ഗാസയിലെ നരനായാട്ട്: മറക്കു പിന്നിലെ നാലു കുറ്റവാളികള്‍
ഗാസവീണ്ടുമൊരു യുദ്ധക്കളമായി മാറിയിരിക്കുന്നു. പ്രദേശത്ത് ജൂതരാഷ്ട്രം നടത്തുന്ന നരനായാട്ടിന് ഉന്നയിക്കുന്ന കാരണം ഗാസയുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങളാണ്. അത് വെറും വാദമാണെന്നും യുദ്ധത്തിന് പിന്നില്‍ പ്രധാനമായും നാലു കുറ്റക്കാരാണുള്ളതെന്നും റാബിള്‍ക യില്‍ എഴുതിയ ലേഖനത്തില്‍ ജൊനാഥന്‍ കുക്ക്.  width=ഒന്ന്, ഇസ്രായേല്‍ സ്റ്റേറ്റ് ഗാസയില്‍ നിന്ന് റോക്കറ്റാക്രമണമുണ്ടായതൊന്നുമല്ല ഈ കൂട്ടക്കുരുതി തുടങ്ങിയതിന്‍റെ കാരണം. മറിച്ച് ഹമാസിന്‍റെ തന്നെ രൂപീകരണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയിട്ടുണ്ട് സത്യത്തിലീ അക്രമപരമ്പര. നിരവധി പേരെ തങ്ങളുടെ വീടുകളി‍ല്‍ നിന്ന് പുറത്താക്കി 1948 ല്‍ ഇസ്രായേല്‍ പ്രദേശത്ത് നടത്തിയ അധിനിവേശത്തിന്‍റെ അനന്തരഫലമാണ് ഇന്നും തുടരുന്ന അക്രമം. അതിന് പരിഹാരം കാണുന്നതിന് മുതിര്‍ന്നില്ലെന്നതിലുപരി ഗാസയെ കൂടുതല്‍ ഉപരോധം പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ സംഘര്‍ഷാവസ്ഥക്ക് തുടര്‍ച്ച സൃഷ്ടിച്ചതിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും ഇസ്രായേലിനാണ്. സാമ്പത്തികമായി ഗാസയെ തകര്‍ത്ത്, അവിടത്തെ നിര്‍മിതികളെ തകര്‍ത്ത്, ജീവിതം ദുസ്സഹമാക്കുക വഴി പ്രശ്നത്തെ കൂടുതല്‍ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിന് തന്നെയാണ്. തങ്ങളുടെ ചുറ്റിലുള്ള സമുദ്രത്തില്‍ ഗാസക്കാര്‍ക്ക് അവകാശമില്ലെന്നത് പോകട്ടെ, അവിടെ പോയി സ്വന്തമാവശ്യത്തിന് വെള്ളമെടുക്കാന്‍ പോലും പാടില്ലാത്ത അവസ്ഥയാണ്. ഓസ്ലോ ഉടമ്പടി അനുസരിച്ച് 20 മൈല് വരെ ആഴക്കടലില്‍ പോയി ഗാസക്കാര്‍ക്ക് മീന്‍ പിടിക്കാമെന്നായിരുന്നു. ഇസ്രായേല്‍ പില്‍ക്കാലത്ത് അവിടെയും അധിനിവേശം നടത്തി. നിലവില്‍ 3 മൈല്‍ വരെ മാത്രമെ അവര്‍ക്ക് മീന്‍ പിടിക്കാനായി പോകാനാവൂ. അവിടെ തന്നെ പലപ്പോഴും ഇസ്രായേലിന്റെ സൂരക്ഷാ സേനയുടെ അക്രമത്തിന് ഇരയാകേണ്ടിയും വരുന്നുണ്ട്. ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്നവരാണ് ഗാസയിലെ ജനങ്ങള്‍. അതൊരിക്കലും അധിനിവേശമായി കണ്ടു കൂടാ. പ്രതിരോധം മാത്രമാണ്. ജൂതരാഷ്ട്രത്തിന്റെ അധിനിവേശത്തിനും കീഴ്പെടുത്തലിനും കൊളോനിയലിസത്തിനുമെതിരെയുള്ള സാധാരണക്കാരന്റെ പ്രതിരോധം. രണ്ട്, നെതന്യാഹുവും യഹൂദ് ബാറകും രാജ്യത്തെ പ്രധാനമന്ത്രിയായ നെതന്യാഹുവിനും പ്രതിരോധമന്ത്രിയായ യാഹൂദ് ബാറകിനും പ്രദേശത്തെ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിയിട്ടതില്‍ കാര്യമായ പങ്കുണ്ട്. ഗാസ- ഇസ്രായേല്‍ സംഘര്‍ഷ ചരിത്രത്തില്‍ എപ്പോഴും ഗാസയെ പ്രകോപിച്ചു തുടങ്ങാറ് ഇസ്രായേലാണ്. 2008 ലെ ആക്രമണം നോക്കുക. അന്ന് ആറ് മാസക്കാലത്തെ വെടിനിര്‍ത്തലിന് ശേഷം ഒരു ദിവസം ഗാസയില്‍ പെട്ടെന്ന് ആക്രമിച്ചു ആറ് ഫലസ്തീനികളെ വധിച്ചതാണ് അക്രമത്തിന്റെ തുടക്കം. ഇത്തവണയും അതിന് ഒരു മാറ്റവുമില്ല. ഗാസയിലെ ജനങ്ങളെ പ്രകോപിക്കുന്നതിന് വേണ്ടി ഇസ്രായേല്‍‌‍ ഒരു അക്രമം ഈ പ്രാവശ്യവും നടത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 8 ന് ഗാസയിലെ ശാന്തമായ തെരുവില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒരു പതിമൂന്ന് വയസ്സുകാരനെ വെടിവെച്ച് ക്രൂരമായി വധിച്ചതാണത്. അതിന് പ്രതികാരമെന്നോണമാണ് പിന്നെ ഗാസയില്‍ നിന്ന് ചെറു ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. പക്ഷേ ആക്രമം തുടങ്ങിയതോടെ പിന്നെ ഇസ്രായേല്‍ സംഭവത്തിന്റെ യഥാര്‍ഥ തുടക്കത്തെ വിസ്മരിച്ചു. ഗാസയാണ് ഇത് തുടങ്ങിയതെന്ന പ്രതീതി സൃഷ്ടിച്ചു. ആഗോളമാധ്യമങ്ങള്‍ അതേറ്റുപിടിക്കുകയും ചെയ്തു. ഗാസ തിരിച്ചു നടത്തിയ അക്രമത്തില്‍ നാലു പട്ടാളക്കാരടക്കം എട്ട് ജൂതന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നത് ശരി തന്നെ. അഞ്ചു ഫലസ്തീനികളും ഇതിനിടക്ക് കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഹമാസിനും ഇസ്രായേലിനുമിടയില്‍ ഒരു സന്ധിക്കരാര്‍‌ ഒപ്പിടുന്നത്. നവംബര്‍ 12നായിരുന്നു അത്. രണ്ടു ദിവസങ്ങള്‍ അക്രമമൊന്നുമുണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഹമാസ് സൈനിക നേതാവായ ജബ്ബാരിയുടെ കാറിന് നേരെ മിസൈല്‍ വര്‍ഷിക്കുകയും തെരുവിലിട്ട് ക്രൂരമായി കൊല്ലുകയും ചയ്തതോടെയാണ് വീണ്ടും ഇത് ഒരു പരസ്പര അക്രമമായി വളരുന്നത്. പുതിയ അക്രമം തുടങ്ങിയെന്ന് മാത്രമല്ല, ഒരു പക്ഷേ എന്നെന്നേക്കുമായി സാധ്യമാകുമായിരുന്ന ഒരു സന്ധിശ്രമത്തെ അട്ടിമറിച്ചത് കൂടി നോക്കുമ്പോള്‍ നെതന്യാഹുവും യഹൂദ് ബാറകും ചെയ്തത് വലിയ കുറ്റമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് എന്നെന്നേക്കുമുള്ള ഒരു സമാധാനക്കരാര്‍ ഒപ്പിടാനിരിക്കുകയായിരുന്നു ജബ്ബാരി. പ്രസ്തുത കരാറില്‍ ജബ്ബാരി ഏറെ താത്പര്യം കാണിച്ചിരുന്നുവെന്ന് ലോകമറിയുന്നത് ഇസ്രായേലിലെ സമാധാന പ്രവര്‍ത്തകാനായ ഗര്‍ഷോന്‍ ബാസ്കിന്‍ മുഖേന തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇസ്രായേലി പട്ടാളക്കാരനായ ഗിലാഡ് ശാലിതിന്റെ മോചനത്തിനായി ശ്രമിച്ചതും അവസാനം ഫലസ്തീന്‍ ജയിലില്‍ നിന്ന് അദ്ദേഹത്തെ മോചിപ്പിച്ചതുമെല്ലാം സമാധാന പ്രവര്‍ത്തകനായ ഈ ബാസ്കിന്‍ ആയിരുന്നുവെന്നും നാം ചേര്‍ത്തുവായിക്കണം. പ്രതിരോധമന്ത്രി യഹൂദ് ബാറകുമായി ബാസ്കിന്‍ കൂടിക്കാഴ്ച നടത്തുകയും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ കരാറിനെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, നെതന്യാഹുവിനും ബാറകിനും സമാധാനമായിരുന്നില്ല ആവശ്യം. മറിച്ച് സംഘര്‍ഷമായിരുന്നു. അങ്ങനെയാണ് ജബ്ബാരി അന്ന് തന്നെ കൊല്ലപ്പെടുന്നത്. മൂന്ന്, ഇസ്രായേല്‍ സൈന്യം Deterrence principle, Qualitative military edge എന്നീ രണ്ടു പ്രിന്‍സിപ്പിലുകളിലാണ് ഇസ്രായേല്‍ സൈന്യം പ്രവര്‍ത്തിക്കുന്നത് തന്നെ. എതിര്‍പക്ഷത്തുള്ളവരെ പരമാവധി പേടിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ചെയ്ത് തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കുകയാണ് ചുരുക്കത്തില്‍ ഇതിന്‍റെ മനശാസ്ത്രം. തങ്ങളെ അക്രമിക്കാന്‍ പാകത്തില്‍ ഹമാസ് റോക്കറ്റുകളും ആയുധങ്ങളും കൈയിലാക്കുന്നത് ഇസ്രായേല്‍ സൈന്യത്തെ ഭയപ്പെടുത്തുന്നു. അതു കൊണ്ട് തന്നെ അതിനെ ഒരിക്കലും അവര്‍ അംഗീകരിക്കില്ല. ഇസ്രായേല്‍ നിര്‍മിച്ച ഒരു ബഫര്‍സോണ് ഉണ്ട്. പ്രവേശനനിരോധിത പ്രദേശം. വേലികെട്ടി തിരിച്ച ഈ പ്രദേശത്ത് ഫലസ്തീനികള്‍ക്ക് പ്രവേശിച്ചു കൂടാ എന്നാണ് നിയമം. ഇസ്രായേലികള്‍ക്ക് പ്രവേശിക്കുകയുമാകാം. വാച്ച്ടവറില്‍ ക്യാമറയില്‍ പ്രദേശം വീക്ഷിച്ചു കൊണ്ടിരിക്കുന്ന പട്ടാളക്കാര്‍ അവിടെയെത്തുന്ന ഫലസ്തീനികളെ വെടിവെച്ചു വീഴ്ത്തുന്നു. കഴിഞ്ഞ 4 ന് അവിടയെത്തിയ ഒരു യുവാവിനെ ഇസ്രായേല്‍ വെടിവെച്ചിട്ടു. ബുദ്ധിമാന്ദ്യം സംഭവിച്ച അദ്ദേഹം നടക്കാനിറങ്ങി വഴി തെറ്റിവന്നതായിരുന്നുവത്രെ ബഫര്‍സോണിന്റെ പ്രസ്തുത ഭാഗത്ത്. പരിക്കേറ്റ അയാളെ ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിക്കാനാകാത്തതിനാല്‍ രക്ഷിക്കാനായില്ല. വഴിയിലെ ചെക്ക്പോസ്റ്റില്‍ വെച്ച് ആംബുലന്‍സ് പെട്ടെന്ന് കടത്തി വിടാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറായിരുന്നുവെങ്കില്‍ പ്രസ്തുത മരണം സംഭവിക്കില്ലായിരുന്നുവെന്ന് പരക്കെ പരാതിയുയര്‍ന്നിരുന്നു. അതിന്റെ സമ്മര്‍ദത്തില്‍ കഴിഞ്ഞു കൊണ്ടിരിക്കെയാണ് കഴിഞ്ഞ പത്തിന് ഹമാസിന്റെ പ്രത്യാക്രമണത്തിന് ഇസ്രായേലിന്റെ ടാങ്കര്‍ ഇരയാകുന്നതും നാല് സൈനികര്‍ തല്‍ക്ഷണം വധിക്കപ്പെടുന്നതും. വേലി കെട്ടിയ ഭാഗത്ത് വന്ന് പെട്രോളിങ്ങ് നടത്തി കൊണ്ടിരിക്കെയായിരുന്നു ഈ അക്രമണം. ഇസ്രായേലിന്റെ ഭാഗത്ത് എത്തിയ മന്ദബുദ്ധിക്കാരനെ വെടിവെച്ചതിന് സമാനമായ ഒരു വെടിവെയ്പ്പ്. ഇസ്റായേല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ അക്രമത്തിന് സമാനമായി ഹമാസ് നടത്തിയ പ്രത്യാക്രമണം. പട്രോളിങ്ങ് നടത്തി ഗാസയുടെ ഭാഗത്ത് എത്തിയപ്പോഴാണ് ഈ സൈനികവാഹനം ആക്രമിക്കപ്പെടുന്നത്. തങ്ങളുടെ അതിര്‍ത്തിയില്‍ അതിക്രമിച്ചെത്തുന്നവരെ അതിന് സമ്മതിക്കില്ലെന്നാണ് ഈ അക്രമത്തിലൂടെ ഹമാസ് വ്യക്തമാക്കിയത്. അതെല്ലാം ഇസ്രായേല്‍ സൈന്യത്തെ ഏറെ പ്രകോപിച്ചിട്ടുണ്ട്. നാല്, വൈറ്റ്ഹൌസ് അമേരിക്കയുടെ സഹകരണമില്ലാതെ ഗാസയിലൊരു അക്രമത്തിന് ഇസ്രായേല്‍ മുതിരുകയില്ലെന്ന് എനിക്കുറപ്പുണ്ട്. അമേരിക്കയിലെ തെരഞ്ഞെടുപ്പ് അവസാനിക്കും വരെ പ്രശ്നം വഷളാകാതിരിക്കാനും ജൂതാരാഷ്ട്രം ശ്രദ്ധിച്ചുകണ്ടു. നേരത്തെ തന്നെ അമേരിക്കയുമായി വിഷയം ചര്‍ച്ച ചെയ്ത് സമ്മതം വാങ്ങിയിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. തന്റെ എതിര്‍സ്ഥാനാര്‍ഥിയായ മീറ്റ്റൂംനിയെ പരസ്യമായി പിന്തുണച്ചതു മൂലം തന്റെ രണ്ടാം ഭരണകാലത്ത് ഒബാമ നെതന്യാഹുവിനെ ശിക്ഷിക്കുമെന്നായരുന്നു പൊതുവെ നിരീക്ഷണം. അതെല്ലാം വെറുതെയായിരുന്നുവെന്ന് പ്രഥമവാരം തന്നെ തെളിയിച്ചിരിക്കുന്നു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter