റുഫൈഉബ്നു മിഹ്റാൻ: ഖുർആനിൽ ലയിച്ച ജീവിതം

താബിഉകളിലെ മികച്ച  ഖാരിഉം ഖുർ‌ആൻ, ഹദീസ് തുടങ്ങിയ ദീനീ വിജ്ഞാനങ്ങളിലെല്ലാം അവഗാഹമുള്ള  പണ്ഡിതനുമായിരുന്നു റൂഫൈഉബ്നു മിഹ്‌റാൻ(റ). അബുൽആലിയ എന്നായിരുന്നു മഹാനവർകൾ അറിയപ്പെട്ടത്. ഖുർആനിക വചനങ്ങളുടെ ആന്തരികാർത്ഥങ്ങളിലേക്ക് ആഴ്ന്ന‌ിറങ്ങിയുള്ള വിജ്ഞാനം കൈ മുതലായുണ്ടായിരുന്ന മഹാന്റെ സംഭവബഹുലമായ ജീവിതത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

പേർഷ്യയിലായിരുന്നു അബുൽആലിയയുടെ ജനനം. അന്ധകാരത്തിൽ നിന്ന് ഇസ്‌ലാമിക പ്രഭയിലേക്ക് പേർഷ്യൻ ജനതയെ വഴി നടത്താനായി മുസ്‌ലിം സൈന്യം അവരുമായി യുദ്ധം ചെയ്‌തു. യുദ്ധത്തിൽ ബന്ദിയായി പിടിക്കപ്പെട്ടവരിൽ മഹാനായ അബുൽ ആലിയയുമുണ്ടായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കി തന്റെ സഹബന്ദികളോട് കൂടെ മഹാനവർകളും ഇസ്‌ലാമിലേക്ക് കടന്ന് വന്നു. ശേഷം അല്ലാഹുവിന്റെ പരിശുദ്ധ കലാമും റസൂലിന്റെ വിശുദ്ധ ഹദീസും പഠിക്കാനാരംഭിച്ചു. 

മഹാനവർകൾ തന്നെ പറയുന്നു: പേർഷ്യയിൽ ഇസ്‌ലാമിക സന്ദേശവുമായി കടന്ന് വന്ന മുസ്‍ലിം യോദ്ധാക്കൾ ഞങ്ങളെ ബന്ദികളാക്കി. ഞാനും എന്റെ  സമൂഹത്തിലെ കുറച്ചാളുകളുമായിരുന്നു പിടിക്കപ്പെട്ടത്. ബസ്വറയിലെ മുസ്‌ലിംകളുടെ അടിമകളായി ഞങ്ങൾ സേവനമനുഷ്‌ടിച്ചു. പിടിക്കപ്പെട്ട് ഏറെ കാലം കഴിയും മുമ്പ് തന്നെ ഞങ്ങൾ കൂട്ടത്തോടെ  മുസ്‌ലിംകളായി. ഖുർആൻ പാരായണം ഞങ്ങൾക്ക് ഏറെ ആവേശകരമായ കാര്യമായിരുന്നു. ഞങ്ങളിൽ ചിലർ ഉടമസ്ഥർക്ക് മോചനദ്രവ്യം നൽകിയപ്പോൾ മറ്റുചിലർ അവർക്ക്  സേവനമനുഷ്‌ടിച്ചു. ഞാൻ സേവനമനുഷ്ടിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു. എല്ലാ ദിവസവും ഖുർആൻ പരിപൂർണമായും ഓതിത്തീർക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. പിന്നീട് അത് ബുദ്ധിമുട്ടായപ്പോൾ രണ്ട് ദിവസത്തിലൊരിക്കലായി. അതും ബുദ്ധിമുട്ടായപ്പോൾ മൂന്ന് ദിവസത്തില്‍ ഒരിക്കലായി. പകലിലെ കഠിനാദ്ധ്വാനവും  നിദ്രയില്ലാത്ത രാത്രികളും ഞങ്ങളെ അതിനും അശക്തരാക്കിയപ്പോൾ ഞങ്ങൾ വിഷയം ചില സ്വഹാബാക്കളെ കണ്ട് ബോധിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചയിലും ഖത്‌മ് പൂർണമാകുന്ന രീതിയിൽ നിങ്ങൾ പാരായണം ചെയ്തോളൂ എന്ന അവരുടെ നിർദേശം ഞങ്ങൾ ശിരസ്സാവഹിച്ചു. രാത്രിയുടെ ഒരു ഭാഗം ഖുർആൻ പഠിക്കുന്ന ഞങ്ങൾ മറ്റൊരു ഭാഗം ഖുർആൻ പാരായ‌ണത്തിനായി നീക്കിവച്ചു. അവിടന്നങ്ങോട്ട് ഞങ്ങൾക്കതൊരു ഭാരമായി തോന്നിയതേയില്ല.

ബനൂതമീമിലെ ഒരു സ്ത്രീയുടെ സേവനത്തിലിരുന്ന കാലം. മഹതി ഉയർന്ന  മതബോധവും ഭയഭക്തിയും അല്ലാഹുവിൽ അചഞ്ചല വിശ്വാസവും ഉള്ളവരായിരുന്നു. പകലിലെ അൽപ സമയം മാത്രമായിരുന്നു  അവർക്ക് സേസവനമനുഷ്‌ടിക്കേണ്ടിയിരുന്നത് . ബാക്കി സമയം എഴുത്തും വായനയും പഠിക്കാൻ ഉപയോഗപ്പടുത്തിയ മഹാൻ ഉടമക്ക്  ചെയ്‌ത് കൊടുക്കേണ്ട ഉത്തരവാദിതത്തിൽ ഒരു കുറവും വരുത്താതെ തന്നെ ദീനീ വിജ്ഞാനവും സ്വായത്തമാക്കിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച റുഫൈഅ്(റ) വുളൂ ചെയ്‌ത് പള്ളിയിൽ പോകാൻ സമ്മതം ചോദിച്ചു. എവിടേക്കാണെന്ന ചോദ്യത്തിന് ജുമുഅക്കാണെന്ന് മഹാൻ മറുപടി പറഞ്ഞു. നമുക്കൊന്നിച്ച് പോവാം എന്ന് പറഞ്ഞ് അവർ  റുഫൈഇന്റെ കൂടെ പള്ളിയിലേക്ക് നടന്നു. പള്ളിയിൽ വിശ്വാസികൾ വന്ന് നിറഞ്ഞപ്പോൾ അവർ റുഫൈഇന്റെ കൈപിടിച്ച് ഉറക്കെ പ്രഖ്യാപിച്ചു: മുസലിം സമൂഹമേ, നിങ്ങളെ സാക്ഷിയാക്കി ഞാനിവനെ മോചിതനാക്കുന്നു. ഇനിമുതൽ ഇവൻ നമ്മിലാരുടേയും അടിമയല്ല. ശേഷം റുഫൈഇനെ നോക്കി മഹതി പറഞ്ഞു: അല്ലാഹുവേ, സമ്പത്തും സന്താനങ്ങളും ഉപകാരപ്പെടാത്ത അന്ത്യനാളിന്റെ  ഭീകര അന്തരീക്ഷത്തിൽ  ഒരു മുതൽകൂട്ടാവാനായി ഇവനെ ഞാൻ നിന്നെ ഏൽപിക്കുന്നു. 

ശേഷം റുഫൈഅ്‌  പതിവായി മദീനയിൽ പോവാറുണ്ടായിരുന്നു. അബൂബക്കർ(റ)വിന്റെ വഫാത്തിന് അൽപം മുമ്പ് മഹാനെ കണ്ട് മുട്ടാൻ ഭാഗ്യം ലഭിച്ചു. രണ്ടാം ഖലീഫ ഉമര്‍(റ)നെയും കണ്ട മഹാൻ അദ്ദേഹത്തില്‍നിന്ന് നിന്ന് ഖുർആൻ പഠിക്കുകയും കൂടെ നിസ്‌കരിക്കുകയും ചെയ്‌തു. നിരന്തരം ഖുർആൻ പാരായണം ചെയ്ത‌ിരുന്ന മഹാൻ നബിതങ്ങളുടെ ഹദീസിലും താൽപര്യം പ്രകടിപ്പിച്ചു. ബസ്വറയിൽ കണ്ടുമുട്ടുന്ന താബിഉകളിൽ നിന്ന് ഹദീസ് പഠിച്ചുകൊണ്ടിരുന്ന മഹാൻ  മദീനയിൽ പോകൽ പതിവാക്കി. നബിയിൽനിന്ന് നേരിട്ട് ഹദീസ്  സ്വീകരിച്ച സഹാബാക്കളിൽ നിന്ന് റുഫൈഅ്‌(റ) പഠിച്ച് മനസ്സിലാക്കി. ഈ ഘട്ടത്തിലെ മഹാന്റെ ഉസ്താദുമാരുടെ നിര അബ്‌ദുല്ലാഹിബ്‌നു മസ്ഊദ് (റ), ഉബയ്യ് ബ്നു കഅ്ബ്(റ), അബൂ അയ്യൂബുൽ അൻസ്വാരി(റ), അബൂ ഹുറൈറ(റ), അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ) എന്നിങ്ങനെ നീണ്ട് പോകുന്നു.

മദീനയിലെ പണ്ഡിതരിൽ നിന്ന് മാത്രമായിരുന്നില്ല റുഫൈഅ്(റ) തിരുവചനങ്ങളെ പഠിച്ചെടുത്തത്. ഹദീസ്  അറിയുന്ന പണ്ഡിതനെക്കുറിച്ച് വല്ല വിവരവും ലഭിച്ചാൽ അവിടേക്ക് പുറപ്പെടും. ദൂരമൊന്നും മഹാനെ  തന്റെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചതേ ഇല്ല. അവരുടെ കൂടെ നിസ്‌കാരത്തിൽ പങ്ക് പേരും. നിസ്കാരം കൃത്യമായില്ലെങ്കിൽ അവിടെ നിന്ന് ഉടൻ മടങ്ങും. നിസ്‌കാരത്തെ മഹത്വ വത്‌കരിച്ച് കാണാത്തവൻ മറ്റുള്ള കാര്യങ്ങളേയും ഗൗനിക്കുകയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഒരിക്കൽ  തന്റെ സഹപാഠികളിലൊരാൾ  അദ്ദേഹം വുളൂ ചെയ്യുന്നത് കണ്ടു. വെള്ളത്തുള്ളികൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മുഖത്ത് നിന്നും ഉറ്റി വീണുകൊണ്ടിരിക്കുന്നു. സഹപാഠി പറഞ്ഞു: നിശ്ചയം അല്ലാഹു നന്നായി ഖേദിച്ച് മടങ്ങുന്നവരേയും ശുദ്ധിയാകുന്നവരേയും ഇഷ്ടപ്പെടുന്നു. ഉടനെ മഹാനവർകൾ പതികരിച്ചു: സഹോദരാ, ഖുർആനിക സൂക്തത്തിന്റെ ഉദ്ദേശ്യം ചെളിയിൽ നിന്ന് വെള്ളം കൊണ്ട് കഴുകി ശുദ്ധിയാകുന്നവർ എന്നല്ല മറിച്ച് തെറ്റിൽ നിന്ന് ഭയഭക്തിയിലൂടെ ആത്മ വിശുദ്ധി കരസ്ഥമാക്കുന്നവരെയാണ് ഖുർആൻ  ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസത്തിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുക മഹാന്റെ പതിവായിരുന്നു. നിങ്ങൾ വിദ്യ  നുകരുക, നിരന്തരം അത് തേടിക്കൊണ്ടിരിക്കുക. വിജ്ഞാനം ലജയുള്ളവനോ ധിക്കാരിക്കോ താഴ്‌ന്ന് കൊടുക്കില്ല. ലജ്ജയുള്ളവൻ തന്റെ ലജ്ജ കാരണം ചോദിക്കാതിരിക്കുന്നു. ധിക്കാരി തന്റെ ധിക്കാരം മൂലവും ചോദിക്കാതിരിക്കുന്നു. വിദ്യാർത്ഥികളെ ഖുർആൻ  പഠിക്കാൻ അദ്ദേഹം പ്രത്യേകം പ്രോത്സാഹിപ്പിക്കുമായിരുന്നു. നിങ്ങൾ ഖുർആൻ പഠിക്കുക. ഇസ്‌ലാമെന്ന നേർവഴിയിൽ തുടർന്ന് പോവുക. ദേഹേച്ഛകള സൂക്ഷിക്കുക. അവ കാരണം നിങ്ങൾക്കിടയിൽ ശത്രുതയും  പരസ്പര കോപവും ഉടലെടുക്കും. സ്വഹാബത്തിന്റെ പാത പിന്തുടരുക, ഇതായിരുന്നു മഹാനവർകളുടെ ഉപദേശം. ഈ ഉപദേശത്തെ ഹസനുൽ ബസ്വരി പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഖുർആൻ പഠിക്കുന്ന വിദ്യാർത്ഥികളോട് മഹാൻ നിങ്ങൾ അഞ്ച് ആയത്തുകൾ വീതം  പഠിക്കാൻ ശ്രമിക്കുക. അത് എളുപ്പത്തിൽ പഠിക്കാനും നന്നായി ഓർമിച്ച് വെക്കാനും സഹായകരമാവുമെന്നും ഉപദേശിക്കാറുണ്ടായിരുന്നുവത്രെ.

കേവലം ഒരു അധ്യാപകൻ എന്നതിലുപരി തന്റെ ശിഷ്യരുടെ ആത്മീയ വഴികാട്ടി കൂടിയായിരുന്നു അദ്ദേഹം. ഇടയ്ക്കിടെ സാരോപദേശം  നൽകി മഹാൻ പറയും: ആരെങ്കിലും അല്ലാഹുവിനെ വിശ്വസിച്ചാൽ അവനെ റബ്ബ് സന്മാർഗത്തിലാക്കും. ആരെങ്കിലും അവന്റെ മേൽ ഭരമേൽപിച്ചാൽ അവന് യാതൊന്നും ഭയപ്പെടേണ്ടതില്ല. ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചെലവഴിച്ചാൽ അവന്റെ സമ്പത്ത് വർധിപ്പിച്ച് നൽകും. റബ്ബിനോട് ദുആ ചെയ്‌താൽ അവൻ  ഉത്തരം നൽകുകയും ചെയ്യും. ഓരോ കാര്യങ്ങൾക്കും ബ‌ലം നൽകാൻ ഖുർആനിക സൂക്തങ്ങളും ഉദ്ദരിച്ചായിരുന്നു ഉപദേശങ്ങള്‍. അവരോട് തുടർന്ന് പറയും: നിങ്ങൾ അല്ലാഹുവിനെ വഴിപ്പെടുക. വഴിപ്പെട്ടവരെ പരിഗണിക്കുക. അവന്റെ  കൽപനകൾക്കെതിരെ പ്രവർത്തിക്കരുത്. അത്തരക്കാരുമായി അകലം പാലിക്കുക. അവരുടെ കാര്യം  റബ്ബിന് വിടുക. അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിക്കും, അല്ലെങ്കിൽ അവർക്ക് പൊറുത്ത് കൊടുക്കുകയും ചെയ്യും.

എല്ലാത്തിനുമുപരി, ഒരു മികച്ച യോദ്ധാവ് കൂടിയായിരുന്നു റുഫൈഅ് ബ്‌നു മിഹ്‌റാൻ(റ). ഷാമിൽ വച്ച് റോമക്കാരോടും ട്രാൻസോക്‌സിയാനയിൽ വച്ച് പേർഷ്യക്കാരോടുമുള്ള യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവിടങ്ങളിൽ ആദ്യമായി ബാങ്ക് വിളിച്ചത് മഹാനായിരുന്നു. അലി(റ)വും മുആവിയ(റ)വും  തമ്മിൽ നടന്ന യുദ്ധത്തിൽ പങ്ക്‌ ചേരാനായി പുറപ്പെട്ടുവെങ്കിലും ഇരു വിഭാഗങ്ങളും തക്‌ബീർ ധ്വനികളും കലിമതുത്തൗഹീദും ഉച്ചരിക്കുന്നത് കേട്ട് ഇവരിൽ ആരെയാണ് ഞാൻ വിശ്വാസികളായി പരിഗണിച്ച് കൂടെക്കൂടുക, ആരോടാണ് കാഫിറായി പരിഗണിച്ച് യുദ്ധം ചെയ്യുക,  എന്ന് ചിന്തിച്ച് മഹാൻ യുദ്ധം ചെയ്യാതെ തിരിച്ച് പോയെന്ന് ചരിത്രം പറയുന്നു.

നബിതങ്ങളെ കാണാൻ കഴിയാത്തതിൽ കഠിനമായ ദു:ഖം അദ്ദേഹത്തെ പിടികൂടിയിരുന്നു. നബിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ്വഹാബാക്കളോട് ബന്ധം പുലർത്തി തന്റെ ദുഃഖത്തിന് ശമനം തേടി. അദ്ദേഹം അവരേയും അവർ അദ്ദേഹത്തേയും വല്ലാതെ ഇഷ്ടപ്പെട്ടു. ഒരിക്കൽ നബി തങ്ങളുടെ സേവകനായിരുന്ന അനസ്‌(റ) ഒരു ആപ്പിൾ റുഫൈഅ്(റ)വിന് നൽകി. ആപ്പിൾ സ്വീകരിച്ച മഹാൻ അത് ചുംബിച്ച് കൊണ്ട് പറഞ്ഞു: നബിതങ്ങളുടെ കരങ്ങളെ സ്‌പർശിക്കാൻ ഭാഗ്യം ലഭിച്ച കരങ്ങൾ സ്പ‌പർശിച്ച ആപ്പിളാണിത്. മറ്റൊരിക്കൽ അദ്ദേഹം ഇബ്നു  അബ്ബാസ്(റ)വിനെ സന്ദർശിച്ചു. അലി (റ)വിന്റെ കീഴിൽ ബസ്വറയുടെ ഗവർണർ സ്ഥാനം ഏറ്റെടുക്കുന്ന സന്ദർഭമായിരുന്നു അത്. ഇബ്‌നു അബ്ബാസ്‌(റ) മഹാനെ സ്വീകരിച്ച് തന്റെ കട്ടിലിൽ വലത് ഭാഗത്തായി ഇരുത്തി. പല ഖുറൈശീ പ്രമുഖരും പങ്കെടുത്തിരുന്ന സദസ്സായിരുന്നു അത്. ഇത് കണ്ട അവർ പരസ്പരം പിറുപിറുക്കാൻ തുടങ്ങി. ഒരു അടിമയെ ഇബ്‌നു അബ്ബാസ് സ്വീകരിച്ചിരുത്തിയത് കണ്ടോ. അവരുടെ പിറുപിറുപ്പ് മനസ്സിലാക്കിയ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: നിശ്ചയം, വിജ്ഞാനം  മനുഷ്യരുടെ  യശസ്സുയർത്തും, അവരെ ജനപ്രിയരാക്കും, അടിമകളെ  കട്ടിലിലിരുത്തുകയും ചെയ്യും.

ഒരിക്കൽ റുഫൈഅ്‌  ബ്നു‌ മിഹ്‌റാൻ യുദ്ധത്തിനുള്ള സർവ സന്നാഹങ്ങളും ഒരുക്കിവച്ച് മുസ്‌ലിം സൈന്യത്തിന്റെ കൂടെ യുദ്ധത്തിന് പോകണമെന്ന് തീരുമാനിച്ചുറപ്പിച്ചു. എന്നാൽ പ്രഭാതം വിടർന്നപ്പോൾ മഹാന്റെ കാലിന് ശക്തമായ വേദന അനുഭവപ്പെട്ടു. വേദന കൂടിക്കൊണ്ടിരുന്നു. വൈദ്യനെ സന്ദർശിച്ചപ്പോൾ മഹാന് കുഷ്ടരോഗം പിടിപെട്ടിട്ടുണ്ടെന്നും മറ്റു അവയവങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ കാൽ വെട്ടി മാറ്റണമെന്നുമായിരുന്നു വൈദ്യോപദേശം. മനസ്സില്ലാമനസ്സോടെ റുഫൈഅ്(റ) അതിന്  സമ്മതം  മൂളി. വൈദ്യൻ സർവ സജ്ജീകരണങ്ങളുമായി എത്തി.

മുറിക്കുന്ന വേദന അറിയാതിരിക്കാൻ ഒരിറുക്ക് ലഹരി പദാർത്ഥം കുടിക്കാനാവശ്യപ്പെട്ടപോൾ  അതിനെ എതിർത്ത് കൊണ്ട് മഹാൻ പറഞ്ഞു: അതിനേക്കാൾ മികച്ച ഒരു വേദന സംഹാരി എന്റെ പക്കലുണ്ട്. ഒരു ഖാരിഅ് ശ്രവണ സുന്ദരമായി ഖുർആനിക സൂക്തങ്ങള്‍ പാരായണം ചെയ്താൽ ഞാനതിൽ ലയിച്ചിരിക്കും. എന്റെ മുഖം ചുവന്ന് കണ്ണ് ആകാശത്തേക്ക് ഉയർന്നാൽ നിങ്ങൾക്ക് ശസ്ത്രക്രിയ തുടങ്ങാം. അപ്രകാരം ശസ്ത്രക്രിയ നടത്തി. ശേഷം വൈദ്യൻ തന്റെ ആശ്ചര്യം പങ്ക് വച്ചപ്പോൾ റുഫൈഅ്(റ) പറഞ്ഞു: ഞാൻ എന്റെ റബ്ബിനെ ക്കുറിച്ചോർത്തു,  ഞാൻ കേട്ട ആ സുന്ദര വചനങ്ങളെ സാകൂതം ശ്രവിച്ചിരുന്നു, അപ്പോൾ ഞാനൊന്നും അറിഞ്ഞതേയില്ല. മുറിച്ച് മാറ്റപ്പെട്ട കാൽ കയ്യിലെടുത്ത് അദ്ദേഹം പറഞ്ഞു: അന്ത്യ നാളിൽ ഞാൻ എന്റെ   റബ്ബിനെ കണ്ട് മുട്ടുന്ന സമയം അവൻ എന്നോട് കഴിഞ്ഞ നാൽപത്  വർഷമായി നിന്നെക്കൊണ്ട് അനുവദനീയമല്ലാത്ത വല്ലതിനും നടന്നിട്ടുണ്ടോ  എന്ന് ചോദിച്ചാൽ സത്യസന്ധമായി ഇല്ല എന്നെനിക്ക് പറയാൻ കഴിയും, ഇൻശാ അല്ലാഹ്.

പിന്നീടങ്ങോട്ട് റുഫൈഉബ്‌നു മിഹ്‌റാന്റെ ഭക്തി വർധിക്കുകയും റബ്ബിലേക്ക് മടങ്ങുന്ന ദിവസത്തെ പ്രതീക്ഷിച്ച്  കഴിച്ച് കൂട്ടുകയും ചെയ്തു.  സ്വന്തത്തിന് വേണ്ടി കഫൻ പുടവ തയ്യാറാക്കി, എല്ലാ മാസവും അതെടുത്ത് ധരിക്കാറുണ്ടായിരുന്നുവത്രെ. ഹി. 93 ശവ്വാൽ മാസം മഹാൻ റബ്ബിന്റെ സന്നിധിയിലേക്ക് യാതയായി. മഹാനവർകളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter