സിറിയയിലെ റമദാൻ വിശേഷങ്ങൾ

വിശുദ്ധ മാസത്തിലെ വ്രതം ലോക മുസ്‍ലിംകള്‍ക്കെല്ലാം ഒരു പോലെയാണെങ്കിലും, റമദാനിന് ഓരോ നാട്ടിലെയും രീതിയും ഗന്ധവും വ്യത്യസ്തമാണെന്ന് പറയാം. ആഭ്യന്തര കലാപങ്ങളാല്‍ കലുശിതമായ സിറിയയിലെ റമദാൻ കാലം നമുക്കൊന്ന് പരിചയപ്പെടാം.

സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള രാജ്യമാണ് സിറിയ. അതിഥികളെ സൽക്കരിച്ചും കുടുംബങ്ങളെ സന്തോഷിപ്പിച്ചും തീർത്ഥാടകരെ വിരുന്നൂട്ടിയും സുഗന്ധം മുറ്റി നില്ക്കുന്ന കാലമാണ്, സിറിയയുടെ  ഓര്‍മ്മകളിലെ റമളാൻ. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടോളാമായി, അതിജീവിക്കാൻ പാടുപെടുന്ന പൊതുജനങ്ങൾക്ക്, റമദാന്‍ പോലും മാധുര്യം നഷ്ടപ്പെടുന്ന തരത്തിലെത്തി നില്ക്കുകയാണ്. ഇപ്പോഴും അവസാനിക്കാത്ത ആഭ്യന്തരകലാപം കാരണം, ദശലക്ഷക്കണക്കിന് സിറിയക്കാരാണ് ഇന്ന് ലബനാന്‍, തുർക്കി തുടങ്ങി പലയിടങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. കഴിക്കാന്‍ കാര്യമായി ഒന്നും ലഭിക്കാതെയാണ് പലപ്പോഴും അവരുടെ നോമ്പ് തുടങ്ങുന്നതും തുറക്കുന്നതും. 

ലബനാനിലെ ക്യാമ്പില്‍ കഴിയുന്ന അൽസാബിർ പറയുന്നത് ഇങ്ങനെയാണ് "എനിക്ക് ഉമ്മയും മൂന്ന് പെണ്മക്കളും ആണുള്ളത്. ഈ റമദാൻ എങ്ങനെ കഴിച്ചു കൂട്ടണം എന്ന് ഒരു പിടിയുമില്ല. അയൽരാജ്യങ്ങളിലെ ഇഫ്താർ ആഘോഷങ്ങളുടെ ഫോട്ടോകൾ കാണിച്ച് മക്കള്‍ ചോദിക്കുകയാണ്,  അവരെ പോലെ എപ്പോഴാണ് നമുക്കും ഇതെല്ലാം ആഘോഷിക്കാനാവുക എന്ന്. മറുപടി പറയാനാവാതെ കണ്ണുകള്‍ സജലങ്ങളാവുന്നത് അവര്‍ കാണാതിരിക്കാന്‍ ഏറെ പാട് പെടുന്നു. ക്യാമ്പിലുള്ളവരുടെയെല്ലാം അവസ്ഥ ഇത് തന്നെയാണ്."  ഈ ഇല്ലായ്തമകള്‍ക്കിടയിലും പഴയകാല സിറിയയുടെ റമദാനോര്‍മ്മകള്‍ അവരുടെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അവയെ കുറിച്ച് പറയുമ്പോള്‍ ഇന്നും ആ കണ്ണുകളില്‍ സ്വപ്നം പൂവിടുന്നത് നമുക്ക് കാണാനാവും. 

Also Read:തായ്‌വാൻ ദ്വീപിലെ റമദാൻ വിശേഷങ്ങൾ

തെരുവിലെ ഇഫ്താർ സംഗമം
തെരുവുകളിലും വീടുകളിലും കുടുംബങ്ങൾ ഒത്തൊരുമിച്ച് നടത്തുന്ന ഇഫ്താർ സംഗമങ്ങളായിരുന്നു സിറിയയുടെ വലിയൊരു പ്രത്യേകത. സലാഡും, സൂപ്പും വൈവിധ്യമായ മാംസ വിഭവങ്ങളും, മരുഭൂമിയിൽ മാത്രം ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളും അടങ്ങുന്ന വിശാലമായ ഇഫ്താർ പാര്‍ട്ടികളായിരിക്കും അത്. 

മാർക്കറ്റിലെ ആഘോഷങ്ങൾ
സിറിയയിലെ ആളുകൾ റമദാനിന് മണിക്കൂറുകളോളം ചെലവഴിച്ചിരുന്നത്, വിശിഷ്യാ രാത്രി സമയങ്ങള്‍ സജീവമാക്കിയിരുന്നത്, ചന്തകളിലും കവലകളിലുമായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും കുട്ടികളും അയൽവാസികളും എല്ലാം ചേര്‍ന്ന് നടത്തുന്ന റമദാന്‍ ഷോപ്പിംഗുകളില്‍ മാര്‍കറ്റുകള്‍ക്ക് വല്ലാത്ത പ്രൌഢിയായിരുന്നു. ഡമസ്കസിലെ മിഠായിഷോപ്പുകളിലായിരിക്കും ഏറെ തിരക്ക് അനുഭവപ്പെടുക. ഒന്നും വാങ്ങാനില്ലെങ്കില്‍ പോലും രാത്രി കാലങ്ങളില്‍ അവിടെ അല്‍പസമയം ചെലവഴിച്ചേ ആരും വീട്ടിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ. 

ആരാധനാലയങ്ങളിലെ റമദാൻ
വിശുദ്ധ റമളാൻ ആരാധനയുടെയും ആത്മവിശുദ്ധിയുടെയും മാസമാണല്ലോ. എല്ലായിടത്തുമെന്ന പോലെ, സിറിയയിലും പള്ളികള്‍ പ്രത്യേം അലംകൃതമാവാറുണ്ട്. പുറത്തുള്ള ജനങ്ങൾക്കും കേൾക്കാനാവും വിധം മൈക് ഉപയോഗിച്ചാണ് റമദാനിലെ നിസ്കാരങ്ങള്‍ നടത്താറുള്ളത്. പള്ളികളിലെല്ലാം വിശാലമായ ഇഫ്താർ സംഗമങ്ങള്‍ നടക്കാറുണ്ടായിരുന്നു. പ്രദേശത്തെ ക്രിസ്ത്യാനികളും പങ്കെടുക്കുന്ന ഇത്തരം സംഗമങ്ങള്‍, മതസൗഹാർദ്ദത്തിനും ജീവകാരുണ്യപ്രവർത്തനങ്ങള്‍ക്കും പ്രസിദ്ധമായിരുന്നു. 
ഇന്ന് എല്ലാം കേവലം ഓര്‍മ്മകളായി മാറിയിരിക്കുകയാണ്. ബോംബൊച്ചകള്‍ പതിവായ പട്ടണങ്ങളില്‍ ആഘോഷങ്ങള്‍ പോലും ഭീതിയാണ് സമ്മാനിക്കുന്നത്. നമ്മുടെ ദുആകളില്‍ ആ സഹോദരങ്ങളെ കൂടി നമുക്കോര്‍ക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter