ആസിയ ബീവി ചരിത്രാഖ്യായിക (ഭാഗം അഞ്ച്)
ഉമ്മ എന്ന വിളി വല്ലാത്തൊരു അനുഭൂതിയാണ്. നൊമ്പരം സഹിച്ച് ലഭിക്കുന്ന അനുഭൂതി. ഏതൊരു സ്ത്രീയും ജീവിതത്തില്‍ ഒരു തവണയെങ്കിലും അത് കേള്‍ക്കാന്‍ ആഗ്രഹിച്ചുപോകും.
ആ ഭാഗ്യം ലഭിക്കാതിരിക്കുന്നവര്‍ക്കേ ശരിക്കും അതിന്റെ വിലയറിയൂ...
ഉമ്മ... ലോകത്ത് ഏറ്റവും കൂടുതല്‍ വിലമതിക്കപ്പെടേണ്ട വസ്തുവാണ്. യാതൊന്നും പകരം നില്‍ക്കാത്ത വസ്തു...
തന്റെ ഔദ്യോഗിക ജീവിതത്തിന്റെ പ്രാരംഭ ദശയില്‍ ആസിയ ബീവിയും ഒരു വേള അത് ചിന്തിച്ചുപോയി. ഒരു പിഞ്ചു പൈതലിനെ താലോലിക്കുന്നതിന്റെയും താരാട്ട് പാടി ഉറക്കുന്നതിന്റെയും രസം അവര്‍ ഓര്‍ത്തു...
അങ്ങനെയാണ് ഭാവിയില്‍ ഒരു പ്രവാചകനായി അവതരിക്കേണ്ട മൂസ നബി (അ) ഒരു മഹാ നിയോഗം പോലെ മഹതിയുടെ കരങ്ങളില്‍ എത്തിപ്പെടുന്നത്.
തന്റെ അധികാരത്തിന്റെ അന്തകനെ ഭയന്ന് സര്‍വ്വ ആണ്‍കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയ ഫറോവയുടെ കൊട്ടാരത്തില്‍തന്നെ അയാള്‍ പേടിച്ച അതേ വ്യക്തി വളര്‍ന്നുവരുന്നു... ഫറോവയുടെതന്നെ സ്വന്തം ചെലവില്‍...
അല്ലാഹുവിന്റെ അഭാരമായ ഒരു ചെയ്തിയായിരുന്നു ഇത്. മനുഷ്യന്‍ എത്രയോ ദുര്‍ബലനാണെന്നു കാണിച്ചുതരുന്ന ഒരു മഹാ ചെയ്തി... വിഡ്ഢിയായ മനുഷ്യന്‍ ദിവ്യത്വം വാദിക്കുമ്പോള്‍ അവന്‍ കൂടുതല്‍ വിഡ്ഢിയാവുകയാണെന്ന് ഇത് വ്യക്തമാക്കുന്നു...
* * *
ആയിരക്കണക്കിന് കുഞ്ഞുങ്ങളെ വധിച്ച ഫിര്‍ഔന്‍ ഈ കുഞ്ഞിനെ വെറുതെ വിട്ടത് ആസിയ ബീവിക്ക് വല്ലാത്ത ആശ്വാസം പകര്‍ന്നു. സ്വന്തം മകനായി ഇവനെ വളര്‍ത്തിക്കൊണ്ടുവരണം... അവര്‍ ആഗ്രഹിച്ചു.
പക്ഷെ, പിഞ്ചു പൈതലല്ലേ... അമ്മിഞ്ഞപ്പാല്‍ മാത്രം കുടിക്കുന്ന പ്രായം... എങ്ങനെ കുഞ്ഞിനെ വളര്‍ത്തും? ആര് മുല കൊടുക്കും? അവര്‍ ചിന്താകുലയായി.
താമസിയാതെ പട്ടാളത്തിന്റെ സഹായത്തോടെ നാടുനീളെ വിളംഭരമിറക്കി; രാജ്ഞിയുടെ മകനു മുല കൊടുക്കാന്‍ സ്ത്രീകളെ ആവശ്യമുണ്ട്.
അവര്‍ക്കായി വലിയ സമ്മാനങ്ങളും പ്രഖ്യാപിക്കപ്പെട്ടു.
ഇതു കേള്‍ക്കേണ്ട താമസം നാടിന്റെ നാനാ ഭാഗത്തുനിന്നും മുലയൂട്ടുന്ന സ്ത്രീകള്‍ ഒഴുകിയെത്താന്‍ തുടങ്ങി.
അവര്‍ ഓരോരുത്തരും സുമുഖനായ കുഞ്ഞിനെ വാരിയെടുത്ത് മുല കൊടുത്തു നോക്കി. പക്ഷെ, കുഞ്ഞ് ആരുടെ മുലയും കുടിക്കാന്‍ കൂട്ടാക്കിയില്ല. നിര്‍ത്താത്ത കരച്ചില്‍ തന്നെ...
ഇനിയെന്തു ചെയ്യും? ആര് മുല കൊടുക്കും? കുഞ്ഞിന് വിശക്കുന്നുണ്ടാകും... എല്ലാവരുടെയും മുഖത്ത് പരിഭവം പടരുകയാണ്. ഫിര്‍ഔനും ഖിന്നനായി ഇരിക്കുന്നു.
പരിവാരങ്ങള്‍ നാലുപാടും ഓടുകയാണ്.
അപ്പോഴുണ്ട് ദൂരെ നിന്നും ഒരു സ്ത്രീ നടന്നുവരുന്നു. ആസിയ ബീവി അവരെ ശ്രദ്ധിച്ചു നോക്കി. ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ സ്ത്രീ തന്നെ... കുഞ്ഞിനു മുല കൊടുക്കാന്‍ തന്നെയാണ് അവരും വരുന്നത്...
ഒരു പരീക്ഷണമല്ലേ... അതുംകൂടി കഴിഞ്ഞോട്ടെ...
മഹതി കുഞ്ഞിനെ ആ സ്ത്രീക്കു നേരെ നീട്ടി.
തന്റെ കുഞ്ഞിനെ കാണേണ്ട താമസം ആ ഉമ്മയുടെ മനസ്സ് സന്തോഷത്താല്‍ പിടപിടക്കുന്നുണ്ടായിരുന്നു... പക്ഷെ, അവര്‍ അത് പ്രകടിപ്പിച്ചതേയില്ല. ഏതോ ഒരു അന്യ സ്ത്രീയെപ്പോലെ, യാതൊന്നും അറിയാത്ത മട്ടില്‍ പെരുമാറി.
കുഞ്ഞിനെ വാരിയെടുത്ത് മുല കൊടുത്തുനോക്കി...
മാശാഅല്ലാഹ്....
കുഞ്ഞ് താല്‍പര്യപൂര്‍വ്വം മുല കുടിക്കുന്നു... സ്വന്തം ഉമ്മയുടെ മുല കുടിക്കുന്ന പോലെ... യാതൊരു പിന്‍മാറ്റമോ തല തിരിക്കലോ ഇല്ല... ശാന്തമായ കുടി തന്നെ!!
എല്ലാവരും അല്‍ഭുതപ്പെട്ടുപോയി... ആരുടെയും മുല കുടിക്കാത്ത കുഞ്ഞ് ഈ സ്ത്രീയുടെ മുല കുടിച്ചിരിക്കുന്നു...
ആസിയ ബീവിക്ക് ആശ്വാസമായി... ഇനിയെങ്കിലും കുഞ്ഞ് കരച്ചില്‍ നിര്‍ത്തുമല്ലോ... അവര്‍ സമാധാനിച്ചു.
സന്തോഷാധിക്യത്താല്‍ ആ സ്ത്രീക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കി. ഇനി കുഞ്ഞിനെ നോക്കി കൊട്ടാരത്തില്‍തന്നെ താമസിച്ചുകൊള്ളാന്‍ അവരോട് ആവശ്യപ്പെട്ടു.
പക്ഷെ, ആ സ്ത്രീ സമ്മതിച്ചില്ല. ''എനിക്ക് വീട്ടില്‍ ഒരു കുട്ടിയുണ്ട്. അവരെ നോക്കണം. ഇവിടെ നിന്നാല്‍ അത് നടക്കില്ല.'' അവര്‍ ആ ആവശ്യത്തില്‍നിന്നും ഒഴിഞ്ഞുമാറി.
''എങ്കില്‍ പിന്നെ എന്തു ചെയ്യും? കുഞ്ഞിനെ ആരു നോക്കും? മറ്റാരുടെയും മുല കുടിക്കുന്നുമില്ലല്ലോ?'' ആസിയ ബീവി വ്യാകുലപ്പെട്ടു.
''ഞാന്‍ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയി അവിടെനിന്നും നോക്കിക്കൊള്ളാം.'' സ്ത്രീ പറഞ്ഞു.
''അത് പറ്റില്ല. അത്രയും കാലം ഞാന്‍ അവനെ കാണാതിരിക്കുകയോ?''
''എങ്കില്‍ ഞാനൊരു ഉപായം പറയാം...'' സ്ത്രീ പറഞ്ഞു തുടങ്ങി: ''ഇപ്പോള്‍ ഞാന്‍ കുഞ്ഞിനെയുംകൊണ്ടു പോകാം. വീട്ടില്‍നിന്നും അവനെ നല്ലപോലെ പരിപാലിച്ചുകൊള്ളാം. ഇടക്കിടെ, ആവശ്യമാകുമ്പോഴെല്ലാം അവനെ ഇവിടെ കൊണ്ടുവരികയും ചെയ്യാം.''
ആസിയ ബീവിക്ക് ഈ അഭിപ്രായത്തോടു യോജിപ്പു തോന്നി, കുഞ്ഞിനെ വേര്‍പിരിയാന്‍ ഒട്ടും മനസ്സില്ലായിരുന്നുവെങ്കിലും ഒടുവില്‍ അവരത് സമ്മതിച്ചു.
സ്ത്രീ കുഞ്ഞിനെയുംകൊണ്ട് വീട്ടിലേക്കു പോയി...
ഉള്ളില്‍ എന്തെന്നില്ലാത്ത സന്തോഷം... സ്വജീവിതംതന്നെ തിരിച്ചു കിട്ടിയ പ്രതീതി... സ്വന്തം കുഞ്ഞിനെ ഒരു പോറലുപോലുമേല്‍ക്കാതെ രാജകീയമായി തിരിച്ചു കിട്ടിയിരിക്കുന്നു.... അവര്‍ക്ക് ഓര്‍ക്കുമ്പോള്‍ ഉളില്‍ ചിരി വന്നു. പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തിയും... അവര്‍ അല്ലാഹുവിനു നന്ദി പറഞ്ഞു.
അല്ലാഹു തന്നെ സഹായിക്കാന്‍ കൂടെയുണ്ട് എന്ന് മനസ്സിലാക്കിയ മഹതിക്ക് ഏറെ സന്തോഷമായി.
കൊടും ക്രൂരനായ ഭരണാധികാരിയുടെ അഹങ്കാര പ്രഖ്യാപനത്തെ കാറ്റില്‍ പറത്തിയ അല്ലാഹുവിന്റെ തീരുമാനം അപാരം തന്നെ!!
ഈജിപ്ത് കാലങ്ങളായി പേടിച്ചുകൊണ്ടിരുന്ന അതേ ആണ്‍കുഞ്ഞിനെ ഫറോവയുടെതന്നെ മൂക്കിനു താഴെ പോറ്റിവളര്‍ത്താന്‍ അവസരമൊരുങ്ങിയിരിക്കുന്നു.
അവര്‍ തനിക്കു ലഭിച്ച ഈ സുവര്‍ണാവസരം നല്ല പോലെ മുതലെടുത്തു. സ്വന്തം കുഞ്ഞിനെ സ്വന്തം വീട്ടില്‍നിന്നുതന്നെ പോറ്റിവളര്‍ത്തി.
പക്ഷെ, ഇതിന്റെ ഉള്ളറ രഹസ്യങ്ങള്‍ മറ്റാരും അറിയുമായിരുന്നില്ല...
കുഞ്ഞ് ചിരിയും കളിയുമായി വളരാന്‍ തുടങ്ങി...
കുറേ ദിവസം കഴിയുമ്പോള്‍ മഹതി കുഞ്ഞിനെയുമായി കൊട്ടാരത്തില്‍ പോകും... കുറേ നേരം അവിടെ കഴിച്ചുകൂട്ടും...
ആസിയ ബീവി കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വെക്കും... മതിവരോളം കൊച്ചു കൊച്ചു വാക്കുകള്‍ പറഞ്ഞ് കളിപ്പിച്ചിരിക്കും...
പലപ്പോഴും ഫിര്‍ഔനും കൂടെയുണ്ടാകും... അയാള്‍ക്കും ഈ കുഞ്ഞിനെ കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷവും നിര്‍വൃതിയുമാണ്...
കാലം അങ്ങനെ കഴിഞ്ഞുപോയി. അതിനിടെ സ്ത്രീ പല തവണ കൊട്ടാരത്തില്‍ വരികയും പോവുകയും ചെയ്തു.
പിന്നെപ്പിന്നെ കുഞ്ഞ് ഫിര്‍ഔനും ഒരാവേശമായി. സമയം കിട്ടുമ്പോഴൊക്കെ അയാള്‍ അവനെ കളിപ്പിക്കും...
അങ്ങനെയിരിക്കെ, ഒരു ദിവസം. ഫിര്‍ഔനും ആസിയ ബീവിയും ചേര്‍ന്ന് കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു. പെട്ടന്ന് കുഞ്ഞ് ഫിര്‍ഔന്റെ താടിക്കു പിടിച്ചു വലിച്ചു...
ഇത് വല്ലാത്ത വിഷയമായി. അയാളിലെ അനുകമ്പ മിന്നിമറഞ്ഞു. ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന അഹങ്കാരി സട കുടഞ്ഞെഴുന്നേറ്റു. 'ഇവനെ കൊന്നു കളയണം. ഇവന്‍ എന്റെ ശത്രുവാണ്...' അയാള്‍ അലറി എഴുന്നേറ്റു.
ആസിയ ബീവി അയാളെ സമാധാനിപ്പിക്കാന്‍ നോക്കി. 'വകതിരിവുപോലുമില്ലാത്ത കൊച്ചു കുട്ടിയാണ്. അറിയാതെ ചെയ്തു പോകുന്നതാണ്... അതൊക്കെ നമ്മെപ്പോലെയുള്ള വലിയ മനുഷ്യന്മാര്‍ കാര്യമാക്കാന്‍ പറ്റുമോ?'' അവര്‍ പറഞ്ഞു.
ഫിര്‍ഔന് കാര്യം മനസ്സിലായതേ ഇല്ല. അയാളത് സമ്മതിച്ചതുമില്ല... വധം നടന്നേ പറ്റൂ എന്നായിരുന്നു അയാളുടെ വാദം...
ആസിയ ബീവി കുഴങ്ങി. 'എങ്കില്‍, ഇവന്‍ വിവേകമില്ലാത്ത കുഞ്ഞാണോ അല്ലയോ എന്നു നോക്കാന്‍ നമുക്കൊരു പരീക്ഷണം നടത്താം...' അവര്‍ പറഞ്ഞു.
''എന്തു പരീക്ഷണം?''
''ഒരു തീക്കട്ടയും ഒരു സ്വര്‍ണക്കട്ടയും അവന്റെ മുമ്പില്‍ വെക്കുക. അവന്‍ അതില്‍ ഏതാണ് തെരഞ്ഞെടുക്കുന്നതെന്ന് നോക്കാം...''
കാര്യം ഫിര്‍ഔനും സമ്മതിച്ചു.
താമസിയാതെ, പരിചാരകര്‍ ഒരു തീക്കട്ടയും സ്വര്‍ണക്കട്ടയും കൊണ്ടുവന്നു. കുഞ്ഞിന്റെ മുമ്പില്‍ വെച്ചു.
കൊച്ചുകുഞ്ഞ് കുറച്ചുനേരം അത് നോക്കിനിന്ന ശേഷം വേഗം സ്വര്‍ണ കട്ടയുടെ നേരെയാണ് കൈ നീട്ടിയത്.
ആസിയ ബീവി പേടിച്ചുപോയി. കുഞ്ഞ് സ്വര്‍ണ്ണക്കട്ട എടുക്കുന്ന പക്ഷം അവന്‍ ഇപ്പോള്‍ തന്നെ വധിക്കപ്പെടും. തീര്‍ച്ചയാണ്... അവരുടെ ഉള്ളകം പ്രാര്‍ത്ഥനയിലാണ്ടു.
താമസിയാതെ, കുഞ്ഞ് തീക്കട്ടയുടെ നേരെ കൈ തിരിച്ചു. അതെടുത്തു വായിലിടാന്‍ ശ്രമിച്ചു... കൈ പൊള്ളി. കുഞ്ഞ് വാവിട്ടു കരയാന്‍ തുടങ്ങി...
വിഡ്ഢിയായ ഫിര്‍ഔന്‍ ഇത് കണ്ട് കുലുങ്ങിച്ചിരിച്ചു... 'ഇവനു വകതിരിവില്ല... ശരിതന്നെയാണ്...' അയാള്‍ പതുക്കെ പറഞ്ഞു.
ആസിയ ബീവിക്ക് സമാധാനമായി... വസ്തുത എന്തായാലും ഫിര്‍ഔന്റെ പീഢനങ്ങളില്‍നിന്ന് രക്ഷപ്പെടുകയെന്നത് വലിയ കാര്യമാണ്.. എങ്കിലേ ഇവിടെ സ്വസ്ഥമായി കഴിഞ്ഞുകൂടാന്‍ പറ്റൂ... അല്ലായെങ്കില്‍ അയാള്‍ കൊന്നു കളയും... അത്രയും ക്രൂരനാണ് അയാള്‍... മഹതി ചിന്തുച്ചു.
''ഇനി പേടിക്കേണ്ട. അവന്‍ ഇവിടെത്തന്നെ വളര്‍ന്നുകൊള്ളട്ടെ. അവന്‍ നമ്മുടെ കുട്ടിയാണ്...''
ഫറോവയുടെ വൈകിവന്ന വാക്കുകള്‍ കേട്ട് ആസിയ ബീവിയുടെ ഉള്ളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി... 'കുഞ്ഞ് ഇനി കൊട്ടാരത്തിലെ ഔദ്യോഗിക കുഞ്ഞാണ്...അവനിവിടെയെവിടെയും പാറിപ്പരിലസിക്കാം...' മഹതിയുടെ ഉള്ളില്‍ സായൂജ്യത്തിന്റെ തിരകള്‍ ഉയര്‍ന്നു.
Leave A Comment