അർ- റഹീഖുൽ മഖ്തൂമ്  സീറത്തുന്നബിയിലെ തേൻ കട്ടി...

സുന്ദരമായിരുന്നു നമ്മുടെ പ്രവാചകന്റെ ജീവിതം. അടുത്തറിയുമ്പോൾ അവ അതി സുന്ദരമാവുന്നു. ലോകത്ത് ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ജീവിതവും ചരിത്രം പരിചയപ്പെടുത്തിയിട്ടില്ല. ഇസ്ലാമിക വിജ്ഞാന ശാസ്ത്രത്തിൽ ഒരു സ്വതന്ത്ര ശാഖയായി “സീറത്തുന്നബി" പരിണമിച്ചതും അതുകൊണ്ടുതന്നെയാണ്. സർവ്വ ചലന അനക്കങ്ങളും, ആംഗ്യ വിക്ഷേപങ്ങൾ   പോലും അതീവ ജാഗ്രതയോടെ പിൽക്കാലത്ത്  കടന്നുവന്നവർ രേഖപ്പെടുത്തിയിട്ടുണ്ട്. അത്രയേറെ മാതൃക നിമിഷങ്ങളാണ് ആ കൊത്തിവച്ചത് മുഴുവനും. പ്രത്യുത സീറത്തുന്നബിയിൽ ഭുവന പ്രസിദ്ധമാണ് ഇന്ത്യക്കാരനായ സ്വഫിയ്യുദ്ധീൻ മുബാറക്ക് പൂരി രചിച്ച അർ -റഹീഖുൽ മഖ്തൂമ്.

     1943 ഡിസംബർ ഒന്നിന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ഉള്ള മുബാറക് പൂറിലാണ് രചയിതാവിന്റെ ജനനം. ഹദീസ് പഠനത്തിൽ ഭുവന പ്രസിദ്ധമാണല്ലോ നമ്മുടെ ഇന്ത്യ. പ്രത്യുത  ഹദീസ് വിഭാഗത്തിൽ തലയെടുപ്പുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. ഡൽഹിലെ സയ്യിദ് നസീർ ഹുസൈൻ ന്റെ കീഴിലായിരുന്നു ഹദീസ് പഠനം. എന്നാൽ ഹുസൈൻ ബിന് മുഹമ്മദ്‌ അൽ യമായി അൽ അൻസാരി യിൽ നിന്നാണ് സ്വിഹാഹു സ്സിത്ത പഠിച്ചെടുക്കുന്നത്.ഇസ്ലാമിക വിജ്ഞാന ശാസ്ത്രങ്ങളിൽ കനപ്പെട്ട ധാരാളം രചനകൾ നിർവഹിച്ചിട്ടുണ്ട് അദ്ദേഹം.1935 ജനുവരി 22 നാണ് അദ്ദേഹം വിടപറഞ്ഞത് എങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ഗ്രന്ഥമായ അർ -റഹീഖുൽ മഖ്തൂമ്   മറ്റ് ഭാഷകളിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ   സ്ഥാനം പിടിച്ചിട്ടുണ്ട്.

    പ്രത്യുത രചന നിർവഹിച്ചതിനു പിന്നിൽ ഒരു പ്രധാന കാരണം ഒളിഞ്ഞിരിപ്പുണ്ട്.1979 ൽ “മുസ്ലിം വേൾഡ് ലീഗ്" സംഘടിപ്പിച്ച “സീറത്തുന്നബി ഗ്രന്ഥ രചന" മത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്  സ്മര്യ പുരുഷന്റെ  അർ -റഹീഖുൽ മഖ്തൂമ് ആണ്.

        520 പേജുകളിൽ സരളമായ ഭാഷ വൈഭവത്തിലും അടുക്കും ചിട്ടയുമുള്ള കോർവകളിലുമാണ് വളരെ മനോഹരമായി ഗ്രന്ഥത്തിന്റെ ഘടന പോകുന്നത് ... പ്രവാചകന്റെ  ജീവിതത്തെ മക്ക -മദീന എന്നീ രണ്ട് കാണ്ഡങ്ങളാക്കി 9 പ്രധാന തല കെട്ടുകളിൽ  ജീവിതത്തിന്റെ പല ഘട്ടങ്ങളെയും വളരെ സൂക്ഷ്മമായി അനാവരണം ചെയ്യുന്നുണ്ട് ഗ്രന്ഥം. പ്രവാചകരുടെ ജനനത്തിനു മുമ്പ് നിലനിന്നിരുന്ന അറേബ്യയുടെ അവസ്ഥാന്തരീക്ഷങ്ങൾ വിശദമായി ഗ്രന്ഥത്തിലെ തുടക്കത്തിൽ പ്രതിപാദിക്കുന്നുണ്ട്.

  പിന്നീട് പ്രവാചകന്റെ ജനനം തുടങ്ങി മക്കാ ജീവിതം എല്ലാ തലങ്ങളെയും സ്പർശിക്കും വിധം വിശദമായി ചർച്ചചെയ്യുന്നുണ്ട്.  പിന്നീട് നിയോഗത്തിന് ശേഷം പ്രവാചകൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധിഘട്ടങ്ങളിലും അവയെ തരണം ചെയ്യാൻ അവിടുന്ന് തെരഞ്ഞെടുക്കുന്ന മാർഗങ്ങളിലൂടെയും വളരെ ഹൃദയഭേദകമായാണ് വായനക്കാർ കടന്നുപോവുക. പ്രാരാബ്ദങ്ങൾ കൊടുവിൽ പലായനത്തിലൂടെ മദീനയിലെത്തിയ പ്രവാചകൻ അവിടെ രൂപപ്പെടുത്തിയെടുക്കുന്ന ഇസ്ലാമിക രാഷ്ട്രീയം വളരെ മനോഹരമായി വായനക്കാരുടെ മനസ്സിലേക്ക് ആഗ്രഹിക്കുന്നുണ്ട് ഗ്രന്ഥം. യുദ്ധ മുഖങ്ങളിൽ പ്രവാചകൻ കൈകൊണ്ട നിലപാടുകൾ എത്രമാത്രം സാന്ദർഭികാനുസരണമാണെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്ന യുദ്ധങ്ങൾ പരിശോധിച്ചാൽ മതിയാകും. ഇവിടെയാണ് അടർത്തിയെടുക്കപ്പെടുന്ന  തെറ്റിദ്ധാരണകൾ എത്രമാത്രം ബാലിശമാണെന്ന് മനസ്സിലാകുന്നത്.

      സീറത്തുന്നബിയിലും മറ്റിതര ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും വിരചിതമായ തൊണ്ണൂറോളം മൂല ഗ്രന്ഥങ്ങളുടെ പൂർണ്ണ അവലംബ ത്തോടെയാണ് അർ -റഹീഖുൽ മഖ്തൂമ് രചിക്കപ്പെടുന്നത്. ആധികാരികമായ ഹദീസ്, ചരിത്ര, സീറ ഗ്രന്ഥങ്ങളാണ് അവയൊക്കെ തന്നെയും.പ്രവാചക വിമർശനത്തിന് അടയിരിക്കുന്നവർ സീറത്തുന്നബി ഗ്രന്ഥങ്ങളുടെ പേജുകൾ മറിച്ചു നോക്കുന്നത് വർത്തമാനകാലത്ത് കൂടുതൽ ഉചിതമായിരിക്കുമെന്ന് സാന്ദർഭികമായി ഉണർത്താമല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter