ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമാണ് നാം ഇനിയെങ്കിലും നാം മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു

ബഹുത്വങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യൻ ഉപഭൂഖണ്ഡം. ‘നാനാത്വത്തിൽ ഏകത്വം’ ആണ് നമ്മുടെ നാടിന്റെ മുഖമുദ്ര. എന്നാല്‍, വർത്തമാന പരിതസ്ഥിതിയിൽ വായിക്കുമ്പോൾ ഇന്ത്യയുടെ ചിത്രം തികച്ചും വ്യത്യസ്തമാണ്. സ്വാതന്ത്ര്യാനന്തരം മനപ്പൂർവമായ ചില അസ്പൃശ്യതകൾക്ക് പാത്രമായ സ്വത്വമായി ഇന്ത്യൻ മുസ്‍ലിംകള്‍ മാറിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഇതിലേക്ക് നയിച്ച ചില കാര്യങ്ങളെ രാഷ്ട്രമീമാംസയുടെ ചില സിദ്ധാന്തങ്ങളുടെ പിൻബലത്തിൽ ഒന്ന് വിശകലനം ചെയ്യുന്നത് ഈ അവസരത്തില്‍ നന്നാവുമെന്ന് തോന്നുന്നു.

അടിച്ചമർത്തപ്പെടുന്ന സമുദായം

ചരിത്രത്തിന്റെയും സാംസ്കാരിക തനിമയുടെയും സമ്പന്നത അവകാശപെടാൻ വേണ്ടുവോളമുണ്ടായിട്ടും വിഭജനാന്തരം, അതിന്റെ വക്താക്കളായും ക്രമേണ രാജ്യത്തിന്റെ ശത്രുക്കളായും കണക്കാക്കുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമായി മുസ്‌ലിംകൾ മാറി എന്നതാണ് വസ്തുത. ലളിതവും കൃത്യവും ദൈനംദിന ജീവിതവ്യാപിയുമായ വിശ്വാസ സംഹിതകളുമായി മുന്നോട്ടു പോകുന്ന ഈ മതവിഭാഗത്തെ സംശയത്തിന്റെയും ഭീകരവാദത്തിന്റെയും വക്താക്കളാക്കി ആഗോള തലത്തില്‍ തന്നെ അവതരിപ്പിക്കപ്പെട്ടതും ഇന്ത്യന്‍ മുസ്‍ലിംകളെയും സാരമായി ബാധിച്ചിട്ടുണ്ട്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യയിൽ 22.6% വും മുസ്‍ലിംകളായിട്ടും, ന്യൂനപക്ഷ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ അക്രമത്തിന് വിധേയമാവുന്നത് അവരാണ്. 2002 ലെ ഗുജറാത്ത് കലാപവും ഇന്ന് സുപ്രീം കോടതി നിയന്ത്രണമേർപ്പെടുത്തിയിട്ടും പല സംസ്ഥാനങ്ങളിലും ബി.ജെ.പി സര്‍കാര്‍ നടത്തുന്ന ബുൾഡോസർ രാജുമെല്ലാം മുസ്‌ലിം ജീവിതങ്ങളെ മുൾമുനയിൽ നിർത്തുക, ശേഷം വംശീയ ഉന്മൂലനം നടത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ഫാഷിസ്റ്റുകളുടെ ചവിട്ടുപടികള്‍ തന്നെയാണ്.

ഹിന്ദുത്വ സ്വേച്ഛാധിപത്യത്തിനു വേണ്ടി അധമ വേല ചെയ്യുന്ന ബ്യൂറോക്രസിയും, മാധ്യമങ്ങളും മുസ്‌ലിം വിദ്വേഷ പ്രചരണത്തിൽ മത്സരാത്മകമായ 'മുന്നേറ്റം' കാഴ്ചവെക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് ഒരു സമൂഹത്തെ മാറ്റി നിർത്തലുകൾക്ക് വിധേയമാക്കുമ്പോൾ അതിന് ബൗദ്ധിക പിന്തുണ നൽകുന്ന സിദ്ധാന്തങ്ങൾ വർത്തമാന കാലത്തെ ബന്ധിപ്പിച്ചു പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

അക്രമ ത്രികോണ സിദ്ധാന്തം (Violence Triangle Theory)

സമാധാന പഠനങ്ങളുടെ പിതാവായ നോർവീജിയൻ സാമൂഹ്യശാസ്ത്രജ്ഞൻ യോഹാൻ ഗാൾതുങ് (Johan Galtung) തന്റെ ‘Violence, Peace, and Peace Research’ എന്ന പഠനത്തിൽ അക്രമത്തെ മൂന്ന് പരസ്പര ബന്ധിതമായ ഘടകങ്ങളായി ക്രമീകരിച്ച് വിശദീകരിക്കുന്നുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ പുതിയ വെളിച്ചം തരുന്ന പഠനമാണിത്. ഘടനാപരമായ അക്രമം (Structural Violence), നേരിട്ടുള്ള അക്രമം (Direct Violence), സാംസ്‌കാരികമായ അക്രമം (Cultural Violence) എന്നിവയാണവ. ഇതിൽ ഘടനാപരമായ അക്രമത്തിൽ (Structural Violence) രാഷ്ട്രീയ സംവിധാനങ്ങൾ പ്രയോഗപ്പെടുത്തി പ്രത്യേക വിഭാഗങ്ങൾക്ക് വിനാശകരമാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും  വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ സാമ്പത്തികവും, സാമൂഹികവുമായ ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. അവസര സമത്വം പാടെ ഇല്ലാതാക്കുകയും, നിയമങ്ങളിൽ വേർതിരിവ് കൊണ്ട് വരികയും ചെയ്യുന്നു. 

ഇത് പലപ്പോഴും അദൃശ്യമായാണ് നിലകൊള്ളുക എന്നാണ് യോഹാൻ ഗാൾതുങ് തന്റെ പഠനത്തിൽ വ്യക്തമാക്കുന്നത്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് ഇന്ന് മനപ്പൂർവമായ ചില അസ്പൃശ്യത നാനാ മേഖലകളിലും ദൃശ്യമാണ്. മുസ്‌ലിംകൾക്ക് നേരെയുള്ള വ്യവസ്ഥാപിതമായ അസമത്വങ്ങളും വിവേചന നയങ്ങളും ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. ഉദാഹരണത്തിന് പൗരത്വ ഭേദഗതി നിയമവും (CAA), ദേശീയ പൗരത്വ രജിസ്റ്ററും (NRC) മുസ്‌ലിംകൾക്കെതിരെ വിവേചനം കാണിക്കുന്ന ഭരണകൂട പ്രവർത്തനങ്ങളാണ്.

രണ്ടാമതായി അദ്ദേഹം എണ്ണുന്നത് നേരിട്ടുള്ള അക്രമമാണ് (Direct Violence). സാംസ്‌കാരികമായ അക്രമവും, ഘടനാപരമായ അക്രമവും അദൃശ്യമാണെങ്കിൽ നേരിട്ടുള്ള അക്രമം ദൃശ്യമാണ്. ശാരീരികവും മാനസികാവുമായ ഹിംസാത്മകമായ ക്രിയകളും, ഭീഷണി സ്വരങ്ങളും ഇതിൽ പെടുന്നു. വ്യവസ്ഥാപിത സ്ഥാപനങ്ങൾ വഴി അവസര അസമത്വമാണ് ഘടനാപരമായ അക്രമത്തിലെങ്കിൽ ഇവിടെ അതൊന്നും പരിഗണിക്കാതെ വെറുപ്പും, വിദ്വേഷവും വെച്ച് അക്രമിക്കുന്നു. ഇന്ത്യയിൽ സവിശേഷ സാഹചര്യത്തിൽ പല സമുദായങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിൽ അക്രമിക്കപ്പെടുന്നുണ്ട്. വിഭജനാന്തരം സമുദായ ബന്ധങ്ങളിൽ വിള്ളൽ വരികയും പലപ്പോഴും നേരിട്ടുള്ള അക്രമത്തിന് ന്യൂനപക്ഷങ്ങൾ ഇരയാക്കപ്പെടുകയും ചെയ്തത് ചരിത്രമാണ്. ബാബരിയുടെ താഴികക്കുടങ്ങൾ തകർത്തു തരിപ്പണമാക്കിയതും, 2002 ലെ ഗുജറാത്ത്‌ കലാപവും, ബുൾഡോസർ രാജുമെല്ലാം തീവ്ര ഹിന്ദുത്വയുടെ നേരിട്ടുള്ള ആക്രമങ്ങൾക്ക് ഉദാഹരണങ്ങളാണ്.

അവസാനത്തെ അക്രമമാണ് സാംസ്‌കാരികമായ അക്രമം (Cultural Violence). അദൃശ്യമെങ്കിലും മറ്റു രണ്ട് രീതിയിലുള്ള അക്രമങ്ങൾക്കും വഴി തുറക്കുന്നു എന്നതാണ് ഇതിനെ ഏറെ അപകടകാരിയാക്കുന്നത്. ഒരു സംസ്കാരത്തിൽ നിന്ന് അകൽച്ച പാലിക്കുകയോ ഓരോ വിഭാഗങ്ങൾ തമ്മിൽ മനസ്സിലാക്കലുകളിൽ വീഴ്ച വരുത്തുകയോ വഴി വിദ്വേഷവും വെറുപ്പും ഉത്പാദിപ്പിക്കുകയും അത് പിന്നീട് അക്രമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇന്ത്യാ രാജ്യത്ത് മുസ്‍ലിം സ്വത്വത്തെ രാജ്യത്തിന്റെ തനത് സംസ്കാരത്തിൽ നിന്ന് അന്യവൽക്കരിക്കുന്ന പ്രവണത തുടർന്നു വരുന്നുണ്ട്. അതിന് പലപ്പോഴും മുസ്‌ലിംകൾ തന്നെ വളമിട്ട് കൊടുക്കുന്നു എന്നുള്ള വസ്തുതയെ തള്ളിക്കളയുന്നുമില്ല. രാഷ്ട്രീയമായും സംസ്കാരസമ്പന്നതയാലും സമൃദ്ധമായിരുന്ന മുസ്‌ലിംകൾ രാജ്യതാല്പര്യങ്ങൾക്കും പ്രബല വർഗ താല്പര്യങ്ങൾക്കും വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുക വഴി സാംസ്‌കാരികമായ അക്രമത്തിന് വിധേയപ്പെടുന്നു. ‘ദി കാശ്മീർ ഫയൽസ്’ പോലുള്ള സിനിമകളും ചില രാഷ്ട്രീയ നേതാക്കളുടെ ഉഗ്രവാദങ്ങളും മുസ്‌ലിംകൾക്കെതിരെ നിഷേധാത്മക സങ്കല്പങ്ങൾ പ്രചരിപ്പിക്കുന്നതിന് കാരണമാവുന്നു. ഇതിന് പരിഹാരം രാജ്യതാല്പര്യങ്ങൾക്കും പൊതു സംസ്കാരത്തോടും ചേർന്നു നിലകൊള്ളുക എന്നുള്ളതാണ്.

വംശീയ അക്രമങ്ങളും നവ രാഷ്ട്രമീമാംസകരുടെ കാഴ്ചപ്പാടുകളും

രാഷ്ട്രമീമാംസകനായ രാജ് ശ്രീ ചന്ദ്ര വംശീയ അക്രമങ്ങൾക്ക് ഹേതുവാകുന്ന മൂന്ന് കാര്യങ്ങൾ പറയുന്നുണ്ട്. സമൂഹത്തിൽ നിന്ന് ഒരു വിഭാഗത്തെ അന്യവൽക്കരിച്ചു കൊണ്ട് “വേറിട്ടുള്ളവർ” (others) എന്ന പരികല്പന സൃഷ്ടിക്കുന്ന പുതിയ പ്രവണത രൂപപ്പെടുത്തുകയാണ് അക്രമകാരികൾ ചെയ്യുന്നത്. അദ്ദേഹം പറയുന്ന ഒന്നാമത്തെ കാര്യം സംഘടിത ആത്മരതിയാണ് (Collective Narcissm). സ്വന്തം സ്വത്വത്തെ ശ്രേഷ്ഠവൽകരിക്കുകയും, മഹത്വമായ ഭൂതകാല പാരമ്പര്യങ്ങൾ നിർമിക്കുകയും വഴി മിഥ്യാഭിമാനബോധം വളർത്തിയെടുക്കുകയാണ് ഇവിടെ ഉദ്ദേശ്യം. ഇന്ത്യയിൽ ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത് ഇത് തന്നെയാണ്. അതിന് ചരിത്രത്തിന്റെ പിൻബലം ആവശ്യമാണ്. പാഠപുസ്തകങ്ങളിൽ വരെ ചരിത്രത്തെ വക്രീകരിച്ചു ശ്രേഷ്ഠവൽക്കരണം തകൃതിയിൽ ഇന്നും നടക്കുന്നു. വരുന്ന ഒരു തലമുറയിൽ ചരിത്രത്തെ തനത് രീതിയിൽ നിന്ന് മാറ്റി രാഷ്ട്രീയ നേട്ടത്തിന് ഉതകുന്ന വിധമാക്കാൻ ഇതു വഴി കഴിയുന്നു. അഭിപ്രായ ഭിന്നതയുള്ള ചരിത്രപാഠങ്ങൾ ഒരു സമൂഹത്തിന്റെ സ്വതാല്പര്യങ്ങൾക്ക് വേണ്ടി വളച്ചൊടിക്കുന്നത് നീതീകരിക്കാവുന്നതല്ല. ആര്യന്മാർ തനത് സംസ്കാരത്തിന്റെ ഭാഗമാണെന്നും, കുടിയേറിവന്നവരല്ലെന്നും വരുത്തി തീർക്കുന്നതും, വേദ പഠനങ്ങൾ പൊതുവൽകരിക്കുകയും ചെയ്യുന്നത് സംഘടിത ആത്മരതി വളർത്താൻ ഹിന്ദുത്വത്തെ സഹായിക്കുന്നു. തമിഴ്നാട് കീഴടിയിൽ നിന്ന് കണ്ടെടുത്ത വലിയ ചരിത്ര ശേഷിപ്പുകൾ ദക്ഷിണേന്ത്യയുടെ ചരിത്രത്തിൽ പൊളിച്ചെഴുത്തുകൾക്ക് വഴി നടത്തുന്നതാണ്. അതാണ് ഭരണകൂടം ഭയപ്പെടുന്നതും.

വംശീയ അക്രമങ്ങൾക്ക് പിന്നിലുള്ള രണ്ടാമത്തെ കാര്യമാണ് ഇരകളുടെ സംഘടിത ബോധം വളർത്തിയെടുക്കുക (The Collective Sense of Victimhood). വ്യാപകമായ അക്രമങ്ങൾക്കും അനീതികൾക്കും പാത്രമായ ഒരു വിഭാഗമാണ് തങ്ങളെന്ന് വരുത്തിതീർക്കുക വഴി അതിന് കാരണക്കാരായവരെ നേരിടാനും നേരിട്ട ചൂഷണങ്ങൾക്ക് പ്രതിവിധി തേടാനും മുന്നോട്ടുവരുന്നു. മുസ്‌ലിംകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും വൈകാതെ അവര്‍ തങ്ങളേക്കാള്‍ ഭൂരിപക്ഷമായി മാറി ഭരണം പിടിക്കുമെന്നും അവരുടെ നിലവിലെ ജനപ്പെരുപ്പം പോലും രാജ്യത്തിന് ഭീഷണിയാണെന്നും മുഴക്കുന്നത് ഇതിന് വേണ്ടിയാണ്. ഹിന്ദുക്കളുടെ ആത്മാഭിമാനം പ്രകടമാക്കുന്ന ചിഹ്നങ്ങളും, അടയാളങ്ങളും, ചരിത്രവും, പൈതൃകവുമെല്ലാം അടിച്ചമർത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത പുറംപോക്കുകാർ (outsiders) എന്ന ഒരു നിർമിത തത്വമാണ് ഹിന്ദുത്വത്തെ വംശീയഅക്രമങ്ങളിലേക്ക് നയിക്കുന്നത്. താഴികക്കുടങ്ങൾക്ക് താഴെ ശിവലിംഗം തിരയുന്നതും, ലൗജിഹാദിലൂടെ ഹിന്ദു സ്ത്രീകൾ മതപരിവർത്തനത്തിന് വിധേയപ്പെടുന്നുവെന്ന വാദവുമൊക്കെ ഇരകളുടെ സംഘടിത ബോധം വളർത്താൻ പ്രാപ്തമാക്കുന്ന തുറുപ്പ് ചീട്ടുകളാണ്. ബിജെപി നേതാവ് ഗിരിരാജ് സിങ് പറയുന്നു “മുസ്‌ലിംകളുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യ, രാജ്യത്തിന്റെ സാമൂഹിക ഘടനക്കും വികസനത്തിനും ഭീഷണിയാകുന്ന രീതിയിലേക്കാണ് എത്തിക്കുന്നത്” ഇത്തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതാണ് വംശീയ അക്രമങ്ങൾക്ക് പ്രേരകമായി മാറുന്നത്.

അവസാനമായി രാജ് ശ്രീ ചന്ദ്ര വംശീയ അക്രമങ്ങൾക്ക് ഹേതുവാകുന്ന കാര്യമായി സൂചിപ്പിക്കുന്നത് സംഘടിത പ്രതികാര മനോഭാവമാണ് (Collective Revenge). മഹത്വപൂർവമായ ഭൂതകാലത്തെ വീണ്ടെടുക്കുകയും അടിച്ചമർത്തൽ പ്രക്രിയകൾക്കെതിരെ പ്രതികാര ത്വരയോടെ മുന്നോട്ടു വരികയുമാണ് ഇവിടെ ദൃശ്യമാവുന്നത്. സവിശേഷ ഇന്ത്യൻ സാഹചര്യത്തിൽ സംഘ്പരിവാർ കൃത്രിമമായി നിർമിച്ച പകപോക്കൽ രാഷ്ട്രീയ ഹിംസകൾ ഇതിന്റെ ഭാഗമാണ്. 'ന്യൂനപക്ഷങ്ങൾ കൈവശപെടുത്തിയ അനർഹമായ നേട്ടങ്ങൾ പിടിച്ചെടുക്കുക' ലക്ഷ്യമാക്കി വലിയ തോതിൽ വംശീയ അതിക്രമങ്ങൾക്ക് രാജ്യം സാക്ഷിയായിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്തതും, ഇന്ന് അനേകം മുസ്‍ലിം ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിക്കുന്നതും, വഖ്ഫിനുമേൽ ആധിപത്യം സ്ഥാപിക്കുന്നതുമെല്ലാം ഈ പ്രതികാരമനോഭാവത്തിന്റെ ഭാഗമാണ്.

പൊളിച്ചെഴുതേണ്ട സമവാക്യങ്ങൾ

സ്വത്വ ബോധത്തിന്റെയും, സ്വത്വ രാഷ്ട്രീയത്തിന്റെയും നിസ്സീമമായ പ്രവർത്തനങ്ങൾ വഴി സമൂഹത്തിലെ ബോധപൂർവമായ ചില തെറ്റിദ്ധാരണകളെ പൊളിച്ചെഴുതേണ്ടത് അനിവാര്യമാണ്. ഫാഷിസം വളരാൻ കളം ഒരുക്കുന്നത് എപ്പോഴും അന്യവൽക്കരണത്തിന്റെ രൂപീകരണത്തിലൂടെയാണ്. സമൂഹത്തിൽ ഒരു ‘other’ അഥവാ അന്യൻ/ശത്രുവിനെ സൃഷ്ടിക്കുന്നതിലൂടെ ഫാഷിസത്തിന്റെ ക്രിയകൾക്ക് പ്രതിബന്ധങ്ങളില്ലാത്ത വേരോട്ടം സാധ്യമാവുന്നു. ജർമനിയിൽ ഹിറ്റ്ലറുടെ നാസിസത്തിലും ഇറ്റലിയിലെ മുസ്സോളിനിയുടെ സ്വേച്ഛാധിപത്യ ഭരണത്തിലും നിർഗളിച്ചിരുന്നത് ഈ അന്യവൽക്കരണമായിരുന്നു. സ്വന്തം വംശത്തിന്റെ വിശുദ്ധി സങ്കല്പം ഇതര വംശജരെ നിരാകരിക്കാൻ ഉതകുന്നതാണെങ്കിൽ അവിടെ തലപൊക്കുന്നതു ഫാഷിസമാണ്. ഭരണകൂട പിന്തുണ ഫാഷിസത്തിന് ലഭിക്കുമ്പോഴാണ് അതിന് കൂടുതൽ അക്രമസ്വഭാവം കൈവരുന്നത്. ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരം നടന്ന എല്ലാ വംശഹത്യാ കൂട്ടക്കൊലകളും പരിശോധിച്ചാൽ അതിന് ഭരണവർഗത്തിന്റെ പിൻബലം കാണാവുന്നതാണ്. അഭിനവകാലത്ത് രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണം മാത്രമാണ് പരിഹാരം. ഭരണഘടനയാണ് അതിന് പ്രാപ്തമാക്കുന്ന നിയമംസഹിത. ഇന്ന് സംഘ്പരിവാർ ഏറ്റവും ഭയക്കുന്നതും രാജ്യത്തിന്റെ ഭരണഘടനയാണ്.

അതോടൊപ്പം, മുസ്‌ലിം സമുദായം പതിറ്റാണ്ടുകളായി തുടരുന്ന ‘ഇരവാദ’ പരികൽപ്പനകൾക്കും കാതലായ മാറ്റം വരേണ്ടതുണ്ട്. ഇരസ്ഥാനം മാറ്റി സ്ഥാപിക്കാൻ അധികാരവും, സാംസ്‌കാരികവുമായ മേധാവിത്വവും  ഉൾച്ചേരലും അത്യാവശ്യമാണ്. പ്രബല വിഭാഗത്തെ പ്രീണിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുമ്പോഴും മുസ്‌ലിം സ്വത്വം അരികുവൽക്കരിക്കപ്പെടുന്നതിൽ നിന്ന് അന്യം നിന്ന് മാറിയിട്ടില്ല. ഐക്യപ്പെടുന്നതിലും പൊതുബോധ ചിന്താഗതിയെ മാറ്റി സ്ഥാപിക്കുന്നതും മാത്രമാണ് പരിഹാരം. അതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായേ തീരൂ.

ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക സമീപനങ്ങൾ രാജ്യത്തെ ഇതര വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളുന്നതാവണമെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. ഇതര വിശ്വാസങ്ങളെ ബഹുമാനിക്കലും അവഹേളിക്കാതിരിക്കലും ഇസ്‍ലാമിന്റെ മുൻഗാമികൾ കാണിച്ചുതന്നതാണ്. ബഹുത്വങ്ങളെ അറിയാനും മനസ്സിലാക്കാനും തയ്യാറാകാത്തവര്‍ ആ സമൂഹത്തില്‍നിന്ന് സ്വാഭാവികമായും പിന്തള്ളപ്പെടും. ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമാണ് മുസ്‌ലിം സമുദായം എന്ന ക്രിയാത്മക ചിന്തയാണ് ഇനി നാം കൊണ്ട് നടക്കേണ്ടത്. ഭരണഘടനാപരമായ സംരക്ഷണവും മതസ്വാതന്ത്ര്യവും അവകാശമാണ്. വൈവിധ്യങ്ങളെ ഉൾകൊള്ളാൻ പ്രാപ്തമാവുമ്പോൾ മാത്രമാണ് ഇന്ത്യയതിന്റെ പൂർണതയിൽ എത്തുകയുള്ളൂ.

പരിഹാര നിർദ്ദേശങ്ങൾ

അത്യധികം ഗൗരവകരമായ ഈ സ്വത്വപ്രതിസന്ധികൾ മറികടക്കാൻ ദീർഘകാലടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ ആരായുകയും രൂപകല്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തേ മതിയാവൂ. ഭരണകൂടവും, സിവിൽ സമൂഹവും, സമുദായ കൂട്ടായ്മകളും ഒത്തുപിടിച്ചാൽ മാത്രമേ അതിന് സാധ്യമാവുകയുള്ളൂ. വിവിധ കാരണങ്ങളാല്‍ പിന്നാക്കം നിന്നുപോയ വിവിധ വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ ധാരാളം സംവിധാനങ്ങള്‍ നമുക്കുണ്ട്. അവയെ കൃത്യമായി ഉപയോഗപ്പെടുത്തുകയും അത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍കാരുകളുടെ കൂടെ നില്ക്കുകയുമാണ് നാം വേണ്ടത്.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്താനും അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പരാതിപ്പെടാനും അവയില്‍ പരിഹാരം കാണാനും സ്വതന്ത്രാധികാരമുള്ള ഒരു കമ്മീഷന്‍ തന്നെ നമ്മുടെ രാജ്യത്തുണ്ട്, അതിന് ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക സമിതികളും സര്‍കാര്‍ ചെലവില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവയെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് സമുദായ നേതൃത്വം ഉറപ്പ് വരുത്തുകയും അവ നല്കുന്ന സേവനങ്ങളും ആനുകൂല്യങ്ങളും പരമാവധി നേടിയെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഇരവാദത്തില്‍നിന്ന് മാറി, അവകാശങ്ങൾക്കും നീതിക്കും വേണ്ടി നിയമപരമായും, ജനാധിപത്യപരമായും പോരാടുകയും, ബ്യൂറോക്രസിയിലും, ഇതര മേഖലകളിലും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. അതുപോലെ “കൂട്ടായ പ്രതികാര മനോഭാവം” (Collective Revenge) വർദ്ധിപ്പിക്കുന്ന പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും തള്ളിക്കളയുകയും വിവേകപൂർവമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുകവഴി പൊതുബോധം മാറ്റിയെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. 

അതോടൊപ്പം, യഥാർത്ഥ ചരിത്രം മറകളൊന്നുമില്ലാതെ പൊതു സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിനും പ്രത്യേക ശ്രമങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. പ്രശസ്ത ചരിത്രകാരനായ പ്രൊഫസർ ഇർഫാൻ ഹബീബ് പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്: “ഇന്ത്യയുടെ ചരിത്രം എന്നത് ഒരു സംസ്കാരത്തിന്റെ മാത്രം ചരിത്രമല്ല, വിവിധ ധാരകളുടെയും വിശ്വാസങ്ങളുടെയും സഹവർത്തിത്വത്തിന്റെ കഥയാണ്.” ഭിന്നതകൾക്കിടയിലും ഒരു പൊതു മാനവികത സൂക്ഷിക്കുന്നത് ആ രംഗത്ത് നമ്മുടേതായ സംഭാവനകളുണ്ടാവുന്നതും സാമൂഹിക ഐക്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ഏറ്റവും ചുരുങ്ങിയത് ഫാഷിസത്തിന്റെ വളര്‍ച്ചക്ക് കാലതാമസം വരുത്താനെങ്കിലും അതിലൂടെ ആവാതിരിക്കില്ല.

References:-
1. Galtung J. (1969). Violence, Peace, and Peace Research. Journal of Peace Research, 6(3), 167–191.
2. Rajshree Chandra,  (2018). Narcissism, Victimhood and Revenge – the Three Sounds of Neo-Nationalism

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter