ബോണ്‍ എ മുസ്‍ലിം: ഇന്ത്യന്‍ മുസ്‍ലിംകളെ വരച്ച് കാണിക്കുന്ന കൃതി

സമകാലിക (ഇന്ത്യന്‍) രാഷ്ട്രീയാന്തരീക്ഷം മതം എന്ന സങ്കല്‍പത്തെ വിവിധ വ്യാഖ്യാനങ്ങളിലൂടെ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ മുസ്‍ലിംകളെയും ഇസ്‍ലാമിനെയും കുറിച്ച് ധാരാളം എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും മതത്തെ അപകീര്‍ത്തിപ്പെടുത്തുകയും മുസ്‍ലിംകളെ അന്യവല്‍ക്കരിക്കുകയും ചെയ്യുന്നവയാണ്. മുഖ്യധാര മാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും തീവ്രദേശീയതയുടെ ബലത്തില്‍ മുസ്‍ലിംകള്‍ നിര്‍മ്മിത വാര്‍പ്പു മാതൃകയിലൂടെ മാത്രം വീക്ഷിക്കപ്പെടുകയും അനന്തരം ആക്രമണങ്ങള്‍ക്കും നീതി നിഷേധത്തിന് ഇരയാവുകയും ചെയ്യുന്നു. ഏറ്റവും സുഗമവും സുന്ദരവുമായ ജീവിതാന്തരീക്ഷം രൂപപ്പെടുത്താനുള്ള മതം, രാഷ്ട്രീയവല്‍കൃതമായി പ്രവര്‍ത്തിക്കുന്നതിലൂടെ ആഴത്തില്‍ വേരൂന്നിയ അരാചകത്വ ബോധം രൂപപ്പെടുത്തുന്നു എന്നിടത്താണ് നമ്മള്‍ എത്തിപ്പെട്ടിരിക്കുന്നത്. ആത്മീയ-ബൗദ്ധിക മണ്ഡലങ്ങള്‍ ഇത്രകണ്ട് വികസിച്ചിട്ടും ഇന്നും വിവാദപരമയി വിഷയീഭവിക്കുന്നത് മുസ്‍ലിം സ്വത്വത്തെ അന്യവല്‍ക്കരിക്കുന്ന പ്രശ്‌നങ്ങളാണ്. ഈ ദുരന്തത്തെ കേന്ദ്രീകരിക്കുന്നതാണ് ഗസാല വഹാബ് രചിച്ച ബോണ്‍ എ മുസ്‍ലിം എന്ന ഗ്രന്ഥം. ഇന്ത്യയിലെ ഇസ്‍ലാമിന്റെ ഉല്‍ഭവം, അവാന്തര വിഭാഗങ്ങള്‍, സമകാലിക രാഷ്ട്രീയ സാഹചര്യം, ന്യൂനപക്ഷ രാഷ്ട്രീയം, മുസ്‍ലിം സമൂഹം നേരിടുന്ന ആന്തരികവും ബാഹ്യവുമായ വിഷയങ്ങള്‍ എന്നിവ പരിശോധിച്ച് കൊണ്ട് ഇസ്‍ലാമിനെയും മുസ്‍ലിംകളെയും കുറിച്ചുള്ള സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ഗ്രന്ഥകാരി ഗസാല വഹാബ്.

ദേശസ്‌നേഹം ആത്മബോധ്യത്തോടെ സ്വീകരിച്ച മുസ്‍ലിംകള്‍ക്കിടയിലെ ഭയത്തിന്റെയും നിരാശയുടെയും വേരുകളിലേക്കിറങ്ങുന്ന ആമുഖത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടിയും സാമൂഹിക വിഭജനലക്ഷ്യം മുന്നില്‍ കണ്ടും രൂപപ്പെട്ട വര്‍ഗീയ കലാപങ്ങള്‍, ആസൂത്രിതമായ കൊലകള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പരമ്പരാഗത ഇന്ത്യയുടെ തനതായ പാരമ്പര്യത്തോടുള്ള പൊതുകാഴ്ചപ്പാടില്‍ ഞെട്ടലും നാണക്കേടും ഉണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇന്ത്യയില്‍ സാമൂഹികമായും വിദ്യഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മതന്യൂനപക്ഷങ്ങളില്‍ ഒന്നാണ് മുസ്‍ലിംകള്‍. അവരില്‍ ഭൂരിഭാഗവും ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരുടെ പിന്മുറക്കാരാണ്. ഇസ്‍ലാം മുന്നോട്ട് വെക്കുന്ന സമത്വാധിഷ്ടിത നിയമ വ്യവസ്ഥകള്‍ വാഗ്ദാനം ചെയ്യുന്ന മാന്യമായ ജീവിതം പ്രതീക്ഷിച്ചാണ് അവരില്‍ ഭൂരിഭാഗവും മുസ്‍ലിംകളായി മാറിയത്. എങ്കിലും അവരുടെ ജീവിത വ്യവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നു. 

ഇസ്‍ലാമിലേക്ക് കടന്ന് വന്നെങ്കിലും ഹിന്ദുമതത്തിനുള്ളില്‍ സാമൂഹികമായി മാറ്റി നിര്‍ത്തപ്പെട്ടവര്‍ ഇസ്‍ലാമിലും തഴയപ്പെടാന്‍ തുടങ്ങി. വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും താഴ്ന്ന ജാതികളെ മാറ്റിനിര്‍ത്തുക എന്നതായിരുന്നു മുഖ്യധാരയില്‍ നിന്നും അവര്‍ അവഗണിക്കപ്പെടാന്‍ കാരണം. അതിനാല്‍ അത്തരം ജാതികളില്‍ ഉള്‍പ്പെടുന്ന മുസ്‍ലിംകളില്‍ ഭൂരിഭാഗവും പിന്നാക്കം നില്‍ക്കുന്നത് സ്വാഭാവികമാണ്. എങ്കിലും ഗസാല ചോദിക്കുന്നത്, ദലിതുകള്‍ പോലുള്ള സമൂഹങ്ങള്‍ അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയത് പോലെ എന്ത്‌കൊണ്ടാണ് മുസ്‍ലിംകള്‍ക്ക് ചെയ്യാനായില്ല എന്നാണ്.

സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്‍ലിംകളുടെ പിന്നോക്കാവസ്ഥ തുടരുന്നതിന് നാല് കാരണങ്ങളാണ് ഗ്രന്ഥകാരി മുന്നോട്ട് വെക്കുന്നത്. വിഭജനവും അതേ തുടര്‍ന്നുണ്ടായ, വിദ്യാസമ്പന്നരായ മധ്യവര്‍ഗങ്ങളുടെ പാകിസ്ഥാനിലേക്കുള്ള കുടിയേറ്റവും, അപരവല്‍ക്കരണവും വിവേചനവും, മുസ്‍ലിംകള്‍ക്കിടിയില്‍ വളര്‍ന്നു വന്ന അപകര്‍ഷതാബോധം, വിദ്യാഭ്യാസത്തോടുള്ള അവരുടെ ചരിത്രപരമായ അവഗണന എന്നിവയാണ് അവ. ഈ കാരണങ്ങളെ വിവരിക്കുന്നതില്‍ സമകാലിക പശ്ചാതലത്തില്‍ പുതുമയില്ലെങ്കിലും ഇന്ത്യയിലെ മുസ്‍ലിം പ്രതിസന്ധിയെ അവ എത്രത്തോളം വിശദീകരിക്കുന്നു എന്നത് ചോദ്യം ചെയ്യാവുന്നതാണ്. അതിര്‍ത്തിയുടെ ഒരു വശത്ത് നിന്ന് വിദ്യാസമ്പരായ മുസ്‍ലിംകള്‍ മെച്ചപ്പെട്ട വഴികള്‍ തേടി പാകിസ്ഥാനിലേക്ക് കുടിയേറി എന്നത് വസ്തുതയാണ്. പക്ഷേ, ആ രാജ്യത്തെ വിദ്യാസമ്പന്നരായ മധ്യവര്‍ഗം മതേതരവും ബഹുസ്വരവുമായ റിപ്പബ്ലിക് രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്നിടത്താണ് വിദ്യാഭ്യാസം മാത്രം നല്ല മാറ്റം കൊണ്ട് വരുമെന്ന പ്രതീക്ഷ തെറ്റാണെന്ന് ബോധ്യപ്പെടുന്നത്. കാരണം വിദ്യാഭ്യാസത്തോടൊപ്പം ശരിയായ രാഷ്ട്രീയ സംസ്‌കാരം കൂടി സാമൂഹിക പരിവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമാണ്.

ഇന്ത്യയിലെ മുസ്‍ലിംകള്‍ക്കെതിരെയുള്ള വര്‍ഗീയ അക്രമണങ്ങളുടെ തുടര്‍ച്ചയായ ചരിത്രത്തില്‍ ഭരണകൂടം കാഴ്ചക്കാരായിരുന്നെന്ന് ഗസാല പരാമര്‍ശിക്കുന്നു. വിഭജനവും ബാബരി മസ്ജിദ് ധ്വംസനവും തുടര്‍ന്ന് നടമാടിയ വര്‍ഗീയ സംഘര്‍ഷങ്ങളും ബഹുസ്വര സമൂഹത്തിന്റെ മനസ്സില്‍ ശാശ്വത മുറിവ് സൃഷ്ടിക്കാന്‍ ഹേതുവായി. അക്രമാനന്തരം പലരും ഗെട്ടോകളില്‍ താമസിക്കാന്‍ തുടങ്ങി. തന്റെ അടുത്ത കൂടുംബം മുസ്‍ലിംകളില്ലാത്ത ഭൂരിപക്ഷ പ്രദേശത്തേക്ക് മാറാനുണ്ടായ സാഹചര്യവും ഗ്രന്ഥകാരി പുസ്തകത്തില്‍ ഓര്‍ക്കുന്നുണ്ട്. രഥയാത്രയ്ക്ക് ശേഷം വര്‍ഗീയ ആക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവളുടെ പുതിയ അയല്‍ക്കാര്‍ അവരോട് പഴയ സ്ഥലത്തേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചു. അവളുടെ വീട്ടില്‍ വന്ന പ്രാദേശിക ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവളുടെ പിതാവിന് ബന്ധമുണ്ടായിരുന്നു എന്നത് അവര്‍ക്ക് ആശ്വാസമേകിയിരുന്നു. പക്ഷേ, ആ വിശ്വാസം അവരെ രക്ഷിച്ചില്ല. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അവര്‍ പോലും അവരെ സംശയിക്കാന്‍ തുടങ്ങുകയും സൗഹൃദത്തിനപ്പുറം അവര്‍ മുസ്‍ലിംകള്‍ മാത്രമാകേണ്ടി വരികയും ചെയ്തു. 

ദേശവിരുദ്ധര്‍ എന്നും ഭരണകൂടങ്ങളാല്‍ പ്രീണിപ്പിക്കപ്പെട്ടവര്‍ എന്നും മുദ്രകുത്തപ്പെടുന്നതിന്റെ ഇരട്ട ഭാരം മുസ്‍ലിംകള്‍ ഒരേസമയം വഹിക്കേണ്ടിവരുന്നു എന്നത് തന്റെ വരികളിലൂടെ ഗസാല സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. 'ലാളിക്കപ്പെടുന്ന ന്യൂനപക്ഷം' എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും പുരോഗതിയുടെ സര്‍വ്വ മാനദണ്ഡങ്ങളിലും മുസ്‍ലിംകള്‍ പിന്നിലാണ്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ബാങ്ക് വായ്പകള്‍ എന്നിവ നേടുന്നതില്‍ മുസ്‍ലിംകള്‍ വളരെ പിന്നിലാണ്. നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, സര്‍ക്കാരിനോ സമൂഹത്തിലെ മെച്ചപ്പെട്ട അംഗങ്ങള്‍ക്കോ അവരുടെ അവസ്ഥ മെച്ചപ്പൈടുത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. കാരണം  സ്വാതന്ത്ര്യാനന്തരം മുസ്‍ലിംകള്‍ക്ക് ഒരു സ്വതന്ത്ര ശബ്ദമാകാന്‍ കഴിഞ്ഞില്ല എന്നതാണ്. 

1947 ന് ശേഷമുള്ള കാലഘട്ടത്തില്‍ മുസ്‍ലിംകള്‍ സ്വന്തമായ രാഷ്ട്രീയ അസ്തിത്വത്തിനു പകരം മറ്റു പാര്‍ട്ടികളെയോ കക്ഷികളെയോ ആണ് പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്. എങ്കിലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മുസ്‍ലിംകള്‍ ഇപ്പോള്‍ ഉവൈസിയെപ്പോലുള്ള ഒരു നേതാവിനെ പരീക്ഷിക്കുകയാണ്. ഒരളവോളം ഇന്ത്യന്‍ മുസ്‍ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ നേതൃത്വം കൂടുതല്‍ സ്വാധീനം ചെലുത്തുന്നതായി കാണാന്‍ കഴിയുന്നു. പക്ഷേ, ഉവൈസിയെപ്പോലുള്ള നേതാക്കളുടെ ഉയര്‍ച്ച ഒറ്റപ്പെട്ട മുസ്‍ലിം രാഷ്ട്രീയത്തിന്റെ വികാസത്തിലേക്ക് നയിക്കുമെന്ന വാദവും ഗസാല മുന്നോട്ട് വെക്കുന്നുണ്ട്.

അവസാനമായി ഗ്രന്ഥകാരി വായനക്കാരിലേക്ക് നിര്‍ദേശിക്കുന്നത്  മുസ്‍ലിംകള്‍ ഇസ്‍ലാം വീണ്ടെടുക്കണമെന്ന് തന്നെയാണ്. പക്ഷേ, ഗസാല വഹാബ് മുന്നോട്ട് വെക്കുന്ന പുരോഗമനപരവും ലിംഗനീതിയുള്ളതും സമത്വപരവുമായ ഇസ്‍ലാം എന്ന സങ്കല്‍പത്തെ നമുക്ക് പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ല. കാരണം മനുഷ്യ യുക്തിയില്‍ നിന്നും ഉത്ഭവിക്കുന്ന ഇത്തരത്തിലുള്ള വ്യക്തിപരമായ വ്യാഖ്യാനങ്ങള്‍ വളരെ സങ്കീര്‍ണ്ണമായ അമാനുഷികമായ ദൈവശാസ്ത്ര മാതൃകയുള്ള ഒരു മതത്തിന് നല്‍കുക എന്നത് ഉചിതമല്ല. കൂടാതെ ഈ പുരോഗമനപരമായ മാറ്റം എങ്ങനെയെന്ന് ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. 

സഊദി സ്‌പോണ്‍സര്‍ ചെയ്യുന്ന ഉലമയില്‍ നിന്നും ഇസ്‍ലാമിനെ രക്ഷിക്കണമെന്നും ഗസാല അവസാനം പറയുന്നുണ്ട്. പാരമ്പര്യ പണ്ഡിതര്‍ പണ്ട് മുതലേ പറയുന്ന ഇതിനോട് നമുക്കും യോജിക്കാവുന്നതേയുള്ളൂ. കാരണം കാലദേശാന്തരങ്ങള്‍ക്കിടയിലും ശാസ്ത്രീയ പുരോഗതികള്‍ക്കിടയിലും ഇസ്‍ലാമിന്റെ വളര്‍ച്ചയും മുസ്‍ലിംകളുടെ മെച്ചപ്പെട്ട സാമൂഹിക പരിതസ്ഥിതിയും പാരമ്പര്യ ഇസ്‍ലാമിന്റെ വിശുദ്ധിയിലേക്കുള്ള മടങ്ങല്‍ കൊണ്ട് മാത്രമേ സാധ്യമാകൂ. അതേ സമയം, ഗസാലയും പാരമ്പര്യ ഉലമാക്കളും തമ്മിലുള്ള ഈ രീതിശാസ്ത്ര ഏകോപനം പല കാരണങ്ങളാല്‍ സങ്കീര്‍ണ്ണവും പ്രശ്‌നകരവും തന്നെയാണ്.

വായനക്കാര്‍ക്ക് ആശയം സംഗ്രഹിക്കാന്‍ കഴിയുന്ന ആഖ്യാനരീതിയാണ് ഈ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മുസ്‍ലിം സ്വത്വമുള്ള ഗസാല വഹാബ് ഒരേ സമയം മുസ്‍ലിംകളെയും ഇസ്‍ലാമിനെയും സാമൂഹികവും മതപരവുമായ മുന്‍ധാരണയുടെ ഒരു അംശം പോലും ഇല്ലാതെ മാറിമാറി വിശകലനം ചെയ്യുന്നത് വസ്തുനിഷ്ടമായ വിവരങ്ങള്‍ പ്രദാനം ചെയ്യുന്നു എന്ന് വേണം പറയാന്‍. അഫീഫ് അഹ്‌മദും കെടി ഹനീഫും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത 408 പേജുള്ള ഈ പുസ്തകം പബ്ലിഷ് ചെയ്തത് ഒലീവ് പബ്ലിക്കേഷനാണ്. ഉത്തരങ്ങള്‍ക്കപ്പുറം ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തു ഈ പുസ്തകം ഇന്ത്യന്‍ ഇസ്‍ലാമിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ നമ്മെ വഴിനടത്തുക തന്നെ ചെയ്യുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter