റമദാന് 17 – ബദ്റിന്റെ ഓര്മ്മകള്‍... കഴിക്കാന്‍ മാത്രമുള്ളതല്ല..
റമദാന് 17 – ബദ്റിന്റെ ഓര്മ്മകള്‍... കഴിക്കാന്‍ മാത്രമുള്ളതല്ല..
ഇന്ന് റമദാന്‍ 17... പ്രബോധനചരിത്രത്തിലെ അതുല്യമായ അധ്യായം വിരചിതമായ ദിനം. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് തുറന്ന് പറഞ്ഞതിന്റെ പേരില്‍, പിറന്ന നാടും വളര്‍ന്ന വീടും വിട്ട് പലായനം ചെയ്യേണ്ടിവന്നവര്‍... അഥവാ വിശ്വസാദര്‍ശത്തിന് ജീവിതത്തിലെ എന്തിനേക്കാളും വില കല്‍പിച്ചവര്‍... രണ്ട് വര്‍ഷം തികയും മുമ്പേ, ആ ചെറുവിഭാഗം തങ്ങളെ ആട്ടിയോടിച്ച വന്‍ശക്തിക്ക് നേരെ വരിച്ച, മനുഷ്യചരിത്രത്തില്‍തന്നെ തുല്യതയില്ലാത്ത, വികാരവിജൃംഭിതമായ വിജയം... കാര്യമായ ഭൌതിക സന്നാഹങ്ങളൊന്നുമില്ലാതെ വന്ന മൂന്നൂറ്റിഅമ്പതോളം വരുന്ന വിശ്വാസികള്‍, സര്‍വ്വായുധ വിഭൂഷിതരായ ആയിരത്തിലേറെ വരുന്ന ഭൂരിപക്ഷത്തോട് ആത്മധൈര്യത്തോടെ നേരിട്ട് നേടിയെടുത്ത വിജയം.. പീഢകരുടെ ഹുങ്കിന് മേല്‍ പീഢിതര്‍ നേടിയ ജാജ്ജ്വലവിജയം.. അതായിരുന്നു ബദ്റ്.
മുസ്‍ലിം സമൂഹം കാലങ്ങളായി ബദ്റ് ചരിത്രം പാടിയും പറഞ്ഞും അനുസ്മരിച്ചുകൊണ്ടേയിരിക്കുന്നു. ബദ്റില്‍ പങ്കെടുത്തവര്‍ക്ക് സവിശേഷമായ സ്ഥാനം നല്കപ്പെടുന്നതും പ്രവാചകരുടെ കാലം മുതലേ പാട്ടുകളിലും മറ്റും ബദ്റ് സ്മരിക്കപ്പെടാറുണ്ടായിരുന്നുവെന്നും ചരിത്രത്തില്‍ വായിക്കാവുന്നതാണ്. ബദ്റിനെ കുറിച്ചും ബദ്റിലെ യോദ്ധാക്കളെ കുറിച്ചും രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ ഒരു ഗ്രന്ഥാലയത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമാണ്. ശേഷം ഇന്ന് വരെയുള്ള മുസ്‍ലിം രചനകളിലും സാഹിത്യസൃഷ്ടികളിലുമൊക്കെ ബദ്റ് സവിശേഷമായ സ്ഥാനം നേടിയിട്ടുമുണ്ട്.
Also Read:ബദ്റിലെ ശുഹദാക്കള്‍
ചുരുക്കത്തില്‍ ബദ്റ് മറക്കാനുള്ളതല്ല, മറിച്ച് ആ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കേണ്ടതാണ്, തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പാടിയും പറഞ്ഞും ആസ്വദിച്ചും കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് അത്. കാരണം ബദ്റ് വിശ്വാസികള്‍ക്ക് നല്‍കുന്നത് ശുഭപ്രതീക്ഷയുടെ ഒരായിരം പൊന്‍കിരണങ്ങളാണ്. എണ്ണത്തില്‍ എത്ര ന്യൂനപക്ഷമാവുമ്പോഴും മനസ്സിലെ വിശ്വാസത്തിന്റെ കരുത്തിലാണ് കാര്യമെന്നതാണ് ബദ്റ് നല്‍കുന്ന ആദ്യസന്ദേശം. ബദ്റ് സംവദിക്കുന്നത് മുസ്‍ലിംകളോട് മാത്രമല്ല, മുഴുവന്‍ പീഢിതവിഭാഗത്തോടുമാണ്.
മുസ്‍ലിം ലോകവും വിശിഷ്യാ ഇന്ത്യന്‍ മുസ്‍ലിംകളും ഇതര പീഢിത ന്യൂനപക്ഷങ്ങളും പ്രതിസന്ധികളിലൂടെ നീങ്ങുന്ന ഈ ഘട്ടത്തില്‍ ബദ്റിന് പ്രസക്തിയേറുകയാണ്. ബദ്റ് ദിനത്തില്‍ വിശ്വാസത്തിന് മൂര്‍ച്ച കൂട്ടാനും എത്ര വലിയവനെയും ആ വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ആത്മധൈര്യത്തോടെ നേരിടാനും നമുക്ക് ആവണം, അപ്പോഴേ ബദ്റോര്‍മ്മകള്‍ ധന്യമാവൂ. അതൊന്നുമില്ലാതെ, കേവലം കഴിക്കാന്‍ വേണ്ടി മാത്രമാവരുത് ആ പാവനസ്മരണകള്‍.
Leave A Comment