിടുന്ന യുദ്ധത്തിൽ ഇരുപതിനായിരത്തോളം  ഫലസ്തീനികൾ കൊല്ലപ്പെട്ടിരിക്കുന്നു. നിരവധി ആളുകൾ  ചികിത്സയിലാണ്. ഇത്രയൊക്കെ സ്ഥിതിഗതികൾ വഷളായിട്ടും ലോകരാജ്യങ്ങളിൽ അധികവും  മൂകസാക്ഷിയായി നോക്കിയിരിക്കുകയാണ്. സംജാതമായിരിക്കുന്ന വംശഹത്യയെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുമ്പോൾ, ഇസ്‍റാഈലിന്റെ കൊളോണിയൽ  ഘടനയും സയണിസ്റ്റ് മനോഭാവവും   വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഈയൊരു പ്രത്യയശാസ്ത്രമാണ് യഥാർത്ഥത്തിൽ ഇസ്‍റാഈൽ-ഫലസ്തീൻ യുദ്ധത്തെ ഇത്രമാത്രം ഊതി കത്തിക്കുന്നത്. നിർബാധം തുടരുന്ന  നരമേധത്തിൽ  സയണിസത്തിന്റെ പങ്കെന്താണ് എന്നതിലേക്ക് ഒരുത്തിനോട്ടം നടത്താം.

സയണിസത്തിന്റെ  അടിത്തറ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ  അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും  യൂറോപ്യന്മാർ  സെമിറ്റിക് മതവിരുദ്ധത  എല്ലാഴ്പ്പോഴും പ്രകടിപ്പിച്ചിരുന്നു.  ജൂതന്മാർക്കെതിരെ ഒട്ടനവധി വിദ്വേഷ ക്യാമ്പയിനുകൾ അവർ നടത്തി. സ്വന്തം വംശത്തെ പരിശുദ്ധിയുടെ   പ്രതീകമായി അവരോധിച്ചു ജൂതന്മാരെ     ലോകം കണ്ട ഏറ്റവും വലിയ   ഏകാധിപതി  അഡോൾഫ് ഹിറ്റ്‍ലർ ജർമ്മനിയിൽ നിന്ന് ഉന്മൂലനം ചെയ്തത് സെമിറ്റിക് മതവിരുദ്ധതയുടെ പേരിലാണ്. വേരുറപ്പില്ലാത്ത അസ്തിത്വത്തെ സംബന്ധിച്ച്  എപ്പോഴും ജൂതന്മാർ വ്യാകുലപ്പെട്ടിരുന്നു. ഈയൊരു ഭയത്തിൽ നിന്നും  വ്യത്യസ്ത ദേശങ്ങളിൽ  ചെറിയ ചെറിയ ജൂതസംഘങ്ങൾ  വളരാൻ തുടങ്ങി. യൂറോപ്യന്മാരുടെ വംശീയ  ക്രൂരതകൾക്ക് ഇരകളായ ജൂതരുടെ പ്രീതി പിടിച്ചുപറ്റിയ കൊളോണിയൽ മനോഭാവമുള്ള വർണാധിപത്യം ഉൾവഹിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രമായിരുന്നു സയണിസം. സ്വന്തമായി ഒരു നാടും ഭൂപ്രദേശവും  കെട്ടിപ്പടുക്കാനുള്ള ജൂതരുടെ   മോഹത്തെ സയണിസം  പൊലിപ്പിച്ചു കാണിച്ചു. ഫലസ്തീൻ ഭൂമിയിൽ ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള തന്ത്രങ്ങൾ ആയിരുന്നു സയണിസം എപ്പോഴും  കൈകൊണ്ടിരുന്നത്. അതിനായി അവർ  ഫലസ്തീനിനെ താമസമില്ലാത്ത ഭൂമി എന്നും അവിടെയുള്ള ജനങ്ങളെ അപരിഷ്കൃതർ എന്നും മുദ്രകുത്തി. ഈ ഒരു ചിത്രീകരണം  യാതൊരുവിധ  കുറ്റബോധവും ഇല്ലാതെ ഫലസ്തീൻ ഭൂമി കയ്യേറാൻ  ജൂതരെ ഒന്നടങ്കം  പ്രേരിപ്പിച്ചു. ഫലസ്തീൻ ഭൂമിയിൽ നടത്തുന്ന കയ്യേറ്റത്തെ മനുഷ്യത്വ വിരുദ്ധ പ്രവണതയായി കാണുന്നതിനു പകരം  പുതിയൊരു ജനവാസസ്ഥലം സൃഷ്ടിക്കുന്ന പുണ്യകർമ്മമായാണ്  സയണിസം വരച്ചുകാട്ടിയത്. ഇത്തരം നിറം പിടിപ്പിച്ച  കഥകളിലൂടെ അവരുടെ പോരാട്ടം  അനിവാര്യമായ ഒന്നാണെന്ന് വരുത്തി തീർക്കാൻ സയണിസ്റ്റുകൾക്ക്  സാധിച്ചു. സ്വയം പ്രതിരോധമാണ് നമ്മൾ അവലംബിക്കുന്നതെന്ന് ജൂതരെ  നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു ഇസ്‍റായേൽ അധികാരികൾ. ഇന്നും ഫലസ്തീനികളെ അക്രമിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത് ആ തുരുപ്പുചീട്ട് തന്നെയാണ്.

ഫലസ്തീൻ അധിനിവേശത്തെ ദീർഘകാലം നിലനിർത്താനായി സയണിസ്റ്റുകൾ ഇടയ്ക്കിടെ അവരുടെ ആശയങ്ങൾക്കൊപ്പം  ജൂതമതത്തിന്റെ  നയങ്ങളെ ചേർത്തു പറയുമായിരുന്നു. നിങ്ങളുടെ പ്രവർത്തനം ദൈവത്തിനു വേണ്ടിയുള്ളതാണെന്ന് പോലും സയണിസ്റ്റുകൾ തട്ടി വിട്ടിരുന്നു. ഇത്തരത്തിൽ ഇല്ലാ കഥകളുടെ പിൻബലത്തിൽ തട്ടിയെടുത്ത ഔട്ട്‌ പോസ്റ്റുകളെ ഇസ്‍റാഈൽ ഭരണാധികാരികൾ അവരുടെ സൈനിക താവളങ്ങളാക്കി. അതുപോലെതന്നെ ഇസ്‍റാഈലിനെതിരെയുള്ള ഫലസ്തീനികളുടെ  ഏതൊരു ചെറുത്തുനിൽപ്പ് ശ്രമങ്ങളെയും  ജൂതന്മാർക്കെതിരെയുള്ള മുസ്‍ലിംകളുടെ ആക്രമണമെന്ന് വരുത്തിതീർത്തു സയണിസ്റ്റുകൾ. ഫലസ്തീനിൽ  ജ്യൂയിഷ് സ്റ്റേറ്റ് സ്ഥാപിക്കണമെന്ന്  നാഴികക്ക് 40 വട്ടം  അവർ ജൂതന്മാരെ  തര്യപ്പെടുത്തി കൊണ്ടേയിരുന്നു. ലിബറൽ സയണിസ്റ്റുകൾ അവര്‍ നടത്തുന്ന ഉന്മൂലനശ്രമങ്ങളെ അനിവാര്യമായ നീക്കങ്ങൾ ആണെന്ന്  ജൂതന്മാരെ പറഞ്ഞു പറ്റിച്ചു. തങ്ങളുടെ ആശയങ്ങൾ ജനാധിപത്യവരവും  പുരോഗമനപരവും ആണെന്നും ലിബറൽ സയണിസ്റ്റുകൾ സദാ വാദിച്ചുകൊണ്ടിരുന്നു. അവരുടെ  കൊളോണിയൽ നയങ്ങളെയും വർണ്ണ വിവേചനത്തെയും ജൂത മതത്തിന്റെ ധാർമിക മുഖംമൂടി കൊണ്ട് മറച്ചുവെച്ചു.

ഇന്ത്യയിൽ ഹിന്ദുത്വവാദികള്‍ ഹിന്ദുമതത്തെ കരുവാക്കുന്ന രീതിയിലാണ്  സയണിസം ജൂതമതത്തെ കൂട്ടുപിടിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് സയണിസം ഉദയം ചെയ്തത്. ലോകത്തുള്ള എല്ലാ ജൂത ജനങ്ങളെയും  ഒരുമിപ്പിച്ച് ഏകരാഷ്ട്രം സാധ്യമാക്കുക എന്നതായിരുന്നു അതിന്റെ സ്ഥാപിത ലക്ഷ്യം. അതിനായി അവർ കണ്ടെടുത്തതായിരുന്നു ചരിത്ര ഫലസ്തീൻ. അനന്തരം  ഫലസ്തീനെ വിഭജിച്ച് ആധുനിക ഇസ്‍റാഈൽ രാഷ്ട്രം സ്ഥാപിക്കുക എന്നതിലേക്ക് അവർ കാലെടുത്തുവെച്ചു.  പിന്നീടങ്ങോട്ട് ജൂതന്മാരെ ചേർത്തുപിടിച്ചു വ്യത്യസ്ത കാലഘട്ടങ്ങളിൽ ഫലസ്തീനികളെ പുറന്തള്ളാനുള്ള വ്യഗ്രതയിലായിരുന്നു സയണിസ്റ്റുകൾ. വിദ്വേഷ രാഷ്ട്രീയം ജൂതന്മാരുടെ മേൽ ഇന്നും  കുത്തിനിറച്ചു കൊണ്ടിരിക്കുകയാണ്  അവര്‍.  അവർ കളത്തിലുള്ള കാലത്തോളം ഈ യുദ്ധത്തിന് വിരാമം ഉണ്ടാകില്ല.  ചരിത്രത്തെ മാനിക്കുകയും അർഹതപ്പെട്ട ഭൂമി ഫലസ്തീനിനു വകവെച്ച് നൽകാൻ മുന്നോട്ടുവരികയും ചെയ്താൽ മാത്രമാണ് നിഷ്കളങ്കരായ ഫലസ്തീനികൾക്ക് ഇനിയൊരു ജീവിതം സാധ്യമാകൂ. അതിന് ശ്രമിക്കേണ്ടത് സമാധാനം കാംക്ഷിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ജൂത മതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വസിക്കുന്ന യഥാര്‍ത്ഥ ജൂതര്‍ വേണം അതിന് മുന്‍കൈയ്യെടുക്കാന്‍. ഇസ്‍റാഈല്‍ അക്രമണം അധികം തുടരുന്നതിലൂടെ, കൂടുതല്‍ സൈനികര്‍ ഹമാസിന്റെ കൈകളാല്‍ കൊല്ലപ്പെടുന്ന മുറക്ക് ജൂതര്‍ തന്നെ സയണിസ്റ്റുകള്‍ക്കെതിരെ രംഗത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter