യു.എം ഉസ്താദ്: ഉത്തര മലബാറിന്റെ പണ്ഡിത ശ്രേഷ്ഠന്‍

ഒരു പരമ്പരാഗത പണ്ഡിതന്റെ ഇൽമും അമലും കൈമുതലാക്കി, പഴമയുടെ ചരിത്രം പേറുന്ന ദർസീ പാരമ്പര്യത്തിൽ നിന്നുയർന്ന് വന്ന്, സമസ്തക്കും വിജ്ഞാന കൈമാറ്റത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച പണ്ഡിതനായിരുന്നു കഴിഞ്ഞ ദിവസം നമ്മോട് വിട പറഞ്ഞ യു. എം. അബ്ദുറഹ്മാൻ മൗലവി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാദ്ധ്യക്ഷനും, ഉത്തര മലബാറില വൈജ്ഞാനിക കേന്ദ്രമായ മലബാർ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപക ജനറൽ സെക്രട്ടറിയും ആയിരുന്ന അദ്ദേഹം, കേരളക്കരയിലെ സമന്വയ വിദ്യാഭ്യാസ ആശയത്തിന്റെ അഗ്രേസരിലൊരാളായ മര്‍ഹൂം ചെമ്പരിക്ക ഖാസി സി. എം. അബ്ദുല്ല മൗലവിയുടെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നല്കി കൂടെനിന്ന മഹാനായിരുന്നു.

 

1939 നവംബർ രണ്ടിന് മൊഗ്രാലിൽ ആയിരുന്നു, പിന്നീട് യു.എം. എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹത്തിന്റെ ജനനം. കീഴൂര്‍ അബ്ദുൽ ഖാദിർ - ഖദീജ ദമ്പതികളുടെ മകനായാണ് ജനനം. ദക്ഷിണ കന്നടയിലെ പറങ്കിപ്പേട്ട, മംഗലാപുരം അസഹരിയ കോളേജ്, പടന്ന, കൊണ്ടോട്ടി എന്നിവിടുന്നെല്ലാം ദർസ് പഠനം നടത്തിയ ഉസ്താദ്, പിന്നീട് 1983ല്‍ ബാഖിയാത്തിൽ പോവുകയും ശൈഖ് ഹസൻ ഹസ്രത്ത്, മുസ്തഫ ആലിം സാഹിബ് തുടങ്ങിയ പ്രഗൽഭരായ ഉസ്താദുമാരിൽ നിന്ന് അറിവ് കരസ്ഥമാക്കുകയും ചെയ്തു.

 

ജ്ഞാനപ്രസാരണത്തിന് അത്യധികം പ്രാധാന്യം നൽകിയ പണ്ഡിതനായിരുന്നു യു. എം. അബ്ദുറഹ്മാൻ മൗലവി. മതബോധവും, ആദ്ധ്യാത്മിക ചിന്തകളും, മികച്ച നേതൃപാടവവും, എല്ലാത്തിലുമുപരി പ്രഭാഷണ മേഖലയിലെ മികവും ഉസ്താദിൻറെ സവിശേഷതകളായിരുന്നു. 1965 മുതൽ തന്നെ സംഘടനാ മേഖലയിൽ തിളങ്ങി നിന്നിരുന്നു അദ്ദേഹം. അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റിയിലൂടെ വരവറിയിച്ച അദ്ദേഹം, 1984-ൽ കാസർഗോഡ് ജില്ല രൂപീകൃതമാവുന്നതോടെയാണ് സി.എം. ഉസ്താദുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. അതേവർഷം സമസ്ത കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിക്കുകയും, അതിൻറെ സെക്രട്ടറിയായി യു. എം. ഉസ്താദ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സി.എം ഉസ്താദ് പ്രസിഡണ്ടായി വർഷങ്ങളോളം നിലനിന്ന ഈ കമ്മിറ്റി കാസർഗോഡ് ജില്ലയിൽ വലിയ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കി.

 

യോഗങ്ങളിൽ അഭിപ്രായം പറയാനും അത് പറഞ്ഞ്ഫലിപ്പിക്കാനുമെല്ലാം അസാധാരണ കഴിവുള്ളവരായിരുന്നു യു.എം ഉസ്താദ്. ജില്ലാ കമ്മിറ്റിക്ക് വേണ്ടിയുള്ള പ്രവർത്തനത്തിലൂടെ മുഴുസമയവും സി. എം. ഉസ്താദുമൊത്തിരിക്കുന്ന രീതിയിലായി. ഇതിനും എത്രയോ മുമ്പ് തന്നെ ഇരുവരും സഅദിയ്യ പോലുള്ള വിവിധ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അടുപ്പത്തിലായിരുന്നു. ഉത്തരമലബാറിൽ ശ്രദ്ധേയമായ പഠന കേന്ദ്രങ്ങൾ ഇല്ലാതിരുന്ന കാലമായിരുന്നു അത്. സി. എം. ഉസ്താദ് ഒരു വിദ്യാഭ്യാസ കേന്ദ്രം പടുത്തുയർത്തുന്നത് സ്വപ്നം കാണുന്ന വേള കൂടിയായിരുന്നു അത്. പല വഴികളും, സാധ്യതകളും, ആശയങ്ങളും പരസ്പരം അവര്‍ കൈമാറി. ഇതിലൂടെ സമന്വയ വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനുള്ള പ്രക്രിയ കൂടുതൽ സുഗമമായി. സമന്വയ വിദ്യാഭ്യാസമെന്നത് ആരും ചിന്തിച്ചു തുടങ്ങാത്ത അറുപതുകളിൽ, വടക്കൽ കേരളത്തിൽ സമന്വയ ചിന്തയിലൂന്നി നിന്ന്, എട്ടു വർഷത്തെ കോഴ്സ് പൂർണ്ണമായി സംവിധാനിച്ച സിലബസും തയ്യാറാക്കി ഒരു സ്ഥാപനം പണിതുയർത്താൻ മഹാനായ സി.എം. അബ്ദുല്ല മൗലവി ചിന്തിച്ചിരുന്നു.

 

സി. എം. ഉസ്താദിൻറെ സ്വപ്നമായ സഅദിയ്യയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ, ഈ മേഖലയിൽ താല്പര്യമുള്ള, ഭാവി സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ഒരു മതപണ്ഡിതന്റെ അനിവാര്യതയേറിയ ഘട്ടത്തിലായിരുന്നു, ഒരു നിയോഗം പോലെ യു. എം. അബ്ദുറഹ്മാൻ മൗലവി കടന്നുവരുന്നത്. സഅദിയ്യക്കു വേണ്ടി പലയിടത്തും ഉസ്താദ് സഞ്ചരിച്ചിട്ടുണ്ട്. ഭാവി സാധ്യതകള്‍ പരിശോധിച്ച്, അനുവർത്തിച്ചു വന്ന പാഠ്യ രീതികളിലേക്ക് കൂടുതൽ വെളിച്ചം പകർന്ന് - ഇംഗ്ലീഷും ഗണിതവും ഉറുദുവും തുടങ്ങി 9 വർഷത്തെ കോഴ്സിന് രൂപം നൽകിക്കൊണ്ട് ഒരു വഴികാട്ടിയായി സി. എം. ഉസ്താദും കൈകാര്യകർത്താവായി യു എം അബ്ദുറഹ്മാൻ മൗലവിയും വർത്തിച്ചു.

 

1970 കളിൽ ഇച്ചിലങ്കോട് ദർസിൽ ആയിരുന്ന യു. എം. ഉസ്താദവർകൾ, സഅദിയ്യയുടെ യോഗങ്ങളിലും പരിപാടികളിലും സ്ഥിരമായി പങ്കെടുക്കുകയും, ചില ദിവസങ്ങളിൽ അവിടെ ക്ലാസ്സെടുക്കുകയും ചെയ്തിരുന്നു. സ്ഥാപിതകാലം തൊട്ട് സഅദിയ്യയുടെ ജോ. സെക്രട്ടറിയായിരുന്നു അദ്ദേഹം. 1979 സ്ഥാപനം സമസ്തയെ ഏൽപ്പിച്ചപ്പോഴും അങ്ങനെ തന്നെ തുടർന്നു.

 

1992 ൽ ആയിരുന്നു യു. എം. അബ്ദുറഹ്മാൻ മൗലവി കേന്ദ്ര മുശാവറയിലെത്തുന്നത്. അതിലും നേരത്തെ 1965-ൽ തന്നെ കണ്ണൂർ ജില്ല ജോ. സെക്രട്ടറിയായും, ശേഷം 1970-ൽ കാസർഗോഡ് താലൂക്ക് മുശാവറ രൂപീകരിക്കപ്പെട്ടപ്പോൾ ട്രഷറർ ആയും സമസ്തയ്ക്കു വേണ്ടി സജീവ പ്രവർത്ത രംഗത്തുണ്ട്.

 

1989 ലെ സമസ്തയിലെ ഭിന്നിപ്പ് സഅദിയ്യയെ സാരമായി ബാധിച്ചു. അവിടെ പ്രവർത്തിച്ചിരുന്ന പല പണ്ഡിതർക്കും പടിയിറങ്ങേണ്ടി വന്നു. മഹാനായ സി. എം. അബ്ദുല്ല മൗലവി നട്ടു വളർത്തിയ സ്ഥാപനത്തിൽ നിന്നും ഉസ്താദ് അവർകളെ തന്നെ ഇറക്കി വിട്ടപ്പോൾ യു. എം. അബ്ദുറഹ്മാൻ മൗലവിയും കൂടെയിറങ്ങി. ശേഷം സി. എം. ഉസ്താദുമൊത്ത് തൃക്കരിപ്പൂരിൽ ജാമിഅ സഅദിയ്യ ഇസ്ലാമിയ്യയുടെ രൂപീകരണത്തിലും, നീലേശ്വരം മർക്കസ് നിർമ്മാണത്തിലും, അവസാനം മൂലയിൽ മൂസ ഹാജിയിലൂടെ മലബാർ ഇസ്ലാമിക് കോംപ്ലക്സ് പടുത്തുയർത്തുന്നതിലും നിസ്തുലമായ പങ്കുവഹിക്കാന്‍ ഭാഗ്യം ലഭിച്ചു. മരണം വരെ ആ സ്ഥാപനത്തിന് നേതൃത്വം നല്കിയത് അദ്ദേഹം തന്നെയായിരുന്നു. 

 

കാസർഗോഡ് ജില്ലയില്‍ സമസ്തയുടെ സ്വാധീനം അരക്കിട്ടുറപ്പിക്കാൻ ഉസ്താദ് ഓടി നടന്നിരുന്നു. സമസ്തയുടെ അനുയായികൾക്ക് അപ്പോഴത്തെ സാഹചര്യങ്ങളും സത്യാവസ്ഥയും മനസ്സിലാക്കി കൊടുക്കാൻ സമ്മേളനങ്ങളും, മഹല്ല് പര്യടനങ്ങളും നടത്തിയ ഉസ്താദ്, ഒരു നേതാവിലുപരി കാസർഗോഡ് സമസ്തയുടെ നെടുംതൂണായിരുന്നു.

 

മലബാർ ഇസ്ലാമിക് കോംപ്ലക്സ് നിർമ്മാണ ഘട്ടത്തിലും അതിൻറെ നടത്തിപ്പിലും മേൽനോട്ടത്തിലും വലിയ പങ്കാളിയായിരുന്നു യു.എം. ഉസ്താദ്. കാട് പിടിച്ച് കിടന്നിരുന്ന ആ പ്രദേശത്തെ, ഇന്ന് നാം കാണുന്ന ബഹുമുഖ സ്ഥാപനങ്ങളടങ്ങുന്ന വിശാലമായ വിദ്യാഭ്യാസ മേഖലയായി പടുത്തുയർത്താൻ, സി. എം. ഉസ്താദും യു. എം ഉസ്താദും ഏറെ അധ്വാനിച്ചിട്ടുണ്ട്. പരിസരത്തുണ്ടായിരുന്ന ഏക കശുമാവിൻ തോപ്പിലിരുന്ന് പണികൾ നിരീക്ഷിച്ചും, ഭാവിപദ്ധതികള്‍ ചർച്ച ചെയ്തും, മുണ്ട് വിരിച്ച് അവിടെത്തന്നെ നിസ്കരിച്ചും, ആദ്യ കെട്ടിട നിർമ്മാണം പൂർത്തിയാവുന്നത് വരെ അവര്‍ അര്‍പ്പണം നടത്തുകയായിരുന്നു.

 

1993 മുതൽ എം. ഐ. സി. ക്കായി മാറ്റിവെച്ച ജീവിതമായിരുന്നു യു.എം അബ്ദുറഹ്മാൻ മൗലവിയുടേത്. 2010 ൽ ചെമ്പരിക്ക ഖാസിയുടെ വിയോഗത്തോടെ പൂർണ്ണമായും എം. ഐ. സി യുടെ നടത്തിപ്പിനുവേണ്ടി തൻറെ ജീവിതം മാറ്റിവയ്ക്കുകയായിരുന്നു ഉസ്താദവർകൾ. 47 വർഷം നീണ്ട സൗഹൃദബന്ധത്തിൽ തൻറെ സ്നേഹിതനൊപ്പം രൂപീകരിച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാല്‍കരിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു, ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും അവസാനം വരെ യു. എം. ഉസ്താദ്.

 

ഒരു വിദ്യാഭ്യാസ ചിന്തകനെന്നതിനപ്പുറം, കർമ്മനിരതനും, തൻറെ സാമൂഹിക ധൈഷണിക ജീവിതത്തിലൂടെ നാനോന്മുഖ പുരോഗതികളുടെ ചാലകശക്തിയായി വർത്തിച്ച വഴികാട്ടിയുമായിരുന്നു യു.എം അബ്ദുറഹ്മാൻ മൗലവി. നാഥന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടെ, ഏറ്റവും നല്ല പ്രതിഫലം നല്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter