പി.പി മുഹമ്മദ് ഫൈസി സ്മാരക അവാര്‍ഡ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിക്ക്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറാംഗവും അറിയപ്പെട്ട സംഘാടകനും സംഘടനാ ചരിത്രകാരനുമായിരുന്ന പി.പി മുഹമ്മദ് ഫൈസിയുടെ നാമേധയത്തിലുള്ള ഈ വര്‍ഷത്തെ സ്മാരക അവാര്‍ഡ് സമസ്ത മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകാലാശാലാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് ഫൈസി നദ്‌വിക്ക്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഡോ. നദ്‌വി സംഘടനയുടെ കര്‍മരംഗത്ത് തന്റെ അര നൂറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
1972-ല്‍ നടന്ന സമസ്തയുടെ തിരുന്നാവായ സമ്മേളനത്തില്‍ സ്വാഗതസംഘം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം 73-ല്‍ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചപ്പോള്‍ പ്രഥമ ജന.സെക്രട്ടറിയുമായി നിയമിതനായി. നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റും സുപ്രഭാതം ദിനപത്രം എഡിറ്റിറും പ്രസാധകനുമായ അദ്ദേഹം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി മഹല്ല് ഫെഡറേഷന്‍, ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ തുടങ്ങിയ പോഷക ഘടകങ്ങളുടെ ഭാരവാഹി കൂടിയാണ്.
ലോകത്തെ സ്വാധീനിച്ച അഞ്ചൂറ് മുസ്‌ലിം പണ്ഡിതരുടെ പട്ടികയില്‍ 2014-മുതല്‍ തുടര്‍ച്ചയായി ഇടം പിടിച്ച അദ്ദേഹം ഖത്തര്‍ ആസ്ഥാനമായുള്ള ആഗോള മുസ്‌ലിം പണ്ഡിത സഭാംഗം കൂടിയാണ്.
1951- ഏപ്രില്‍ 22 ന് മുഹമ്മദ് ജമാലുദ്ദീന്‍ മുസ്‌ലിയാരുടെയും പ്രമുഖ സ്വൂഫീവര്യന്‍ കൂരിയാട് തേനു മുസ്ലിയാരുടെ പുത്രി ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട്ട് ജനിച്ച നദ്‌വി സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ്, നദ്‌വത്തുല്‍ ഉലമ അറബിക് കോളേജ് ലക്‌നൗ, അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം നടത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും പൂര്‍ത്തിയാക്കി.
സി.എച്ച് ഐദറൂസ് മുസ്ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്ര്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി, സഈദുര്‍റഹ്മാന്‍ അഅ്ദമി, മുന്‍ ശൈഖുല്‍ അസ്ഹര്‍ ഡോ. മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവി, ഈജിപ്ഷ്യന്‍ മുന്‍ ഗ്രാന്റ് മുഫ്തി ഡോ. അലി ജുമുഅ മുഹമ്മദ്, ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. ജഅ്ഫര്‍ അബ്ദുസ്സലാം, ഈജിപ്ഷ്യന്‍ ഔഖാഫ് മുന്‍ മന്ത്രി ഡോ. മഹ്മൂദ് ഹംദി സഖ്സൂഖ്, ഈജിപ്ഷ്യന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് ജന. സെക്രട്ടറി ശൈഖ് രിഫ്അത്ത് മുജാഹിദ് മുതവല്ലി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്.
മലയാളത്തിലും അറബിയിലുമായി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും നിലപാടുകളും എഴുതാറുള്ള ഡോ. നദ്‌വി അറബി കൃതികളുടെ വ്യാഖാനവും മലയാള മൊഴിമാറ്റവും ഉള്‍പ്പെടെ മലയാളം, അറബി ഭാഷകളിലായി ഒട്ടേറെ കൃതികളുടെ രചയിതാവ് കൂടിയാണ്.
Also Read:അവള്‍ക്കും അവകാശങ്ങള്‍ ഉണ്ട് ;ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിയുമായി നടത്തിയ അഭിമുഖം
രാജ്യത്തിനക്കത്തും പുറത്തുമായി നിരവധി ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത അദ്ദേഹം മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ ലൊസാഞ്ചല്‍സ് ഉള്‍പ്പെടെ ഒട്ടേറെ സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങളും നടത്തിയുണ്ട്.
അറുപതോളം രാഷ്ട്രങ്ങളില്‍ ഇതിനകം സന്ദര്‍ശനവും നടത്തിയിട്ടുണ്ട്.
അല്‍മഖ്ദൂം അവാര്‍ഡ്, ഫൈസി പണ്ഡിത പ്രതിഭാ പുരസ്‌കാരം എന്നിവക്കും നേരത്തെ ബഹാഉദ്ദീന്‍ നദ്‌വി അര്‍ഹനായിട്ടുണ്ട്.
പി.പി മുഹമ്മദ് ഫൈസിയുടെ ശിഷ്യ കൂട്ടായ്മയാണ് അവാര്‍ഡ് ഒരുക്കിയത്. അവാര്‍ഡ് തുക 33333 രൂപയും പ്രശസ്തി പത്രവും ജാമിഅ നൂരിയ്യയുടെ ഡമയമണ്ട് ജൂബിലി സനദ് ദാന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും. സമസ്തയുടെ മുന്‍ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ഹൈദരലി ശിഹാബ് തങ്ങള്‍, ശൈഖുല്‍ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എന്നിവരാണ് നേരത്തെ പ്രസ്തുത അവാര്‍ഡിനു അര്‍ഹരായ സമസ്തയുടെ നേതാക്കള്‍.
Leave A Comment