വെടി നിര്‍ത്തല്‍ കരാര്‍, ഗസ്സയില്‍ സന്തോഷ പ്രകടനങ്ങള്‍

15 മാസത്തിലേറെ നീണ്ട രക്തരൂക്ഷിത ആക്രമണങ്ങള്‍ക്ക് ശേഷം, അവസാനം വെടിനിര്‍ത്തല്‍ കരാര്‍ ഹമാസും ഇസ്റാഈലും തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നു. ഖത്തറിന്റെ മേല്‍നോട്ടത്തില്‍ ദോഹയില്‍ വെച്ച് നടന്ന ചര്‍ച്ചകളിലൂടെയാണ് അവസാനം വെടി നിര്‍ത്തല്‍ കരാറിലെത്തിയിരിക്കുന്നത്. ജനുവരി 19, ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന കരാറിന്റെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം. ഇസ്റാഈല്‍ തടവറകിലുള്ള ഫലസ്തീനികളുടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ അംഗീകരിച്ചെങ്കിലും പ്രമുഖ ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് ഇസ്റാഈല്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. തിരിച്ച് വരുന്ന അഭയാര്‍ത്ഥികളുടെ മേല്‍നോട്ടത്തിന്, ഈജിപ്ത്-ഖത്തര്‍ പ്രതിനിധികള്‍ അടങ്ങുന്ന സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനമായി. 
42 ദിവസം നീണ്ടു നില്ക്കുന്ന ഒന്നാംഘട്ടത്തില്‍ നടപ്പിലാക്കേണ്ടവ-


01. ഇരു പക്ഷത്തെയും സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക. 2023 ഒക്ടോബര്‍ 07ന് മുമ്പുള്ള അതിര്‍ത്തികളിലേക്ക് ഇസ്റാഈല്‍ സൈന്യം പൂര്‍ണ്ണമായും പിന്‍വലിയുക.


02.  നിരീക്ഷണത്തിന്റെ ഭാഗമായുള്ള വ്യോമ നീക്കങ്ങള്‍ ദിവസം പത്ത് മണിക്കൂറായും ബന്ദികളെ കൈമാറുന്ന ദിനങ്ങളില്‍ 12 മണിക്കൂറായും പരിമിതപ്പെടുത്തുക.


03. ആജീവനാന്ത തടവ് ശിക്ഷ വിധിക്കപ്പെട്ട 250 പേര്‍ അടക്കം, 2,000 ബന്ദികളെയും ഒക്ടോബര്‍ 07ന് ശേഷം പിടിക്കപ്പെട്ട 1,000 ബന്ദികളെയും ആദ്യഘട്ടത്തില്‍ മോചിപ്പിക്കുക. 


04. വീട് വിട്ട് പോയവരെല്ലാം അവരുടെ വാസകേന്ദ്രങ്ങളിലേക്ക് തിരിച്ച് പോവുകയും താഴെ പറയുന്ന രീതിയില്‍ ആ മേഖലയില്‍നിന്ന് ഇസ്റാഈല്‍ സൈന്യം പൂര്‍ണ്ണമായും പിന്‍വലിയുകയും ചെയ്യുക

.
a. 7 ഇസ്റാഈല്‍ ബന്ദികളെ മോചിപ്പിക്കുന്നതോടെ, കരാര്‍ പ്രാബല്യത്തിന്റെ ഏഴാം ദിവസം അല്‍റശീദ് റോഡ് മുതല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി റോഡ് വരെയുള്ള മേഖലയില്‍നിന്ന് പൂര്‍ണ്ണമായും പിന്‍വലിയുക. മേഖലയില്‍ പ്രദേശവാസികള്‍ക്ക് ആദ്യദിനം മുതല്‍തന്നെ സ്വതന്ത്രസഞ്ചാരവും മാനുഷിക സഹായങ്ങളും അനുവദിക്കുക. 


b. 22-ാം ദിനം മുതല്‍ മധ്യഭാഗത്ത് നിന്നും പൂര്‍ണ്ണമായും പിന്‍വലിയുക.


c. 7 ദിവസത്തിന് ശേഷം റഫാ അതിര്‍ത്തി തുറക്കുകയും ദിവസവും 600 ട്രക്കുകള്‍ക്ക് വരെ പ്രവേശനം അനുവദിക്കുകയും ചെയ്യുക. 


വെടി നിര്‍ത്തല്‍ കരാര്‍ വലിയ ആവേശത്തോടെയാണ് ഗസ്സ നിവാസികളും ഫലസ്തീനികളും സ്വീകരിച്ചത്. പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ മുസ്‍ലിം രാജ്യങ്ങളും ബ്രിട്ടന്‍, റഷ്യ, ജര്‍മ്മനി, ചൈന, കനഡ അടക്കമുള്ള ലോക രാഷ്ട്രങ്ങളും കരാറിനെ സ്വാഗതം ചെയ്തു. കരാര്‍ സാധ്യമാക്കുന്നതില്‍ ഖത്തറും ഈജിപ്തും അമേരിക്കയും വഹിച്ച പങ്കിന് അവര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ മേഖലയില്‍ ശാശ്വത സമാധാനം കൈവരട്ടെ എന്ന് എല്ലാവരും ആശംസിച്ചു. കരാറിലെത്താന്‍ തങ്ങളെ സഹായിച്ച ട്രംപിനോടും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബെയ്ഡനോടും നെതന്യാഹു നന്ദി രേഖപ്പെടുത്തി. അതേസമയം, സമ്മിശ്ര പ്രതികരണമാണ് ഇസ്റാഈല്‍ ജനതക്കിടയില്‍ കരാറിനോട് ഉള്ളത്. ബന്ദികളെ തിരിച്ച് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുമ്പോഴും, ഈ കരാര്‍ ഇസ്റാഈലിന്റെ സുരക്ഷിതമായ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് പലരും ആശങ്കപ്പെടുന്നുമുണ്ട്. പലയിടത്തും കരാറിനെതിരെ പ്രകടനങ്ങളും നടക്കുന്നുണ്ട്. 

എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച ശേഷം അത് നടപ്പില്‍ വരുന്നതിന് മുമ്പുള്ള സമയത്തും ഇസ്റാഈല്‍ ശക്തമായ അക്രമണം തുടരുകയാണ്. പ്രഖ്യാപന ശേഷമുള്ള ഏതാനും മണിക്കൂറുകളില്‍ മാത്രം 71 പേര്‍ കൊല്ലപ്പെടുകയും 200 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter