ട്രാന്‍സ്ജന്‍ഡര്‍ ആക്റ്റീവിസവും ഇരകളും

സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നു. വ്യക്തി സ്വാതന്ത്ര്യം, മനുഷ്യാവകാശം, ലിംഗനിര്‍ണയം എന്നീ കാര്യങ്ങള്‍ പലവിധേനയും ചര്‍ച്ചയില്‍ വന്നിരുന്ന ഈ സമയത്ത് അനന്യകുമാരി അലക്സ് എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യയാണ് വീണ്ടും ഈ വിഷയം ശ്രദ്ധിക്കപ്പെടുന്നതും ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ചിട്ടുള്ള വീണ്ടുവിചാരങ്ങള്‍ക്ക് വഴിമരുന്നിടുന്നതും. സോഷ്യല്‍ മീഡിയയില്‍ ഒരു ഭാഗത്ത് അവര്‍ മെഡിക്കല്‍ നെഗ്ലിജന്‍സിന്റെ ഇരയാണെന്നും, മറുഭാഗത്ത് എല്‍.ജി.ബി.ടി.ക്യു ആക്ടീവിസത്തിന്റെ ഇരയാണെന്നുമുള്ള വാദങ്ങളാണ്. രണ്ട് പക്ഷത്തുമുള്ളത് പ്രസ്തുത വിഷയത്തില്‍ ഗഹനമായി പഠിച്ചവരുമാണ്. ചുരുക്കത്തില്‍ അനന്യകുമാരി അലക്സ് ഈ സമൂഹത്തിലെ ഒരു പ്രത്യേക സംവിധാനത്തിന്റെ ഇരയാണെന്ന് വ്യക്തമാണ്, ഒരുപക്ഷെ ഇനിയും തുടരാവുന്ന ഒരു തെറ്റിന്റെ ഒരു വശം മാത്രം. ഒരു സാമൂഹ്യ പ്രശ്നമായി ഈ ട്രാന്‍സ്ജെന്‍ഡര്‍ വിഷയം വളര്‍ന്നിട്ടുണ്ടിന്ന്. 

ജെന്‍ഡര്‍ ഡിസ്ഫോറിയ (സ്വലിംഗത്തിലുള്ള സംശയം\ അപകര്‍ഷതാബോധം) ബാധിച്ച് ക്ലിനിക്കില്‍ വരുന്ന കുട്ടിയോട് ഡോക്ടര്‍മാരുടെ പെരുമാറ്റം മുതല്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ജന്മനാ ഉണ്ടായ വൈകല്യമാണോ, അതോ പിന്നീടുണ്ടായ സമ്പര്‍ക്കങ്ങള്‍ മൂലമാണോ എന്ന അന്വേഷണങ്ങള്‍ നടക്കണം. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സ്വവര്‍ഗലൈംഗീകതയാണ് സ്വന്തം അസ്ഥിത്വം എന്ന് തെറ്റിധരിക്കുക, പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള വളര്‍ച്ചയിലെ സ്വാധീനം മൂലം സ്വന്തം ലിംഗത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെടുക, എല്‍.ജി.ബി.ടി ആക്ടിവിസത്തിന്റെ ഭാഗമായ ക്ലാസുകളില്‍ നിങ്ങളുടെ ലിംഗം സ്വയം നിര്‍ണയിക്കേണ്ടതാണ് എന്ന പുരോഗമന ഉദ്ധരണികളില്‍ സ്വാധീനം ഉള്‍കൊള്ളുക എന്നിങ്ങനെ പല കാരണങ്ങള്‍ക്കൊണ്ട് ജെന്ഡര്‍ ഡിസ്ഫോറിയ ഉണ്ടാകാം. ഹോര്‍മോണ്‍ ചികിത്സയും സര്‍ജറിയും മാത്രമാണ് ഇതിന് പരിഹാരം എന്ന് ചുരുക്കുന്നതിലാണ് വലിയ പ്രശ്നം.

നിരന്തരമായി സൈക്കോളജിസ്റ്റുകള്‍  ഇതില്‍ മാനസിക ചികിത്സയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കില്‍ പോലും അതിനേക്കാള്‍ അപ്പുറത്താണ് ആക്റ്റീവിസത്തിന്റെ രാഷ്ട്രീയം വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം മാനസിക ചികിത്സയുടെ പ്രസക്തികൂടുതല്‍ വ്യക്തമാവുന്നത് സര്‍ജറി നടത്തി ലിംഗമാറ്റം സാധ്യമാക്കിയവരുടെ പശ്ചാതാപം കൂടി വരുമ്പോഴാണ്. ലിംഗമാറ്റ ശസ്ത്രക്രിയ അബദ്ധമായി പോയെന്നും ആക്ടിവിസത്തിന്റെ ഇര ആയതാണെന്നുമുള്ള പശ്ചാത്തപങ്ങള്‍ക്ക്  നിരവധി ഡോക്യുമെന്ററികള്‍ സാക്ഷിയാണ്. sexchangeregret.com എന്ന വെബ്സൈറ്റ് തന്നെ വലിയ ഉദാഹരണം. 

എല്‍.ജി.ബി.ടി.ക്യു ആക്റ്റീവിസത്തിന്റെ ഇരയായ അമേരിക്കന്‍ പൗരനാണ് വാള്‍ട് ഹെയര്‍. ഇദ്ദേഹം എട്ട് വര്‍ഷത്തോളം ട്രാന്‍സ്ജെന്‍ഡര്‍ വുമണ്‍ ആയി ജീവിക്കുകയും ശേഷം തിരിച്ചറിവുണ്ടായി ഡിട്രാന്‍സിഷന്‍ നടത്തി വീണ്ടും പുരുഷ ലിംഗത്തിലേക് മാറുകയും ചെയ്ത വ്യക്തിയാണ്. തനിക്ക് ഈയൊരു ആക്ടീവിസം മൂലം വന്ന് പോയ ആപത്ത് മറ്റാര്‍ക്കും വരരുതെന്നും ആഗ്രഹിച്ച് തുടങ്ങിയ വെബ്സൈറ്റാണ് മേല്‍ സൂചിപ്പിച്ചത്. പ്രസ്തുത വെബ്സൈറ്റില്‍  വളരെ കൃത്യമായി ഇത്തരം സര്‍ജറി നടത്തി പിന്നീട് കടുത്ത വിഷാദ രോഗത്തിലേക്കും മയക്കുമരുന്നിലേക്കും പിന്നീട് ആത്മഹത്യയിലേക്കുമെത്തിയ പലരെയും പ്രതിപാദിക്കുന്നുണ്ട്. 
അതീവ സങ്കീര്‍ണമായ ഈ സര്‍ജറിയെ കുറിച്ചറിയാന്‍ ശ്രമിച്ചാല്‍ തന്നെ എത്രമാത്രം മനുഷ്യത്വരഹിതമാണ് മനുഷ്യാവകാശത്തിന്റെ പേരില്‍ ആക്ടിവിസ്റ്റുകള്‍ ചെയ്യുന്നതെന്ന് മനസ്സിലാകും. ഈയടുത്ത് ഹാരിസ് ഹസന്‍ എന്ന യൂറോളജിസ്റ്റ് പ്രസ്തുത സര്‍ജറിയെ കുറിച്ചും ആക്ടീവിസത്തിന്റെ ഭീകരതയെക്കുറിച്ചും സൂചിപ്പിക്കുമാറ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതിപ്രകാരം വായിക്കാം''''....പുരുഷ അവയവം നീക്കം ചെയ്തതിന് ശേഷം യോനി( vagina) കൃത്രിമമായി നിര്‍മിക്കുന്നു. Sigmoid colon എന്ന കുടലിന്റെ ഭാഗം മുറിച്ചെടുത്ത് ഒരു കുഴല്‍ പോലെ വയറിനുള്ളില്‍ നിന്ന് ചര്‍മഭാഗം വരെ തുന്നിച്ചേര്‍ക്കുന്നു. 

Also Read:സ്വവർഗ ലൈംഗികത: നിയമ സാധുതയുടെ രീതി ശാസ്ത്രം (ഭാഗം 1)

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വയറ് തുറന്ന് കുടല്‍ മുറിച്ചെടുക്കുന്ന ആദ്യത്തെ ഘട്ടമാണ്. വയറില്‍ നീളത്തില്‍ മുറിവ് ഉണ്ടാക്കിയാണ് കുടല്‍ കൈകാര്യം ചെയ്യുക. ലാപ്പറോസ്‌കോപ്പി ഉപയോഗിച്ചും കുടല്‍ ശസ്ത്രക്രിയ ചെയ്യാം. വന്‍കുടലിന്റെ സീക്കം, ascending colon, transverse colon, descending colon ഈ ഭാഗങ്ങള്‍ കഴിഞ്ഞ് തൊട്ടടുത്തുവരുന്നതാണ് സിഗ്മോയ്ഡ് കോളന്‍. സിഗ്മോയ്ഡ് കഴിഞ്ഞാല്‍ rectum എന്ന ഭാഗം. Sigmoid colon നീളത്തില്‍ മുറിച്ചെടുക്കും. അതിന് ശേഷം descending colon, rectum ആയി തുന്നിച്ചേര്‍ക്കും. ഈ തുന്നിച്ചേര്‍ത്ത ഭാഗത്ത് തടസ്സം ഉണ്ടാകാം, ചിലപ്പോള്‍ ലീക്ക് ഉണ്ടാകാം. അവിടെ തടസം ഉണ്ടാകുമ്പോഴാണ് വീണ്ടും ഓപ്പറേഷന്‍ ചെയ്യേണ്ടി വരുന്നതും മൂക്കില്‍ കൂടി ആമാശയത്തിലേക്ക് ട്യൂബ് ഇടേണ്ടി വന്നതും.

കുടല്‍ ഭാഗങ്ങള്‍ മുറിച്ചു മാറ്റുക, കൂട്ടിച്ചേര്‍ക്കുക.... ഇതൊക്കെ ധാരാളം സങ്കീര്‍ണ്ണതകള്‍ക്ക് സാധ്യതയുള്ള പ്രോസീജിയറാണ്. മരണങ്ങള്‍ പോലും സംഭവിക്കാറുണ്ട്. ഓപ്പറേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ മുതല്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പാര്‍ശ്വഫലങ്ങള്‍ വരെ അപൂര്‍വമല്ല. അടുത്ത ഘട്ടം, മുറിച്ചു മാറ്റിയ സിഗ്മൊയ്ഡ് കൊളന്‍, രക്തയോട്ടം നഷ്ടപ്പെടാത്ത രീതിയില്‍ താഴേക്ക് കൊണ്ടുവരുന്ന ഘട്ടമാണ്. 12-15 സെന്റീമീറ്റര്‍ നീളമുള്ള ഈ ട്യൂബിന്റെ മുകള്‍ ഭാഗം തുന്നിച്ചേര്‍ത്ത് അടയ്ക്കും. താഴെ ഭാഗം ചര്‍മത്തില്‍ നീണ്ട മുറിവ് ഉണ്ടാക്കി അതിലേക്ക് തുന്നിച്ചേര്‍ക്കും. 

ഈ തുന്നിച്ചേര്‍ത്ത യോനി, പ്രകൃതി നല്‍കിയ യോനിയുമായി യാതൊരു സാമ്യവും കാണില്ല. അത് അനന്യ വ്യക്തമായി വീഡിയോയില്‍ പറയുന്നുണ്ട്. അവര്‍ വിചാരിച്ചതുമായി ഒരു സാമ്യവും പുതിയ അവയവത്തിന് ഉണ്ടായിരുന്നില്ല എന്ന് വീണ്ടും വീണ്ടും പറയുന്നു. ..'' വിദഗ്ധ ഡോക്ടര്‍മാര്‍ ഇത്രമാത്രം സങ്കീര്‍ണമായി അവതരിപ്പിക്കുന്ന സര്‍ജറിക്ക് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ ജെന്‍ഡര്‍ ഡിസ്ഫോറിക് ആയവരെ ആക്ടീവിസ്റ്റുകള്‍ കൂട്ടികൊടുക്കുന്നത് ഏത് നൈതികതയുടെ അടിസ്ഥാനത്തിലാണ്.

എല്‍.ജി.ബി.ടി.ക്യു+ ആക്ടീവിസം

തങ്ങളുടേതല്ലാതെ ഇതര ആശയങ്ങളൊന്നും വളരേണ്ടതില്ലെന്ന് മാത്രമല്ല അവയെ സര്‍വവിധേനയും ചെറുത്തു തോല്‍പിക്കുന്ന ഫാസിസ്റ്റ് നയമാണ് ഈ പ്രത്യേക തരം സന്നദ്ധ പ്രവര്‍ത്തകരില്‍ കാണാനാവുക. ഫാസിസവുമായി തന്നെ താരതമ്യം ചെയ്യാനുള്ള പ്രധാന കാരണം സ്വാതന്ത്ര്യമായി ചെയ്യപ്പെടുന്ന യൂണിവേഴ്സിറ്റി അക്കാദമിക പഠനങ്ങള്‍ വരെ തടഞ്ഞു നിര്‍ത്തുന്ന തരത്തില്‍ ആക്ടിവിസം വളര്‍ന്നിരിക്കുന്നു എന്ന കാരണത്താലാണ്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരില്‍ ഇരുപത് ശതമാനം പേരും detransition (പഴയലിംഗത്തിലേക്ക് തന്നെ സര്‍ജറി ചെയ്ത് മാറുക)ചെയ്തതായി കാണപ്പെടുന്നു. ഈ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഷയത്തില്‍ ഗഹനമായ പഠനങ്ങള്‍ പുറത്ത് വരണമെന്ന് ഉദ്ദേശത്തോടെ മുന്നോട്ട് വന്ന വ്യക്തിയാണ് ഒരുപാട് കാലം ട്രാന്‍സ്ജെന്‍ഡറുടെ അവകാശങ്ങള്‍ക്കെല്ലാം വേണ്ടി ശബ്ദിച്ചിരുന്ന, അവരെ പിന്തുണച്ചിരുന്ന ജെയിംസ് കാസ്പിയന്‍. 

ഇതേ തുടര്‍ന്ന് ബാത്സ്പാ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും തന്റെ റിസര്‍ച്ച് ആരംഭിക്കുകയും ചെയ്തു. പക്ഷെ 2015 ല്‍ തുടങ്ങി 2017 ആയപ്പോഴേക്കും ധാര്‍മ്മിക പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി ഗവേഷണം തടയപ്പെട്ടു.തുടര്‍ന്ന് നിയമനടപടിയിലൂടെ മുന്നോട്ട് പോയിട്ടും വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അധികാര കേന്ദ്രങ്ങളിലും യൂണിവേഴ്സിറ്റി സെനറ്റുകളെയും സ്വാധീനിക്കാവുന്ന തരത്തില്‍ വളര്‍ന്ന ന്യൂനപക്ഷ പ്രസ്ഥാനം ചരിത്രത്തില്‍ ഒരുപക്ഷെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടീവിസ്റ്റുകള്‍ മാത്രമായിരിക്കും. യഥാര്‍ത്ഥത്തില്‍ ഈയൊരു പഠനം പുറത്ത് വന്നാല്‍ വലിയ ആശ്വാസമാകുന്നത് ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിക്ക് തന്നെയാകും. പക്ഷെ ഇവരെ ആയുധമാക്കി മറ്റൊരു ലോബി പ്രവര്‍ത്തിക്കുന്നത് കൃത്യമായ മുതലാളിത്ത രാഷ്ട്രീയത്തോടു കൂടിയാണ്. 

ഇനിമറ്റൊരു ഉദാഹരണം പരിശോധിക്കാം, ദ മാന്‍ ഹു വുഡ് ബി ക്വീന്‍ : ദി സയന്‍സ് ഓഫ് ബെന്റിങ് ആന്‍ഡ് ട്രാന്‍സ് സെക്ഷ്വലിസം എന്ന ഗ്രന്ഥമെഴുതിയ അമേരിക്കന്‍ സൈക്കോളജിസ്റ്റ് ജെ.മൈക്കിള്‍ ബെയ്ലിയുടെ പുസ്തകം പുറത്ത് വന്നപ്പോള്‍ അതില്‍ എല്‍.ജി.ബി.ടി യുടെ ആശയങ്ങളുടെ മാതൃകകളോട് ഓരം ചേര്‍ന്ന നില്‍ക്കാത്തതാണ് എന്ന കാരണം കൊണ്ട് മാത്രം നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നതായി മൈക്കിള്‍ ബെയ്ലി പറയുന്നു. സര്‍ജറി കഴിഞ്ഞ് ലിംഗമാറ്റം നടത്തിയവരെ അനുതാപ പൂര്‍വം സമൂഹം നോക്കി കാണുന്നുവെങ്കിലും അവര്‍ക്ക് പിറകില്‍ വളരുന്ന മറ്റു ലോബികളുണ്ട് എന്ന സംശയത്തിന് ഊന്നല്‍ നല്‍കുന്ന തെളിവുകളാണിവയെല്ലാം. 

സെക്ഷ്വല്‍ ന്യൂറോ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ കനേഡിയന്‍എഴുത്തുകാരി ഡെബ്ര സോയുടെ 'എന്‍ഡ് ഓഫ് ജെന്‍ഡര്‍' എന്ന പുസ്തകത്തില്‍ ഇത്തരം ആക്ടീവിസ്റ്റ് ലോബികളുടെ രാഷ്ട്രീയ സ്വാധീനങ്ങളെ സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. ശാസ്ത്രത്തില്‍ മതിയായ തെളിവുകളില്ലാത്ത, ബയോളജിക്ക് വിരുദ്ധമായ വാദങ്ങളാണ് ട്രാന്‍സ്ജെന്‍ഡര്‍ ആ്ക്ടീവിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതെന്നും ഈ പുസ്തകം തുറന്നുകാട്ടുന്നു. ഗവേഷണവേളയില്‍ എല്‍.ജി.ബി.ടി ആ്ക്ടീവിസ്റ്റുകളില്‍ തടസപ്പെടുത്തലുകള്‍ നേരിടേണ്ടിവന്നതിനെകുറിച്ചും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി യൂനിയനില്‍ ഇവര്‍ മനസ് തുറന്നിരുന്നു. 

എല്‍.ജി.ബി.ടി ആക്ടീവിസം എത്രമാത്രം സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ അമേരിക്കന്‍ പീഡിയാട്രിഷന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ മിഷേല്‍ ക്രിറ്റല്ലയുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. ആദ്യകാലങ്ങളില്‍ തന്റെ ക്ലിനിക്കില്‍ വരുന്ന ഇത്തരം ജെന്‍ഡര്‍ ഡിസ്ഫോറിയ ബാധിച്ച കുട്ടികള്‍ക്ക് ഫലപ്രദമായ രീതിയില്‍ കൗണ്‍സിലിങ് കൊടുത്ത് അതിസങ്കീര്‍ണമായ സര്‍ജറിയില്‍ നിന്ന് അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷപ്പെടുത്താമായിരുന്നു. പക്ഷെ ഇന്ന് അങ്ങനെ വരുന്നവര്‍ക്ക് മുന്നില്‍ ഹോര്‍മോണ്‍ ചികിത്സയും സര്‍ജറിയുമല്ലാതെ മറ്റൊരു മാര്‍ഗം നിര്‍ദേശിച്ച് കൊടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് '.

ചുരുക്കത്തില്‍ സംവാദാത്മകത തീരെയനുവദിക്കാത്ത ഒരു മേഖലയാണ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടീവിസം. അതിനാല്‍ തന്നെ ഇതിന്റെ ഏകപക്ഷീയ സ്വരം സമൂഹത്തില്‍ ആപല്‍കരമാം വിധം മുറിപ്പെടുത്തുന്നതുമാകും.സമൂഹം ഇത് തിരിച്ചറിയും മുന്‍പ് ഇവരുടെ പ്രവര്‍ത്തനാനന്തരം  ലിംഗമാറ്റത്തിന് വിധേയരായ ഒരുപാട് പേരുടെ ആത്മഹത്യകഥകളും മയക്കുമരുന്നിനടിമപെട്ട വാര്‍ത്തകളും കേള്‍ക്കേണ്ടിവരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. യൂറോപ്പില്‍ 1961 ല്‍ അലയടിച്ച ലൈംഗീക വിപ്ലവത്തിന് ശേഷം കുത്തഴിഞ്ഞ ലൈംഗീകാസ്വാദനവഴികള്‍ തേടി മൂര്‍ച്ഛിച്ചു  വന്ന ആശയപദ്ധതികളാണ് ഓരോ ഹോമോസെക്ഷ്വല്‍ വിഭാഗങ്ങളും. ലൈംഗീകാസ്വദനത്തിന്റെ കുത്തഴിഞ്ഞ ജീവിതശൈലികള്‍ സമൂഹത്തില്‍ രൂപപ്പെടുമ്പോള്‍ അന്യം നിന്ന് പോകുന്നത് സ്ത്രീസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുമാണെന്നതാണ് ഇതിനകത്തെ മറ്റൊരു വൈരുധ്യം. 

ഇത്തരം അകക്കാമ്പില്ലാത്ത സ്വാതന്ത്ര്യവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചു തുടങ്ങിയവര്‍ തന്നെ അതിന്റെ പലതരത്തിലുള്ള പരിഹാരങ്ങളിലേക്കും എത്തിയതായി കാണാം. അമേരിക്കന്‍ സൈക്കോളജിസ്റ്റായ മൈക്കിള്‍ ഡേവിഡ്സണ്‍ മുന്നോട്ട് വെച്ച സ്വവര്‍ഗാനുരാഗികളെ പരിചരിക്കാനുള്ള ചികിത്സരീതി ഇവയിലൊന്നായി കണക്കാക്കാവുന്നതാണ്. ഇത്ര മാത്രം പ്രത്യാഘാതങ്ങള്‍ ഉള്ള മനുഷ്യന് ഉപദ്രവം മാത്രം ചെയ്യുന്ന ഇത്തരം ചികിത്സരീതികള്‍ ഇസ്ലാം പ്രോത്സാഹനം നല്‍കാതിരിക്കാനുള്ള പ്രധാന കാരണം ഇതിന്റെ ഈ ആത്മഹത്യസ്വഭാവം മാത്രമാണ്. പക്ഷെ ജന്മനാഉള്ള ലൈംഗിക ന്യൂനപക്ഷങ്ങളെ ഇസ്ലാം വേണ്ടവിധം പരിഗണിച്ചിട്ടുമുണ്ട്. സമൂഹത്തില്‍ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകളെ ചെറുത്തു തോല്പിക്കേണ്ടത് അനിവാര്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter