മുസ്‍ലിം ലോകത്തിനെതിരെയുള്ള അക്രമണങ്ങള്‍, ഇത് ആദ്യത്തേതോ അവസാനത്തേതോ അല്ല
ഫലസ്തീനിലെ പീഢിത സഹോദരങ്ങള്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ എന്ത് കൊണ്ട് സ്വീകരിക്കപ്പെടുന്നില്ല എന്നതിനെ ആസ്പദിച്ച്, ഖത്തറിലെ ബര്‍വസിറ്റി മസ്ജിദില്‍ ഖതീബ് മുഹമ്മദ് അബൂസുഫ്‍യാന്‍ (ഈജിപ്ത്) നടത്തിയ ഖുതുബയുടെ ഹ്രസ്വ വിവര്‍ത്തനം.
മനസ്സാക്ഷിയുള്ള ഏതൊരാളെയും വേദനിപ്പിക്കുന്ന രീതിയിലാണ് ഫലസ്തീനിലെ നിഷ്കളങ്കരായ കുട്ടികളും വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ജനസമൂഹത്തിന് നേരെ, ജൂതസയണിസ്റ്റുകളുടെ അക്രമണം നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഏതാനും ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒന്നാമതായി, മുസ്‍ലിം സമുദായത്തിന് നേരെ ഇത്തരം ഭീകരമായ അക്രമണങ്ങളുണ്ടാവുന്നത് ഇത് ആദ്യമോ അവസാനമോ അല്ല. മുസ്‍ലിംലോകത്തിന്റെ പകുതിയിലേറെ വരുന്ന ഭാഗത്തെ നിലംപരിശാക്കി, അത് വരെയുള്ള വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റങ്ങളെയെല്ലാം ചാമ്പലാക്കി, ഖലീഫയെ വരെ പിടികൂടി എണ്ണയിലിട്ട് വറുത്തെടുത്ത മംഗോളിയന്‍ അക്രമങ്ങള്‍ വരെ ഈ സമൂഹത്തിന് മേല്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഇനിയും സമാനമോ അതിലപ്പുറമോ ആയ പരീക്ഷണങ്ങള്‍ വരില്ലെന്ന് പറയാനും നമുക്കാവില്ല. അവയെല്ലാം വെച്ച് നോക്കുമ്പോള്‍ ഇന്ന് ഫലസ്തീനികള്‍ അനുഭവിക്കുന്നത്, മുസ്‍ലിം ലോകം അനുഭവിക്കുന്നത്, അതിന്റെ നാലിലൊന്ന് പോലും വരില്ലെന്ന് വേണം പറയാന്‍.
പ്രബോധനപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ സഹിക്കേണ്ടിവന്ന ഒട്ടേറെ പീഢനങ്ങളുടെ തീച്ചൂളയിലാണ് ഇസ്‍ലാം ഇവിടെ മുളച്ചതും വളര്‍ന്നതും. അത് കൊണ്ട് തന്നെ, എത്ര വലിയ വെയിലത്തും ഇത് വാടിപ്പോകുമെന്ന് ആശങ്കപ്പെടേണ്ട കാര്യം തന്നെയില്ല. പീഢനങ്ങള്‍ സഹിക്ക വയ്യാതെ, ഖബ്ബാബ്(റ) പ്രവാചകരെ സമീപിക്കുന്നത് ഹദീസുകളില്‍ നമുക്ക് വായിക്കാം. അദ്ദേഹം പ്രവാചകരോട് ഇങ്ങനെ പറഞ്ഞു, അല്ലാഹുവിന്റെ ദൂതരേ, നാം എത്ര പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നു. എന്തേ നിങ്ങള്‍ക്ക് അല്ലാഹുവിനോട് സഹായം ചോദിച്ചുകൂടേ, ഞങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്തൂകൂടേ. അപ്പോള്‍ പ്രവാചകരുടെ മറുപടി ഇങ്ങനെയായിരുന്നു, പ്രിയ ഖബ്ബാബ്, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളില്‍ ഇതേക്കാള്‍ കൊടിയ പീഢനം സഹിച്ചവരുണ്ടായിരുന്നു. വിശ്വസിച്ചതിന്റെ പേരില്‍ പിടിച്ച് കൊണ്ട് വരപ്പെട്ട് ഭൂമിയില്‍ കുഴി കുഴിച്ച് അതിലാക്കി, ഈര്‍ച്ച വാള് തലയില്‍ രണ്ട് പകുതിയായി മുറിക്കപ്പെട്ടിരുന്നു. ഇരുമ്പിന്റെ ചീര്‍പ്പ് കൊണ്ട് വാര്‍ന്ന് ശരീരത്തിലെ എല്ലും മാംസവും വേര്‍പ്പെടുത്തപ്പെട്ടിരുന്നു. എന്നിട്ടൊന്നും അവര്‍ ഈ മതം ഉപേക്ഷിച്ചിരുന്നില്ല. അല്ലാഹുവാണ് സത്യം, അവന്‍ ഇതിനെ പരിപൂര്‍ണ്ണമാക്കുക തന്നെ ചെയ്യും. അല്ലാഹുവിനെയും സ്വന്തം ആടുകളുടെ മേല്‍ ചെന്നായകളെയുമല്ലാതെ മറ്റൊന്നിനെയും പേടിക്കാതെ, സ്വന്‍ആഅ് മുതല്‍ ഹള്റമൗത് വരെ സ്വൈര്യമായി നിര്‍ഭയം സഞ്ചരിക്കാവുന്ന അവസ്ഥാവിശേഷം സംജാതമാവുക തന്നെ ചെയ്യും. പക്ഷേ, നിങ്ങള്‍ ധൃതി കൂട്ടുകയാണ് എന്ന് മാത്രം.
സമാനമായ ധാരാളം ഹദീസുകള്‍ നമുക്ക് കാണാനാവും. സത്യം മാത്രം പറയുന്ന, അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം സംസാരിക്കുന്ന പ്രവാചകര്‍ (സ്വ) ശപഥം ചെയ്ത് പറഞ്ഞ ഇക്കാര്യം സംഭവിക്കുക തന്നെ ചെയ്യും, ആത്യന്തിക വിജയം വിശ്വാസികള്‍ക്ക് തന്നെയായിരിക്കും. അതിന് ആയുധങ്ങളോ സന്നാഹങ്ങളോ അല്ല ആവശ്യം. അറബ് രാജ്യങ്ങളെല്ലാം ഒന്നായി അണിനിരന്ന് യുദ്ധം ചെയ്തത് കൊണ്ടും അത് സാധ്യമാകണമെന്നില്ല. കാര്യമായ ഭൗതിക സന്നാങ്ങളൊന്നുമില്ലാതെ അപ്രതീക്ഷിതമായി യുദ്ധം നടത്തി വന്‍വിജയം നേടിയ ബദ്റും, യുദ്ധം മുന്നില്‍ കണ്ട് ലഭ്യമായ സന്നാഹങ്ങളോടെ പോയിട്ടും ഒരു ഘട്ടത്തില്‍ പരാജയം ഏല്‍ക്കേണ്ടിവന്ന ഉഹ്ദും നമ്മുടെ മുന്നിലുണ്ട്. അല്ലാഹുവിനെയും പ്രവാചകരെയും അനുസരിച്ച് കൊണ്ട് മുന്നോട്ട് പോയാല്‍ അല്ലാഹുവിന്റെ സഹായം വരും എന്നാണ് ആ ചരിത്രങ്ങള്‍ നമ്മോട് പറയുന്നത്. പ്രവാചകന്റെ കല്പനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നിടത്ത് ആ സഹായം മാറി നില്ക്കുകയും ചെയ്യും.
അതോടൊപ്പം, ഇസ്റാഈലിനോട് മുഖാമുഖം നേരിടുന്നത് ഫലസ്തീന്‍ ജനതയാണെങ്കിലും ലോകത്തുള്ള ഓരോ മുസ്‍ലിമും സാധ്യമാവുന്ന വിധമെല്ലാം അതിന്റെ ഭാഗമാവേണ്ടതുണ്ട്. നേരിട്ടെത്തി ശാരീരികമായി യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. സാമ്പത്തികമായി പിന്തുണക്കാന്‍ സാധിക്കുന്നവര്‍ അത് ചെയ്യട്ടെ. പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ കൂടെ നില്‍ക്കാന്‍ കഴിയുന്നവര്‍ അത് നിര്‍വ്വഹിക്കട്ടെ. പ്രതിഷേധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും പിന്തുണക്കാന്‍ സാധിക്കുന്നവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കട്ടെ. അതിനൊന്നും സാധിക്കാത്തവര്‍ മനസ്സ് കൊണ്ടെങ്കിലും അവരോടൊപ്പം നിലകൊള്ലട്ടെ. സാധിക്കുന്നതെല്ലാം ചെയ്ത്, ശേഷം എല്ലാവരും പ്രാര്‍ത്ഥനകളോടെ നാഥനിലേക്ക് കരങ്ങളുയര്‍ത്തുക.
നമ്മുടെ സഹോദരങ്ങള്‍ക്ക് ഇത്രയും വലിയ പ്രയാസമെത്തിയിട്ട്, മുസ്‍ലിം ലോകത്തെ ഓരോരുത്തരും എന്ത് ചെയ്തു എന്ന പരീക്ഷണം കൂടിയാണ് ഇത്. അതിനാല്‍ നാം നമ്മുടെ കര്‍ത്തവ്യം നിര്‍വഹിക്കുക. നിരാശ പിടിപെടാതെ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുക. എഴുപതോളം സ്വഹാബികള്‍ വധിക്കപ്പെട്ട ബിഅ്റ് മഊന സംഭവത്തിന് ശേഷം പ്രവാചകര്‍ നാസിലതിന്റെ ഖുനൂത് ഓതിയത് ഒരു മാസക്കാലമാണ്. ഒരു ദുആ കൊണ്ട് മാത്രം അല്ലാഹുവിന്റെ ഉത്തരം ലഭിക്കുമായിരുന്ന പ്രവാചകര്‍ ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും നിരാശ വരാതെ തുടരേണ്ട ആരാധനയാണ് ദുആ എന്നത് തന്നെയാണ്. അക്രമങ്ങള്‍ അവസാനിക്കുന്നത് വരെ അത് തുടര്‍ന്നുകൊണ്ടേയിരിക്കുക.
ആയതിനാല്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്യുക. ദുആകളില്‍ അവരെ മറക്കാതിരിക്കുക. അല്ലാഹു അവര്‍ക്ക് എത്രയും വേഗം മോചനം നല്കുമാറാവട്ടെ, സ്വതന്ത്രമായ ഫലസ്തീനും ഖുദ്സും കണ്ട് സന്തോഷിക്കാന്‍ മുസ്‍ലിം സമൂഹത്തിന് എത്രയും വേഗം അവസരം ഉണ്ടാവട്ടെ, ആമീന്‍.
Leave A Comment