തുര്‍കിയുടെ തെരുവോരങ്ങളിലും അശാന്തിയുടെ പുകച്ചുരുളുകളോ

നവംബര്‍ 13ന്, ഞായറാഴ്ച വൈകുന്നേരം ഇസ്താംബൂളിലെ ഇസ്തിഖ്‍ലാല്‍ തെരുവില്‍ നടന്ന സ്ഫോടനത്തോടെ ലോക ശ്രദ്ധ തുര്‍കിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 6 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ ലോക രാഷ്ട്രങ്ങളെല്ലാം അപലപിച്ചിരിക്കുകയാണ്. മുസ്‍ലിം രാഷ്ട്രങ്ങളില്‍ ഏറെക്കുറെ ശാന്തമായി മുന്നേറുകയും ലോക രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണ്ണായകമായ ചുവടുവെപ്പുകളും നീക്കങ്ങളും നടത്തുകയും ചെയ്യുന്ന രാഷ്ട്രമെന്ന നിലയില്‍, ഏറെ പ്രാധാന്യത്തോടെയാണ് വാര്‍ത്താ മാധ്യമങ്ങള്‍ ഈ സ്ഫോടനത്തെ നോക്കിക്കാണുന്നത്. 

അതേസമയം, സ്ഫോടനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും, ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഒന്നൊന്നായി പിടികൂടാനായത് തുര്‍കി അന്വേഷണ സംഘത്തിന്റെ കാര്യക്ഷമതയിലുള്ള   വിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പിടിക്കപ്പെട്ടവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍, ആക്രമണത്തിന് പിന്നില്‍, പി.കെ.കെ എന്ന പേരിലറിയപ്പെടുന്ന കുര്‍ദിസ്ഥാന്‍ തൊഴിലാളി സംഘടനയാണെന്നാണ് കരുതപ്പെടുന്നത്. 

അഹ്‍ലാം അല്‍ബശീര്‍ എന്ന് പേരുള്ള സിറിയന്‍ വംശജയായ സ്ത്രീയാണ് സ്ഫോടനം നടത്തിയിരിക്കുന്നത്. ബിസിനസ് രംഗത്തും വിനോദസഞ്ചാര രംഗത്തും ഏറെ പ്രധാനമാണ് ഇസ്താംബൂളിലെ അല്‍ഇസ്തിഖ്‍ലാല്‍ തെരുവ്. തെരുവിലെ ഒരു ബെഞ്ചില്‍ അല്‍പ നേരം ഇരുന്ന അഹ്‍ലാം എന്ന വനിത, സ്ഫോടക വസ്തുക്കളടങ്ങിയ ബേഗ് അവിടെ ഉപേക്ഷിച്ച് സ്ഫോടനത്തിന് തൊട്ട് മുമ്പായി ഓടിപ്പോകുകയായിരുന്നു. തെരുവിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ഈ രംഗങ്ങളിലൂടെയാണ് പ്രതിയിലേക്ക് എത്തിപ്പെടുന്നതും കൂടുതല്‍ പ്രതികള്‍ പിടിക്കപ്പെടുന്നതും. ഇത് വരെയായി അമ്പതോളം പേരെ ഇതുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
തുര്‍കി അത്ര സുരക്ഷിതമല്ലെന്നും വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമല്ലെന്നും വരുത്തിതീര്‍ത്ത് രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കാനും അശാന്തിയിലേക്ക് തള്ളി വിടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സ്ഫോടനം എന്നാണ് അധികൃതരുടെ ഭാഷ്യം. ആക്രമണത്തിനായി തന്ത്രപ്രധാനമായ ഈ തെരുവ് തെരഞ്ഞെടുത്തതും അത് കൊണ്ട് തന്നെയാണെന്നാണ് അവര്‍ പറയുന്നത്. 

കുര്‍ദിസ്ഥാനില്‍ സ്വതന്ത്രമായ ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 1978ല്‍ സ്ഥാപിതമായ സായുധ സംഘടനയാണ് കുര്‍ദിസ്ഥാന്‍ പാര്‍ട്ടി. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താധാരകളാണ് ഇവരെ പ്രധാനമായും പിന്തുടരുന്നത്. ഇറാഖ്, ഇറാന്‍, സിറിയ എന്നിവിടങ്ങളിലെ കുര്‍ദിസ്ഥാന്‍ വാദ സംഘങ്ങളുമായും ഇവര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വതന്ത്ര രാഷ്ട്രം എന്ന ലക്ഷ്യപ്രാപ്തിക്ക് തുര്‍കിയുമായി സംഘടന നടത്തിയ നിരന്തര സംഘട്ടനങ്ങള്‍, തൊണ്ണൂറുകള്‍ക്കൊടുവില്‍ പാര്‍ട്ടി നേതാവ് അബ്ദുല്ല ഓജ്‍ലാന്‍ പിടിക്കപ്പെടുന്നത് വരെ തുടര്‍ന്നിരുന്നു. 
അമേരിക്ക, ബ്രിട്ടണ്‍, യൂറോപ്യന്‍ യൂണിയന്‍, തുര്‍കി, ഇറാന്‍, സിറിയ, ആസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഈ സംഘടനയെ ഭീകര സംഘമായി പ്രഖ്യാപിച്ചിട്ടുണ്ട്. സായുധ സംഘട്ടനത്തിലൂടെ ലക്ഷ്യം നേടാനാവില്ലെന്ന് തിരിച്ചറിഞ്ഞ അവര്‍, 2008ല്‍ പീസ് ആന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. ഭീകരസംഘടനയുടെ രാഷ്ട്രീയ മുഖം എന്നതിനാല്‍ പല രാഷ്ട്രങ്ങളും ഇതിനെയും അകറ്റി നിര്‍ത്തിയിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളില്‍നിന്ന് വിട്ട് നിന്നിരുന്ന സംഘം, വീണ്ടും ആക്രമണപ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് ഈ സ്ഫോടനം നല്കുന്ന സൂചന. സിറിയയിലെ ഐനുല്‍അറബ് പട്ടണത്തില്‍നിന്നാണ് ഈ ആക്രമണത്തിന്റെ പദ്ധതികള്‍ തയ്യാറാക്കിയതും നിര്‍ദ്ദേശങ്ങള്‍ വന്നതുമെന്നാണ് തുര്‍കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സുയ്‍ലോ അഭിപ്രായപ്പെട്ടത്. സിറിയന്‍ അതിര്‍ത്തിയായ അഫ്‍രീനിലൂടെയാണ് ആക്രമികള്‍ തുര്‍കിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വടക്കന്‍ സിറിയയിലെ കുര്‍ദിസ്ഥാന്‍ കലാപകാരികള്‍ക്കെതിരെ മുന്‍വര്‍ഷങ്ങളില്‍ തുര്‍കി നടത്തിയ സൈനിക നീക്കങ്ങളുടെ പ്രതികാരമാവാം ഇതെന്നും അദ്ദേഹം പറഞ്ഞു. 
അമേരിക്ക, ബ്രിട്ടണ്‍, നാറ്റോ രാഷ്ട്രങ്ങള്‍, അദര്‍ബൈജാന്‍, ഖത്തര്‍, സൌദിഅറേബ്യ, കുവൈത്, ഫലസ്തീന്‍ തുടങ്ങി ലോക രാഷ്ട്രങ്ങളെല്ലാം ആക്രമണത്തെ ശക്തമായി അപലപിക്കുകയും തങ്ങളുടെ അനുശോചനവും അഗാധ ദുഖവും അറിയിക്കുകയും ചെയ്തു. 

എന്നാല്‍, ആക്രമണത്തിന് പിന്നില്‍, തുര്‍കിയെ അശാന്തമാക്കാന്‍ ശ്രമിക്കുന്ന അമേരിക്ക അടക്കമുള്ള പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് പങ്കുള്ളതായി സംശയിക്കപ്പെടുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന്, തുര്‍കിയിലെ അമേരിക്കന്‍ എംബസി അറിയിച്ച അനുശോചനം തുര്‍കി ഔദ്യോഗികമായി നിരസിച്ചത് ഇതാണ് സൂചിപ്പിക്കുന്നത്. പരസ്യമായി ഭീകര വാദത്തെ തള്ളിപ്പറയുകയും രഹസ്യമായി അതിനെ പിന്തുണക്കുകയും ചെയ്യുന്നവരുടെ അനുശോചനം തങ്ങള്‍ക്ക് വേണ്ടെന്നാണ് തുര്‍കി ആഭ്യന്തര മന്ത്രി ഇതിനോട് പ്രതികരിച്ചത്. വടക്കന്‍ സിറിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുര്‍ദിസ്ഥാന്‍ കലാപകാരികള്‍ക്ക് ആവശ്യമായ പിന്തുണ നല്കുന്നത് ആരാണെന്ന് തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter