ഗസ്സയില്‍ നടക്കുന്നത് വിദ്യാഭ്യാസഹത്യ കൂടിയാണ്
ജൂലൈ 29... ഫലസ്‌തീൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജനറൽ മട്രിക്കുലേഷൻ പരീക്ഷയുടെ ഫലം പുറത്തു വന്ന സമയം. സാറ വിതുമ്പിക്കൊണ്ടിരുന്നു. വെസ്റ്റ് ബാങ്കിൽ പരീക്ഷ ഫലങ്ങളിൽ തങ്ങളുടെ നേട്ടങ്ങൾ ആഹ്ലാദമാകുന്ന സമപ്രായക്കാരെ ആ 18- വയസ്സുകാരി സോഷ്യൽ മീഡിയ മുഖേന കണ്ടുകൊണ്ടിരുന്നു.
"എന്റെ ഹൈ സ്കൂൾ പഠനം ഇവിടെ അവസാനിക്കുകയാണ്. ഏതൊരു വിദ്യാര്‍ത്ഥിയും ഏറെ സന്തോഷിക്കുന്ന വേളയാണ് ഇത്. ഈ ദിവസത്തെ കുറിച്ച് എനിക്കും ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു. ഉന്നത വിജയം കൈവരിക്കുന്നതും എല്ലാവരും വന്ന് എന്നെ അഭിനന്ദിക്കുന്നതും അഭിമുഖങ്ങള്‍ക്കായി മാധ്യമങ്ങള്‍ വരുന്നതുമൊക്കെ ഞാൻ സ്വപ്നം കണ്ടിരുന്നു.. പക്ഷേ....." നിറകണ്ണുകളോടെ അവൾ പറഞ്ഞുനിര്‍ത്തി.
ഗസ്സയിലെ സഹ്‍റതുൽമദാഇൻ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ സാറക്ക് ഒരു ഡോക്ടർ ആവണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഏറെ പരിശ്രമം ആവശ്യമായ ഫലസ്‌തീൻ യൂണിവേഴ്സിറ്റികളിലേക്കുള്ള ഉപരിപഠന യോഗ്യതയായ മെട്രിക്കുലേഷൻ പരീക്ഷക്ക് തയ്യാറെടുക്കേണ്ട സമയത്താണ് ഇസ്രായേലി ബോംബിങ്ങില്‍ അവളുടെ വീടും കുടുംബവും ഛിന്നഭിന്നമായത്. അതോടെ, ഇത്രയും നാള്‍ കൊണ്ട് നടന്ന സ്വപ്നങ്ങള്‍ കൂടി അവിടെ തകര്‍ന്നടിയുകയായിരുന്നു. ഈ വർഷത്തെ മെട്രിക്കുലേഷൻ പരീക്ഷാര്‍ത്ഥികളായ മുപ്പത്തൊമ്പതിനായിരം വിദ്യാർത്ഥികളിൽ ഒരാളാണ് സാറയും.
എന്നാല്‍, ഒരർത്ഥത്തിൽ സാറ ഭാഗ്യവതിയായിരുന്നു. ഫലസ്‌തീൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിവിട്ടതനുസരിച്ച്, ഈ വർഷം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ട നാനൂറ്റന്പത് കുട്ടികളും, അയ്യായിരത്തിൽ പരം വരുന്ന മറ്റു വിദ്യാർത്ഥികളും, ഇരുനൂറ്ററുപതോളം വരുന്ന അധ്യപകരും ഇസ്രേലിന്റെ അക്രമണത്തില്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം അഭയസ്ഥാനങ്ങളായ സ്കൂളുകളിൽ വരെ പതിനായിരങ്ങൾ മരിച്ചു വീഴുന്നു. പഠനമനനങ്ങളിലൂടെ വരുംതലമുറയെ വാര്‍ത്തെടുക്കേണ്ട ഇടങ്ങൾ ശവപ്പറമ്പുകളായി മാറിയിരിക്കുന്നു എന്നര്‍ത്ഥം.
ജൂലൈ മുതൽ, വൻനാശനഷ്ടങ്ങളോടു കൂടി ഇരുപത്തൊന്നു തവണ പല സ്കൂളുകളിലായി ബോംബാക്രമണം നടത്തുകയുണ്ടായി. ഈയടുത്തു് നടന്ന അൽതാബിൻ സ്കൂൾ ആക്രമണത്തിൽ, കുട്ടികളും സ്ത്രീകളുമടക്കം നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ചിന്നിച്ചിതറിയ പിഞ്ചുമക്കളുടെ ശരീരഭാഗങ്ങൾ അന്വേഷിക്കുന്ന മാതാപിതാക്കളുടെ ചിത്രങ്ങൾ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. യു.എൻ പുറത്ത് വിട്ട കണക്കനുസരിച്, ഒക്ടോബർ ഏഴു മുതൽ ഗസ്സയിലെ അഞ്ഞൂറ്ററുപത് സ്കൂളുകളിൽ തൊണ്ണൂറ്റി മൂന്ന് ശതമാനത്തോളം പൂർണമായി തകർക്കപ്പെടുകയോ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.
യു.എൻ നേരിട്ട് നടത്തുന്നതോ, സ്വകാര്യമായതോ, സർക്കാർ നടത്തുന്നതോ ആയ മുന്നൂറ്റി നാല്പത് സ്കൂളുകളിൽ ഇസ്രേലി സൈന്യം നേരിട്ട് ബോംബാക്രമണം നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയുള്ള ഇസ്രാഈലിന്റെ ഈ ക്രൂരതകള്‍ക്കും പല കാരണങ്ങളുമുണ്ട്. ചരിത്രപരമായി, ഇസ്രായേലി കയ്യേറ്റത്തിനെതിരെയുള്ള വിപ്ലവ പ്രവർത്തനങ്ങള്‍ക്കും സാംസ്‌കാരിക ചർച്ചകള്‍ക്കും ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ചുക്കാന്‍ പിടിച്ചതും ഊര്‍ജ്ജം പകര്‍ന്നതും. വിദ്യാഭ്യാസമാണല്ലോ മനുഷ്യനെ മനുഷ്യനാക്കുന്നതും അവന് സ്വത്വബോധം നല്കുന്നതും. അത് കൊണ്ട് തന്നെ അവ തകര്‍ത്താലല്ലാതെ ഫലസ്തീന്‍ ജനതയെ ഒതുക്കാനാവില്ലെന്ന് ഇസ്റാഈല്‍ മനസ്സിലാക്കുന്നു.
ഒരർത്ഥത്തിൽ, 1948ലെ നഖ്ബ മുതൽ, ഇസ്രായേലി കയ്യേറ്റത്തിനെതിരെയുള്ള പ്രതിരോധചിന്തയെ കെടാതെ സൂക്ഷിച്ചത് വിദ്യാഭ്യാസത്തിലൂടെയായിരുന്നു. നഖ്ബയെ തുടര്‍ന്ന് അഭയാർത്ഥിക്യാമ്പുകളിലെത്തിയ ഫലസ്തീനികള്‍ ആദ്യം ചെയ്തത് അവിടെയും സ്കൂളുകള്‍ സ്ഥാപിക്കുകയായിരുന്നു. തീരാത്ത ദുരിതങ്ങള്‍ക്കിടയിലും, ലോകത്തിലെ തന്നെ ഉയർന്ന സാക്ഷരതാനിരക്കുള്ള രാഷ്ട്രങ്ങളില്‍ ഒന്നായി ഫലസ്തീന്‍ മാറിയതും അത് കൊണ്ട് തന്നെയായിരുന്നു.
സ്ഥിരമായി ബോംബാക്രമണവും ഉപരോധവും ദാരിദ്ര്യവും അരങ്ങു വാഴുന്ന ഗസ്സയിലും വിദ്യാർത്ഥികൾ ഔദ്യോഗിക പരീക്ഷകളില്‍ ഉന്നത സ്ഥാനങ്ങള്‍ കൈവരിക്കുന്നത് പതിവാണ്. തൊട്ടടുത്ത സ്ഥലങ്ങളിൽ ബോംബ് വർഷം നടക്കുമ്പോഴും ബ്ലാക്ക്ഔട്ടുകൾ (മിലിറ്ററി അറിയാതിരിക്കാൻ ലൈറ്റുകൾ അണക്കുന്ന പ്രക്രിയ) വരുമ്പോഴും എണ്ണ വിളക്കും മൊബൈൽ ലൈറ്റും ഉപയാഗിച്ചു പഠിക്കുന്ന ഗസ്സൻ വിദ്യാർത്ഥികളുടെ കഥകൾ ഇതിനകം സാമൂഹ്യമാധ്യമങ്ങളിലെല്ലാം ഏറെ പ്രചാരം നേടിയയതാണ്.
ഫലസ്തീൻ ജനതയുടെ ഈ ചെറുത്തുനില്പിനെയാണ് ഇസ്റാഈല്‍ പതിവിലുപരിയായി ഇത്തവണ ആക്രമിക്കുന്നത്. സ്കോളാസ്റ്റിസൈഡ് (വിദ്യാഭ്യാസ നാശം) എന്നാണ് ഇത് വിളിക്കപ്പെടുന്നത്. ഫലസ്‌തീൻ ജനതക്ക്, തങ്ങളുടെ വരുംതലമുറകള്‍ക്ക് വിദ്യാഭ്യാസം നൽകാനും ചരിത്രവും സംസ്കാരവും കൈമാറാനും ഉള്ള അവസരങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. വംശഹത്യയുടെ ബൗദ്ധികരൂപമാണ് സ്കോളാസ്റ്റിസൈഡ്. സ്വത്വബോധമില്ലാതെ എന്നെന്നും അധമരും രണ്ടാംകിട പൗരന്മാരുമായി അപമാനം പേറി കഴിയുകയായിരിക്കും ഇതിന്റെ ഫലം.
ദീറുല്‍ബലഹിലെ ചുട്ടുപൊളുന്ന പൊടിപിടിച്ച റോഡിൽ പതിനെട്ടു വയസ്സുകാരനായ ഒരു മധുരപലഹാര വില്പനക്കാരനെ ഞാൻ കണ്ടു. ഇഹ്‌സാൻ എന്നാണ് അവന്റെ പേര്. എന്ത് കൊണ്ടാണ് നീ ഈ ചൂടേറ്റ് നിൽക്കുന്നത് എന്ന് ഞാൻ ചോദിച്ചു. തന്റെ കുടുംബത്തെ പോറ്റാനായി മധുരപലഹാരങ്ങൾ വില്ക്കാനെന്നായിരുന്നു അവന്റെ മറുപടി. നീ പഠിക്കുന്നില്ലേ എന്ന ചോദ്യത്തിന്, "ഒരു എഞ്ചിനീയർ ആവുക എന്ന എന്റെ സ്വപ്നം ഇപ്പോൾ ചാരമായി മാറിയിരിക്കുന്നു" എന്ന് മറുപടി പറയുമ്പോള്‍ അവന്റെ മുഖത്ത് നിരാശയുടെ കാര്‍മേഘങ്ങള്‍ പടരുന്നത് എനിക്ക് കാണാമായിരുന്നു. മേല്‍വിലാസം നഷ്ടപ്പെടുന്ന വരുംതലമുറകളുടെ പ്രതീകങ്ങളാണ് സാറയും ഇഹ്സാനുമെന്ന് നമുക്ക് പറയാം.
സാറയെയും ഇഹ്സാനെയും പോലെ ഒരുപാട് ആളുകളെ ഞാൻ കണ്ടു. തങ്ങളുടെ ഹൈ സ്കൂൾ കാലവും സ്വപ്നങ്ങളും ആഘോഷിക്കാൻ ആഗ്രഹിച്ച അവരിൽ നിന്നും എന്നന്നേക്കുമായി സ്വപ്‌നങ്ങൾ പിടിച്ചുപറിക്കപ്പെട്ടിരിക്കുന്നു. ഭാവിയിൽ ഗസ്സയിലെ ഡോക്ടർമാരും എഞ്ചിനീയർമാരും ആവേണ്ടവർ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു തിരിയുകയാണ് ഇവിടെ. അപ്പോഴും, വിദ്യാഭ്യാസത്തിനോടുള്ള അതിയായ ആഗ്രഹം ഗസ്സ മണ്ണിൽ നിലനിൽക്കുന്നുണ്ടെന്ന് പറയാം. അല്‍പമൊരു ആശ്വാസം ലഭിച്ചാല്‍ അവര്‍ അതിലേക്ക് തിരിച്ച്നടക്കുക തന്നെ ചെയ്യും. ദീറുല്‍ബലഹിലെ ആറു വയസ്സുകാരിയായ മാസയെയും കുടുംബത്തെയും സന്ദർശിച്ചപ്പോൾ ആ കാര്യം ബോധ്യമാവുകയും ചെയ്തു. സ്കൂളിൽ പോകാൻ പറ്റാത്തതിനാൽ കരഞ്ഞു കൊണ്ടിരിക്കുന്ന തന്റെ മകളെ പറ്റി അവളുടെ മാതാവ് വാ തോരാതെ സംസാരിച്ചു.
മാസ അപ്പോഴും അവളുടെ മാതാവിനോട് യാചിച്ചുകൊണ്ടിരുന്നു: "ഉമ്മാ, എനിക്ക് സ്കൂളിൽ പോകണം. മാർക്കറ്റിൽ പോയി എനിക്ക് ബാഗും യൂണിഫോമും വാങ്ങി താ". ഒന്നുമറിയാത്ത ആ കുരുന്നിന്റെ നിഷ്കളങ്കമായ അപേക്ഷക്ക് മുന്നില്‍ ആ മാതാവിന്റെ ഹൃദയം തകരുന്നതും എനിക്ക് കാണാനായി. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഈ ദാഹം ഗാസയുടെ പുനരാവിഷ്കരണത്തിൽ വലിയ പങ്ക് വഹിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഈയടുത്തു വന്ന ഒരു കത്തിൽ ഗസ്സയിലെ വിദ്യാഭ്യാസപ്രമുഖരും സാമൂഹ്യ പ്രവർത്തകരും ഊന്നിപ്പറഞ്ഞതും ഇത് തന്നെയാണ്.
"ഗസ്സയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനർനിർമാണമായിരിക്കും നമ്മുടെ ആദ്യമുന്‍ഗണന. വിദ്യാഭ്യാസം മാത്രമല്ല, ഭാവി സമൂഹത്തെ സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിരോധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവുകളായിരിക്കും അവ".
(Aljazeera.netല്‍ ഗസ്സ എഴുത്തുകാരി ഈമാൻ അലി എഴുതിയതിന്റെ വിവർത്തനം)
വിവ: ഫാഹിം കോഡൂര്‍, കളമശ്ശേരി അൽ ഹിദായ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി
Leave A Comment