ഫാത്വിമതുസ്സഹ്റാ(റ): സ്വര്‍ഗ്ഗനാരികളുടെ നായിക

ലോകചരിത്രത്തിലെ സമാനതകളില്ലാത്ത വനിതയാണ്, പ്രവാചകരുടെ കരളിന്റെ കഷ്ണമായ ഫാത്വിമ(റ). സ്വർഗ്ഗസ്ത്രീകളുടെ നായികയെന്ന് വിശേഷിപ്പിക്കപ്പെട്ട മഹതി, ലാളിത്യത്തിന്റെയും ത്യാഗസഹനങ്ങളുടെയും ഉത്തമ മാതൃക കൂടിയാണ്. വിശ്വാസികള്‍ക്ക് എന്നും വഴികാണിക്കുന്ന ഒരു പ്രകാശഗോപുരമായിരുന്ന ആ ജീവിതം അനേകം അധ്യായങ്ങളടങ്ങിയ പാഠപുസ്തകമാണ്.

 

പ്രവാചകത്വത്തിന് അഞ്ചു വർഷം മുമ്പ് ആയിരുന്നു ഫാത്തിമ(റ) ജനിച്ചത്. ലോക ചരിത്രത്തെ ഏറ്റവും അധികം സ്വാധീനിച്ച പിതാവ് പ്രവാചകപ്രഭുവും അവര്‍ക്ക് സര്‍വ്വപിന്തുണയുമായി കൂടെ നിന്ന ധീരവനിത ഖദീജ(റ) എന്ന മാതാവും ചേര്‍ന്നായിരുന്നു ആ പുത്രിയെ വളര്‍ത്തിയത് എന്നത് തന്നെ, അവരുടെ സ്വഭാവ വിശേഷങ്ങളുടെ ദൃഷ്ടാന്തമാണ്. സൈനബ്(റ), റുഖിയ്യ(റ), ഉമ്മുകുൽസൂം(റ) എന്നിവരായിരുന്നു സഹോദരിമാർ. ഖാസിം(റ), അബ്ദുല്ലാഹ്(റ) എന്നിവർ സഹോദരന്മാരും. പ്രവാചകരുടെ പാവനമായ പരമ്പര നിലനിന്നത് ഫാത്തിമ(റ)യിലൂടെ മാത്രമാണ് എന്നതും അവരുടെ മഹത്വമാണ് കാണിക്കുന്നത്.

 

നരകത്തിൽ നിന്നും അല്ലാഹു മഹതിയെയും സന്താനപരമ്പരയെയും മുക്തയാക്കി എന്ന അർത്ഥത്തിലാണ് 'ഫാത്തിമ' എന്ന പേര് വന്നതെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്. പ്രകാശിക്കുന്നവൾ എന്നർത്ഥമുള്ള 'അസ്സഹ്‌റ' എന്നും, ഐഹിക കാര്യങ്ങളിൽ പരിത്യജിച്ച് അല്ലാഹുവിലേക്ക് മാത്രം തിരിഞ്ഞവൾ എന്നർത്ഥമുള്ള 'അൽബത്തൂൽ' എന്നും മഹതി വിളിക്കപ്പെട്ടു.

 

മഹതിയുടെ ബാല്യം കളിചിരികൾക്ക് പകരം പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു. ഇസ്‍ലാമിന്റെ പ്രാരംഭഘട്ടത്തിൽ പിതാവ് നേരിട്ട ക്രൂരമായ പീഢനങ്ങൾക്ക് ആ കുഞ്ഞുകണ്ണുകള്‍ സാക്ഷിയായി. ഒരിക്കൽ കഅ്ബയുടെ അടുത്ത് സുജൂദിലായിരുന്ന നബി(സ്വ)യുടെ മുതുകത്ത് ശത്രുക്കൾ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല വെച്ചപ്പോൾ, ആ പ്രിയപുത്രി ഓടിവന്ന് അത് നീക്കം ചെയ്തതും ശത്രുക്കളെ ധീരതയോടെ നേരിട്ടതും ചരിത്രമാണ്. ഉമ്മയായ ഖദീജ ബീവിയുടെ വഫാത്തിന് ശേഷം പിതാവിനെ ഒരു ഉമ്മയെപ്പോലെ പരിചരിക്കുകയും അവരുടെ സങ്കടങ്ങളിൽ തണലാവുകയും ചെയ്തതുകൊണ്ടാണ് പ്രവാചകര്‍ അവരെ 'ഉമ്മു അബീഹാ' (പിതാവിന്റെ ഉമ്മ) എന്ന് വിളിച്ചത്. നബി തങ്ങൾ, ഹാരിസത്ത് നുഅ്മാൻ(റ) വിനോട് മകൾക്കായി ഒരു വീട് ചോദിക്കാൻ മടിക്കുന്നത് കണ്ടപ്പോൾ, "എന്റെ ഉപ്പ ആരുടെ മുന്നിലും കൈനീട്ടരുത്" എന്ന് പറഞ്ഞ് സ്വന്തം ആഗ്രഹം വേണ്ടെന്ന് വെച്ച മകളുടെ സ്നേഹം സമാനതകളില്ലാത്തതാണ്.

 

പ്രവാചകര്‍ക്ക് ഫാത്വിമ(റ)യോട് പ്രത്യേകമായ ഒരു വാത്സല്യമുണ്ടായിരുന്നു. "ഫാത്വിമ എന്റെ ശരീരത്തിന്റെ ഭാഗമാണ്, അവളെ ആരെങ്കിലും ദേഷ്യം പിടിപ്പിച്ചാൽ അത് എന്നെ ദേഷ്യം പിടിപ്പിക്കുന്നതിന് തുല്യമാണ്" എന്ന് അവിടുന്ന് അരുളിയിട്ടുണ്ട്. നടത്തത്തിലും സംസാരത്തിലും പ്രവാചകനോട് ഏറ്റവും സാദൃശ്യമുള്ള വ്യക്തിയായിരുന്നു മഹതി. ഫാത്തിമ(റ) വീട്ടിലേക്ക് വരുമ്പോൾ നബി(സ) എഴുന്നേറ്റു നിന്ന് അവരെ സ്വീകരിക്കുകയും നെറ്റിയിൽ ചുംബിക്കുകയും തന്റെ ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്തിരുന്നു എന്ന് ഹദീസുകളില്‍ കാണാം.

 

മദീനയിൽ എത്തിയ ശേഷം അല്ലാഹുവിന്റെ കല്പനപ്രകാരം അലി(റ)വിന് മഹതിയെ വിവാഹം ചെയ്തുകൊടുക്കാൻ തീരുമാനമായി. തന്റെ പടയങ്കി വിറ്റ് കിട്ടിയ 480 ദിർഹം കൊണ്ടാണ് അലി(റ) വിവാഹത്തിനുള്ള കാര്യങ്ങൾ ഒരുക്കിയത്. ഹിജ്റ രണ്ടാം വർഷം നടന്ന ആ വിവാഹത്തിന് ശേഷം ആർഭാടങ്ങളില്ലാത്ത, ഈന്തപ്പന ഓലകൾ കൊണ്ട് മേഞ്ഞ ഒരു കൊച്ചു മുറിയിലായിരുന്നു ആ പുണ്യ ദാമ്പത്യം ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും സ്വപ്നതുല്യമായ മണിയറയിലെ രാത്രിയിൽ പോലും, വിളക്കണച്ചപ്പോൾ പരന്ന ഇരുട്ടിൽ ഖബറിനെ ഓർത്ത് കരഞ്ഞ ആ ആത്മീയ ഔന്നത്യം ഓരോ വിശ്വാസിക്കും മാതൃകയാണ്. ഈ അനുഗ്രഹീത ദാമ്പത്യത്തിലാണ് പ്രവാചക കുടുംബത്തിന്റെ (അഹ്‌ലുൽബൈത്ത്) ആദ്യകണ്ണികളായ മക്കൾ പിറന്നത്. മുസ്‍ലിം സമുദായത്തിനിടയില്‍ സമാധാനം കൊണ്ടുവന്ന ഇമാം ഹസൻ(റ), അനീതിക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഇമാം ഹുസൈൻ(റ) എന്നിവരെ കൂടാതെ സൈനബ്(റ), ഉമ്മുകുൽസൂം(റ), മുഹ്സിൻ(റ) എന്നിവരും ഈ ദാമ്പത്യത്തിലെ കണ്മണികളായിരുന്നു. അവര്‍ വളര്‍ത്തി വലുതാക്കിയ ആ മക്കളെയായിരുന്നു, 'സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കൾ' എന്ന് നബി(സ്വ) വിശേഷിപ്പിച്ചത്.

 

അത്യന്തം ലളിതവും ദരിദ്രവുമായ ഒരു വീടായിരുന്നു ഫാത്തിമ(റ)യുടേത്. ആട്ടുകല്ലില്‍ ധാന്യം പൊടിച്ചും കിണറ്റിൽ നിന്ന് വെള്ളം കോരിയും മഹതിയുടെ കൈകളിലും തോളിലും തഴമ്പുകൾ വീണിരുന്നു. പട്ടിണി കഠിനമായതിനാൽ മാറിടത്തിലെ പാല് പോലും വറ്റിപ്പോയ അവസ്ഥയുണ്ടായി. ഒരിക്കൽ ഒരു വേലക്കാരിയെ ആവശ്യപ്പെട്ട് പിതാവിനെ സമീപിച്ച മകൾക്ക്, ഭൗതിക സഹായത്തിന് പകരം നബി(സ്വ) നൽകിയത്, പ്രത്യേക തസ്ബീഹ് ആയിരുന്നു, ശേഷം അത്, 'തസ്ബീഹുൽ ഫാത്തിമ' എന്ന പേരില്‍ ആത്മീയ ഔഷധമായി മുസ്‍ലിം ലോകത്ത് ഇടം നേടി. ഉറങ്ങാൻ കിടക്കുമ്പോൾ 33 വട്ടം സുബ്ഹാനല്ലാഹ്, 33 വട്ടം അൽഹംദുലില്ലാഹ്, 34 വട്ടം അല്ലാഹു അക്ബർ എന്ന് ചൊല്ലാനായിരുന്നു അന്ന് നബി തങ്ങൾ പഠിപ്പിച്ചത്. ശാരീരിക തളർച്ചയേക്കാൾ ആത്മീയ ശക്തിക്കാണ് വിശ്വാസി മുൻഗണന നൽകേണ്ടതെന്നാണ് ഇത് ലോകത്തെ ഓർമ്മിപ്പിക്കുന്നത്.

 

മഹതിയുടെ ജീവിതം കേവലം വീടിനുള്ളിൽ ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. ഉഹ്‌ദ് യുദ്ധസമയത്ത് നബി(സ്വ)ക്ക് പരിക്കേറ്റപ്പോൾ മുറിവുകൾ വെച്ചുകെട്ടാനും രക്തം കഴുകി മാറ്റാനും ഫാത്തിമ(റ) മുൻപന്തിയിലുണ്ടായിരുന്നു. മദീനയിലെ സ്ത്രീകൾക്ക് ഇസ്‍ലാമിക നിയമങ്ങളും ആത്മീയ പാഠങ്ങളും പകർന്നുനൽകുന്നതിലും മഹതി മുഖ്യപങ്കുവഹിച്ചു. നബി(സ്വ)യുടെ വഫാത്തിന് ശേഷം തന്റെ അവകാശങ്ങൾക്കായി സധൈര്യം സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും അവർ മടിച്ചിരുന്നില്ല. ഇത് നീതിക്കും സത്യത്തിനും വേണ്ടി സംസാരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അടിവരയിടുന്നു. ആയിശാ(റ) സാക്ഷ്യപ്പെടുത്തിയത് പോലെ, നബി(സ്വ) കഴിഞ്ഞാൽ ലോകത്ത് ഏറ്റവും സത്യസന്ധമായി സംസാരിച്ചിരുന്നത് ഫാത്തിമ(റ) ആയിരുന്നു.

 

പ്രവാചകന്റെ വേര്‍പാടിന് ശേഷം ആറ് മാസത്തിനകം, ഏകദേശം 29-ാം വയസ്സിൽ, റമദാന്‍ മൂന്നിന് മഹതി ഈ ലോകത്തോട് വിടപറഞ്ഞു. പ്രവാചകര്‍ ഈ ലോകത്തോട് വിട പറയുന്നതിന് തൊട്ട് മുമ്പ്, തന്നെ കാണാനെത്തിയ ഫാത്വിമ(റ)യുടെ കാതുകളില്‍ എന്തോ രഹസ്യം പറഞ്ഞതും, ആദ്യം അവര്‍ കരഞ്ഞതും ശേഷം സന്തോഷത്തോടെ പുഞ്ചിരി തൂകിയതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. താന്‍ ഈ ലോകത്തോട് വിട പറയുകയാണെന്നും തനിക്ക് ശേഷം തന്റെ ബന്ധുക്കളില്‍ ആദ്യമായി മരണം വരിച്ച് തന്റെ സമീപത്തേക്ക് എത്തുന്നത് മകളേ, നീ ആയിരിക്കുമെന്നുമായിരുന്നു ആ രഹസ്യവിവരം.

 

തന്റെ മരണവേളയില്‍ പോലും, തന്റെ ജനാസ ചുമക്കുമ്പോൾ ശരീരത്തിന്റെ വടിവുകൾ അന്യപുരുഷന്മാർ കാണുമോ എന്ന് ഉൽക്കണ്ഠപ്പെട്ട മഹതി, തന്നെ രാത്രിയിൽ ഖബറടക്കണമെന്ന് വസിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ അന്തസ്സും അഭിമാനവും എന്തായിരിക്കണമെന്ന് ലോകത്തിന് ഇതിലൂടെ അവർ കാണിച്ചുതന്നു.

 

ഫാത്വിമ(റ) കേവലം ഒരു ചരിത്ര വ്യക്തിത്വമല്ല. മറിച്ച് നീതിബോധമുള്ള ഒരു പൗരയായും, സ്നേഹമുള്ള ഒരു മാതാവായും, ധീരയായ ഒരു മകളായും ജീവിച്ചു കാണിച്ചുതന്ന വിപ്ലവകാരിയായിരുന്നു. അതേ സമയം, എല്ലാം നേടാമായിരന്നിട്ടും ഏറ്റവും ലളിതമായി മാതൃകായോഗ്യമായ ജീവിതം കാഴ്ച വെച്ച പ്രവാചകപുത്രിയും. ആ പുണ്യ ജീവിതം നമുക്ക് എന്നും ഒരു വഴികാട്ടിയാകട്ടെ.

 About The Author:

പറപ്പൂര്‍ സബീലുല്‍ഹിദായ അറബിക് കോളേജ്, ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സ് ഡിപാര്‍ട്മെന്റിലെ, ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter