റമദാന് 20 – അഫ്‍വ്.. അത് തന്നെയാണ് ഇത്ഖിനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം

റമദാന് 20 – അഫ്‍വ്.. അത് തന്നെയാണ് ഇത്ഖിനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം 
ഇനി അഫ്‍വിന്റെയും ഇത്ഖിന്റെയും നാളുകളാണ്, വിട്ടുവീഴ്ചയുടെയും നരകമോചനത്തിന്റെയും. വിശ്വാസികള്‍ ഇനി പ്രധാനമായും നാഥനോട് ചോദിക്കുന്നത് ഇത് രണ്ടുമാണ്. റമദാന്‍ അവസാനനാളുകളില്‍ ലൈലതുല്‍ഖദ്റിനെ പ്രതീക്ഷിക്കണമെന്ന് പ്രവാചകര്‍ പറഞ്ഞപ്പോള്‍, എങ്കില്‍ ആ ദിനങ്ങളില്‍ ഞങ്ങള്‍ എന്താണ് നാഥനോട് തേടേണ്ടത് എന്ന് ആഇശ(റ) ചോദിച്ചുവെന്ന് ഹദീസുകളില്‍ കാണാം. പ്രവാചകര്‍ മറുപടി പറഞ്ഞു, നിങ്ങള്‍ അല്ലാഹുവിനോട് മാപ്പ് ചോദിക്കുക, നാഥാ, നീ ഏറ്റവും മാപ്പ് നല്‍കുന്നവനാകുന്നു, നിനക്ക് അത് ഏറെ ഇഷ്ടവുമാണ്, ആയതിനാല്‍ എനിക്ക് നീ മാപ്പ് തരണേ എന്ന് ചോദിക്കുക, അതായിരുന്നു പ്രവാചകരുടെ മറുപടി. 
അല്ലാഹുവിനോട് ഒട്ടേറെ തെറ്റുകള്‍ ചെയ്തുപോയവരാണ് നാം. അവക്കാണ് നാം മാപ്പ് ഇരക്കുന്നതും. 
എന്നാല്‍, അതോടൊപ്പം സൃഷ്ടികളോടും നാം ചെയ്തത് പലപ്പോഴും ബാക്കി കിടക്കുന്നുവെന്ന് നാം ഓര്‍ക്കാറേയില്ല. സൃഷ്ടികളോട് സംഭവിച്ചുപോയ തെറ്റിന് അവരോട് ചെന്ന് മാപ്പിരക്കാതെ, അല്ലാഹുവിനോട് ഇരന്നത് കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് പ്രമാണങ്ങളില്‍ കാണാം. ആയതിനാല്‍, അല്ലാഹുവിനോട് മാപ്പിരക്കുന്നതോടൊപ്പം സൃഷ്ടികളോട് കൂടി മാപ്പിരക്കാന്‍ നാം തയ്യാറാവണം. സമയാസമയങ്ങളിലായി വന്നുപോയ തെറ്റുകള്‍ക്ക് അവരെകണ്ട് മാപ്പ് ചോദിക്കുക, ശേഷം അല്ലാഹുവിലേക്ക് കൈകളുയര്‍ത്തുക.
അതോടൊപ്പം, നമ്മോട് അവിവേകങ്ങള്‍ ചെയ്തുപോയവരുണ്ടെങ്കില്‍ അവര്‍ക്ക് മാപ്പ് നല്‍കാന്‍ നാം തയ്യാറാകുക. നമ്മുടെ മാപ്പ് ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനുള്ള സന്മനസ്സ് കാണിക്കുന്നതിലൂടെ, നാം അല്ലാഹുവിന്റെ മാപ്പിന് അര്‍ഹത നേടുകയാണ്. സഹോദരനോട് നാം കാണിക്കുന്ന വിട്ടുഴീച തന്നെ അല്ലാഹുവിന് എത്രമേല്‍ ഇഷ്ടകരമാണെന്നോ. പലപ്പോഴും നമ്മുടെ തെറ്റുകള്‍ക്ക് മാപ്പ് തരാന്‍ അതു തന്നെ മതിയാവും. 
വിശുദ്ധമാസത്തിന്റെ അവസാനനാളുകളിലേക്ക് പ്രവേശിക്കുന്ന ഈ വേളയില്‍ നമ്മുടെ മാപ്പിന്റെ വാതായനങ്ങള്‍ തുറന്ന് വെക്കാന്‍ നാം തയ്യാറാകുക, തെറ്റ് ചെയ്തുപോയവരോട് അങ്ങോട്ട് മാപ്പിരക്കാനും തയ്യാറാകുക. എങ്കില്‍ അല്ലാഹുവിന്റെ അഫ്‍വ് ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, അതിലൂടെ നരകമോചനവും സാധ്യമായേക്കാം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter