ഗസ്സയില്‍ സാധാരണക്കാരില്ല...  എല്ലാവരും അനസുമാരും വാഇലുമാരുമാണ്...

ഇന്നലെ ഇസ്റാഈല്‍ അക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച അല്‍ജസീറ റിപ്പോര്‍ട്ടര്‍ അനസ് ശരീഫിന്റെ മരണപത്രം (വസിയത്) ഇങ്ങനെ വായിക്കാം,

ഇതെന്റെ വസിയ്യതാണ്, അഥവാ, എന്റെ അവസാന സന്ദേശം. ഈ വാക്കുകള്‍ നിങ്ങളിലെത്തിയാല്‍, അധിനിവേശസൈന്യം എന്ന് കൊല്ലുന്നതില്‍ വിജയിച്ചു എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം.

അസ്സലാമുഅലൈകും വറഹ്മതുല്ലാഹ്

എന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ആവുന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്, ജബാലിയാ അഭയാര്‍ത്ഥി കേമ്പില്‍ വളര്‍ന്ന ഞാന്‍, അവരുടെ ശബ്ദമായി ആവുന്നത്ര നിലകൊണ്ടിട്ടുണ്ട്. അതിന് അല്ലാഹുവാണ് സാക്ഷി. എനിക്ക് അല്ലാഹു കൂടുതല്‍ ആയുസ്സ് നല്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ, എല്ലാം കലങ്ങിത്തെളിഞ്ഞ് ഉറ്റവരോടും ഉടയവരോടുമൊപ്പം സ്വന്തം ദേശമായ അസ്ഖലാനില്‍ ജീവിതം നയിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അല്ലാഹുവിന്റെ വിധി പ്രകാരമല്ലേ കാര്യങ്ങള്‍ നടക്കൂ.

വേദനയുടെ എല്ലാ ഭാവഹാവങ്ങളും അനുഭവിച്ചവനാണ് ഞാന്‍, നഷ്ടങ്ങളും വിരഹങ്ങളും ഒരു പാട് ഞാന്‍ സഹിച്ചിട്ടുണ്ട്. എങ്കിലും, ഗസ്സയിലെ യാഥാര്‍ത്ഥ്യം പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന എന്നിലര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ ഒരു ദിവസം പോലും ഞാന്‍ മുടക്കം വരുത്തിയിട്ടില്ല. ഇത്രയും വലിയ ക്രൂരതകള്‍ നടമാടുമ്പോള്‍ എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് അതായിരുന്നു. അവയെല്ലാം കണ്ടിട്ടും കാണാത്ത പോലെ മൗനം ദീക്ഷിച്ചത്, ഞങ്ങളുടെ കുരുന്നുകളുടെ ശവശരീരങ്ങള്‍ തുണ്ടം തുണ്ടമായി ചിന്നിച്ചിതറുന്നത് കണ്ടിട്ട് പോലും മനസ്സ് ഇളകാത്തവര്‍, രണ്ട് വര്‍ഷത്തോളമായി നടമാടുന്ന മനുഷ്യക്കുരുതി കണ്ടിട്ടും നാവനക്കാത്തവര്‍, അവരെല്ലാം ആരാണെന്ന് അല്ലാഹുവിനറിയാം. അവരെ ഞാന്‍ അവന് തന്നെ വിടുകയാണ്.

എനിക്ക് നിങ്ങളോട് പറയാനുള്ളത് ഫലസ്തീനെ കുറിച്ചാണ്. മുസ്‍ലിംകളുടെ കിരീടത്തിലെ രത്നമാണ് അത്, ഈ ലോകത്തിലെ ഓരോ സ്വതന്ത്രന്റെയും മനസ്സിന്റെ തുടിപ്പാണ് അത്. അവിടത്തുകാരും, ജനിച്ച ശേഷം ഒരു ദിവസം പോലും സ്വസ്ഥമായി കഴിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത അവരുടെ കുട്ടികളും പീഢനത്തിന് ഇരകളാവുകയാണ്.   ഇസ്റാഈല്‍ പ്രയോഗിച്ച ടണ്‍കണക്കിന് ബോംബ് വര്‍ഷങ്ങളിലൂടെ അവരില്‍ പലരുടെയും ശരീരഭാഗങ്ങള്‍ ഇതിനകം തന്നെ ചിന്നിച്ചിതറിക്കഴിഞ്ഞിരിക്കുകയാണ്.

ബന്ധനങ്ങള്‍ നിങ്ങളെ നിശബ്ദമാക്കാതിരിക്കട്ടെ, പരിധികളും പരിമിതികളും നിങ്ങളുടെ മുമ്പില്‍ പ്രതിബന്ധങ്ങളാവാതിരിക്കട്ടെ, ആ നാടിന്റെയും ജനതയുടെയും  മോചനത്തിന് വേണ്ടി ധീരമായി നിലകൊള്ളുക, ഒരു ദിവസം അവിടെ സ്വാതന്ത്ര്യത്തിന്റെ സൂര്യന്‍ ഉദിക്കുക തന്നെ ചെയ്യും.

എന്റെ കുടുംബത്തെയും നിങ്ങള്‍ നോക്കണം. എന്റെ കുഞ്ഞുമോള്‍ ശാം, അവള്‍ വളര്‍ന്നുവലുതാവുന്നത് കാണാന്‍ കാലം എന്നെ അനുവദിക്കില്ല. എന്റെ മോന്‍ സ്വലാഹ്, വലുതായി സ്വന്തമായി ജീവിക്കാന്‍ പ്രാപ്തനാവുന്നത് വരെയെങ്കിലും അവന്റെ കൂടെയുണ്ടാവണമെന്ന് ഞാന്‍ കൊതിച്ചതായിരുന്നു. എന്റെ മാതാവ്, അവരുടെ അകമഴിഞ്ഞ പ്രാര്‍ത്ഥന കൊണ്ട് മാത്രമാണ് എന്റെ ജീവിതത്തിലുണ്ടായ നേട്ടങ്ങളെല്ലാം, അതായിരുന്നു എന്റെ സംരക്ഷണകവചം, ആ പ്രകാശമായിരുന്നു എന്റെ വഴികളെ ജാജ്ജ്വലമാക്കിയത്. അവര്‍ക്ക് സമാധാനം നല്കണേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന. എന്റെ ഭാര്യ ബയാന്‍, യുദ്ധം കാരണം മാസങ്ങളോളം പരസ്പരം കാണാനാവാതെ കഴിഞ്ഞിട്ടുണ്ട്, ക്ലേശങ്ങളെല്ലാം സഹിക്കേണ്ടിവന്നപ്പോഴും ഞാന്‍ വഹിച്ച സന്ദേശത്തോടൊപ്പം, ഒലീവ് മട്ടല്‍ കണക്കെ, കുനിയാതെ പതറാതെ ഉറച്ച് നിന്നവളാണ് അവള്‍.

എന്റെ കാലശേഷം നിങ്ങള്‍ അവരെയെല്ലാം തിരിഞ്ഞുനോക്കണം എന്ന് മാത്രമാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. അല്ലാഹു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ മാത്രമേയുള്ളൂ അവര്‍ക്ക് താങ്ങും തണലുമായി. ഞാന്‍ വിശ്വസിച്ച ആദര്‍ശത്തിനും ആശയത്തിനും വേണ്ടിയാണ് ഞാന്‍ മരിക്കുന്നത്. അല്ലാഹു എനിക്ക് വിധിച്ച ഈ മരണത്തില്‍ ഞാന്‍ തീര്‍ത്തും തൃപ്തനാണ്, അവനെ കണ്ട് മുട്ടുമെന്നതില്‍ ഉറച്ച് വിശ്വസിക്കുന്നവനും, അവന്‍ അവിടെ ഒരുക്കി വെച്ചിരിക്കുന്നത് ഇതേക്കാള്‍ സുന്ദരവും സുമോഹനവും ശാശ്വതവുമായിരിക്കും, ഇന്‍ ശാ അല്ലാഹ്.

അല്ലാഹുവേ, നീ എന്നെ രക്തസാക്ഷികളില്‍ സ്വീകരിക്കണേ. ചെയ്തുപോയ പാപങ്ങളെല്ലാം നീ പൊറുത്ത് തരേണമേ, എന്റെ രക്തത്തെ ഈ ജനതയുടെ മോചനത്തിന് വെളിച്ചം പകരുന്നതാക്കണേ.

ആരോടെങ്കിലും എന്തെങ്കിലും തെറ്റുകള്‍ ഞാന്‍ ചെയ്തുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്നോട് പൊറുക്കുക, അല്ലാഹുവിന്റെ കാരുണ്യത്തിനായി നിങ്ങള്‍ ദുആ ചെയ്യുക. അല്ലാഹുവിനോട് ചെയ്ത കരാര്‍ പ്രകാരമായിരുന്നു എന്റെ ജീവിതം, എന്റെ മരണവും അങ്ങനെത്തന്നെ. അതില്‍ ഞാന്‍ യാതൊരു വിധ മാറ്റങ്ങളും വരുത്തിയിട്ടേയില്ല.

ഗസ്സയെ നിങ്ങള്‍ ഒരിക്കലും മറക്കരുത്, എനിക്ക് വേണ്ടി ദുആ ചെയ്യാനും.

അനസ് ജമാല്‍ ശരീഫ്, ഗസ്സ

ഒരിക്കലും കീഴടങ്ങാത്ത ദൃഢമനസ്കരായ ഗസ്സക്കാരുടെ പ്രതീകമായിരുന്നു അനസ് ശരീഫ്. ഗസ്സയിലുടനീളം നിങ്ങള്‍ക്ക് കാണാനാവുക ഇത്തരം അനേകായിരം അനസുമാരെയാണ്. ക്ഷമയും സഹനവും കൊണ്ട് സര്‍വ്വായുധ വിഭൂഷിതരായ ഒരു സൈന്യത്തെ അതിജയിക്കുന്ന ജനതയുടെ ദൈനംദിന ഗാഥകള്‍, ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് പകര്‍ന്നു നല്കിയ അനസും അവരിലൊരാളായിരുന്നു. എന്തെല്ലാം നേടി എന്നതല്ല, മറിച്ച് ഇതരര്‍ക്ക് വേണ്ടി എന്തെല്ലാം ബലി കഴിച്ചു എന്നതാണ് മഹത്വത്തിന്റെ അളവ് കോലെങ്കില്‍ അനസ് ശരീഫ് ചരിത്രത്തിലെ മഹാനാണെന്ന് നമുക്ക് നിസ്സംശയം പറയാം.

കയറിക്കിടക്കാന്‍ ഇടം കൊടുത്തവരെ ആട്ടിപ്പുറത്താക്കി എല്ലാം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന സയണിസ്റ്റ് സൈന്യം, തങ്ങള്‍ കാണിക്കുന്ന ക്രൂരതകള്‍ ലോകം അറിയരുതെന്നായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, വാഇല്‍ ദഹ്ദൂഹിനെയും അനസ് ശരീഫിനെയും പോലോത്ത ധീരരായ മാധ്യമപ്രവര്‍ത്തകര്‍ ജീവന്‍ പോലും പണയപ്പെടുത്തി, ആ കഥകളും കദനങ്ങളും ലോകത്തിന് മുന്നിലെത്തിച്ചു. ആ നാവില്‍നിന്ന് വരുന്ന ഓരോ വാക്കിനും വെടിയുണ്ടയേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു, ആ ക്യാമറ പകര്‍ത്തിയ ഓരോ ചിത്രത്തിനും ആയിരം ബോംബുകളേക്കാള്‍ പ്രഹരശേഷിയുണ്ടായിരുന്നു. 

അവര്‍ പകര്‍ത്തിയ ഓരോ ചിത്രവും ലോകത്തോട് വിളിച്ച് പറഞ്ഞത്, ലോകഭാഷകളിലെ പദങ്ങളെല്ലാം ചേര്‍ന്നാലും പറയാനാവാത്തതായിരുന്നു. ഒരു ഭാഗത്ത്, മനുഷ്യത്വമെന്നല്ല മൃഗീയത പോലും ഇല്ലാതെ, വൃദ്ധര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ അക്രമണം അഴിച്ച് വിടുന്നവര്‍, ബന്ദികളോട് പോലും നാല്കാലികളേക്കാള്‍ മോശമായി പെരുമാറുന്നവര്‍, ഭക്ഷണത്തിനായി വരിനില്ക്കുന്നവരെ പോലും വെടി വെച്ചിടുന്നവര്‍... 

അതേ സമയം, മറുവശത്ത് സ്വയം വിശന്ന് വലയുമ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ഭക്ഷണം നല്കുന്നവര്‍, തനിക്ക് അഭയം നല്കിയ പാഠശാലക്ക് കാവല്‍നില്‍ക്കുന്നവര്‍, കിലോമീറ്ററുകളോളം ചുമലില്‍ ചുമന്ന് വെള്ളം വിതരണം ചെയ്യുന്നവര്‍, യുദ്ധക്കെടുതികള്‍ക്കിടയിലും, പാഠശാലകളില്ലാത്തതിനാല്‍ മരത്തണലിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്നവര്‍, കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മേല്‍ ടെന്റ് കെട്ടുന്നവര്‍, പിതാവിന്റെ വേര്‍പാടില്‍ ഉമ്മയെയും തിരിച്ചും സമാധാനിപ്പിക്കുന്ന മക്കള്‍, പള്ളി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിട്ടും ഇടയില്‍ ശേഷിച്ച സ്ഥലത്ത് വെച്ച് നിസ്കാരം നിര്‍വ്വഹിക്കുന്നവര്‍, വിശപ്പിനിടയിലും പരസ്പരം പുഞ്ചിരിക്കുന്നവര്‍, അവക്കെല്ലാം ഇടയിലും ഇടക്കിടെ, നാഥാ നിനക്കാണ് സര്‍വ്വ സ്തുതിയും എന്ന് മനസ്സറിഞ്ഞ് പറയുന്നവര്‍...

ഈ രംഗവൈവിധ്യങ്ങളെയെല്ലാം ഒപ്പിയെടുത്ത് ഗസ്സയുടെ യഥാര്‍ത്ഥ ചിത്രം ലോകത്തിന് മുന്നിലെത്തിച്ചത് വാഇലുമാരും അഹ്മദ് ലൗഹുമാരുമായിരുന്നു, സാമിറുമാരും ഹുസാമുമാരുമായിരുന്നു, അനസ് ശരീഫുമാരും മുഹമ്മദ് ഖുറൈഖിഉമാരുമായിരുന്നു. അത് കൊണ്ട് തന്നെ, പലപ്പോഴും ഹമാസിന്റെ അക്രമണങ്ങളേക്കാളേറെ ഇസ്റാഈല്‍ ഭയന്നതും ഇവരെയായിരുന്നു. ഇവരുള്ളിടത്തോളം, തങ്ങളുടെ മുഖം ലോകജനതക്ക് മുന്നില്‍ വികൃതമായിക്കൊണ്ടേയിരിക്കും എന്ന് കുറ്റവാളികള്‍ക്ക് നല്ല ബോധവും തികഞ്ഞ ബോധ്യവുമുണ്ടായിരുന്നു. അവരെ കൊന്ന് കളയുക എന്നത് മാത്രമായിരുന്നു അവയെ  നിശബ്ദമാക്കാന്‍ അധിനിവേശകരുടെ മുന്നിലുള്ള ഏക വഴി.  അതാണ് അവര്‍ ഇത് വരെ ചെയ്തതും ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നതും. കഴിഞ്ഞ 22 മാസത്തിനിടെ 238 പത്രപ്രവര്‍ത്തകരെ ഇസ്റാഈല്‍ കൊന്നൊടുക്കിയെന്ന ഔദ്യോഗിക കണക്ക് അറിയുമ്പോഴാണ്, അത് എത്രമാത്രം ആസൂത്രിതമായിരുന്നു എന്ന് നമുക്ക് മനസ്സിലാവുക. 

ഗസ്സയില്‍ സാധാരണക്കാരെന്ന് പറയാവുന്ന ആരുമില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ് അനസ് ശരീഫും സംഘവും. അവിടെയുള്ളവരെല്ലാം, രക്തത്തിന് മേലെ ചരിത്രം തീര്‍ക്കുന്നവരാണ്, ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏതറ്റം വരെയും പോകുന്നവരാണ്, ലക്ഷ്യപ്രാപ്തിക്ക് മുന്നില്‍ ഉറച്ച് നില്ക്കുന്ന ഹിമാലയങ്ങളാണ് അവരില്‍ ഓരോരുത്തരും.

ഗസ്സ വീണ്ടും വീണ്ടും ലോകത്തെ അല്‍ഭുതപ്പെടുത്തുകയാണ്. ഇവര്‍ മനുഷ്യര്‍ തന്നെയോ എന്ന് ലോകം വീണ്ടും വീണ്ടും ചോദിച്ചു പോവുകയാണ്. ഗസ്സയില്‍ ദൈനംദിനം പിടഞ്ഞ് മരിക്കുന്ന ആയിരങ്ങളെ നോക്കി, നാം മരണ പ്രാര്‍ത്ഥന ഉരുവിടുമ്പോള്‍, യഥാര്‍ത്ഥത്തില്‍ അവര്‍ നമ്മളോട് ഇങ്ങനെ തിരിച്ച് ചോദിക്കുകയാണ്, നിങ്ങളെന്തിനാണ് ഇന്നാ ലില്ലാഹ് പറയുന്നത്. ഞങ്ങള്‍ ശാശ്വത ജീവിതം നേടിയവരാണ്. ഈ ക്രൂരതകളെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന, അരുതെന്ന് പോലും പറയാനാവാതെ നില്ക്കുന്ന നിങ്ങളല്ലേ യഥാര്‍ത്ഥത്തില്‍ മരിച്ച് ശവങ്ങളായിരിക്കുന്നത്, ശ്വാസം വലിക്കുന്ന ജീവഛവങ്ങള്‍, നിങ്ങളെ നോക്കി ഞങ്ങള്‍ പറയട്ടെ, ഇന്നാ ലില്ലാഹ്..

നാഥാ, ഞങ്ങളോട് പൊറുക്കണേ... ഗസ്സയുടെ കാര്യം നീ തന്നെ നോക്കേണമേ...

Leave A Comment

3 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter