സാമ്രാജ്യത്വ കാപട്യത്തിന്റെ പുതിയ മുഖങ്ങള്‍
chechniy ant charle Ebdo ആക്രമണ ശേഷം വീണ്ടും പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ലി എബ്ദോക്കെതിരെ ചെച്നിയയില്‍ നടന്ന പ്രകടനം ദൗര്‍ഭാഗ്യകരമായ ഷാര്‍ലി എബ്‌ദോ ഭീകരാക്രണത്തിനു ശേഷം ഇസ്‌ലാമിക ഭീകരത, റാഡിക്കല്‍ ഇസ്‌ലാമിസം, മത മൗലികത തുടങ്ങിയ സംജ്ഞകള്‍ വ്യാപകമായി സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുകയും ചര്‍ച്ചകള്‍ക്കൊടുവില്‍ മുഴുവന്‍ സംഭവങ്ങള്‍ക്കും ഒരു പ്രത്യേക മതവിഭാഗം മുഴുവന്‍ മറുപടി പറയണമെന്ന പതിവു നാട്യത്തോടെ ലോക ജനതക്കു മുമ്പില്‍ നല്ല പിള്ള ചമയുകയും ചെയ്യുകയാണ് സാമ്രാജ്യത്വരാജ്യങ്ങളും അവയുടെ ശിങ്കിടികളും. പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളുടെ ദൈനം ദിന രാഷ്ട്രീയത്തില്‍ പോലും കഴുകക്കണ്ണുകളുമായി വട്ടം ചുറ്റി നടക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പക്ഷെ, തങ്ങള്‍ ചെയ്യുന്ന എന്തു അനീതിയും വിശാലമായ രാഷ്ടീയ ലക്ഷ്യത്തിന്റെയും സമാധാന സംസ്ഥാപനത്തിന്റെയും ബലഹീനമായ പിന്‍ബലത്തില്‍ ന്യായീകരിക്കാറാണ് പതിവ്. 1991 ലെ അല്‍ജീരിയന്‍ തെരെഞ്ഞെടുപ്പില്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് കണ്ടപ്പോള്‍ അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മുന്‍കൈയ്യുടുത്ത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത വണ്ണം തെരെഞ്ഞെടുപ്പ് റദ്ദാക്കിയതും 2001 ല്‍ നടന്ന ഫലസ്ഥീന്‍ വോട്ടെടുപ്പില്‍ 80% ശതമാനം വോട്ട് നേടി ഹമാസ് വിജയിച്ചപ്പോള്‍ അമേരിക്ക അംഗീകരിക്കാന്‍ തയ്യാറാവാത്തതുമൊക്കെ അവരുടെ കാപട്യം വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങളില്‍ ചിലതു മാത്രമാണ്. തീവ്ര വലതു പക്ഷ സെമിറ്റിക് വിരുദ്ധ മാധ്യമമാണ് ഷാര്‍ലി എബ്‌ദോ. ഇതിനു മുമ്പും തീവ്ര കത്തോലിക്കന്‍ വിഭാഗങ്ങളാല്‍ ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട് ഷാര്‍ലി എബ്‌ദോയുടെ കാര്യാലയവും ജീവനക്കാരും. പക്ഷെ, അപ്പോഴൊന്നും  അവയെ മാധ്യമങ്ങളിലൂടെ പ്രശ്‌നവല്‍ക്കരിക്കുകയോ അഭിപ്രായ സ്വാതന്ത്ര്യമെന്ന ഉന്നതമായ മാനവിക സങ്കല്പത്തോടുള്ള യുദ്ധ പ്രഖ്യാപനമായി കാണപ്പെടുകയോ ചെയ്തിരുന്നില്ല. അത് മൂലം ഒരു പ്രത്യേക മതവിഭാഗം ആക്രമിക്കപ്പെട്ടതുമില്ല. മാത്രവുമല്ല, തികച്ചും ഏകപക്ഷീയവും യുക്തിരഹിതവുമായ ആക്ഷേപങ്ങളും വിമര്‍ശങ്ങളുമാണ് മുസ്‌ലിം സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് ചരിത്രപരമായിത്തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഓരോ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചുമുള്ള അമേരിക്കയുടെ നയപരമായ കാഴ്ച്ചപ്പാടുകളെ സസൂക്ഷ്മം വിലയിരുത്തുന്നവര്‍ക്ക് ഇത് വളരെ കൃത്യമായി സാക്ഷ്യപ്പെടുത്താന്‍ കഴിയും. ആക്രമണത്തിനു തൊട്ടുടനെ ഫ്രഞ്ച് ജനതയെ അഭിമുഖീകരിച്ചു പ്രധാന മന്ത്രി നടത്തിയ അഭിസംബോധനയിലെ ഓരോ വാക്കുകളും ഈ സത്യത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ നമ്മെ വീണ്ടും വീണ്ടും പ്രേരിപ്പിക്കാന്‍ പോന്നവയാണ്. ന്യൂ യോര്‍ക്ക് ടൈംസ് അക്രമത്തെ വിശേഷിപ്പിച്ചത് സംസ്‌കാരങ്ങളുടെ സംഘട്ടനമെന്നായിരുന്നു. ഇറാഖ്, അഫ്ഗാന്‍, ഫലസ്ത്വീന്‍ തുടങ്ങി ലോക മുസ്‌ലിം ജനതയുടെ മേല്‍ യുദ്ധപ്രഖ്യാപനം നടത്താന്‍ താത്വികമായ ന്യായീകരണം കണ്ടെത്താനുള്ള അമേരിക്കന്‍ ബുദ്ധിജീവികളുടെ ശ്രമത്തിന്റെ ഫലമായാണ് പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനായ സാമുവല്‍ ഹണ്ടിംഗ്ടന്റെ സാംസ്‌കാരികതകളുടെ സംഘര്‍ഷം എന്ന സിദ്ധാന്തം ജന്മമെടുക്കുന്നതെന്ന് ചരിത്രമറിയുന്നവര്‍ക്കൊക്കെയറിയാം. അത് വീണ്ടും ആവര്‍ത്തിക്കുന്നതിന്റെ സാന്ദര്‍ഭികമായ പ്രാധാന്യവും അതിലൂടെ ലക്ഷ്യം വെക്കുന്ന സാമ്രാജ്യത്വത്തിന്റെ സര്‍വ്വനശീകാരിയായ ഭാവിപദ്ധതിയും മനസ്സിലാക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ല. യു.എസ് ചിന്തകന്‍ നോം ചോസ്കി ഇക്കാര്യം വ്യക്തമാക്കുന്നത് മറ്റൊരു സംഭവം ഉദ്ധരിച്ചു കൊണ്ടാണ്: ‘എല്ലാം തകര്‍ന്നുപോയിരിക്കുന്നു. എങ്ങും പുകപടലങ്ങള്‍ മാത്രം. പുറത്തേക്കുള്ള വഴി പോലും നിശ്ചയമില്ല. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നിമിഷങ്ങള്‍. എല്ലാം ഒരു ദു:സ്വപ്നം പോലെ ഭീകരമായിരുന്നു. ആരൊക്കെയോ ഭയന്നു നിലവിളിക്കുന്നു. പൊട്ടിച്ചിതറിയ ചില്ലുകഷ്ണങ്ങള്‍, ചിതറിത്തെറിച്ച മരക്കട്ടിലുകള്‍, വിക്ഷുഭ്ധത നിഴലിക്കുന്ന വൈകാരികാന്തരീക്ഷം.' പ്രമുഖനായ പത്രപ്രവര്‍ത്തകന്‍ എര്‍ലാംഗറുടെ ഭയവും നിര്‍വികാരതയും കുത്തിനിറച്ച വാക്കുകളാണിവ. പക്ഷെ, ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഷാര്‍ലി എബ്‌ദോ സംഭവത്തെ കുറിച്ചാണീ വാക്കുകള്‍ എന്നു ധരിച്ചവര്‍ക്കു തെറ്റി. 1999ല്‍ ഏപ്രില്‍ 24 നു നടന്ന നാറ്റോയുടെ സെര്‍ബിയന്‍ ടെലിവിഷന്‍ ഹെഡ്‌ക്വോര്‍ട്ടേഴ്‌സിനു നേരെ നടന്ന നിഷ്ഠൂരമായ മിസൈലാക്രമണത്തിന്റെ ഭീകരദൃശ്യം വിവരിക്കുകയായിരുന്നു എര്‍ലാംഗര്‍. പതിനാറ് പത്രപ്രവര്‍ത്തകരാണ് അന്ന് അക്രമത്തില്‍ മരണമടഞ്ഞത്. പെന്റഗണ്‍ വാക്താവടക്കം അമേരിക്കയുടെ ഔദ്യോഗിക നേതൃത്വം മനുഷ്യത്വ രഹിതമായ ഈ ആക്രമണത്തെ വളരെ ലാഘവത്തോടെയാണ് ന്യായീകരിച്ചത്. പക്ഷെ, അന്നവിടെ ജസ്യൂസ് ആര്‍. ടി. വി (ഞാന്‍ ആര്‍. ടി. വി) വിയെന്ന വിലാപ പ്രഖ്യാപനമോ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഭീകരമായ കടന്നുകയറ്റത്തെ കുറിച്ചുള്ള ആശങ്കപ്പെടലോ സാമ്രാജ്യത്വ ഭീകരതക്കെതിരായ ജാഗ്രതയോ ഒന്നും കണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരേ സംഭവങ്ങള്‍ സാമ്രാജ്യത്വ പ്രഭൃതികളിലൂടെ ചെയ്യപ്പെടുമ്പോള്‍ വിശുദ്ധ യുദ്ധമായും അറിയപ്പെടാത്ത മുഖംമൂടികള്‍ ചെയ്യുമ്പോള്‍ ഇസ്‌ലാമിക തീവ്രവാദികളുടെ ഭീകരാക്രമണമാവുകയും ചെയ്യുന്നതിന്റെ രഹസ്യം എന്തോ കൊണ്ടോ നമുക്ക് മനസ്സിലാവുന്നില്ല. ആര്‍. ടി. വി ആക്രമത്തില്‍ സ്റ്റേഷന്‍ മാനേജറായിരുന്ന ഡ്രഗോള്‍ജിബ് മിലനോവിച്ച് എന്നയാള്‍ പത്തു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടു എന്നതായിരുന്നു ഇതിന്റെ ഏറ്റവും രസകരമായ കാര്യം. അയാള്‍ ചെയ്ത കുറ്റമോ അക്രമം നടക്കുമ്പോള്‍ ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് മാറ്റാത്തതും. സമാനമായ നിരവധി സംഭവങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയും. 2004 ലെ അമേരിക്കന്‍, ബ്രിട്ടീഷ് സഖ്യത്തിന്റെ ഇറാഖ് അധിനിവേശകാലത്തെ ഫലുജ ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന അതിനിഷ്ഠൂരമായ അക്രമമാണതിലൊന്ന്. അമേരിക്ക ചെയ്ത ഏറ്റവും കിരാതമായ യുദ്ധ കുറ്റങ്ങളിലൊന്നാണിയിരുന്നു അത്. കഴിഞ്ഞ വര്‍ഷം നിരവധി മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഫലസ്ത്വീനിലെ ഇസ്രായേല്‍ ആക്രമണവും ഇതേ പശ്ചാത്തലത്തില്‍ നിന്നു വേണം വായിക്കാന്‍. മാധ്യമ പ്രവര്‍ത്തകരുടെ എല്ലാ അടയാളങ്ങളും പ്രദര്‍ശിപ്പിച്ച വാഹനങ്ങളാണ് അക്രമിക്കപ്പെട്ടത് എന്നത് സംഭവത്തിന്റെ വന്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിനെല്ലാം പുറമെ ഷാര്‍ലോ എബ്‌ദോയെ ഗൂഢാലോചനാ സിദ്ധാന്ത(കോണ്‍സ്പിറസി തിയറി)ത്തിന്റെ പാശ്ചാത്തലത്തില്‍ നോക്കിക്കാണുന്നവരുംകുറവല്ല. അക്രമികളുടെ തിരിച്ചറിയല്‍ കാര്‍ഡ് സംശയാസ്പദമായ രീതിയില്‍ ലഭിച്ചതും തങ്ങളെ അഭിവാദ്യം ചെയ്ത മുസ്‌ലിം പോലീസുകാരനെ വധിച്ചു കളഞ്ഞതും കൃത്യമായ ക്യാമറ റെക്കോര്‍ഡിംഗും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചേക്കാന്‍ സാധ്യതയുള്ള മൊസാദിന്റെ കൈകളും ഇത്തരമൊരു സന്ദേഹത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter