ജരീറുബ്നു അബ്ദില്ല അല്‍ബുജലി(റ): ഈ ഉമ്മത്തിലെ യൂസുഫ് നബി
പ്രവാചകന്റെ ഇഷ്ട സ്വഹാബികളിലൊരാളായിരുന്നു ജരീർ ബിൻ അബ്ദില്ല(റ). ത്വാഇഫിന്റെ തെക്കുഭാഗത്തുള്ള ബുജൈല ഗോത്രത്തിന്റെ തലവനായിരുന്നു അദ്ദേഹം. രൂപവും മുഖവും ചുറു ചുറുക്കുള്ള സുന്ദരനും സുമുഖനുമായ ജരീർ(റ)വിനെ കുറിച്ച് ഉമർ(റ) ഇങ്ങൻെ പറയുമായിരുന്നു: ജരീർ ഈ ഉമ്മത്തിലെ യൂസുഫ് നബിയാണ്.
ജരീർ(റ) പറയാറുണ്ട്: ഞാൻ മുസ്‍ലാമായതുമുതൽ നബി തങ്ങൾ എന്നെ തൊട്ട് ഒന്നും തടഞ്ഞു വെച്ചിട്ടില്ല. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ പ്രവാചകനെ ഞാന്‍ കണ്ടിട്ടില്ല എന്ന്. അത്രത്തോളം പ്രവാചകനിലേക്ക് അടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
കവിയും പ്രഭാഷകനുമായ ജരീർ(റ) ഹിജ്റ 10 റമളാനിലാണ് ഇസ്‍ലാമിലേക്ക് കടന്നുവരുന്നത്. നബിയും സ്വഹാബത്തും പള്ളിയിൽ ഇരിക്കുമ്പോൾ പ്രവാചകൻ സ്വഹാബത്തിനോട് പറഞ്ഞു: രാജ പ്രൗഢിയുള്ള ഒരാൾ ഇത് വഴി കടന്നുവരും. അവിടേക്ക് കടന്നുവന്നയാൾ ജരീർ ബിൻ അബ്ദില്ലയായിരുന്നു. നബിയുടെയും സ്വഹാബത്തിന്റെയും മുമ്പിൽവെച്ച് അദ്ദേഹം ഇസ്‍ലാം സ്വീകരിച്ചു. ശേഷം,. നിസ്കാരം നിലനിർത്തുക, സക്കാത്ത് നൽകുക, എല്ലാ മുസ്‍ലിംകളെയും നന്മകൊണ്ട് ഉപദേശിക്കുക എന്നീ കാര്യങ്ങളുടെ മേല്‍ നബി തങ്ങളുമായി അദ്ദേഹം ബൈഅത്ത് ചെയ്യുകയും ചെയ്തു.
കഅബത്തുൽ യമാനി എന്നറിയപ്പെടുന്ന ദുൽഖലസയിലെ നിര്‍മ്മിതി പൊളിക്കാനായി ബിഷ മേഖലയിൽ സ്ഥിതി ചെയ്യുന്ന തബാലയിലേക്ക് നിയോഗിക്കപ്പെട്ടത് ജരീര്‍(റ) ആയിരുന്നു. ആ നിര്‍മ്മിതിക്കുള്ളിൽ കിരീടാകൃതിയിലുള്ള വെളുത്ത ഒരു വിഗ്രഹവും ഉണ്ടായിരുന്നു. അഹ്മസിൽ നിന്നുള്ള 150 കുതിരപ്പടയാളികളുമായി ജരീർ(റ)വിന്റെ നേതൃത്വത്തിലുഉള്ള സംഘം പുറപ്പെട്ടു. അവരെല്ലാം കുതിരകളുമായി ബന്ധപ്പെട്ട ആളുകൾ ആയിരുന്നു. എന്നാൽ ജരീർ(റ)ന് പരിചയക്കുറവ് കാരണം കുതിരപ്പുറത്ത് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. ജരീർ(റ) അല്ലാഹുവിന്റെ ഹബീബിനോട് ഇക്കാര്യം പരാതിപ്പെട്ടു. പ്രവാചകൻ(സ്വ) തങ്ങൾ ജരീർ(റ) വിന്റെ നെഞ്ചത്ത് കൈവച്ചുകൊണ്ട് പറഞ്ഞു, അല്ലാഹുവേ അവനെ നീ സ്ഥിരപ്പെടുത്തണേ, വഴികാട്ടുന്നവനും വഴി കാണിക്കപ്പെടുന്നവനും ആക്കണേ എന്ന്.
അവർ ചെന്ന് വിഗ്രഹങ്ങൾ എല്ലാം തകർത്ത് വിജയം വരിച്ചു. വിജയവിവരം അറിയിക്കാനായി ജരീർ(റ) നബി(സ്വ)യുടെ അടുക്കലേക്ക് ഒരു ദൂതനെ അയച്ചു. അദ്ദേഹം പ്രവാചക സമീപത്തു വന്ന് സന്ദേശം നബി തങ്ങളെ അറിയിച്ചു. വിവരമറിഞ്ഞ് ഏറെ സന്തോഷിച്ച നബി തങ്ങൾ ആ കുതിരകളെയും പടയാളികളെയും പ്രശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
പ്രവാചകനുചരന്മാരിൽ ഏറെ ഉന്നതനായിരുന്നെങ്കിലും നബിതങ്ങളുടെ കൊടിക്കീഴിൽ യുദ്ധം ചെയ്യാനുള്ള ഭാഗ്യം ജരീർ(റ)വിന് ലഭിച്ചില്ല. ദുൽക്കലാഅ്, ദീഅംറ് എന്നിവരെ ഇസ്‍ലാമിലേക്ക് ക്ഷണിക്കാനായി ജരീർ(റ) വിനെ നബി തങ്ങൾ യമനിലേക്ക് അയച്ചു. ഹിജ്റ 11 നായിരുന്നു അത്. അവർ രണ്ടുപേരും ദുൽക്കലാഇന്റെ ഭാര്യയും ഇസ്‍ലാം സ്വീകരിച്ചു. നബി തങ്ങൾ വഫാത്താകുമ്പോൾ അദ്ധഹം യമനിൽ ആയിരുന്നു. ഉമർ(റ) വിവരം അറിയിക്കുകയും അദ്ധഹം മദീനയിലേക്ക് തിരിച്ചു വരികയും ചെയ്തു.
ജരീർ(റ) തന്റെ ജനതയെ അങ്ങേയറ്റം ഇഷ്ടപ്പെട്ടവനായിരുന്നു. അറബികൾക്കിടയിൽ ചിതറക്കിടക്കുന്ന തന്റെ ജനവിഭാഗങ്ങളെ ഒരുമിച്ചുകൂട്ടാൻ നബി തങ്ങൾ അദ്ദേഹത്തോട് ആഹ്വാനം ചെയ്യുകയും ഉമർ(റ) വിന്റെ ഭരണകാലത്ത് അദ്ദേഹം അത് സാക്ഷാത്കരിക്കുകയും ചെയ്തു.
ഹിജ്റ 54 യൂഫ്രട്ടീസ് നദിക്കരയിലുള്ള ഖർഖീസിയ എന്ന പട്ടണത്തിൽ വെച്ച് അദ്ദേഹം വഫാത്തായി.
Leave A Comment