മുടക്കില്ലാതെ ലാഭം കൊയ്യുന്നവർ

റിയാദിൽനിന്ന് മക്കയിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. റമദാൻ മാസമാണ്. ശ്രേഷ്ഠമായ മാസത്തിൽ പ്രതിഫലം ഏറെയുണ്ടെന്നതിനാൽ ഉംറ നിർവ്വഹിക്കുകയെന്നതാണ് എല്ലാവരുടെയും ലക്ഷ്യം. ഇഹ്റാം ധരിച്ച് ചുണ്ടിൽ തൽബിയത്തിന്റെ വചനങ്ങളുമായി സംഘം മുന്നോട്ട് നീങ്ങുകയാണ്. നോമ്പ് തുറക്കാനുള്ള സമയം അടുത്ത് വരുന്നതേയുള്ളൂ. റോഡിന്റെ സൈഡുകളിലും മറ്റുമായി കെട്ടിയുണ്ടാക്കിയ തമ്പുകളിൽ നോമ്പ് തുറയുടെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

പെട്ടെന്നാണ് ഇഫ്താർ സാഇം എന്ന ബോർഡ് കൈയ്യിൽ പിടിച്ച് ബസിന് കൈ കാണിക്കുന്ന ആൾ ശ്രദ്ധയിൽ പെട്ടത്. വേഷവിധാനങ്ങളും ആ ആതിഥേയ താല്പര്യവും കണ്ടാൽ തന്നെ മനസ്സിലാവും അയാൾ സൗദി പൗരനാണെന്ന്. അയാൾ കൈ കാണിക്കുന്നത് കണ്ട് പല വണ്ടികളും അവിടെ നിർത്തുന്നുണ്ട്. വണ്ടിയിൽ നിന്നിറങ്ങുന്നവരെയൊക്കെ സ്വീകരിച്ച് തമ്പിനുള്ളിലേക്ക് ആനയിച്ചുകൊണ്ടുപോകുകയാണ്. നോമ്പ് തുറപ്പിക്കാൻ ഇത്രയേറെ ഉത്സാഹം കാണിക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു കൗതുകം തോന്നി. അടുത്തിരിക്കുന്ന സുഹൃത്തിനോട് കാര്യമന്വേഷിച്ചു.

സൗദിയിൽ വർഷങ്ങളുടെ പരിചയമുള്ള അയാൾ ഇത്തരം റോഡുവക്കിലെ നോമ്പുതുറയെക്കുറിച്ച് വിവരിച്ചു തന്നു. സൗദിയിലെ പല കുടുംബങ്ങളും ഒന്നിച്ചുചേർന്ന് ഇത്തരം സമൂഹ നോമ്പുതുറകൾ സംഘടിപ്പിക്കാറുണ്ടത്രെ. അതിന് പലരും തെരഞ്ഞെടുക്കുന്നത് റോഡ് സൈഡുകളാണ്. സൗദിയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ നീണ്ടുകിടക്കുന്ന റോഡുകളിൽ പലപ്പോഴും നോമ്പ് തുറക്കാനും ഭക്ഷണം കഴിക്കാനുമൊന്നും കൃത്യസമയത്ത് വല്ലതും ലഭിക്കണമെന്നില്ല. ആയതിനാൽ പല കുടുംബങ്ങളും ഇത്തരം യാത്രക്കാരെ സഹായിക്കാനായി നോമ്പ് തുറ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

കുടുംബത്തിലെ ഓരോരുത്തരും അവരെക്കൊണ്ട് കഴിയുന്നവിധം ശാരീരികമായും സാമ്പത്തികമായും സഹകരിച്ച് കാര്യമായൊരു ചെലവില്ലാതെയാണ് ഇത്തരം നോമ്പുതുറകൾ സംഘടിപ്പിക്കുന്നത്രെ. അവരുടെ വീടുകളിൽ ഉണ്ടാക്കുന്നത് അല്പം കൂടുതലുണ്ടാക്കി, എല്ലാവരും തമ്പിലേക്ക് കൊണ്ടുവന്ന് കഴിക്കുന്നതിലൂടെ അവർക്ക് കാര്യമായ മുതൽമുടക്കൊന്നും ഇതിനായി വേണ്ടിവരുന്നില്ല. എന്നാൽ അതേ സമയം നോമ്പ് തുറ സമയത്ത് തുറക്കാനാവശ്യമായത് ലഭിക്കാതെ യാത്ര ചെയ്യേണ്ടിവരുന്ന യാത്രക്കാർക്ക് അത് വളരെയേറെ സഹായകമാവുകയും ചെയ്യുന്നു.

അവശ്യസമയത്ത് ലഭിക്കുന്ന ആ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച് ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് അവർ എണീറ്റ് പോകുമ്പോൾ ആ ആതിഥേയരുടെ മുഖത്ത് സംതൃപ്തിയുടെ ഒരായിരം പൂത്തിരികൾ ഒന്നിച്ച് കത്തുന്നത് കാണാം. കാര്യമായ മുതൽമുടക്കില്ലാതെ, പാരത്രിക ജീവിതത്തിലേക്ക് വലിയ ലാഭം കൊയ്യുന്ന ഇത്തരക്കാരെക്കുറിച്ചും അതേ സമയം റമദാനിൽ കുറെയേറെ ഭക്ഷണം വെറുതെ കളയുന്നവരെക്കുറിച്ചും മാറിമാറി ചിന്തിച്ചുപോയി. തൽബിയത്തിന്റെ മുഴക്കവുമായി ബസ് അപ്പോഴും ഓടിക്കൊണ്ടേയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter