സൗഹാർദവും സൽക്കാരങ്ങളും തീർത്ത ഉസ്മാനികളുടെ റമളാൻ നാളുകൾ

റമളാൻ ആത്മ വിശുദ്ധിയുടെ ദിനങ്ങളാണ്. സ്രഷ്ടാവിലേക്കടുക്കാനുള്ള തയ്യാറെടുപ്പാണ്. ശാന്തമായ പകലുകളും സജീവമായ രാത്രികളുമടങ്ങിയ റമളാൻ മാസം ഉസ്മാനി ഭരണകാലത്തെ സന്തോഷ ദിനങ്ങളായിരുന്നു. സൗഹൃദത്തിന്റെയും സേവനത്തിന്റെയും ദിനരാത്രങ്ങളായിരുന്നു അവയെ പരിചയപ്പെടാം.

റമളാൻ ആഗതമായാൽ ഭരണകേന്ദ്രം തന്നെ ഔദ്യോഗികമായി ഒരു വിജ്ഞാപനമിറക്കുന്നതായിരുന്നു ഉസ്മാനിയ ഭരണ കാലത്തെ രീതി. ആത്മ വിശുദ്ധി ഉറപ്പു വരുത്തണമെന്നും  നിഷിദ്ധമായവയിൽ നിന്ന് മാറി നിൽക്കണമെന്നും ജമാഅത്തുകൾക്ക് പള്ളിയിൽ ഒരുമിച്ച് കൂടണമെന്നും തറാവീഹ് സമയത്ത് കടകളിൽ കയറുന്നത് ശിക്ഷാർഹമാണെന്നുമുള്ള കൽപനകൾക്കൊപ്പം പാവപ്പെട്ടവരെ പരിഗണിച്ച് കച്ചവട സാധനകൾക്ക് മിതമായ കുറഞ്ഞ വില ഏർപ്പെടുത്തണമെന്നും അതിൽ അടങ്ങിയിരിക്കും. വിലവർധനവിനെതിരെ ഭരണകൂടം ശക്തമായി രംഗത്ത് വരികയും ചെയ്യും. 

സുഹൂറും ഇഫ്താറും

രാവിലെ അത്താഴ സമയമാവുമ്പോൾ ആകാശത്തേക്കുയരുന്ന പീരങ്കി ശബ്ദമാണ് അവരെ വിളിച്ചുണർത്തിയിരുന്നത്. ചെറിയ നഗരങ്ങളിൽ ചെണ്ടകൾ കൊട്ടി വിളിച്ചുണർത്താനും ആളുകൾ പ്രത്യേകം നിശ്ചയിക്കപ്പെട്ടിരുന്നു. ഭക്തി സാന്ദ്രമായിരുന്നു റമദാനിലെ തുര്‍കിയിലെ പകലുകൾ. കടകൾ പൂർണമായും അടച്ചിട്ടതിനാൽ തന്നെ നഗരങ്ങൾ ശൂന്യമായിരിക്കും. പള്ളികൾ നിറഞ്ഞൊഴുകും. പകൽ സമയത്ത് കോഫി ശോപ്പുകളിൽ നിന്നും മറ്റും മുസ്‌ലിംകൾ പിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.

നോമ്പ് തുറ സമയം അറിയിക്കാനും പീരങ്കി ശബ്ദമുണ്ടാകും. കൂടെ പല പള്ളികളിൽ നിന്നുയരുന്ന സ്വരമാധുര്യമുള്ള ബാങ്കുകളും. സംസം വെള്ളവും പഴവർഗങ്ങളുമടങ്ങിയ ചെറിയ രൂപത്തിലുള്ള നോമ്പ് തുറ കഴിഞ്ഞ ശേഷം മഗ്‍രിബ് നിസ്കരിക്കുകയായിരുന്നു കൊട്ടാരത്തിലെന്ന പോലെ അധിക വീടുകളിലെയും പതിവ്. ശേഷമാണ് ഭക്ഷണത്തിനിരിക്കുക. 

രാത്രി തെരുവുകൾ ജന നിബിഢമാകും. കോഫി ഷോപ്പുകളും ഭക്ഷണ ശാലകളും നിറയും. കാറാഗോസ് (Karagöz Hacivat) പ്രദർശനങ്ങളും പലയിടങ്ങളിലും നടക്കും. കാറാഗോസ്, ഹജിവാത് എന്നീ രണ്ട് കഥാപാത്രങ്ങളെ വെച്ചുള്ള പാവ നാടകമാണിത്. മറക്ക് പുറത്ത് നിന്ന് ശബ്ദം നൽകി സംസാരത്തിനൊത്ത് കഥാപാത്രങ്ങളുടെ രൂപങ്ങൾ ചലിപ്പിച്ച് കൊണ്ടുള്ള ഈ നാടകം തുർക്കികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

കൊട്ടാരത്തിലെ ഹറമിലും (സ്ത്രീകൾ താമസിക്കുന്നയിടം) റമളാൻ ഒരുക്കങ്ങൾ സജീവമായിരുന്നു. സുൽത്താൻ അബ്ദുൽ ഹമീദിന്റെ മകളായ ആയിശ സുൽത്താന തന്റെ ഓർമക്കുറിപ്പിൽ അവയെക്കുറിച്ച് വിവരിക്കുന്നുണ്ട്. "ആഴ്ചകൾക്ക് മുമ്പ് തന്നെ ഒരുക്കങ്ങൾ ആരംഭിക്കും. എല്ലാ സ്ത്രീകളും സദാ നിസ്കാരത്തിൽ മുഴുകിയിരിക്കുന്നതിനാൽ തന്നെ ഹറം ഒരു പള്ളിയായി മാറും. മ്യൂസിക്കുകൾ പാടെ നിരോധിക്കപ്പെടും. സുൽത്താന്റെ പ്രൈവറ്റ് സെക്രട്ടറി പാവങ്ങൾക്കുള്ള റമളാൻ ഹദ്‌യകൾ ദാനം ചെയ്യും."

സുന്ദരമായ റമളാൻ ചര്യകൾ

ദാനധർമങ്ങൾ പെരുകുന്ന  മാസം കൂടിയാണ് പൊതകുവെ റമളാൻ, വിശേഷിച്ചും തുര്‍കിയില്‍. കടകളിൽ ചെന്ന് 'പറ്റുപുസ്തക'മെടുത്ത് കടം വീട്ടുന്ന രീതിയുണ്ടായിരുന്നു ഉസ്മാനികൾക്ക്. വീട്ടുന്നയാൾക്ക് താൻ ആരുടെ കടമാണ് വീട്ടിയത് എന്നറിയില്ല, കടക്കാരന് തന്റെ കടം ആരാണ് വീട്ടിയത് എന്നും അറിയില്ല, അതായിരുന്നു അതിലെ ഏറ്റവും വലിയ സൌന്ദര്യം. പള്ളികളിലും പൊതുസ്ഥലങ്ങളിലും വലിയ പെട്ടികൾ സ്ഥാപിക്കപ്പെടും. ധനികർ തങ്ങളുടെ സംഭാവനകൾ അതിൽ നിഷേപിക്കും. ദരിദ്രർ വേണ്ട സമയത്ത് വന്ന് തങ്ങളുടെ ആവശ്യാനുസരണം എടുത്തു പോകും, ഇതും അതീവ രഹസ്യമായ ദാനധര്‍മ്മങ്ങളുടെ മറ്റൊരു രീതിയായിരുന്നു. 

അതിഥി സൽകാരങ്ങൾക്ക് എന്നും പ്രാധാന്യം നൽകിയിരുന്ന ഉസ്മാനീ പാരമ്പര്യം റമളാനിലും കൂടുതല്‍ സുന്ദരമായി നിലനിന്നിരുന്നു. ഇഫ്ത്വാർ സമയമാകുമ്പോൾ വീടിന്റെ വാതിലുകൾ തുറന്നു വെച്ച് ആരെയെങ്കിലും കാത്തിരിക്കുക അവരുടെ പതിവായിരുന്നു. വീട്ടിൽ അതിഥികൾ വന്നാൽ വയറ് നിറയെ ഭക്ഷണം നൽകിയ ശേഷം അതിഥി പിരിഞ്ഞ് പോകുമ്പോൾ  നാണയക്കിഴികളും നൽകുമായിരുന്നു. ദിശ്-കിറസി (Dış Kirası) എന്ന പേരിലാണ് ഈ ചര്യ അറിയപ്പെട്ടിരുന്നത്.

റമളാൻ ആഗമനത്തോടനുബന്ധിച്ച് പള്ളികൾ അലങ്കരിക്കുന്നത് പതിവായിരുന്നു. വർണ്ണശബളമായ വിളക്കുകളാൽ പള്ളി മിനാരങ്ങൾ റമളാനിനെ  വരവേൽക്കും. വിശുദ്ധ മാസത്തിന് സ്വാഗതമോതിക്കൊണ്ടുള്ള എഴുത്തുകൾ പള്ളി മിനാരങ്ങൾക്ക് മുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. 'മാഹ്‍യ' എന്നറിയപ്പെടുന്ന ഈ വിളക്കുകൾ കൊണ്ടുള്ള എഴുത്തുകൾ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. എൽ.ഇ.ഡി ബൾബുകളില്ലാത്ത കാലത്ത് വിളക്കുകൾ കൊണ്ട് എഴുത്തുകൾ തീർക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യം തന്നെയായിരുന്നു. ലൈലതുൽ ഖദ്റിന്റെ രാവില്‍ നഗരങ്ങളും ഇതുപോലെ വിളക്കുകളും മറ്റുമുപയോഗിച്ച് അലങ്കരിക്കുമായിരുന്നു.  ഈ ഉദ്യമത്തിൽ മുഴുകുന്നവരെ സുൽത്താൻമാർ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

റമളാനിന്റെ ആദ്യ നാളുകളിൽ സുൽത്താൻ കൊട്ടാരത്തിൽ പണ്ഡിതരെ  ഒരുമിച്ച് കൂട്ടി വിജ്ഞാന  സദസ്സുകളും സംവാദങ്ങളും സംഘടിപ്പിക്കും. അധികവും ഖുർആൻ സൂക്തങ്ങളെക്കുറിച്ചായിരിക്കും സംവാദങ്ങൾ. വിഷയങ്ങളിൽ ഏറെ അവഗാഹം നേടിയ പണ്ഡിതരെയാണ് കൊണ്ടുവരിക. ചർച്ചയിൽ സുൽത്താനും പങ്കെടുക്കും. റമളാനിൽ വിജ്ഞാന മേഖലകൾ സജീവമാകാൻ വേണ്ടിയായിരുന്നു സുൽത്താൻ തന്നെ ഇത്തരം കാര്യങ്ങൾക്ക് നേതത്വം നൽകിയിരുന്നത്.


തിരുശേഷിപ്പുകളിലേക്കുളള സന്ദർശനം

ഉസ്മാനികളുടെ റമളാൻ ചര്യകളിൽ ഏറെ പ്രധാനപ്പെട്ടതാണ് റമളാൻ 15 ന് സംഘടിപ്പിക്കപ്പെടുന്ന 'ഖിർക -ശരീഫ്' (Hırka - i Şerif) സന്ദർശനം. പ്രവാചകരുടെ മുടിയും താടി രോമങ്ങളും വസ്ത്രവും മറ്റു തിരുശേഷിപ്പുകളുമടങ്ങിയതാണ് ഖിർക- ശരീഫ്.  സുൽത്താൻ യാവൂസ് സലീം ഈജിപ്ത് കീഴടക്കി മുസ്‌ലിം ലോകത്തിന്റെ ഖിലാഫത് ഏറ്റെടുത്തപ്പോൾ അവസാനത്തെ അബ്ബാസി ഖലീഫ അദേഹത്തിന് കൈമാറിയ ഈ തിരുശേഷിപ്പുകൾ ഖിലാഫത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. സുൽത്താൻ അബ്ദുൽ ഹമീദിന്റെ കാലത്തെ ഖിർക-ശരീഫ് സന്ദർശനത്തെ കുറിച്ച്  മകളായ ആയിശ സുൽത്താന തന്റെ ഓർമക്കുറിപ്പിൽ വിവരിക്കുന്നുണ്ട്. 

തോപ്കാപി കൊട്ടാരത്തിലാണ് തിരു ശേഷിപ്പുകൾ സൂക്ഷിക്കപ്പെടുന്നത്. റമദാൻ 15 ന് എല്ലാവരും അങ്ങോട്ട് പോകും. രാജകീയ യാത്രയായിരിക്കും അത്.   ഖുർആൻ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന സ്വർണപ്പെട്ടി സുൽത്താൻ സ്വർണത്താക്കോൽ കൊണ്ട് തുറക്കും. സംരക്ഷണാർഥം മുകളിൽ വിരിച്ച തൂവാലകളിൽ സുൽത്താൻ ചുംബിക്കും. ശേഷം അവ എടുത്തു മാറ്റി മറ്റുള്ളവർക്ക് തിരുശേഷിപ്പുകൾ ചുംബിക്കാൻ അവസരം നൽകും. സുൽത്താന്റെ ഭാര്യമാരും മക്കളുമടക്കം മുഴുവൻ കൊട്ടാരവാസികളും പാഷമാരും അവ ചുംബിക്കും. ശേഷം തിരുശേഷിപ്പുകൾക്ക് മുകളിൽ വിരിച്ചിരുന്ന തൂവാലകൾ സന്ദർശകർക്ക് ഓരോരുത്തർക്കായി സമ്മാനിക്കും. 

സുന്ദരമായ ഇസ്‌ലാമിക ഖിലാഫത്തിന് കീഴിൽ അതി സുന്ദരമായ ചര്യകളോടെ ഉസ്മാനികളുടെ റമളാൻ പ്രശോഭിതമായിരുന്നു. 'മുഹമ്മദീയരെ മനസ്സിലാക്കാൻ കൂടുതൽ പുസ്തകം വായിക്കുന്നതിന് പകരം റമളാനിൽ ഇസ്താംബൂളിലെ തെരുവുകളിലൂടെ നടന്നാൽ മതി' എന്നാണ് അക്കാലത്ത് ഓട്ടോമൻ തുർക്കി സന്ദർശിച്ച ഒരു ബ്രിട്ടീഷുകാരി കുറിച്ചു വെച്ചത്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമായിരുന്നു.

അവലംബം :
Daily Life in the Ottoman Empire, by Mehrdad kia
Babam Sultan Abdülhamid, by Ayşe Osmanoğlu

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter