രാഷ്ട്ര പിതാവിനെ വെടിവെച്ചിട്ട് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍...

ജനുവരി മുപ്പത്, സ്വതന്ത്രഭാരതത്തിന് ഒരിക്കലും മറക്കാനാവാത്ത ദിനമാണ് അത്. ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രപിതാവിന്, ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ജീവന്‍ നഷ്ടമായത് അന്നായിരുന്നു. വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന തന്റെ സ്വപ്നത്തിന് അദ്ദേഹത്തിന് നല്കേണ്ടിവന്ന വിലയായിരുന്നു സ്വന്തം ജീവന്‍. അഥവാ, മതേതര രാജ്യം എന്ന സ്വപ്നത്തിന് ഇന്ത്യക്ക് നല്‍കേണ്ടിവന്നത് സ്വന്തം രാഷ്ട്രപിതാവിന്റെ ജീവനായിരുന്നു എന്നര്‍ത്ഥം. ഹിന്ദുതീവ്രവാദികള്‍ നടത്തിയ ആ  ആദ്യഭീകരാക്രമണത്തിന് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ് ഇന്ന്.

വൈവിധ്യങ്ങളെ പാടേ നിരാകരിച്ച് ഏക ശിലാത്മകമായ ഒരു ഭരണ വ്യവസ്ഥയെ വിഭാവനം ചെയ്യുന്നതാണ് ഫാസിസം. എതിരെ വരുന്ന അഭിപ്രായപ്രകടനങ്ങളും വിമർശന സ്വരങ്ങളും ഈ വ്യവസ്ഥിതിക്ക് കീഴിൽ കൂച്ചുവിലങ്ങിടപ്പെടും എന്നതാണ് ചരിത്രം. പങ്കാളിത്ത രാഷ്ട്രീയ സങ്കല്പം എന്നത് ആലോചിക്കാന്‍ പോലുമാവാത്ത അവര്‍, രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പൗരസാന്നിധ്യത്തെ കടുത്ത അവജ്ഞയോടെ നിരാകരിക്കുന്നതും സ്വാഭാവികം. നമ്മുടെ മാതൃരാജ്യമായ ഇന്ത്യ ഇന്ന് സഞ്ചരിക്കുന്നത് ആ പാതയിലേക്കാണ്.

ഹരിയാനയിൽ ചേർന്ന വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലാണ് "ഒരൊറ്റ രാജ്യം, ഒരൊറ്റ നിയമം" എന്ന കേന്ദ്ര സർക്കാറിന്റെ അജണ്ടയിലെ ഏക സിവിൽ കോഡിനെക്കുറിച്ചുള്ള വിവരങ്ങൾ പുറം ലോകമറിയുന്നത്.  മുമ്പ് രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കിയ സന്ദർഭത്തിൽ സർക്കാർ മുന്നോട്ടുവെച്ചിരുന്ന പ്രമേയം "ഒരൊറ്റ രാജ്യം, ഒരൊറ്റ നികുതി" എന്നതായിരുന്നു. "ഒരൊറ്റ രാജ്യം, ഒരൊറ്റ തെരഞ്ഞെടുപ്പ്"എന്നതും അവര്‍ മുന്നോട്ട് വെച്ചിരുന്നു. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളെ ഏകോപിപ്പിച്ച് നടത്താനാണ് ഇതിലൂടെ ലക്ഷീകരിക്കുന്നത്. "ഒരൊറ്റ പോലീസ്, ഒരൊറ്റ യൂണിഫോം" എന്ന പേരിൽ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സെന്ററുകളെ ഒന്നിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

ഇതര ഭാഷകളിൽ നിന്ന് ഹിന്ദിയെ ഔദ്യോഗിക വൽക്കരിക്കുക എന്നതാണ് സർക്കാറിന്റെ നയം. ഔദ്യോഗികമായ എല്ലാ കാര്യങ്ങളെയും ഹിന്ദിയിൽ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാൻ ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിരിക്കുകയാണ് സർക്കാർ. ഫിജിയിൽ ഹിന്ദി സംസാരിക്കുന്നവരുടെ സമ്മേളനവും വിളിക്കുകയുണ്ടായി. മധ്യപ്രദേശിൽ എംബിബിഎസിന്റെ സിലബസ് വരെ ഹിന്ദിയിൽ നിർമ്മിക്കപ്പെടുകയുണ്ടായി. വിവിധ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ ജനങ്ങൾക്ക് മേൽ ഹിന്ദിയെ അടിച്ചേൽപ്പിക്കുന്നതും ഇതേ ഏകശിലാത്മകതയുടെ ഭാഗം തന്നെ. Ein Volk, ein Reich, ein Führer (ഒരു ജനത, ഒരു വ്യവസ്ഥ, ഒരു നേതാവ്) എന്ന നാസീ മുദ്രവാക്യമാണ് ആര്‍.എസ്.എസിന്റേതുമെന്ന അംബേദ്കറുടെ വചനങ്ങൾ പ്രസക്തമായിത്തീരുന്നത് ഇവിടെയാണ്.

1920 കളുടെ അവസാനത്തിലാണ് ബ്രിട്ടീഷുകാർക്കെതിരെ ഒരുമയോടെ പോരാടിക്കൊണ്ടിരുന്ന ദേശീയ പ്രസ്ഥാനത്തിൽ ചില അപശബ്ദങ്ങളും വർഗീയ പ്രവണതകളും കണ്ടുതുടങ്ങുന്നത്. 1857ലെ ആദ്യ സ്വാതന്ത്ര്യസമരത്തിൽ രൂപപ്പെട്ടുവന്ന ഹിന്ദു-മുസ്‍ലിം ഐക്യത്തെ തകർക്കാൻ കൊളോണിയൽ ശക്തികൾ നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ പരിണിതഫലമാണിതെന്ന് പറയുന്നതാകും കൂടുതൽ ഉചിതം. സ്വാഭാവികമായും ഐക്യ സംഘത്തിൽ നിന്നുയർന്നുവന്ന എതിർ സ്വരങ്ങളെ ബ്രിട്ടീഷുകാർ ആകുവോളം പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം, നിസ്സഹകരണ കാലത്ത് മുസ്‍ലിം ഐക്യത്തെ തകർക്കുവാനുള്ള ശ്രമങ്ങളും തകൃതിയായി നടന്നുകൊണ്ടിരുന്നു. കോൺഗ്രസ് വലതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ഹിന്ദു മഹാസഭയായിരുന്നു ഈ പ്രവണതകൾക്ക് പിന്നിൽ. തങ്ങൾ ഉയർത്തിയ വിമത സ്വരത്തിന് ശ്രദ്ധ ലഭിച്ചുവെന്ന് മനസ്സിലാക്കിയ അവർ 1925 ൽ വരേണ്യ വർഗ്ഗത്തിനായി ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽ ആർഎസ്എസ് എന്ന സംഘടന രൂപീകരിച്ചു. ഹെഡ്ഗേവാറിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന ബി.എസ് മൂഞ്ചെയും  വിനായക് ദാമോദർ സവർക്കറുമായിരുന്നു പ്രധാന നേതാക്കൾ. ആദ്യം കോൺഗ്രസിലായിരുന്ന ഹെഡ്ഗേവാറും മൂഞ്ചെയുമെല്ലാം പിന്നീട് ഹിന്ദു മുസ്‍ലിം വിഷയങ്ങളിൽ ഗാന്ധി സ്വീകരിച്ച മതനിരപേക്ഷ സമീപനങ്ങളിൽ പ്രതിഷേധിച്ചാണ് പുറത്തു പോകുന്നത്. 

Read More: ബ്രിട്ടീഷുകാരുടെ ചെരിപ്പുസേവ നടത്തിയതാണ് ആര്‍.എസ്.എസ്സിന്റെ ചരിത്രം

1931 ഫെബ്രുവരി-മാർച്ച് മാസങ്ങൾക്കിടയിൽ വട്ടമേശ സമ്മേളനത്തിൽ നിന്ന് മടങ്ങിയെത്തിയ മൂഞ്ചെ യൂറോപ്പിൽ ഒരു പര്യടനം നടത്തുകയുണ്ടായി. ഇറ്റലിയിലെ സൈനിക സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ച അദ്ദേഹം, മാർച്ച് 19ന് മൂന്ന് മണിക്ക് ഫാസിസ്റ്റ് ഗവൺമെന്റിന്റെ ആസ്ഥാനമായിട്ടുള്ള പലാസോ വെനീസിയയിൽ വെച്ച് ഇറ്റാലിയൻ ഏകാധിപതി മുസോളിനിയുമായി  നേർക്കുനേർ കൂടിക്കാഴ്ച നടത്തി. മാർച്ച് 20ന് മുസോളിനിയുമായി നടത്തിയ അരമണിക്കൂർ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ അദ്ദേഹം ഡയറിയിൽ പങ്കുവെക്കുന്നുമുണ്ട്. 

റോമിലെ സൈനിക കോളേജും സെൻട്രൽ മിലിറ്ററി സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, ഫാസിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കൽ എജുക്കേഷൻ എന്നീ സ്ഥാപനങ്ങളും സന്ദർശിക്കുന്ന അദ്ദേഹം അതിൽ അത്യധികം ആകൃഷ്ടനാകുന്നുമുണ്ട്.  വിദ്യാഭ്യാസത്തെക്കാൾ ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് പ്രാമുഖ്യം നൽകിയിരുന്ന balilla, Avanguardisti എന്നീ സംഘടനകളെക്കുറിച്ച് തന്റെ ഡയറിയിൽ രണ്ടിലധികം പേജുകളിലായി അദ്ദേഹം വിവരിക്കുന്നുണ്ട്. അവർ ആറു വയസ്സു മുതൽ പതിനെട്ട് വയസ്സ് വരെയുള്ള ആൺകുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത് പ്രതിവാര യോഗങ്ങളും  ശാരീരിക വ്യായാമങ്ങളുമെല്ലാം നടത്തി അർദ്ധസൈനികരായി ഡ്രില്ലും പരേഡും  മറ്റുമെല്ലാം സംഘടിപ്പിക്കാറുണ്ട്. 

അദ്ദേഹം ഡയറിയിൽ കുറിക്കുന്നത് ഇങ്ങനെയാണ്: "അച്ചടക്കവും ഉയർന്ന സംഘാടനവും ഇപ്പോഴുമില്ലെങ്കിലും ബലില്ലാ സ്ഥാപനങ്ങളുടേയും മുഴുവൻ സംഘടനകളുടെയും ആശയം എന്നെ വല്ലാതെ ആകർഷിച്ചു. ഇറ്റലിയുടെ സൈനിക പുനരുജ്ജീവനത്തിനായി മുസോളിനിയാണ് ഈ ആശയങ്ങളെല്ലാം വിഭാവനം ചെയ്തത്. അദ്ദേഹം രാജ്യത്തിന്റെ ദൗർബല്യം മനസ്സിലാക്കി ബലില്ലയെ വികസിപ്പിച്ചു. ഹിന്ദുക്കളുടെ  സൈനിക പുനരുജ്ജീവനത്തിന് ഇന്ത്യക്കും പ്രത്യേകിച്ച് ഹിന്ദു ഇന്ത്യക്കും അത്തരം ചില സ്ഥാപനങ്ങൾ ആവശ്യമാണ്." റോമിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹം ഹിന്ദു സംഘടനകളുടെ യോഗം വിളിക്കുകയും ജർമ്മനിയിലെ യുവജനപ്രസ്ഥാനങ്ങളെയും ഇറ്റലിയിലെ  ഫാസിസ്റ്റ് സംഘടനകളെയും അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആർഎസ്എസിനെ ഒരു ചലനാത്മക സംഘടനയാക്കി, അതിന്റെ ഘടന രൂപപ്പെടുത്തുന്നതിലായിരുന്നു ശേഷം ഹെഡ്ഗേവാറിന്റെ ശ്രദ്ധ. അതേസമയം, അതിന് ഒരു ഇറ്റാലിയൻ പ്രതിച്ഛായ നേടിക്കൊടുക്കുന്നതിലായിരുന്നു മൂഞ്ചെ ശ്രദ്ധിച്ചത്.

ബാലഗംഗാധർ തിലകന്റെ ശക്തനായ അനുയായിയായിരുന്നു ബി.എസ് മൂഞ്ചെ. 1907ൽ സൂറത്തിൽ നടന്ന ഐ.എൻ.സി വാർഷിക സമ്മേളനത്തിൽ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ലാലാ ലജ്പത് റായി, ബാലഗംഗാധര തിലകൻ, ബിബിൻ ചന്ദ്രപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള മിതവാദികളും തീവ്രവാദികളും തമ്മിലുണ്ടായ സംഘർഷത്തിൽ, മൂഞ്ചെ തിലകനെ പിന്തുണക്കുകയും  അതിലൂടെ വിശ്വാസം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദുക്കൾക്ക് സൈനിക പരിശീലനം നൽകുന്നതിനായി അദ്ദേഹം നാസിക്കിൽ ഭോൻസാല സൈനിക വിദ്യാലയം സ്ഥാപിച്ചു. 1920 ൽ തിലകൻ മരണപ്പെട്ടതോടെ ഗാന്ധിയുടെ അഹിംസ, മതേതരത്വം എന്നീ തത്വങ്ങളിൽ എതിര് പ്രകടിപ്പിച്ച് കോൺഗ്രസിൽ നിന്നും അദ്ദേഹം പുറത്തു പോവുകയുണ്ടായി. 

കേവലം രാഷ്ട്രീയപരമായ ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം ആർഎസ്എസും ബിജെപിയുമെല്ലാം ഫാസിസത്തോട് വെച്ചുപുലർത്തിയ കൂറും അതിനെ മാതൃക പ്രസ്ഥാനമായി സ്വീകരിച്ചതുമെല്ലാം ഇന്നും ചരിത്രത്തിൽ വിസ്മരിക്കപ്പെടുകയാണ്. ചരിത്രം വികലമാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വസ്തുതാപരമായ സത്യങ്ങളെയും വസ്തുതകളെയും ഉഛൈസ്തരം വിളിച്ചു പറയുകയെന്നത് കാലത്തോട് പുലർത്തേണ്ട ധർമ്മമാണ്. വൈവിധ്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് സമീപനങ്ങൾ ബിജെപിയുടെ കർമ്മപഥത്തിലും അത്യധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഏവര്‍ക്കും വ്യക്തമാണ്. ഹിറ്റ്‍ലറുടെ വംശീയ ഉന്മൂലനം എന്ന സിദ്ധാന്തം തന്നെയാണ്, ഗുജറാത്ത് കലാപത്തിന്റെയും ഡൽഹി കലാപത്തിന്റെയും പിന്നലെ പ്രേരകം. സർക്കാരിന്റെ അവിശുദ്ധ നിലപാടുകളെയും സ്വാർത്ഥ നടപടികളെയും എതിർക്കുന്നവരെ യാതൊരു മടിയുമില്ലാതെ  തുറുങ്കിലടക്കുന്നത് ഫാസിസത്തിന്റെ എക്കാലത്തെയും രീതി തന്നെയാണ്. കേവലം കർമ്മങ്ങളിലെ സാദൃശ്യപ്പെടുത്തലുകൾക്കുമപ്പുറം അവ സിദ്ധാന്തങ്ങളിലെ നൈതിക സ്വാംശീകരണം മൂലം ഉടലെടുത്തതാണെന്നാണ് ഈ വസ്തുതകൾ നമ്മോട് പറഞ്ഞുവെക്കുന്നത്.

രാഷ്ട്രപിതാവിനെ കൊന്ന് എഴുപത്തഞ്ച് വര്‍ഷം പിന്നിടുമ്പോള്‍, ആ ദുശ്ശക്തികളെ ഒതുക്കാനായില്ലെന്ന് മാത്രമല്ല, കൂടുതല്‍ ശക്തിയാര്‍ജജിക്കുന്നതാണ് നാം കാണുന്നത്. ഹിന്ദുക്കളല്ലാത്തവരെല്ലാം കൂട്ടക്കൊല ചെയ്യപ്പെടുകയും അവര്‍ണ്ണ ഹിന്ദുക്കള്‍ സവര്‍ണ്ണരുടെ അടിമകളും ദാസന്മാരുമായി മാറുകയും ചെയ്യുന്ന പുതിയ ഇന്ത്യയാണ് അവരുടെ സ്വപ്നത്തിലുള്ളത്. അത് സംഭവിക്കാതിരിക്കാന്‍ മതേതരജനാധിപത്യ വിശ്വാസികളെല്ലാം ഒരു പോലെ കണ്ണും കാതും തുറന്നിരുന്നേ പറ്റൂ. രാഷ്ട്രപിതാവിന് വേണ്ടി നമുക്ക് ചെയ്യാനുള്ളതും അത് തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter