ഞാനിതെല്ലാം അവസാനിപ്പിക്കുകയാണ്,   ഇനി അല്ലാഹുവിലേക്ക് മടങ്ങുന്നു

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ഒരു തീരുമാനമായിരുന്നു എന്‍റെ ജീവിതം ആകെ മാറ്റിമറിച്ചത്. അന്ന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുക വഴി വലിയ പോപ്പുലാരിറ്റി എനിക്ക് നേടാനായി. പൊതുരംഗത്ത് ഏറെ ശ്രദ്ധിക്കപെടാന്‍ തുടങ്ങിയ എന്നെ ഉന്നതമായ വിജയം കൈപ്പിടിയിലൊതുക്കിയ, യുവത്വത്തിന്‍റെ മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വാഴ്ത്തപ്പെട്ടു. 

എന്നാല്‍ വിജയ പരാജയങ്ങളെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടുകള്‍ പ്രകാരം ഞാന്‍ എത്തിപ്പെടേണ്ട സ്ഥലമോ ഞാനായിത്തീരേണ്ട വ്യക്തിത്വമോ ആയിരുന്നില്ല അത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഞാന്‍ ഏര്‍പ്പെട്ട മേഖലയും ഈ ഐഡന്‍റിറ്റിയും എന്നെ സന്തോഷിപ്പിക്കുന്നില്ല എന്ന് തികഞ്ഞ ബോധ്യത്തോടെ ഞാന്‍ കുറ്റ സമ്മതം നടത്തുകയാണ്. ഇത്രയും കാലത്തെ ഭഗീരഥ യത്നം ഞാന്‍ നടത്തിയത് മറ്റാരോ ആവാന്‍ വേണ്ടിയായിരുന്നുവെന്ന് ഓര്‍ത്ത് പോവുന്നു. എന്‍റെ സമയവും പരിശ്രമവും വികാരങ്ങളും ചെലവഴിച്ച് ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങളെക്കുറിച്ചും പുതിയ ജീവിത രീതികളെക്കുറിച്ചും കൃത്യമായി ആലോചിച്ചപ്പോള്‍ ഞാനീ മേഖലയില്‍ സമ്പൂര്‍ണ്ണത കൈവരിച്ചിട്ടുണ്ടെങ്കിലും ഞാനിവിടെ നില്‍ക്കേണ്ട ആളല്ലെന്ന് വ്യക്തമായ ബോധ്യം കൈവന്നിരിക്കുന്നു.  

ഈ മേഖലയില്‍ നിന്ന് കലവറയില്ലാത്ത സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ടെങ്കിലും ഇതെന്നെ വഴികേടിലേക്കും നയിച്ചു; കാരണം ഈമാന്‍ ചോര്‍ത്തിക്കളയുന്ന ഈ വഴിയിലൂടെയുള്ള സഞ്ചാരം എന്‍റെ മതവുമായുള്ള ബന്ധത്തിന് പൂര്‍ണ്ണമായും വെല്ലുവിളിയിയുയര്‍ത്തിയിരുന്നു. 

എന്നാല്‍ ഇക്കാര്യം ബോധപൂര്‍വ്വം മറന്നും ഞാന്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ശരിയാണെന്നും മനസ്സിനെ വിശ്വസിപ്പിച്ച് മുന്നോട്ട് പോവാന്‍ ശ്രമിച്ചെങ്കിലും അതെന്‍റെ ജീവിതത്തിലെ സകല ബറകതുകളും കവര്‍ന്നെടുത്തു.  സന്തോഷം, അനുഗ്രഹം എന്നിവ മാത്രമല്ല ബറകത്, മറിച്ച് ദൃഢമായ കാഴ്ച്ചപ്പാടും അതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇതെനിക്ക് തീര്‍ത്തും കൈമോശം വന്നു. 

ഈമാനിന്ന് സുസ്ഥിരമായ ഒരു സ്ഥിതി കൈവരുന്നതിനായി ചിന്തകളെയും താല്‍പര്യങ്ങളെയും മെരുക്കിയെടുക്കാന്‍ ഞാന്‍ നിരന്തരം ശ്രമിച്ചെങ്കിലും ദയനീയമായി ഒരിക്കലല്ല ഒരായിരം തവണ പരാജയപ്പെടുകയാണുണ്ടായത്. നിരന്തരമായുള്ള ഈ ശ്രമങ്ങളില്‍ പരാജയം സമ്മതിച്ച് പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ച് പോവുമ്പോള്‍ മനസ്സിനെ ആശ്വസിപ്പിച്ചിരുന്ന ചിന്ത വളരെ പെട്ടെന്ന് തന്നെ ഈ അവസ്ഥയില്‍ നിന്ന് മാറുമെന്നതായിരുന്നു. യോജിച്ച സമയം വരുമ്പോള്‍ മാറ്റം സംഭവിക്കുമെന്ന് കരുതി സ്വന്തം മനസ്സാക്ഷിയെ ഞാന്‍ നിരന്തരം വഞ്ചിക്കാന്‍ തുടങ്ങി. എന്‍റെ ഈമാന്‍ നശിപ്പിക്കുന്ന, സമാധാനം കെടുത്തുന്ന, അല്ലാഹുവുമായുള്ള ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന എന്‍റെ ചുറ്റുപാടുകളില്‍ ലയിച്ച് ചേര്‍ന്ന് ഈ ചിന്തകളെ ഞാന്‍ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു. കാര്യങ്ങളെ യാഥാര്‍ഥ്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി എന്‍റെ ഇഷ്ടത്തിനനുസരിച്ച് കാണാന്‍ ശ്രമിച്ചു. നിരന്തരം ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും അവയെല്ലാം തികഞ്ഞ പരാജയത്തിലാണ് കലാശിച്ചത്. വലിയൊരു മിസ്സിംഗ് മനസ്സില്‍ എപ്പോഴും മനസ്സാക്ഷിയെ നോവിപ്പിച്ച് കൊണ്ടിരുന്നു. സംതൃപ്തി അകലെ അകലെ നിന്ന് പൂര്‍ത്തിയാവാത്ത ഒരാഗ്രഹം പോലെ എന്നെ നിരന്തരം പ്രലോഭിപ്പിച്ചു. 

ഒടുവില്‍ എന്‍റെ ബലഹീനത അംഗീകരിക്കാനും എന്‍റെ അറിവില്ലായ്മക്ക് പരിഹാരം കാണാനുമായി ഞാന്‍ ഹൃദയം പരിശുദ്ധ ഖുര്‍ആനോട് ചേര്‍ത്ത് പിടിച്ചു. അല്ലാഹുവിന്‍റെ വാക്കുകളിലെ ആഴമുള്ള യുക്തിയില്‍ എനിക്ക് സമാധാനവും സംതൃപ്തിയും ലഭിച്ചു. തീര്‍ച്ചയായും സൃഷ്ടാവിനെക്കുറിച്ച് അറിയുമ്പോള്‍ മാത്രമേ, അവന്‍റെ കരുണയും കല്‍പനയും വിശേഷണങ്ങളും മനസ്സിലാക്കുമ്പോള്‍ മാത്രമേ ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുകയുള്ളൂ. അതോടെ സ്വന്തം താല്‍പര്യങ്ങളേക്കാള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തെ സഹായത്തിനായി ഞാന്‍ അവലംബിച്ചു. ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള എന്‍റെ അജ്ഞതയെ ഞാന്‍ തിരിച്ചറിഞ്ഞു. മുമ്പ് ജീവിതത്തില്‍ മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടാനുള്ള കാരണം മനസ്സിന്‍റെ പൊള്ളയായ ആഗ്രഹങ്ങള്‍ നിറവേറ്റുക വഴി സന്തോഷവും സംതൃപ്തിയും ലഭിക്കുമെന്ന തെറ്റിദ്ധാരണയായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്‍റെ ഹൃദയത്തെ താറുമാറാക്കിയ രണ്ട് രോഗങ്ങളെ ഞാന്‍ കണ്ടെത്തി; സംശയവും പിശക് സംഭവിക്കലുമായിരുന്നു അത്. ഹൃദയത്തെ രണ്ട് രോഗമാണ് ആക്രമിക്കാറ്; അതിലൊന്ന് സംശയവും പിശകുമാണെങ്കില്‍ രണ്ടാമത്തേത് വികാരവും ആഗ്രഹങ്ങളുമാണ്. ഇവ രണ്ടിനെക്കുറിച്ചും അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്. അവരുടെ മനസ്സുകളില്‍ ഒരു രോഗമുണ്ട്. തന്മൂലം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിച്ച് കൊടുക്കുകയുണ്ടായി. (2:10) ഈ രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ അല്ലാഹുവിന്‍റെ മാര്‍ഗനിര്‍ദേശത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നെനിക്ക് പൂര്‍ണ്ണമായും ബോധ്യമായി. അങ്ങനെ അല്ലാഹു എനിക്ക് ഋജുവായ മാര്‍ഗം കാണിച്ച് തന്നു. 

ഖുര്‍ആനും അല്ലാഹുവിന്‍റെ റസൂലിന്‍റെ അധ്യാപനങ്ങളുമനുസരിച്ചായി എന്‍റെ പിന്നീടുള്ള തീരുമാനങ്ങളെല്ലാം. അതോടെ ജീവിതത്തിന്‍റെ അര്‍ഥത്തെക്കുറിച്ചുള്ള എന്‍റെ സമീപനം പൂര്‍ണ്ണമായും മാറി. 

നമ്മുടെ ആഗ്രഹങ്ങള്‍ നമ്മുടെ ധാര്‍മികതയുടെ പ്രതിഫലനങ്ങളാണ്. ആന്തരികമായ സ്വഭാവ ദാര്‍ഢ്യത്തിന്‍റെ പ്രദര്‍ശനം മാത്രമാണ് നമ്മള്‍ പുറമെ കാണിക്കുന്ന മൂല്യങ്ങള്‍. സമാനമായി, ഖുര്‍ആനും തിരു സുന്നത്തുമായുള്ള ബന്ധമാണ് അല്ലാഹുവിനോടും പരിശുദ്ധ ഇസ്ലാമിനോടും ആഗ്രഹങ്ങളോടും ജീവിതത്തിന്‍റെ ലക്ഷ്യങ്ങളോടുമുള്ള നമ്മുടെ ബന്ധത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നത്. വിജയത്തെക്കുറിച്ചും ജീവിതത്തിന്‍റെ അര്‍ഥ, ലക്ഷ്യങ്ങളെക്കുറിച്ചുമുള്ള എന്‍റെ സങ്കല്‍പമെന്താണ് എന്ന് ആഴത്തില്‍ ഞാന്‍ പരിശോധിച്ചു. തികച്ചും വിഭിന്നമായ ഒരു റിസല്‍ട്ടിലേക്കാണ് ഞാന്‍ എത്തിച്ചേര്‍ന്നത്. ജീവിതത്തിന്‍റെ ആഴം കാണാത്ത, വ്യാമോഹത്തോടെയും മുന്‍വിധിയോടെയുമുള്ള നമ്മുടെ സമീപനങ്ങളെയല്ല വിജയമെന്ന് വിശേഷിപ്പിക്കേണ്ടത്. മറിച്ച്  ജന്മദൗത്യമെന്തെന്ന് തിരിച്ചറിഞ്ഞ് അവ ചെയ്ത് പൂര്‍ത്തിയാക്കലാണത്. എന്നാല്‍ നമ്മുടെ ജന്മ ദൗത്യം വിസ്മിരിച്ച് കൊണ്ട് സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് കൊണ്ട് നാം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. '

 'പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് ആകൃഷ്ടമാവാനും അവരതില്‍ സംതൃപ്തരാവാനും തങ്ങളനുവര്‍ത്തിക്കുന്ന കുറ്റകൃത്യങ്ങളില്‍ അവര്‍ നിരന്തരം നിലകൊള്ളുവാനും വേണ്ടി'. (ഖു: 6:112)

നമ്മുടെ ലക്ഷ്യവും ശരിയും ശരികേടുമൊന്നും നമ്മുടെ സ്വന്തം ദേഹേഛയാവരുത് നിശ്ചയിക്കേണ്ടത്. ഐഹിക ലോകത്തെ അളവ് കോല്‍ വെച്ച് അവ കണക്കാക്കപ്പെടുകയുമരുത്. അല്ലാഹു പറയുന്നു, 'കാലം തന്നെ ശപഥം, നിശ്ചയം മനുഷ്യന്‍ മഹാ നഷ്ടത്തില്‍ തന്നെയാണ്. സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുകയും സത്യം മുറുകെപ്പിടിക്കാനും സഹനം കൈകൊള്ളാനും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (103: 13)

  ആത്മാവിനോട് പടവെട്ടി എത്ര കാലം മുന്നോട്ട് പോവാനാവും. സ്വത്വവുമായി പോരാട്ടത്തിലേര്‍പ്പെടാന്‍ മാത്രം ദീര്‍ഘമല്ല ഐഹിക ജീവിതം. അതിനാല്‍ ഏറെ ആലോചിച്ചെടുത്ത തീരുമാനപ്രകാരം ഞാന്‍ ഈ മേഖലയില്‍ നിന്ന് ഞാന്‍ ഔദ്യോഗികമായി ബന്ധം വിച്ഛേദിക്കുകയാണ്. 

 യാത്രയുടെ വിജയയത്തില്‍ നിര്‍ണ്ണായകമാവുക ആദ്യ ചുവട് നിങ്ങളെങ്ങനെ മുന്നോട്ട് വെക്കുന്നു എന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ഞാനൊരു വിശുദ്ധയായിരിക്കുന്നുവെന്ന് അറിയിക്കാനല്ല, മറിച്ച് പുതിയൊരു ജീവിതം തുടങ്ങാനും ഞാനാഗ്രഹിച്ച മാര്‍ഗം മുമ്പില്‍ തെളിഞ്ഞ് വരാനും എന്‍റെ മുമ്പില്‍ ഈ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുരുങ്ങിയ കാലം കൊണ്ട് പലരുടെയും ഹൃദയങ്ങളില്‍ ആരാധന സൃഷ്ടിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാവും, എന്നാല്‍  ഈമാനിന്‍റെ നഷ്ടത്തില്‍ നേടിയെടുക്കുന്ന പ്രശസ്തി, സമ്പത്ത്, അധികാരം എന്നിവയൊന്നും ലാഭകരമല്ലെന്ന് നിങ്ങളറിയണം. നിങ്ങളുടെ ഐഹിക ആഗ്രഹങ്ങള്‍ക്ക് കീഴടങ്ങിക്കൊടുക്കരുത്, കാരണം അവ അനന്തമായതും പൂര്‍ത്തിയാകുന്നതോടെ പുതിയ ആഗ്രഹങ്ങളായി പരിണമിക്കുന്നതുമാണ്. 

സ്വയം വ്യാഖ്യാനങ്ങള്‍ക്കും ഇഷ്ടത്തിനുമനുസരിച്ച് ദീനിനെ ചിട്ടപ്പെടുത്തരുത്. കാരണം അങ്ങനെ ചെയ്യുമ്പോള്‍ യഥാര്‍ഥ ദീനീ നിയമങ്ങളെ മറച്ച് വെക്കുകയും തന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒത്തിണങ്ങിയ രീതിയിലുള്ള നിയമങ്ങള്‍ മാത്രം സ്വീകരിക്കാന്‍ തയ്യാറാവുകയുമാണ് അപ്പോള്‍ നാം ചെയ്യുക. പലപ്പോഴും നമ്മുടെ ഈമാനില്‍ വലിയ പിശകുകള്‍ സംഭവിച്ചിട്ടുണ്ടാവും, എന്നാല്‍ വ്യാഖ്യാനങ്ങളും തത്വചിന്തകളും വഴി നാമത് മറച്ച് പിടിക്കാന്‍ ശ്രമിക്കും. നമ്മുടെ വ്യാഖ്യാനങ്ങളൊന്നും ഹൃദയത്തില്‍ നിന്നുള്ളതാവുകയില്ല. അതില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ എല്ലാ വിധ ഒഴിവ് കഴിവുകളും നമ്മള്‍ പറഞ്ഞുണ്ടാക്കും. എന്നാല്‍ അതിലെ വൈരുദ്ധ്യങ്ങള്‍ അല്ലാഹു അറിയുന്നവനാണ്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും അറിയുന്നവനുമാണ്. നിങ്ങള്‍ മറച്ച് വെക്കുന്നതും വെളിപ്പെടുത്തുന്നതും അല്ലാഹു അറിയുന്നതാണ്. 16: 19)

നമ്മുടെ വഞ്ചകാത്മകമായ വ്യാഖ്യാനങ്ങള്‍ മാറ്റിവെച്ച് സത്യം കണ്ടെത്താന്‍ അഹോരാത്രം പരിശ്രമിക്കുകയും ഹൃദയം നിറഞ്ഞ ആത്മാര്‍ഥതയും വിശ്വാസവും നേടിയെടുക്കുകയും ചെയ്യണം. (സത്യ വിശ്വാസികളെ, അല്ലാഹുവിനെ സൂക്ഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സത്യവിവേചന ശേഷി അവനുണ്ടാക്കിത്തരും. (ഖു:8:29)

അല്ലാഹുവിന്‍റെ കല്‍പനകള്‍ ധിക്കരിച്ചും അവന്‍റെ അതൃപ്തി സമ്പാദിച്ചുമുള്ള രീതിയില്‍ റോള്‍ മോഡലുകളെ സ്വീകരിക്കുകയോ ആ രീതിയിലുള്ള വിജയ വഴികള്‍ താണ്ടുകയോ അരുത്. അത്തരം ആളുകള്‍ നങ്ങളുടെ ചോയ്സുകള്‍ തെരഞ്ഞെടുക്കുന്നതിലോ ലക്ഷ്യങ്ങള്‍ താണ്ടുന്നതിലോ നിങ്ങളില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ പാടില്ല. നബി (സ) പറയുന്നു, അന്ത്യനാളില്‍ ഒരാള്‍ ഉയര്‍ത്തപ്പെടുക അയാള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ആളുകളോടൊപ്പമാണ്. 

അറിവുളളവരോട് ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവത്ത അഹങ്കാരികളാവരുത് നിങ്ങള്‍, മറിച്ച് തന്‍റെ ഈഗോയെല്ലാം മാറ്റിമറിച്ച് അല്ലാഹുവിന്‍റെ സന്മാര്‍ഗ രേഖയില്‍ നിന്ന് തെന്നിപ്പോവാതിരിക്കണം. തീര്‍ച്ചയായും ഹൃദയങ്ങളെ മാറ്റിമറിക്കാന്‍ കഴിവുള്ളത് അവന് മാത്രമാകുന്നു, അവന്‍ സന്മാര്‍ഗം നല്‍കിയവരെ ദുര്‍മാര്‍ഗത്തിലേക്ക് നയിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല. അറിവുകള്‍ നേടാനും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാനുമുള്ള ബോധോദയം എല്ലാവര്‍ക്കുമുണ്ടാവുകയില്ല, അതിനാല്‍ അത്തരം ആളുകളെക്കുറിച്ച് വിധി പറയാനോ ആക്ഷേപിക്കാനോ ചെറുതാക്കിക്കാണാനോ നമുക്കാര്‍ക്കും അവകാശമില്ല. യഥാര്‍ഥ സത്യമെന്താണെന്ന് പരസ്പരം ഓര്‍മ്മപ്പെടുത്തി പോസിറ്റീവായ നടപടികള്‍ സ്വീകരിക്കുകയെന്ന പോംവഴി മാത്രമേ നമുക്ക് മുമ്പിലുള്ളൂ. 'ഓര്‍മ്മപ്പെടുത്തുക, നിശ്ചയം വിശ്വാസികള്‍ക്ക് ഓര്‍മ്മപ്പെടുത്തല്‍ ഉപകാരപ്രദമാകുന്നു'. (ഖു. 51:55)

ഈ ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തേണ്ടത് ശത്രുതാ മനോഭാവത്തോടെയോ കോപത്തോടെയുള്ള എതിര്‍പ്പുകളുയര്‍ത്തിയോ ആവരുത്, മറിച്ച് ദയയും വിനയവും ചേര്‍ന്ന് പെരുമാറണം, അത് നമുക്ക് ചുറ്റുമുള്ള ആളുകളുടെ ഹൃദയത്തെ കീഴടക്കും. ഉമര്‍ (റ) പറയുന്നു, 'നിങ്ങളില്‍ ഒരാള്‍ക്ക് പിശക് സംഭവിച്ചാല്‍ അയാളെ ശരിയിലേക്ക് നയിക്കുക, അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക, അയാളെ പരിഹസിച്ചും ഇകഴ്ത്തിയും ശൈത്വാന് സഹായം നല്‍കരുത്'.  

ഈ ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്നതിന് മുമ്പ് ഇസ്ലാമിനെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണം. നമ്മുടെ ഹൃദയങ്ങളിലും പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും ഇസ്ലാമിന്‍റെ അധ്യാപനങ്ങള്‍ പ്രതിഫലിക്കണം. അതിന് ശേഷം ഇസ്ലാമിക അധ്യാപനങ്ങളും അടിസ്ഥാന കാര്യങ്ങളും ജീവിതത്തില്‍ പകര്‍ത്താത്ത ആളുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ശ്രമം നടത്തുകയാവാം. 

അല്ലാഹുവിന്‍റെ കല്‍പനകള്‍ മനസ്സിലാക്കാനുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ഓര്‍ത്ത് കൊള്ളുക, ഈ യാത്ര നിങ്ങള്‍ക്ക് കടുത്ത പരീക്ഷണമായിരിക്കും. ക്ലേശങ്ങളും പരിഹാസങ്ങളും കടുത്ത എതിര്‍പ്പുകളും നിങ്ങളെ വഴിയില്‍ കാത്തിരിക്കുന്നുണ്ട്. നിങ്ങളുടെ ഏറ്റവും പ്രിയങ്കരരില്‍ നിന്നായിരിക്കും ഈ എതിര്‍പ്പുകള്‍ കൂടുതലുമുണ്ടാവുക. നിങ്ങള്‍ മുമ്പ് നയിച്ച ജീവിത രീതിയായിരിക്കും ഇതിന് കാരണം, എന്നാല്‍ അത് മൂലം അല്ലാഹുവിന്‍റെ കരുണയിലും ഹിദായത്തിലും പ്രതീക്ഷ നഷ്ടപ്പെടുത്തരുത്, കാരണം, അവന്‍ മാത്രമാണ് സന്മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവന്‍ (അല്‍ ഹാദി). നിങ്ങളുടെ മുന്‍ കാല ചെയ്തികളോര്‍ത്ത് അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നതില്‍ നിന്ന് പിന്തിരിയരുത്, കാരണം അവന്‍ എല്ലാം പൊറുത്ത് നല്‍കുന്നവനാണ് (അല്‍ ഗഫൂര്‍) . 'പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു. (ഖു:2:222)

ജനങ്ങളില്‍ നിന്ന് നേരിടുന്ന വിലയിരുത്തലുകളും, പരിഹാസങ്ങളും ശകാരങ്ങളും ഭീതിപ്പെടുത്തുന്ന വാക്കുകളും കാരണം മുന്നോട്ട് വെച്ച കാലുകള്‍ പിന്‍വലിക്കരുത്. നിങ്ങളുടെ വഴിയാണ് ശരിയെന്ന് ഉറക്കെ വിളിച്ച് പറയുന്നതില്‍ നിന്ന് പിന്തിരിയുകയുമരുത്, കാരണം, നിങ്ങളെ അല്ലാഹു സഹായിക്കുന്നതാണ് (അല്ലാഹു അല്‍ വലിയ്യ്) ഭാവിയെക്കുറിച്ചുള്ള ഭീതി മൂലം നിങ്ങള്‍ തെരഞ്ഞടുത്ത വഴിയില്‍ ആശങ്ക തോന്നേണ്ട കാര്യമില്ല, കാരണം അല്ലാഹുവാണ് എല്ലാം നല്‍കുന്നവന്‍ (അല്‍ റസാഖ്). 

ഈ യാത്ര ഏറെ ദുശ്കരവും സങ്കീര്‍ണ്ണവും നമ്മുടെ സങ്കല്‍പങ്ങള്‍ക്കുമപ്പുറം ഏകാന്തവുമായിരിക്കും, വിശിഷ്യാ ഈ കാലത്ത് അത് കൂടുതല്‍ പ്രയാസകരമാണ്. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ ഓര്‍ക്കേണ്ടത് അല്ലാഹുവിന്‍റെ ദൂതന്‍റെ ഈ വാക്കുകളെയാണ്, 'ഒരു കാലം വരും, അന്ന് പരിശുദ്ധ ദീന്‍ മുറുകെ പിടിച്ച് ജീവിക്കുന്നത് തീക്കട്ട കൈയില്‍ പിടിച്ച് നില്‍ക്കുന്നത് പോലെയായിരിക്കും'. 

നമ്മുടെ യാത്രാവാഹനങ്ങള്‍ അതിന്‍റെ തീരമണയാനും സത്യത്തിന്‍റെയും അസത്യത്തിന്‍റെയുമിടയില്‍ ശരിയായ തെരഞ്ഞെടുപ്പ് നടത്താനും അല്ലാഹു നമ്മെ സഹായിക്കട്ടെ, അവന്‍ നമ്മുടെ ഈമാനിന് ശക്തി നല്‍കുകയും അവനെ ഓര്‍ക്കുന്നവരിലും ദൃഢമായി നിലനില്‍ക്കുന്നവരിലും ഉള്‍പ്പെടുത്തുകയും ചെയ്യട്ടെ, അല്ലാഹുവിന്‍റെ യുക്തിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും വ്യക്തിപരമായി സംഭവിക്കുന്ന സംശയ, തെറ്റുകളെ അകറ്റി നിര്‍ത്താനും പരസ്പരം സദുപദേശങ്ങള്‍ കൈമാറാനും അവന്‍ നമ്മെ അനുഗ്രഹിക്കട്ടെ, അല്ലാഹു നമ്മുടെ ഹൃദയങ്ങളെ അഹങ്കാരം, കാപട്യം, വിദ്യഹീനത എന്നിവയില്‍ നിന്ന് ശുദ്ധീകരിക്കുകയും ഉദ്ദേശ്യങ്ങളെ ശരിയിലേക്ക് നയിക്കുകയും വാക്കുകളിലും പ്രവൃത്തികളിലും ആത്മാര്‍ഥത നല്‍കുകയും ചെയ്യട്ടെ, ആമീന്‍

   വിവ: റാശിദ് ഓത്തുപുരക്കല്‍ ഹുദവി                    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter