വംശീയ ഉന്മൂലനത്തേക്കാൾ ഭയാനകമാണ് ഫലസ്തീനിലെ സ്ഥിതിവിശേഷം

ഫലസ്ഥീൻ- ഇസ്രായേൽ യുദ്ധം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. കോക്കസ് മേഖലയിലെ സംഘർഷങ്ങൾ അസർബൈജാന്റെ ശക്തമായ സൈനിക നീക്കങ്ങളിലൂടെ പ്രധാന വഴിത്തിരിവിൽ എത്തിയിട്ടുണ്ട്. ആറുമാസത്തോളമായി തുടർന്നുകൊണ്ടിരിക്കുന്ന സുഡാനി സംഘർഷം പരിഹാരം ഏതുമില്ലാതെ അനിശ്ചിതമായി തുടരുകയാണ്. ഭരണതലത്തിൽ തന്നെ നിലനിൽക്കുന്ന ഇസ്‍ലാമോഫോബിയയിൽ ആശങ്ക രേഖപ്പെടുത്തി യൂറോപ്പിലെ മുസ്‍ലിം ആക്ടിവിസ്റ്റുകൾ മുന്നോട്ട് വരികയുണ്ടായി. ഈയാഴ്ചയിലെ മുസ്‍ലിം ലോകത്ത് നിന്നുള്ള പ്രധാന സംഭവ വികാസങ്ങൾ വായിക്കാം.

യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ 

ഒക്ടോബർ ഏഴാം തീയതി ഹമാസ് തുടങ്ങിവെച്ച തൂഫാനുൽ  അഖ്സ ഓപ്പറേഷൻ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. മിഡിലീസ്റ്റിനെ സംബന്ധിച്ചിടത്തോളം അത്യധികം നിർണായകമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സജീവമായ ഇടപെടലിന്റെ പശ്ചാത്തലത്തില്‍, പ്രശ്നം കൂടുതൽ പ്രദേശങ്ങളിലേക്കും തലങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. ഇസ്രായേൽ അനിയന്ത്രിതമായി ആക്രമണങ്ങൾ ഗസ്സയുടെ മേൽ തുടരുകയാണെങ്കിൽ തങ്ങൾ ഇടപെടുമെന്ന് ഹിസ്ബുള്ളയും ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ നടത്തിയ നരമേധത്തിൽ ഇതു വരെ 4000 ഓളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂന്നിൽ ഒരു ഭാഗവും കുട്ടികളാണ്. ഗസയിലെ അൽ അഹ്‍ലി ഹോസ്പിറ്റൽ ബോംബിട്ട് തകർത്ത് 500 ഓളം പേർ മരിച്ച അതിഹീനമായ സംഭവം ഇസ്രായേലിന്റെ ഭാഗത്തു നിന്ന് നടന്നിട്ടും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ സൈനിക സഹായവും സാമ്പത്തിക സഹായവുമായി ഇസ്രായേലിന്റെ കൂടെ അടിയുറച്ചു നിൽക്കുന്നുണ്ട്. കൂടാതെ യു.എന്‍.ഒയിൽ അവതരിപ്പിക്കപ്പെട്ട ഗസ്സയിലേക്കുള്ള സഹായങ്ങളുമായി ബന്ധപ്പെട്ട പ്രമേയവും വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ടുള്ള പ്രമേയവും അമേരിക്ക വീറ്റോ ചെയ്യുകയുമുണ്ടായി.

മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളുടെ സ്ഥിതിയാകട്ടെ, വെടിനിർത്തൽ കരാറിനു വേണ്ടിയോ ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കുന്നതിന് വേണ്ടിയോ കാര്യമായിട്ടുള്ള നടപടികളൊന്നും കൈക്കൊള്ളാൻ അറബ് രാജ്യങ്ങൾക്ക് സാധിച്ചിട്ടില്ല. യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമാണ് ഫലസ്തീനിലേക്ക് സഹായങ്ങൾ എത്തിക്കാൻ ഐക്യരാഷ്ട്ര സഭക്കും അറബ് രാജ്യങ്ങൾക്കും സാധിച്ചത്. ഇതിനിടെ കരയുദ്ധം എന്ന ഭീഷണി മുഴക്കി വടക്കൻ ഗാസയിൽ നിന്നും ലക്ഷകണക്കിന് പേരെ കുടിയൊഴിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇസ്രായേൽ. എന്നാൽ ഹമാസും ഇതര സംഘടനകളും പറയുന്നത് പ്രകാരം ഇത്തരം കുടിയൊഴിപ്പിക്കൽ ഒരു രണ്ടാം ന്കബ നടപ്പിലാക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമാണ് എന്നാണ്. താൽക്കാലികമായി ഗസ്സയിൽ നിന്ന് കുടിയിറക്കപ്പെട്ടവർ പിന്നീട് തിരിച്ചു വരാൻ സാധിക്കാത്തവരായി മാറും എന്നതാണ് യാഥാർത്ഥ്യം. സൗദി അറേബ്യയും ഇറാനും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ടോ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടിയോ യാതൊരുവിധ പദ്ധതികളും മുന്നോട്ടുവെച്ചിട്ടില്ല.

ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തിന്റെ ഭാവി നിലവിൽ പ്രവാചനാതീതമാണെന്ന് തന്നെ പറയാം. ഇസ്രായേലിന്റെ ആക്രമണങ്ങളുടെ തോതനുസരിച്ച് ആയിരിക്കും അറബ് രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടായിരിക്കുക. ഇസ്രായേൽ നിലവിലെ ആക്രമണങ്ങളുമായി ശക്തമാക്കി മുന്നോട്ടു പോവുകയാണെങ്കിൽ ഹിസ്ബുള്ളയും ഇറാനും യുദ്ധത്തിൽ പങ്കുചേരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

ഫലസ്തീനിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് വേണ്ടി യു.എൻ.ഓയും അറബ് രാജ്യങ്ങളും നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇസ്രായേലിന്റെ ഭാഗത്തുനിന്നും പലവിധ തടസ്സങ്ങളും വെല്ലുവിളികളും നേരിടുന്നുണ്ട്. സഹായങ്ങൾ എത്തിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 20 ട്രക്കുകൾ ഈജിപ്ഷൻ ബോർഡറിൽ നിന്നും ഗസയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടാതെ ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനുള്ള സർവ്വവിധ മാർഗങ്ങളും തടയാനുള്ള തയ്യാറെടുപ്പിൽ അമേരിക്ക ഒരു ഭാഗത്ത് നിലനിൽക്കുന്നുമുണ്ട്. അമേരിക്കയുടെ മിഡിൽ ഈസ്റ്റ് നയത്തിന്റെ ആണിക്കല്ലായ ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഏതു വിധേനയും സംരക്ഷിക്കാനുള്ള മാർഗങ്ങൾ അമേരിക്ക മടിയില്ലാതെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.


അനിശ്ചിതത്വത്തിൽ സുഡാൻ


സുഡാനി സായുധ സൈന്യവും ഹമീദ്തിയുടെ ആർ.എസ്.എഫും തമ്മിലുള്ള സംഘർഷങ്ങൾ സുഡാനെ ആഭ്യന്തര പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചിട്ട് ആറുമാസം തികഞ്ഞിരിക്കുകയാണ്. നിരവധി പേരുടെ മരണത്തിനും അനവധി പേരുടെ കുടിയേറ്റത്തിനും കാരണമായ ഈ സംഘർഷം പലവിധ ശ്രമങ്ങൾ ഉണ്ടായിട്ടും ഇതുവരെ കാര്യമായ വെടിനിർത്തിൽ പ്രഖ്യാപനങ്ങളോ സമാധാന കരാറുകളോ നടപ്പിൽ വരുത്താനാവാതെ തുടരുകയാണ്. നിലവിൽ സാമ്പത്തികമായി മുച്ചൂടും തകർന്ന അവസ്ഥയിലാണ് സുഡാൻ. സംഘർഷങ്ങൾ കാരണം ഉയർന്ന പണപ്പെരുപ്പവും ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും പ്രശ്നങ്ങളെ ഗുരുതരമാക്കിയിരിക്കുകയാണ്. ആർഡിഎഫ് അടക്കമുള്ള സുഡാനിലെ വിവിധ സായുധ സംഘങ്ങൾക്ക് മേൽ അമേരിക്ക നടപ്പിലാക്കിയ സാമ്പത്തിക ഉപരോധങ്ങൾ എരിതീയിൽ എണ്ണയൊഴിച്ച പോലെയാണ്. ഗവൺമെന്റിന്റെ പക്കൽ ഉള്ള സാമ്പത്തിക സ്രോതസ്സുകളെ അടക്കം ഉപരോധങ്ങൾ ബാധിച്ചിട്ടുണ്ട് എന്നാണ് വെളിപ്പെടുന്നത്. വെടിനിർത്തൽ കരാറോ സമാധാന പ്രഖ്യാപനങ്ങളോ സുഡാനിൽ എന്ന് നടപ്പിലാവും എന്നുള്ള കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.


കോക്കസ് സംഘർഷത്തിൽ വഴിതിരിവ് 

മാസങ്ങളായി നീണ്ടുനിന്ന യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അസർബൈജാനിന്റെയും അർമേനിയുടെയും ഇടയിലെ പ്രശ്നബാധിത പ്രദേശമായി നിലകൊള്ളുന്ന നാഗർന്നോ കരോബാക്കിന്റെ പൂർണാധികാരം അവസാനം അസർബൈജാന്റെ കയ്യിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം അസർബൈജാന്റെ അതിർത്തി നിർണയിക്കപ്പെട്ട സമയത്ത് അർമേനിയൻ വംശജർ കൂടുതലുള്ള ഈ പ്രദേശം അസർബൈജാനിന്റെ അധികാര മേഖലയിൽ ഉൾപ്പെടുത്തുകയായിരുന്നു. തുടർന്ന് കാലങ്ങളോളം നാഗർനോ കരബാക്കിലെ സായുധ സംഘങ്ങളും സംഘടനകളും അർമേനിയയിൽ ചേരാൻ വേണ്ടി വാദിക്കുകയും അതിനായി പോരാട്ടം നടത്തുകയും ചെയ്യുന്നുണ്ട്. തുർക്കിയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള അസർബൈജാനും ഇറാനിയൻ പിന്തുണയുള്ള അർമേനിയെയും തമ്മിൽ നയതന്ത്ര ഉരസലുകൾ ഉണ്ടാവാനുള്ള സാധ്യതയും നിലവിൽ മേഖലയിൽ നിലനിൽക്കുന്നുണ്ട്.


ഭരണതലത്തിൽ വളരുന്ന ഇസ്‍ലാമോഫോബിയ


പോളണ്ടിലെ വെയിൽസിൽ വച്ച് നടന്ന മനുഷ്യാവകാശ സമ്മേളനത്തിൽ ബെൽജിയം, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിം മനുഷ്യവകാശ പ്രവർത്തകർ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും അതീവ തോതിൽ വളർന്നുവരുന്ന ഇസ്‍ലാമോഫോബിയയെ കുറിച്ച് തങ്ങളുടെ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. ഭരണകൂട ഏജൻസികൾ അടക്കം മുസ്‍ലിംകളെ തിരഞ്ഞുപിടിച്ച് നിരീക്ഷിക്കുന്ന രീതിയില്‍, ഭരണതലത്തിൽ തന്നെ പല പാശ്ചാത്യ രാജ്യങ്ങളിലും നിലനിൽക്കുന്ന ഇസ്‍ലാമോഫോബിയയെ എതിർക്കപ്പെടേണ്ടതുണ്ടെന്ന് മുസ്‍ലിം ആക്ടിവിസ്റ്റുകൾ ശക്തമായി വാദിക്കുകയുണ്ടായി. ഇതിനെ സാധൂകരിക്കുന്ന നിരവധി രേഖകളാണ് പല സംഘടനകളും പുറത്തുവിട്ടിട്ടുള്ളത്. രണ്ടുമാസം മുമ്പ് അമേരിക്കയിലെ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ നിരീക്ഷണ ലിസ്റ്റിലുള്ള 90%ത്തിലധികം പേരും മുസ്‍ലിംകൾ ആണെന്ന് ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപനതലത്തിൽ നിലനിൽക്കുന്ന ഇസ്‍ലാമോഫോബിയയെ കുറിച്ച് കൂടുതൽ ചർച്ചകൾ ഉടലെടുത്തത്.


മീഡിയാ സ്കാൻ (ഈ ആഴ്ചയിലെ മാധ്യമങ്ങളിലൂടെ)


പ്രമുഖ ബ്രിട്ടീഷ് ചാനൽ അവതാരകനും ഇസ്രായേൽ അനുകൂല നിലപാടുക്കാരനുമായ പിയേഴ്സ് മോർഗനുമായി ഈജിപ്ഷ്യൻ ഹാസ്യ അവതാരകനായ ബസാം യൂസുഫ് പിയേഴ്‌സ് മോർഗൻ അൻസെൻസേഡ് എന്ന ഷോയിൽ നടത്തിയ ഡിബേറ്റ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ച ഒന്നായിരുന്നു. ഡിബേറ്റ് കാണാം.

https://youtu.be/4idQbwsvtUo?si=ZO_ol6Si6aoDmoi0

ഹിന്ദുത്വയും സയണിസവും തമ്മിലുള്ള സാമ്യതയെയും ബന്ധത്തെയും കുറിച്ച് ദ വയറിൽ വന്ന ലേഖനം പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ലേഖനം വായിക്കാം.

https://thewire.in/world/hindutva-israel-tweets-palestine-conflict


സമകാലിക ഫലസ്ഥീൻ സംഘർഷത്തെ കവർ ചെയ്യുന്നതിൽ മീഡിയകൾ ഉപയോഗിക്കുന്ന വാക്കുകളിൽ പതിയിരിക്കുന്ന അജണ്ടയെ കുറിച്ച് റംസി ബാറൂദ് എഴുതിയ ലേഖനവും പ്രത്യേകം വായിക്കേണ്ടതാണ്.

https://www.mintpressnews.com/not-hamas-israeli-conflict-palestinian-cause-belongs-world/286020/

വംശീയ ഉന്മൂലനം, കൂട്ടക്കൊല തുടങ്ങിയവയേക്കാൾ  ഭയാനകമായ അവസ്ഥാ വിശേഷമാണ് ഫലസ്ഥീനിൽ നിലനില്കുന്നതെന്ന് പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ ഒമർ സുലൈമാൻ. അദ്ദേഹത്തിന്റെ ലേഖനം വായിക്കാം.

https://www.aljazeera.com/opinions/2023/10/19/erasing-palestine-2

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter