ഇരുപത്തിരണ്ടാമത് ലോകകപ്പിന് ഖത്തറില്‍ വിസില്‍ മുഴങ്ങുമ്പോള്‍..
ജനങ്ങളേ, നിശ്ചയമായും ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ പരസ്പരം അറിഞ്ഞ് പരിചയപ്പെടുവാനായി നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും നിങ്ങളില്‍ നിന്ന് അല്ലാഹുവിങ്കല്‍ അത്യാദരണീയന്‍ ഏറ്റവും ഭയഭക്തിയുള്ളവനാണ്.
ഇരുപത്തിരണ്ടാമത് ഫുട്ബോള്‍ ലോകകപ്പിന്, ഖത്തറില്‍ തുടക്കം കുറിച്ചത് വിശുദ്ധ ഖുര്‍ആന്റെ ഈ സൂക്തങ്ങളോടെയാണ്. അരക്ക് താഴെ ഹൈപോപ്ലാസിയ ബാധിച്ച, ഗാനിം അല്‍മുഫ്താഹ് എന്ന ഖത്തരീ ചെറുപ്പക്കാരന്‍ ആ സൂക്തങ്ങള്‍ ഉരുവിട്ടിപ്പോള്‍, ലോകം മുഴുവന്‍ അതിന് കാതോര്‍ത്ത് നിന്നു, അതിലുപരി ശ്വാസമടക്കിപ്പിടിച്ച് ലോകം മുഴുവന്‍ ആ സപ്തസ്വരാഢ്യ വേദഗീതിക്ക് ചെവി വട്ടം പിടിച്ചു. കാല്‍പന്ത് കളിയുടേത് മാത്രമല്ല, കായിക വിനോദങ്ങളുടെ തന്നെ ചരിത്രത്തില്‍ ഒരു പക്ഷേ, ആദ്യാനുഭവമാവാം ഇത്. ലോകകപ്പ് മല്‍സരത്തിന് ആതിഥ്യമരുളി ലോകത്തെ മുഴുവന്‍ അറേബ്യന്‍ മണ്ണിലേക്ക് ആവാഹിക്കുന്നതിലൂടെ, ഇത്തരത്തില്‍ ഒട്ടേറെ ലക്ഷ്യങ്ങളുണ്ടായിരുന്നു ഖത്തറിന്.
ഉദ്ഘാടന വേളയില്‍ ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലാപനം ചെയ്തതിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞത് മാനവികതയുടെ സന്ദേശമാണ്. വര്‍ണ്ണവെറിയും ദേശ-ഭാഷാ വൈജാത്യങ്ങളുമെല്ലാം അന്ധകാരത്തിന്റെ ബാക്കിപത്രങ്ങളാണെന്നും മനുഷ്യരെല്ലാം തുല്യരാണെന്നും അത് ലോകത്തോട് വീണ്ടും വീണ്ടും ഉറക്കെ വിളിച്ചുപറഞ്ഞു. സ്രഷ്ടാവിനോടുള്ള ഭയവും അവയിലൂന്നി ജനിക്കുന്ന മൂല്യങ്ങളും മാത്രമാണ് മഹത്വത്തിന്റെ നിദാനമെന്നും അത് പറഞ്ഞ് വെച്ചു.
മാനവഐക്യത്തിന്റെ ആ കൊട്ടിഘോഷത്തിന് സാക്ഷിയാവാന്‍ പലരും സന്നിഹിതരായി. ഇത് വരെ പരസ്പരം ഉപരോധം തീര്‍ത്ത് കഴിഞ്ഞവര്‍ പോലും ആലിംഗനബദ്ധരായി ആ വേദിയിലെത്തി. മുസ്‍ലിം രാഷ്ട്രീയ പ്രമുഖരായ തുര്‍കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫതാഹ് സീസിയും ആദ്യമായി മുഖാമുഖം കണ്ട് മുട്ടി ഹസ്തദാനം ചെയ്തു. സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിന്റെ ഷാളും ധരിച്ച് വേദിയിലിരിക്കുന്ന കാഴ്ച ഐക്യം ആഗ്രഹിക്കുന്നവര്‍ക്ക് നയനാന്ദകരമായിരുന്നു.
അതേ സമയം, വെറുപ്പിന്റെ ശക്തികള്‍ക്ക് ഈ ലോകകപ്പ് നല്കുന്നത് അനേകം പ്രഹരങ്ങളുമാണ്. അറേബ്യന്‍ മണ്ണില്‍ വിജയകരമായി അരങ്ങേറുന്ന ഈ ലോകമാമാങ്കം ഏറ്റവും ആദ്യമായി പ്രഹരിക്കുന്നത്, എന്തിനും ഏതിനും പോന്നവര്‍ തങ്ങള്‍ മാത്രമാണെന്ന യൂറോപ്യരുടെ വൈറ്റ് മെന്‍സ് ബേഡന്‍ ചിന്തയെയാണെന്ന് ആദ്യദിനം മുതല്‍ തന്നെ പ്രകടമായിരുന്നു. ഖത്തറിനെതിരെ നടന്ന വിവിധ അപകീര്‍ത്തിശ്രമങ്ങള്‍ സൂചിപ്പിച്ചത്, യൂറോപ്യരുടെ ഈ മലിന ചിന്തകളെയും അവ കുടികൊള്ളുന്ന മനസ്സിനെയുമാണ്.
അറബികളും മുസ്‍ലിംകളും ആധുനികതയിലേക്ക് എത്തിയിട്ടില്ലെന്നും തങ്ങളോടൊപ്പമെത്താന്‍ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ടെന്നുമാണ് പൊതുവെ യൂറോപ്യരുടെ ധാരണ. ഇസ്‍ലാമിനോടുള്ള വെറുപ്പും ഭയവുമെല്ലാം ഇതിന്റെ ചേരുവകളാണെന്ന് പറയാം. പരിതികളെല്ലാം വിട്ട് വളര്‍ന്ന ആ വിദ്വേഷചിന്തകള്‍, ഇസ്‍ലാമിന്റെയും അറബ് ജനതയുടെയും തനിനിറം ലോകം മനസ്സിലാക്കുന്നത് പോലും പേടിക്കുന്നിടത്ത് വരെ എത്തിയിരിക്കുന്നു എന്നതാണ് ലോകകപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ അവക്കെല്ലാം കൃത്യമായ മറുപടിയാണ് ഈ ലോകകപ്പ് മല്‍സരങ്ങളിലൂടെ ഖത്തര്‍ നല്കുന്നത്. മറ്റുള്ളവരെയും അവരുടെ വിശ്വാസാദര്‍ശങ്ങളെയും സംസ്കാരാചാരങ്ങളെയും ബഹുമാനിക്കുന്നിടത്താണ് മനുഷ്യത്വം തുടക്കം കുറിക്കുന്നതെന്നായിരുന്നു ഖത്തര്‍ അമീര്‍ ഇതിലൂടെ ആദ്യം മുതലേ ലോകത്തോട് തുറന്ന് പറഞ്ഞതും സ്വസമീപനത്തിലൂടെ ലോകത്തിന് കാണിച്ച് കൊടുത്തതും. അതിന് വിരുദ്ധമായതൊന്നും ഒരിക്കല്‍ പോലും അനുവദിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തി. ഏറ്റവും അവസാനമായി, ജര്‍മ്മന്‍ കളിക്കാരുമായി ദോഹയില്‍ വന്നിറങ്ങിയ വിമാനത്തെ അതുപോലെ തിരിച്ചയച്ചത് പോലും, ആ ആദരവും ബഹുമാനവും സൂക്ഷിക്കണമെന്ന ശക്തമായ സന്ദേശമായിരുന്നു. ലോകമാമാങ്കത്തിന്റെ ഉദ്ഘാടന ഭാഷണത്തിലും ഖത്തര്‍ അമീര്‍ അടിവരയിട്ടത് ഈ മാനവികതയില്‍തന്നെയാണ്.
അതോടൊപ്പം, ഇസ്‍ലാംപേടി മാറ്റിയെടുക്കാനും മുസ്‍ലിംകളെയും അറബികളെയും പരിചയപ്പെടുത്താനുമായി ഒട്ടേറെ സന്നാഹങ്ങളാണ് ഖത്തര്‍ ഈ ലോകകപ്പിന്റെ ഭാഗമായി ചെയ്ത് വെച്ചത്. ലോകകപ്പിനായി തയ്യാറാക്കപ്പെട്ട സ്റ്റേഡിയങ്ങളില്‍ ഏറ്റവും വലുത് ലുസൈല്‍ സ്റ്റേഡിയം ആണെങ്കിലും ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തത് മരുഭൂമിയിലെ തമ്പിനെ അനുസ്മരിപ്പിക്കുന്ന വിധം രൂപകല്‍പന ചെയ്യപ്പെട്ട അല്‍ബൈത് സ്റ്റേഡിയമായിരുന്നു. അറബികളുടെയും മുസ്‍ലിംകളുടെയും ആതിഥ്യമര്യാദയും അതിഥികളായെത്തുന്നവരോട് കാണിക്കുന്ന അതിരറ്റ ബഹുമാനവുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
ഇസ്‍ലാമിനെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനാവശ്യമായ ഏറ്റവും നൂതന സൌകര്യങ്ങള്‍ വരെ ഇവിടെ ഒരുക്കിയിരിക്കുന്നു. എയര്‍പോര്‍ട്ട് അടക്കമുള്ള പൊതു ഇടങ്ങളിലും വഴികളിലുമെല്ലാം ഖുര്‍ആന്‍ സൂക്തങ്ങള്‍ പ്രദര്‍ശിപ്പിച്ചതോടൊപ്പം, ഹോട്ടലുകളിലും താമസസ്ഥലങ്ങളിലുമെല്ലാം, ഇസ്‍ലാമിനെ പരിചയപ്പെടാന്‍ സഹായകമാവുന്ന കൃതികളും കുറിപ്പുകളും സ്കാനിംഗ് സൌകര്യത്തിലൂടെ ലഭ്യമാവുന്ന വിധം ബാര്‍കോഡുകള്‍, ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് നേരിട്ട് ഇസ്‍ലാമിനെ കുറിച്ച് കൂടുതലറിയാന്‍ പ്രമുഖ മാളുകളിലെല്ലാം പ്രത്യേക ഡെസ്കുകള്‍, സംശയനിവാരണത്തിനായി ഡോ. സാകിര്‍ നായിക് അടക്കമുള്ള ലോകപ്രശസ്ത പ്രബോധകര്‍, പലയിടങ്ങളിലും ഇസ്‍ലാമിനെയും അതിന്റെ സൌകുമാര്യതയും പരിചയപ്പെടുത്തുന്ന പ്രത്യേക ക്ലാസുകള്‍, അതിനായി ഡോ. ഉമര്‍ അബ്ദുല്‍കാഫി അടക്കമുള്ള പ്രമുഖ പണ്ഡിതരുടെ സാന്നിധ്യം... ഇങ്ങനെ പോവുന്നു ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ ഒരുക്കിയിരിക്കുന്ന സാംസ്കാരിക മുന്നൊരുക്കങ്ങളുടെ പട്ടിക. നേരത്തെ, ഖത്തറിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മ്യൂസിയം ഓഫ് ഇസ്‍ലാമിക് ആര്‍ട്ട് ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ വിപുലീകരിച്ചും പൂര്‍വ്വാധികം സൌകര്യങ്ങളൊരുക്കിയതും ഇവയുടെ മറ്റൊരു വശം.
ലോകകപ്പെന്ന ഏറ്റവും വലിയ കായിക വിനോദം വിരുന്നെത്തുമ്പോഴും സാംസ്കാരിക നിലപാടുകളിലോ മതമൂല്യങ്ങളിലോ ഒരിഞ്ച് പോലും നീക്ക് പോക്കുകള്‍ നടത്താന്‍ ആരും തയ്യാറായില്ലെന്നതും ഇത്തരം ചിന്തകള്‍ക്ക് പിന്നിലെ ആത്മാര്‍ത്ഥതയെയാണ് സൂചിപ്പിക്കുന്നത്. ഇരുപത്തെട്ട് ദിവസത്തെ കളിക്ക് വേണ്ടി മതമൂല്യങ്ങള്‍ മാറ്റിവെക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന്, വേള്‍ഡ് കപ്പ് സെക്യൂരിറ്റി തലവന്‍ അബ്ദുല്ലാഹ് അല്‍ നാസരിയുടെ വാക്കുകള്‍ ഏറെ ആവേശത്തോടെയാണ് ലോകം ഏറ്റെടുത്തത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത് വരെ നടത്തിയ അപവാദ പ്രചാരണങ്ങള്‍ ശുദ്ധ വര്‍ണ്ണവെറിയുടെ ബാക്കിപത്രങ്ങളാണെന്നും നാം യൂറോപ്യര്‍ ചെയ്ത് കൂട്ടിയതിന് അടുത്ത മുവ്വായിരം വര്‍ഷം മാപ്പ് പറയേണ്ടിവരുമെന്നും ഫിഫ പ്രസിഡണ്ട് തന്നെ, കളി തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞത് ഈ ലോകകപ്പ് നല്കുന്ന തിരിച്ചറിവുകളുടെ തുടക്കമായി വേണം കാണാന്‍. ഡിസംബര്‍ പതിനെട്ടിന് ഈ ലോകമാമാങ്കത്തിന് ദോഹയില്‍ കൊടിയിറങ്ങുമ്പോള്‍, ഇസ്‍ലാമിനും മുസ്‍ലിംലോകത്തിനും അഭിമാനിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകളായിരിക്കും ബാക്കിയാവുക, അവ എക്കാലത്തും ശേഷിക്കുന്ന നിത്യഹരിതസ്മരണകളായി തുടരുകയും ചെയ്യും, തീര്‍ച്ച. നാഥന്‍ തുണക്കട്ടെ.
Leave A Comment