മിനിയാപൊളിസിലും ഇനി വാങ്ക് മുഴങ്ങും

അമേരിക്കയിലെ മിനിയാപൊളിസിലെ പാസ്റ്ററാണ് ജെയിൻ ഫാർലി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നഗരത്തിലൂടെ നടക്കുകയായിരുന്നു.  ഒരു പള്ളിയുടെ സമീപമെത്തിയതും മനോഹരമായ ഒരു നാദം അദ്ദേഹം കേട്ടു.  സ്വർഗ്ഗീയ സംഗീതം പോലെയാണ് അദ്ദേഹത്തിന് അത് അനുഭവപ്പെട്ടത്. അറബിയില്‍ ആലപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതിന്റെ വരികള്‍ ശ്രദ്ധിച്ചപ്പോഴാണ്, പള്ളിയില്‍നിന്നുയരുന്ന വാങ്ക് വിളിയാണ് അതെന്ന് അദ്ദേഹത്തിന് മനസ്സിലായത്.

അമേരിക്കയില്‍ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രമാണ് വാങ്ക് പരസ്യമായി ഉച്ചഭാഷിണിയിൽ കൊടുക്കാന്‍ അധിക സ്റ്റേറ്റിലും അനുവാദമുള്ളത്. അത് തന്നെ ചിലയിടങ്ങളില്‍ റമദാനില്‍ മാത്രമേ അനുവദിക്കുന്നുമുള്ളൂ. അത് കൊണ്ട് തന്നെ, ഇതര ഭാഗങ്ങളിലുള്ളവര്‍ക്ക് അതിന്റെ വീചികള്‍ അത്ര തന്നെ പരിചിതമല്ല. 

എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍, മിനിയാപോളിസി സ്റ്റേറ്റ് കൌണ്‍സില്‍ ഒരു പ്രമേയം പാസാക്കി. വര്‍ഷം മുഴുവന്‍, എല്ലാ പള്ളികളിലും വാങ്ക് പരസ്യമായി തന്നെ വിളിക്കാമെന്നതായിരുന്നു അത്. അതോടെ, വാങ്ക് അവിടത്തുകാര്‍ക്ക് പരിചിതമായി തുടങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് മുസ്‍ലിംകളാണ് മിനിയാപോളിസിയിലുള്ളത്. ഭൂരിഭാഗപേരും സൊമാലിയൻ കുടിയേറ്റക്കാരാണ്. സമാധാന ജീവിതം കാംക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ക്ക്, പരസ്യമായി വാങ്ക് വിളിക്കാന്‍ സാധിക്കാതിരുന്നത് വല്ലാത്ത പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത്രയും മുസ്‍ലിംകളുണ്ടായിട്ടും മതത്തിന്റെ പരസ്യചിഹ്നമായ വാങ്ക് കേള്‍ക്കാനാവുന്നില്ലല്ലോ എന്നതായിരുന്നു അവരുടെ സങ്കടം. 

അതിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.  സോമാലിയയിലെ തെരുവുകളിൽ പരിചിതമായ അതേ വാങ്ക് വിളി ഇപ്പോള്‍ ഇവിടെയും കേള്‍ക്കാനാവുന്നതോടെ അവരുടെ സന്തോഷത്തിന് അതിരുകളില്ലെന്ന് പറയാം. ജന്മനാട്ടിലെത്തിയ പ്രതീതിയാണ് അവര്‍ക്കെല്ലാം ഇപ്പോള്‍.   

നഗരകേന്ദ്രത്തിനടുത്തുള്ള അബൂബക്കർ അസിദ്ദിഖ് ഇസ്‍ലാമിക് സെന്റര്‍ ഡയറക്ടർ അബ്ദുല്ലാഹ് ഫറാ പറയുന്നത് ഇങ്ങനെയാണ്, “വാങ്ക് ഇസ്‍ലാമിന്റെ ചിഹ്നമാണല്ലോ. നമ്മുടെ അയൽക്കാരിലേക്കും ഇതര മതസ്ഥരായ സമൂഹത്തിലേക്കും എത്തിച്ചേരാനുള്ള വലിയൊരു മാര്‍ഗ്ഗമാണ് ഇത്. അമേരിക്കന്‍ മുസ്‍ലിംകൾ എന്ന നിലയിൽ ഇത് ഒരു അവസരമാണ്. ദിവസവും അഞ്ച് നേരം മുഴങ്ങുന്ന വാങ്ക് ആദ്യമായി ഓര്‍മ്മിപ്പിക്കുന്നത് ഞങ്ങളെ തന്നെയാണ്".

ആദ്യമായി വാങ്ക് കേള്‍ക്കുന്ന പാസ്റ്റര്‍ ഫാര്‍ലിയുടെ വാക്കുകള്‍ കൂടി നമുക്ക് കേള്‍ക്കാം, "ഏറെ ആശ്വാസകരമായ ശബ്ദമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഞാൻ അത് വീണ്ടും വീണ്ടും ആസ്വദിക്കുന്നു. ദൈവം വലിയവനാണെന്നാണല്ലോ അതിന്റെ ഉള്ളടക്കം. ഈ നാദം മുസ്‍ലിംകളെ ആഴത്തിൽ സ്പർശിക്കുമെന്ന് എനിക്കറിയാം. സ്വന്തം വീട്ടിലെത്തിയ സുരക്ഷിതത്വബോധമായിരിക്കും ഇത് അവര്‍ക്ക് സമ്മാനിക്കുക" പാസ്റ്ററിന്റെ വാക്കുകളിലെ ആത്മാര്‍ത്ഥത ആ കണ്ണുകളില്‍നിന്ന് വായിച്ചെടുക്കാമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter