സുരക്ഷിതരാവണം നമ്മുടെ പെൺമക്കൾ
"മലപ്പുറം ജില്ലയിൽ 12 വയസ്സുള്ള പെൺകുട്ടിയുടെ അമ്മയുൾപ്പെടെ 12 പേരെ പോലീസ് അറസ്റ് ചെയ്തു. രണ്ട് വർഷത്തോളമായി പെൺകുട്ടിയെ വിൽപ്പനചിരക്കാക്കുകയും 40 തവണയോളം പീഡനത്തിനിരയാക്കു കയും ചെയ്തു. 12 വയസ്സുകാരിയുടെ മൂത്ത സഹോദരിയും പീഡനത്തിനിരയാണ്. മാത്രമല്ല കുടുമ്പത്തിലെ ഉറ്റ ബന്ധുക്കൾ പോലും ഇതിൽ പങ്കാളികളാണ്. പെൺകുട്ടിയുടെ സഹോദരൻ സ്വന്തം കുടുമ്പത്തിലെ 11 വയസ്സുള പെൺ കുട്ടിയെയും 9 വയസ്സുള്ള ആൺകുട്ടിയെയും പീഡിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലുമായി ".
ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികൾക്കെതിരെയുള്ള നീചവൃത്തികളുടെ ഭീതിപ്പെടുത്തുന്ന ഒരു റിപോർട്ട് ആണ് മേൽ വിവരിച്ചത്. ഇതൊരുദാഹരണം മാത്രമാണ്. നമ്മുടെ കുട്ടികൾ ഒരിടത്തും സുരക്ഷിതരല്ലെന്നുള്ളത് യാഥാർഥ്യമാണ്. 2006 ൽ കുട്ടികൾക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ചു ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ഒരു ആഗോള റിപ്പോര്ട്ട് ഐക്യരാഷ്ട്ര പൊതുസഭയ്ക്ക് സമർപ്പിക്കയുണ്ടായി. അടുത്ത കാലത്തായി 18 വയസ്സിനു താഴെയുള്ള 73 ദശലക്ഷം ആൺകുട്ടികളും 150 ദശലക്ഷം പെൺകുട്ടികളും "നിർബന്ധിത ലൈംഗികതയ്ക്കോ മറ്റു വിധത്തിലുള്ള ലൈംഗികതയ്ക്കോ വിധേയമായി "എന്ന് റിപ്പോർട് പറയുന്നു. ഒരു വർഷത്തെ മാത്രം കണക്കാണിത്. എന്നാൽ യഥാർത്ഥ കണക്ക് ഞെട്ടിക്കും വിധമാണെന്ന് റിപ്പോർട്ട് പ്രസ്താവിക്കുന്നു.
നിങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?
--------------------------------------
കുട്ടികളോടുള്ള ലൈംഗിക ദുഷ്‌പെരുമാറ്റം സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യാൻ നമ്മിലാരും തന്നെ ആഗ്രഹിക്കില്ല. ആ ചിന്തതന്നെ മാതാപിതാക്കൾക്കു താങ്ങാവുന്നതിലും അപ്പുറമാണ്! പക്ഷേ അതൊരു യാഥാർഥ്യമാണ്; ഭീകരവും ദുഃഖപൂർണവുമായ യാഥാർഥ്യം. കുട്ടികളിൽ അത് ഉളവാക്കുന്ന ഫലം അങ്ങേയറ്റം വിനാശകരമാണ്. ചിന്തിക്കാൻമാത്രം പ്രാധാന്യമുള്ള വിഷയമാണോ ഇത്? അതെ, നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതത്വത്തിന് നിങ്ങൾ എന്തു വിലയിടും? ലൈംഗിക ചൂഷണത്തിന്‍റെ കരളലിയിക്കുന്ന യാഥാർഥ്യങ്ങളെക്കുറിച്ച് അറിയുന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല. എന്നാൽ ആ അറിവിന് വലിയ ഫലം ഉളവാക്കാനാകും.
ഈ വിപത്തിന്‍റെ വ്യാപ്‌തിയിൽ നിങ്ങളുടെ മനോധൈര്യം ചോർന്നുപോകരുത്. കുറഞ്ഞപക്ഷം, നിങ്ങളുടെ കുട്ടിക്ക് ഇല്ലാത്ത പലതും നിങ്ങൾക്കുണ്ട്. അതൊക്കെ ആർജിച്ചെടുക്കാൻ കുട്ടിക്ക് വർഷങ്ങൾ, ഒരുപക്ഷേ പതിറ്റാണ്ടുകൾതന്നെ, വേണ്ടിവരും. കൊഴിഞ്ഞുപോയ വർഷങ്ങൾ നിങ്ങൾക്ക് അറിവിന്‍റെയും അനുഭവങ്ങളുടെയും ജ്ഞാനത്തിന്‍റെയും ഒരു ഭണ്ഡാരംതന്നെ സമ്മാനിച്ചിട്ടുണ്ടാകാം. അതുകൊണ്ട് അവയൊക്കെ ഒന്നു മിനുസപ്പെടുത്തിയെടുത്ത് കുട്ടിയുടെ സംരക്ഷണാർഥം ഉപയോഗിച്ചാൽ മതി. അച്ഛനമ്മമാർ സ്വീകരിക്കേണ്ട മൂന്ന് അടിസ്ഥാന നടപടികളെക്കുറിച്ചാണു നാം പരിചിന്തിക്കാൻ പോകുന്നത്.
(1) കുട്ടികൾക്ക് ഒരു സംരക്ഷണ കവചമായിരിക്കുക,
(2) ലൈംഗികത സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ കുട്ടിക്കു നൽകുക,
(3) ആത്മരക്ഷയ്‌ക്കായി എന്തു ചെയ്യാനാകുമെന്നു കുട്ടിയെ പഠിപ്പിക്കുക. ആദ്യം മാതാപിതാക്കൾ ഒരു സംരക്ഷണ കവചമാകണം .
ലൈംഗിക ചൂഷണത്തിൽനിന്നു കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്; കുട്ടിയുടേതല്ല. അതുകൊണ്ട് കുട്ടികളെ ബോധവത്‌കരിക്കുന്നതിനുമുമ്പ് മാതാപിതാക്കൾ ഇതു സംബന്ധിച്ച് ബോധവാന്മാരായിരിക്കണം. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്. കുട്ടികളെ ചൂഷണം ചെയ്യുന്ന വിരുതന്മാർ ആരാണെന്നും അവർ എങ്ങനെയാണ് അതു ചെയ്യുന്നതെന്നും നിങ്ങൾ മനസ്സിലാക്കിയിരിക്കണം. ഈ ആഭാസന്മാരെക്കുറിച്ചു ചിന്തിക്കുമ്പോൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന അപരിചിതരുടെ മുഖമാണു പലപ്പോഴും അച്ഛനമ്മമാരുടെ മനസ്സിൽ തെളിയുന്നത്. അത്തരം ദുഷ്ടന്മാരുണ്ട് എന്നതിനു സംശയമില്ല. വാർത്താമാധ്യമങ്ങൾ മിക്കപ്പോഴും അതു നമ്മുടെ ശ്രദ്ധയിൽപ്പെടുത്താറുണ്ടല്ലോ? എന്നാൽ അത്തരക്കാർ താരതമ്യേന ചുരുക്കമാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിന്‍റെ ഏകദേശം 90 ശതമാനത്തിലും കുട്ടിക്ക് അറിയാവുന്ന, അവനു വിശ്വാസമുള്ള, കുടുംബത്തിലുള്ള വ്യക്തികളാണു വില്ലന്മാർ.
നിങ്ങളോട് അടുപ്പമുള്ള ഒരു അയൽക്കാരനോ അധ്യാപകനോ ആരോഗ്യരംഗത്തെ ഒരു പ്രവർത്തകനോ കോച്ചോ ബന്ധുക്കളോ ഒന്നും നിങ്ങളുടെ കുട്ടിയെ നശിപ്പിക്കുമെന്നു വിശ്വസിക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല. സത്യത്തിൽ മിക്കവരും അത്തരക്കാരല്ല. അതുകൊണ്ടുതന്നെ ചുറ്റുമുള്ള എല്ലാവരെയും സംശയദൃഷ്ടിയോടെ കാണേണ്ടതില്ല. എന്നാൽ അതിനിടയിലും ചിലർ ഉണ്ടാവും ,അത് അവരുടെ സാമീപ്യത്തിൽ നിന്ന് മനസ്സിലാവും . സാധാരണഗതിയിൽ ലൈംഗികാഭാസന്മാർ പ്രവർത്തിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതു കുട്ടിയെ സംരക്ഷിക്കാൻ നിങ്ങളെ സഹായിക്കും. ലൈംഗികത സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ കുട്ടിക്കു നൽകുക
“ലൈംഗികതയെക്കുറിച്ച് ഒന്നുമറിയാത്ത ഒരു കുട്ടിയെ തന്നാൽ എനിക്ക് ഒരു ഇരയെ തന്നുകഴിഞ്ഞു നിങ്ങൾ” എന്ന് ഒരു ലൈംഗികാഭാസൻ പറഞ്ഞതായി ഒരു പരാമർശകൃതി പ്രസ്‌താവിക്കുകയുണ്ടായി. ഭീകരമായ ആ വാക്കുകൾ അച്ഛനമ്മമാർക്ക് ഒരു ഓർമക്കുറിപ്പാണ്. ലൈംഗികതയെക്കുറിച്ച് അറിവില്ലാത്ത കുട്ടികളെ കബളിപ്പിക്കാൻ എളുപ്പമാണ്. ഈ സുപ്രധാന വിഷയത്തെക്കുറിച്ച് പഠിപ്പിക്കുന്നതിൽനിന്നു പിന്മാറിനിൽക്കരുത്.
പക്ഷേ എങ്ങനെയാണ് അതു പഠിപ്പിക്കേണ്ടത് ? ലൈംഗികത സംബന്ധിച്ച് കുട്ടികളോടു സംസാരിക്കുന്നത് പരിഭ്രമം ഉളവാക്കുന്നതാണെന്നു മിക്ക മാതാപിതാക്കളും മനസ്സിലാക്കുന്നു. കുട്ടിക്ക് അത് അതിനെക്കാൾ പരിഭ്രമജനകമായിരിക്കും; അവൻ /അവൾ അതേക്കുറിച്ചു നിങ്ങളോടു സംസാരിക്കാൻ സാധ്യതയില്ല. അതുകൊണ്ട് നിങ്ങൾതന്നെ മുൻകയ്യെടുക്കുക.കുട്ടികൾക്ക് ലൈംഗികാവയവങ്ങളെ കുറിച്ച് പറഞ്ഞ് കൊടുക്കുക .അത് സ്വകാര്യതയാണ് .ഒരാളേയും അവിടങ്ങളിൽ സ്പർശിക്കാൻ അനുവദിക്കരുത് അത് സ്വന്തം കുടുംബക്കാർ ആണെങ്കിൽ പോലും എന്ന് പറഞ്ഞ് കൊടുക്കണം . ഇടയ്‌ക്കിടെ കുട്ടിക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത് മാതാവും പിതാവും ചേർന്നായിരിക്കണം. അരുതാത്ത വിധത്തിൽ ആരെങ്കിലും സ്‌പർശിക്കുകയോ തന്നെ ശല്യപ്പെടുത്തുകയോ ചെയ്‌താൽ അക്കാര്യം തങ്ങളോടു പറയുന്നതിൽ ഒരു മടിയും വിചാരിക്കരുതെന്ന് കുട്ടിയോടു കർശനമായി പറയണം . എല്ലാ മാതാപിതാക്കളും കുട്ടികളുമായി ഇതുപോലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനാണ് ശിശുപരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിലെ വിദഗ്‌ധർ പ്രോത്സാഹിപ്പിക്കുന്നത്. അരുതാത്തത് എന്തെങ്കിലും ചെയ്യാൻ ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ മാതാപിതാക്കളോട് പറയണം എന്ന് അവരെ പഠിപ്പിക്കണം .
മാത്രമല്ല, നിങ്ങളോടു പറയരുതാത്ത ഒരു രഹസ്യവും കുട്ടിക്ക് ഉണ്ടാകരുതെന്ന് അവനോടു പറയുക. എന്തെങ്കിലും കാര്യം നിങ്ങളിൽനിന്നു മറച്ചുവെക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അക്കാര്യം നിങ്ങളെ അറിയിക്കണമെന്നു കുട്ടിയോടു പറയണം. അവരെന്തു പറഞ്ഞിട്ടുണ്ടെങ്കിലും—ഭീഷണിപ്പെടുത്തുകയോ അവൻതന്നെ തെറ്റായ എന്തെങ്കിലും ചെയ്യുകയോ ചെയ്‌തിട്ടുണ്ടെങ്കിലും—എല്ലായ്‌പോഴും മാതാപിതാക്കളോട് പറയണം എന്നു കുട്ടിയോടു പറയുക. ഇത്തരം നിർദേശങ്ങൾ കുട്ടിയെ ഭയപ്പെടുത്തേണ്ടതില്ല. അരുതാത്ത ഒരിടത്തു തൊടുകയോ എന്തെങ്കിലും കാര്യം രഹസ്യമായി വെക്കാനോ ആവശ്യപ്പെടുകയോ ചെയ്യുന്നവരല്ല നല്ലവർ എന്നു പറഞ്ഞുകൊണ്ട് നിങ്ങൾ മാതാപിതാക്കൾ അവരെ ധൈര്യപ്പെടുത്തണം . നിങ്ങളുടെ ദേശ്യം വർദ്ധിക്കുമ്പോൾ ഒരിക്കലും നിങ്ങളുടെ കുട്ടിയെ മാരകമായി ശിക്ഷിക്കരുത്.
നിങ്ങളുടെ കുട്ടിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നിങ്ങളുടെ കുട്ടിയുടെ സുഹൃത്തുക്കളെ അറിയുകയും ചെയ്യുക.
നിങ്ങളുടെ കുട്ടിയെ ഒരിക്കലും ശ്രദ്ധിക്കാതെ ഏകാന്തനാക്കി ഇടരുത് , പ്രത്യേകിച്ച് കാറിലും വീട്ടിലും ,
സ്വന്തം ജീവിതത്തിൽ ലൈംഗിക അപകടങ്ങൾ തടയാൻ ശബ്‌ദം ഉയർത്താൻ പഠിപ്പിക്കുക
അവർ പറയുന്നത് ശ്രദ്ധിക്കുകയും അവർ പറയുന്നത് വിശ്വസിക്കുകയും ചെയ്യുക.
നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തിലോ മനോഭാവത്തിലോ ഉള്ള മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുക.
നിങ്ങളുടെ കുട്ടിയുടെ സ്വകാര്യ ശരീരഭാഗങ്ങളുടെ ശരിയായ പേരുകൾ പഠിപ്പിക്കുക.
കൂടുതൽ ലൈംഗിക ധാരണകൾ വെളിപ്പെടുത്തുന്ന ഏത് മീഡിയാസിൽ നിന്നും സംഭാഷണത്തിൽ നിന്നും ജാഗ്രത പാലിക്കുക.
നിങ്ങളുടെ കുട്ടിയോട് സാധാരണ താൽപ്പര്യത്തേക്കാൾ കൂടുതൽ വേറെ പുറത്തുള്ള ആരെങ്കിലും കാണിക്കുമ്പോൾ അവരെ ശ്രദ്ധിക്കുക.
നിങ്ങളുടെ കുട്ടിയുടെ സ്കൂൾ അല്ലെങ്കിൽ ഡേ കെയർ സെന്ററിൽ നിന്ന് അവനെ / അവളെ നിങ്ങൾക്കോ നിങ്ങൾ സമ്മതം കൊടുത്ത ഒരാളോട് കൂടെ മാത്രമേ വിട്ടുകൊടുക്കുകയുള്ളൂവെന്ന് ഉറപ്പാക്കുക സത്യമെന്ത് മിഥ്യയേത്, സ്നേഹമെന്ത് സഹോദര്യമേത് എന്ന് ആദ്യം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത് മാതാപിതാക്കളാണ്. നാളെയുടെ സ്വപ്നമാണ് വാഗ്ദാനമാണ് ഓരോ ബാല്യങ്ങളും. അവരുടെ നന്മക്കും വളർച്ചക്കും ഉതകും വിധം യഥാർത്ഥ പോഷകം നൽകുന്നതിൽ ഒരു സമൂഹമെന്ന രീതി യിൽ നമുക്കോരോരുത്തർക്കുമുള്ള ബാധ്യതയേറെയാണ്. ഒരു നല്ല നാളേക്ക് വേണ്ടി നമുക്കിതിനെ കടഞ്ഞെടുക്കേണ്ടതുണ്ട്..അതിനായി പണിയാം നമുക്കുമൊരു സംരക്ഷണ കവചം..
ഫാത്വിമ ഇഫ്റത് കുറ്റിപ്പാല
ബി. എ സൈക്കോളജി
സൈത്തൂൻ ഇന്റർനാഷനൽ ഗേള്‍സ് കാമ്പസ്, കോട്ടക്കൽ
Leave A Comment