ഈജിപ്തിലെ പ്രശ്നങ്ങള്‍: സാധാരണക്കാരുടെ ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
ഈജിപ്തില് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് കുറച്ച് ദിവസങ്ങളായി ഞാന് നേരിട്ടു കൊണ്ടിരിക്കുന്ന ചോദ്യം. അനറബികള്‍ മാത്രമല്ല, സുഊദികളും ഈജിപ്തിലെ പ്രാവാസികളുമെല്ലാം ഈ ചോദ്യമുന്നയിച്ചു കൊണ്ടിരിക്കുന്നു.
പലരും പ്രശ്നത്തെ ഒരു അഭ്യന്തരയുദ്ധമായി അവതരിപ്പിക്കുന്നുണ്ട്. ഇതൊരിക്കലും ഒരു അഭ്യന്തര പ്രശ്നമല്ല. മറിച്ച് രണ്ടു രാഷ്ട്രീയപക്ഷങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മാത്രമാണ്.
അതിലൊരു വിഭാഗം രാജ്യത്തെ മഹാഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നതാണ്. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ജനാധിപത്യപരമായി തന്നെയാണ് അവര്‍ വിജയിച്ചു വന്നത്. അവസാനം നടന്ന ജനഹിതവും ഭരണഘടനക്ക് അനുകൂലമാണെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. രാജ്യത്ത് ഇനി നടക്കാനുള്ള തെരഞ്ഞെടുപ്പുകളുടെയും ഫലം മാറാനിടയില്ല. കാരണം അവിടത്തെ ഭൂരിപക്ഷവും സാമൂഹികമായി യാഥാസ്ഥികരാണ്, മതപരമായി മോഡറേറ്റുകളും. അത് അത്ര പെട്ടെന്നൊന്നും മാറാന്‍ പോകുന്നില്ലെന്നതു വ്യക്തം.
വിജയികളും പരാജയപ്പെട്ടവരും തമ്മിലുള്ള സംഘര്‍ഷമാണ് പ്രദേശത്ത് നടക്കുന്നതെന്ന് ചുരുക്കിപ്പറയാം. അതിജീവനത്തിന് വേണ്ടിയുള്ള ഇരുവിഭാഗത്തിന്റെയും ശ്രമങ്ങളാണ് രാജ്യത്തെ തെരുവുകളെ പ്രക്ഷുബ്ധമാക്കി കൊണ്ടിരിക്കുന്നത്. ലിബറല്‍ ചിന്താഗതിക്കാരും മുബാറക് അനുകൂലികളുമാണ് തെരുവിലിറങ്ങി മൂര്‍സിക്കെതിരെ പ്രതിഷേധിക്കുന്നത്. അവരുടെതായ നിക്ഷിപ്ത താത്പര്യങ്ങളാണ് അതിനു പിന്നിലുള്ളത്. പുതിയ ഭരണക്രമത്തിലുള്ള സംശയം, അതാണവരെ പരസ്പരം തെരുവില്‍ ഒന്നിപ്പിക്കുന്നതിപ്പോള്‍. മുബാറകിന്റെ ഭരണകാലത്ത് കോടതി, വ്യവസായം, മാധ്യമങ്ങള്‍ തുടങ്ങിയ രാജ്യത്തെ പ്രധാനമേഖലകളെ സ്വാധീനിച്ചവരെ സംബന്ധിച്ചിടത്തോളം പുതിയ ഭരണക്രമത്തിന്റെ തുടക്കം അവരുടെ വിധിദിവസത്തെ കുറിക്കുന്നു. അത് കൊണ്ട് അവര്‍ പുതിയ ഭരണത്തെ സംശയദൃഷ്ടിയോടെ കാണുന്നത് സ്വാഭാവികം.
സുതാര്യവും ശക്തവും യാഥാസ്ഥികവുമായ പുതിയ നിയമങ്ങളെ ഒരു തരത്തിലും തങ്ങള്‍ക്ക് അനുകൂലമാക്കി എടുക്കാന് കഴിയില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. തങ്ങള്‍ക്ക് പകരം പുതിയ ചില ആളുകള് രംഗം കൈയടക്കുമെന്ന് അവര്‍ ഭയക്കുന്നു.
ഒരു ഇസ്‌ലാമിക് ഭരണകൂടം രാജ്യത്ത് തുടരുമ്പോള്‍ ഈജിപ്ത് ഇസ്രായേലുമായി സൌഹൃദത്തിലേര്‍പ്പെടുമെന്ന് കരുതാന്‍ വകയുണ്ടോ? ഉന്നയിക്കപ്പെട്ട മറ്റൊരു ചോദ്യമിതാണ്. ഫലസ്തീനികള്‍ക്ക് സമാധാനം സാധ്യമാകാത്ത കാലത്തോളം അതുണ്ടാവില്ലെന്ന് അനുമാനിക്കാം. ഇക്കഴിഞ്ഞ ഗാസ യുദ്ധത്തില്‍ ഈജിപ്ത് സ്വീകരിച്ച നിലപാടുകള്‍ അത് വ്യക്തമാക്കുകയും ചെയ്തു. പുതിയ തുര്‍ക്കിയെന്ന പോലെ പുതിയ ഒരു ഈജിപ്തിനെയാണ് മൂര്സി മുന്നോട്ട് വെക്കുന്നത്.
പാശ്ചാത്യ ലോകത്തിന് ഈജിപ്തിനെ പൂര്ണമായും നഷ്ടമായെന്ന് പറഞ്ഞു വെക്കാനായിട്ടില്ല. എന്നാല്‍ ഇനി മുതല്‍ ഒരാളെ മാത്രം പ്രീണിപ്പിച്ച് ഈജിപ്തിനെ കൂടെ നിര്ത്താനാവര്‍ക്കാവില്ല. മറിച്ച് ഈജിപ്തിലെ മൊത്തം ജനങ്ങളുടെ സമ്മതം നേടേണ്ടതായി വരും, ഓരോ കാര്യത്തിലും. അമേരിക്ക അതിനുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ മുബാറാകല്ല ഭരണത്തിലെന്ന ബോധ്യം അമേരിക്കക്കുണ്ട്, മറ്റു പാശ്ചാത്യരാജ്യങ്ങള്‍ക്കും.
ഈജിപ്തിന്റെ വിഷയത്തില്‍ ഗള്‍ഫുരാജ്യങ്ങളുടെ നിലപാടും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഖത്തര്‍ എല്ലാ അര്‍ഥത്തിലും ഈജിപ്തിലെ പുതിയ ഭരണക്രമത്തോടൊപ്പമാണ്. എന്നാല്‍ പ്രദേശത്തെ ചില ഇമാറത്തുകള്‍ക്ക് ഇഖവാനികളുടെ ഉദ്ദേശ്യങ്ങളില് സംശയമില്ലാതില്ല. ജി.സി.സി രാജ്യങ്ങള് ഈജിപ്തിന്‍റെ അഭ്യന്ത്യരപ്രശ്നങ്ങളിലിടപെടുന്നില്ല. അതെസമയം, സാമ്പത്തികമായും വികസനപരമായി മറ്റു രംഗങ്ങളിലും ഈജിപ്തുമായി നല്ല ബന്ധം പുലര്‍ത്തുന്നുമുണ്ട്.
ഭരണഘടന അറുപിന്തിരിപ്പനാണോ എന്നതാണ് മറ്റൊരു ചോദ്യം. സത്യത്തില്‍, നിലവില്‍ അതിനെതിരെ രംഗത്തുള്ളവരടക്കം എല്ലാവരും ഒരുമിച്ച് അംഗീകരിച്ചതാണത്. 200 ലേറെ വരുന്ന ആര്‍ട്ടിക്കിളുകളില്‍ 12 എണ്ണത്തിനെതിരെയാണ് കാര്യമായും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. അതു പ്രതിപക്ഷം ആവശ്യപ്പെടും പോലെ മാറ്റിയെഴുതി പരിഹരിക്കാവുന്നതെ ഉള്ളൂ.
മാറ്റിയെഴുതേണ്ടത് തന്നെ ഇല്ലെന്നതാണ് സത്യം. ഉദാഹരണത്തിന് ‘എല്ലാ പൌരന്മാരും’ നിയമത്തിന് മുന്നില് സമന്മാരാണെന്ന് പറയുന്നു ഒരു ആര്‍ട്ടിക്കിള്‍. അവിടെ ‘എല്ലാ ആണും പെണ്ണുമെ’ന്ന് മാറ്റിയെഴുതണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മറ്റൊരു ആര്‍ട്ടിക്കിളില്‍ ഭരണകൂടം ഈജിപ്തിന്‍റെ കുടുംബപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് പറയുന്നുണ്ട്. അത് വ്യക്തിപരമായ കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് വിശദീകരിച്ചതാണ് പ്രസ്തുത ആര്‍ട്ടിക്കിളിനെതിരെ പ്രതിഷേധം നടക്കുന്നത്.
അപ്പോള്‍ ഭരണഘടനയെ അല്ല ആരും എതിര്‍ക്കുന്നത്, അതെ തുടര്‍ന്നുവരുന്ന പുതിയ ക്രമത്തെയാണ്. പാര്‍ലമെന്റിലും പാസാക്കിയെടുത്തു കഴിഞ്ഞാല്‍ ഭരണകൂടം രാജ്യത്ത് നടക്കുന്ന അഴിമതികള്‍ക്കെതിരെ യുക്തമായ നിയമനടപടികളുമായി മുന്നോട്ട് വരുമെന്ന് ഇവര്‍ മനസ്സിലാക്കുന്നു; അതാണ് സത്യത്തില്‍ ഈ പ്രതിഷേധത്തിന്റെയാകെ മര്‍മവും.



Leave A Comment