ഉമ്മുല്‍ മസാഇബ് സൈനബ(റ)
നാലാം ഖലീഫയായ അലി(റ)യുടേയും സയ്യിദത്തുന്നിസാഅ് ഫാത്തിമ ബീവിയുടെയും സീമന്ത പുത്രിയായിരുന്നു സൈനബ്(റ). ഹിജ്‌റ അഞ്ചാം വര്‍ഷമായിരുന്നു ജനനം. ജിബ്രീല്‍(അ) വഹ്‌യിലൂടെ അറിയിച്ചു നല്‍കിയ സൈനബ് എന്ന പേരാണ് പ്രവാചകന്‍(സ്വ) അവര്‍ക്ക് നല്‍കിയത്. സൈനബ് എന്നാല്‍ മനോഹരമായ വൃക്ഷം എന്നാണര്‍ത്ഥം. പേര് അന്വര്‍ത്ഥമാക്കുംവിധം പിതാമഹനായ പ്രവാചകന്റേ(സ്വ)യും പിതാവായ അലി(റ)യുടേയും മാതാവായ ഫാത്തിമ ബീവിയുടേയും തണലിലാണ് ബാല്യകാലം മുതലേ അവര്‍ വളര്‍ന്നത്. പിതാമഹനായ പ്രവാചകന്റേ(സ്വ)യും മാതാപിതാക്കളുടേയും മരണം മഹതിയുടെ ജീവിതത്തിലെ ഇരുള്‍മൂടിയ അധ്യായങ്ങളായിരുന്നു. സൈനബ(റ)യുടെ ജീവിതം കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഉമ്മുല്‍ മസാഇബ് എന്ന് വിളിക്കപ്പെടാനുണ്ടായ കാരണവും ജീവിതത്തില്‍ അവരനുഭവിച്ച പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തന്നയായിരുന്നു.
പിതാവായ അലി(റ) വഫാത്തായപ്പോള്‍ സൈനബ ബീവിക്ക് രക്തബന്ധുക്കളായി സഹോദരങ്ങളായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവര്‍ മാത്രമാണുണ്ടായിരുന്നത്. ഹുസൈന്‍(റ) കൂഫയിലേക്ക് പുറപ്പെടുമ്പോള്‍ തന്റെ ചെറിയ രണ്ട് മക്കളായ മുഹമ്മദ്, ഊദ് എന്നിവരെ കൂട്ടി സൈനബ ബീവിയും തന്റെ സഹോദരന്റെ പിറകില്‍ അണിനിരന്നു. ഉമവി ഖലീഫയായ യസീദ് ഹുസൈനേ(റ)യും സംഘത്തെയും ക്രൂരമായി വേട്ടയാടി. ഒരിറ്റ് വെള്ളം പോലും കുടിക്കാനാവാതെ പിഞ്ചു കുഞ്ഞുങ്ങള്‍ പോലും അലറിക്കരഞ്ഞു. കര്‍ബലയുടെ മണ്ണില്‍ അഹ്ലുബൈത്തിന്റെ രക്തം ചിന്തപ്പെട്ടപ്പോള്‍, പരിക്ക് പറ്റിയ മുസ്ലിംകളെ ശുശ്രൂഷിക്കുവാനും അവര്‍ക്ക് വേണ്ട ചികിത്സ നല്‍കാനും സൈനബ് മുന്‍നിരയിലുണ്ടായിരുന്നു.
സൈനബി(റ)ന്റെ രണ്ട് മക്കളും കര്‍ബലയില്‍ രക്തസാക്ഷിത്വം വരിച്ചു. ഇതെല്ലാം സൈനബി(റ)ന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തന്റെ രണ്ട് മക്കളും സഹോദരനും നിമിഷത്തില്‍ അന്ത്യശ്വാസം വലിച്ച ദുരന്തപൂര്‍ണമായ ആ സായാഹ്നം അവര്‍ വേദനയോടെ മൂകസാക്ഷിയായി നോക്കി നിന്നു. ആകാശം ഇടിഞ്ഞു വീണിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് അവര്‍ ഉച്ചത്തില്‍ കരഞ്ഞുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തടവുപുള്ളികളായി കര്‍ബലയില്‍ നിന്ന് പിടിക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും യസീദിന്റെ മുന്നിലേക്ക് വലിച്ചിഴക്കപ്പെട്ടു. വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ അഭിമാനവും സ്വത്വബോധവും കൈവിടാതെ സൈനബ ബീവി മല പോലെ ഉറച്ചുനിന്നു. ഹൃദയം പൊട്ടുമാറ് ദുരിതങ്ങളും വേദനകളും അലട്ടിയിരുന്നെങ്കിലും കരളലിയിപ്പിക്കുന്ന ആ ക്രൂരതക്കു മുന്നില്‍ കീഴടങ്ങാന്‍ സൈനബ(റ) തയ്യാറായിരുന്നില്ല.
നൂറുദ്ദീനുല്‍ ജസാഇരി തന്റെ അല്‍ഖസാഇസുസ്സൈനബിയ്യ എന്ന ഗ്രന്ഥത്തില്‍ സ്ത്രീകള്‍ക്ക് തഫ്സീറും, ഹദീസും പഠിപ്പിച്ചു കൊടുത്തിരുന്ന പണ്ഡിതയായിരുന്നു സൈനബ ബീവി(റ)യെന്ന് രേഖപ്പെടുത്തുന്നുണ്ട്. ദുര്‍ഘടമായ മസ്അലകളുടെ കുരുക്കഴിക്കാനും ഇസ്ലാമിക വിഷയങ്ങള്‍ അധ്യാപനം നടത്താനും അവര്‍ സമയം കണ്ടെത്തി. പിതാവായ അലി(റ)യുടെ കല്‍പനപ്രകാരം അവര്‍ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നുവെന്ന് മജ്ലിസു സൈനബ് എന്ന കിതാബില്‍ കാണാം. അധ്യാപനം നടത്തുന്നതിന് പുറമെ, സൈനബ(റ) പ്രവാചക തിരുമേനിയുടെ ഒരുപിടി ഹദീസുകളും അവര്‍ ഉദ്ധരിച്ചു.
അറബി പ്രഭാഷണ രംഗത്തും സൈനബാ ബീവി ശ്രദ്ധേയമായ കൈയ്യൊപ്പ് ചാര്‍ത്തി. സൈനുല്‍ ആബിദീനെതിരെ കൂഫയിലേക്ക് ശത്രുസൈന്യം പുറപ്പെട്ടുവെന്ന് കേട്ട് സ്തംഭിച്ച് നിന്ന മുസ്ലിംകള്‍ക്കു മുന്നിലും, യസീദിന്റെ കൊട്ടാരത്തില്‍ വെച്ചും അവര്‍ നിര്‍വ്വഹിച്ച പ്രഭാഷണങ്ങള്‍ അവയില്‍ എടുത്തു പറയേണ്ടതാണ്.
മാന്യതയും കുലീനതയും, ബുദ്ധികൂര്‍മതയും ഒത്തിണങ്ങിയവള്‍ എന്ന് അര്‍തഥം വരുന്ന അഖീലത് എന്ന പേരില്‍ ചരിത്രം സൈനബ ബീവി(റ)യെ പരിചയപ്പെടുത്തുന്നതായി കാണാം. ഇബ്നു ഹജര്‍ തന്റെ കിതാബുല്‍ ഇസാബ ഫീ തംയീസി സ്വഹാബ എന്ന ഗ്രന്ഥത്തില്‍ സൈനബ ബീവിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'അസാമാന്യ ബുദ്ധിവൈഭവവും അപാരമായ ദൃഢവിശ്വാസവും കൈമുതലായുള്ളവരായിരുന്നു സൈനബ(റ).' ദുരിതപ്പെയ്ത്തുകളും ഐഹിക നാശനഷ്ടങ്ങളുമെല്ലാം മുസ്ലിംകളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും അല്ലാഹുവിലുള്ള വിശ്വാസവും ക്ഷമയുമാണ് സത്യവിശ്വാസികളുടെ ആശ്രയമെന്നും സൈനബ ബീവിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
About the author:
വാകേരി, ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
Leave A Comment