നബി (സ്വ)യുടെ അടുക്കൽ ഒരു പെൺകുട്ടി വന്നു പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, അപസ്മാരം മൂലം ഞാൻ കഷ്ടപ്പെടുന്നു. അപസ്മാരം വരുമ്പോൾ വീഴുകയും ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ നീങ്ങിപ്പോവുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്കുവേണ്ടി അല്ലാഹുവോട് അങ്ങ് ദുആ ചെയ്യണം.
പ്രവാചകര്‍ (സ്വ) പറഞ്ഞു: "വേണമെങ്കിൽ ഞാൻ ദുആ ചെയ്യാം. പക്ഷേ, നീ ക്ഷമിച്ചാൽ സ്വർഗ്ഗമാണ് അല്ലാഹു നിനക്ക് ഒരുക്കിവെച്ച പ്രതിഫലം." ഇത് കേട്ട ആ പെൺകുട്ടി പറഞ്ഞു: "നബിയേ ഞാൻ ക്ഷമിക്കാം. എനിക്ക് അല്ലാഹുവിന്റെ പ്രതിഫലം മതി. നിലത്തു വീഴുമ്പോൾ വസ്ത്രങ്ങൾ നീങ്ങിപ്പോവാതിരിക്കാൻ വേണ്ടി അങ്ങ് ദുആ ചെയ്യണം. നബി (സ്വ) അതുപോലെ അവൾക്കു വേണ്ടി ദുആ ചെയ്തു. (ബുഖാരി, മുസ്‌ലിം)
വിശ്വാസിയുടെ മനസ്സ് കരുത്തുള്ളതാവണം. പ്രതിസന്ധികളെ ഏറ്റുവാങ്ങാൻ സന്നദ്ധമാവണം. ക്ഷമിച്ചാൽ പോരാ, ക്ഷമയുടെ പരമാവധി പ്രകടിപ്പിക്കാൻ കഴിഞ്ഞെങ്കിലേ വിജയിക്കാൻ കഴിയൂ.
കാര്യങ്ങളുടെ താക്കോല്‍ സ്ഥാനത്താണ് ക്ഷമയുള്ളത്. വിജയങ്ങളുടെ സ്വകാര്യവുമാണത്. അതിന്റെ വര്‍ധിത പ്രാധാന്യം കൊണ്ടുതന്നെ അല്ലാഹു പറഞ്ഞു: നിങ്ങള്‍ ക്ഷമ കൈക്കൊള്ളുകയാണെങ്കില്‍ അത് തന്നെയാകുന്നു ക്ഷമാശീലര്‍ക്ക് ഉത്തമമായിട്ടുള്ളത്. അങ്ങ് ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത് (അന്നഹ്ല്‍: 126, 127). സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക. ക്ഷമയില്‍ അത്യന്തം മികവ് പുലര്‍ത്തുകയും ചെയ്യുക. പ്രതിരോധ സജ്ജരാവുകയും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുകയും ചെയ്യുക, നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി (ആലും ഇംറാന്‍: 200).
ക്ഷമിക്കാനുള്ള ശേഷിയുള്ളവരാണെന്ന് നാം നമ്മെ വിലയിരുത്തുമ്പോഴും സാഹചര്യങ്ങൾ വരുമ്പോൾ ക്ഷമിക്കുന്നതിനുമില്ലേ ഒരതിര് എന്ന് പറഞ്ഞ് വലിയ അക്ഷമ പ്രകടിപ്പിക്കുന്നവരാണ് അധികപേരും. എന്നാൽ ക്ഷമിക്കുന്നതിനുണ്ടോ ഒരതിര്?
ക്ഷമ അല്ലാഹുവിന് വേണ്ടി ചെയ്യന്ന ഉത്തമ ദാനമാണ്. നബി (സ്വ) പറഞ്ഞു: ക്ഷമയേക്കാള്‍ പ്രവിശാലവും പ്രയോജനപ്രദവുമായ ഒരു ദാനവും ഒരാള്‍ക്കും ലഭ്യമായിട്ടില്ല (ബുഖാരി, മുസ്‌ലിം). ക്ഷമാശീലര്‍ക്കുള്ള പ്രതിഫലത്തിന് അല്ലാഹു പരിധി വെച്ചില്ല. ''ക്ഷമാലുക്കള്‍ക്ക് തങ്ങളുടെ പ്രതിഫലം കണക്ക് നോക്കാതെ പൂര്‍ത്തീകരിക്കപ്പെട്ടതാണ്'' (അസ്സുമര്‍: 10).
അത്യന്തം ക്ഷമിക്കുന്നവന് 'സ്വബൂര്‍' എന്നാണ് അറബിയില്‍ പറയുന്നത്. അത് അല്ലാഹുവിന്റെ തിരുനാമങ്ങളില്‍ ഒന്നാണ്. അല്ലെങ്കിലും അല്ലാഹുവോളം ക്ഷമിക്കുന്നവര്‍ മറ്റാരുണ്ട്! തിരുദൂതര്‍ (സ്വ) പറയുകയുണ്ടായി: കേള്‍ക്കുന്നതെന്തും ക്ഷമിക്കുന്നവനായി അല്ലാഹുവേക്കാള്‍ മറ്റാരുമില്ല. അവര്‍ അല്ലാഹുവിന് പങ്കുകാരനെ ആരോപിക്കുന്നു. പുത്രനുണ്ടെന്ന് വാദിക്കുന്നു. എന്നിട്ടും അല്ലാഹു അവരെ തീറ്റിപ്പോറ്റുന്നു. അവര്‍ക്ക് സൗഖ്യം നല്‍കുന്നു. വിഭവങ്ങള്‍ നല്‍കുന്നു (ബുഖാരി, മുസ്‌ലിം).
ജീവിതം കൊണ്ട് ക്ഷമയുടെ പുതിയ അധ്യായം തീര്‍ത്ത നബി തങ്ങള്‍ പറഞ്ഞു: ആര്‍ക്കും ഏല്‍ക്കേണ്ടിവന്നിട്ടില്ലാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എനിക്ക് പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ആരും പേടിപ്പിക്കപ്പെട്ടിട്ടില്ലാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ഭയപ്പെടുത്തപ്പെട്ടു. ബിലാലിന്റെ കക്ഷത്തിലൊതുങ്ങുന്ന തുഛം ഭക്ഷണമല്ലാതെ ഒരു ജീവിക്ക് ഭക്ഷിക്കാവുന്ന മറ്റൊന്നുമില്ലാതെ 30 ദിനരാത്രങ്ങള്‍ ഞാനും ബിലാലും തള്ളിനീക്കി (അഹ്‌മദ്).
വീണ്ടുവിചാരമില്ലായ്മയും എടുത്തുചാട്ടവുമാണ് ക്ഷമയുടെ അവസരം പാഴാക്കിക്കളയുന്നത്. അവധാനതയില്‍ സുരക്ഷിതത്വവും എടുത്തുചാട്ടത്തില്‍ പരിക്കുകളുമുണ്ട്. ക്ഷമിക്കാനറിയാത്തവര്‍ക്ക് നഷ്ടങ്ങളുടെ കഥകള്‍ ഏറെയുണ്ടാകും. ആമയും പന്തയങ്ങള്‍ ജയിക്കാറുണ്ട്. മുയല്‍ ഒരു പക്ഷേ വേഗം ഇരയാവാനിടയാക്കും. തിരുദൂതര്‍ (സ്വ) പറഞ്ഞു: വിഷമസന്ധികളില്‍ ക്ഷമ കൈക്കൊള്ളുന്നതില്‍ ഏറെ നന്മകളുണ്ട് (അഹ്‌മദ്).
Leave A Comment