ഒരേയൊരു സമ്പൂര്‍ണ്ണവ്യക്തിത്വം

അന്ത്യപ്രവാചകരായ മുഹമ്മദ് നബി ദൈവമോ ദൈവപുത്രനോ അല്ല, മറിച്ച് മനുഷ്യരായ ഉമ്മയുടെയും വാപ്പയുടെയും മകനായി ജനിച്ച കേവലമനുഷ്യപുത്രന്‍ തന്നെ. എന്നാല്‍ മനുഷ്യത്വത്തിന്റെ സമ്പൂര്‍ണ്ണത കൈവരിച്ചതായിരുന്നു ആ വ്യക്തിത്വമെന്നതാണ് ഇതരരില്‍നിന്ന് പ്രവാചകരെ വ്യതിരിക്തനാക്കുന്നത്.

മനുഷ്യചരിത്രത്തിന്റെ താളുകളില്‍ ഇടം നേടിയ അനേകം വ്യക്തിത്വങ്ങളുണ്ട്. എന്നാല്‍ അവരില്‍ ഭൂരിഭാഗം പേരും പ്രത്യേകമായ ഏതെങ്കിലും ഒരു കാര്യത്തിലോ മേഖലയിലോ മാത്രം സംഭാവനകളര്‍പ്പിച്ചവരായിരിക്കും, പ്രത്യേകമായ ഏതെങ്കിലും സമൂഹത്തിനോ രാഷ്ട്രത്തിനോ വല്ലതും ചെയ്തവരായിരിക്കും. ഏതാനും ചിലര്‍ ഒന്നിലധികം മേഖലകളില്‍ തിളങ്ങാനായവരുമുണ്ടായേക്കാം. അതേസമയം അവരെല്ലാം തന്നെ, അതല്ലാത്ത മറ്റുമേഖലകളിലെല്ലാം മറ്റുള്ളവരെപ്പോലെ സാധാരണക്കാരോ ചിലപ്പോഴെല്ലാം സാധാരണക്കാരേക്കാള്‍ മോശമായ അവസ്ഥയിലോ ആണെന്നതാണ് ചരിത്രം. എത്ര തന്നെ ശ്രദ്ധേയനും ഉന്നതസ്ഥാനീയനുമാവുമ്പോഴും എന്തെങ്കിലും ഒരു ബലഹീനതയോ ദൌര്‍ബല്യമോ ഇല്ലാത്തവരെ ചരിത്രത്തില്‍ നമുക്ക് കാണാനുമാവില്ല. അവിടെയാണ് പ്രവാചകര്‍ അത്യുല്‍കൃഷ്ടമായ വ്യക്തിത്വത്തിലൂടെ സകലഗുണസമ്പൂര്‍‍ണ്ണതയുടെയും സംഗമവേദിയായി വേറിട്ട് നില്‍ക്കുന്നത്.

മനുഷ്യനെ മഹാനും ഉന്നതനുമാക്കുന്ന ഏതെല്ലാം സുകുമാരഗുണഗണങ്ങളുണ്ടോ അവയെല്ലാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രവാചകരില്‍ പ്രകടമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.  വിശ്വസ്തത, ബുദ്ധിവൈഭവം, സത്യസന്ധത, സ്നേഹം, ദയ, അനുകമ്പ തുടങ്ങി ഉല്‍കൃഷ്ടഗുണങ്ങളുടെ പൂര്‍ണ്ണപട്ടിക തയ്യാറാക്കുന്നുവെങ്കില്‍ അവയിലെല്ലാം ആദ്യാന്തമനുഷ്യചരിത്രത്തിലെ പ്രഥമസ്ഥാനീയന്‍ അന്ത്യപ്രവാചകര്‍‍ തന്നെ. സ്വഭാവപരവും ബൌദ്ധികവുമായ എല്ലാ മാപിനികളിലും മുന്നിട്ട്നില്‍ക്കുന്നതോടൊപ്പം ശാരീരികസൌഷ്ടവത്തിലും ആകാരഭംഗിയിലും കായികശേഷിയിലും അവിടുന്ന് പരിപൂര്‍ണ്ണന്‍ തന്നെ.

ശാരീരികവും മാനസികവും സാമൂഹ്യവുമായ സദ്ഗുണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരെ താരതമ്യം ചെയ്യുമ്പോള്‍ അവര്‍ വ്യത്യസ്തതലങ്ങളിലാണെന്നത് സുവ്യക്തമാണല്ലോ. ആദ്യമനുഷ്യന്‍ മുതല്‍ ഇന്നോളം ഭൂമുഖത്ത് പിറവിയെടുത്തവരെ അത്തരം ഗുണങ്ങളെ ആധാരമാക്കി ക്രമീകരിച്ചാല്‍ അവയില്‍ പ്രഥമസ്ഥാനീയന്‍ പ്രവാചകരായിരിക്കും എന്നര്‍ത്ഥം.

എന്നാല്‍ ഇതെല്ലാം സ്വായത്തമായിരിക്കുമ്പോഴും താനൊരു മനുഷ്യനാണെന്നും അതിലുപരി അല്ലാഹുവിന്റെ അടിമയാണെന്നുമാണ് അവിടുന്ന് സവിനയം ലോകത്തോട് വിളിച്ചുപറഞ്ഞത്. വിശുദ്ധ ഖുര്‍ആന്‍ പ്രവാചകരോട് കല്‍പിക്കുന്നത് കാണുക, താങ്കള്‍ പറയുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്. ഒരേ ഒരു ഇലാഹ് മാത്രമാണ് നിങ്ങളുടെ ഇലാഹ് എന്നെനിക്കു ബോധനം നല്‍കപ്പെടുന്നു (സൂറതുല്‍കഹ്ഫ്-110) പ്രവാചകരെ സാധാരണക്കാരായ ഇതര മനുഷ്യരില്‍നിന്ന് വ്യത്യസ്തമാക്കുന്ന സുപ്രധാനമായ ഒരു ഘടകം ഈ സമ്പൂര്‍ണ്ണതയാണ്.

രണ്ടാമത്തെ ഘടകം മേല്‍സൂക്തത്തില്‍ പറയപ്പെട്ട ബോധനമാണ്. മറ്റുള്ളവര്‍ക്ക് അല്ലാഹുവിന്റെ സന്ദേശമെത്തിക്കുകയെന്ന ഏറ്റവും മഹത്തരവും പ്രതിസന്ധിനിര്‍ഭരവുമായ ഉത്തരവാദിത്തത്തിന്റെ പൂര്‍ത്തീകരണമാണ് പ്രവാചകരിലൂടെ നിര്‍വ്വഹിക്കപ്പെട്ടത്.

ആ പ്രവാചകരെ നേരിട്ടറിഞ്ഞവരെല്ലാം ആ സമ്പൂര്‍ണ്ണതയെ സാക്ഷ്യപ്പെടുത്തുന്നത് നമുക്ക് കാണാം. കൂടെ ജീവിച്ച പത്നിമാരെല്ലാം അത് അടിവരയിട്ട് പറയുന്നുണ്ട്. ആദ്യഭാര്യയായ മഹതി ഖദീജ(റ) പ്രവാചകരുടെ സദ്ഗുണസമ്പൂര്‍ത്തിക്ക് നല്‍കിയ സാക്ഷ്യപത്രം നാം മനസ്സിലാക്കിയതാണ്. പ്രവാചകരുടെ ജീവിതചര്യകളെക്കുറിച്ചും സ്വഭാവരീതികളെകുറിച്ചും ചോദിക്കപ്പെട്ടപ്പോള്‍, പ്രവാചകരുടെ സ്വഭാവം വിശുദ്ധഖുര്‍ആനായിരുന്നുവെന്നാണ് ആഇശ(റ) പറഞ്ഞത്. അനുയായികള്‍ക്കെല്ലാം ആ നേതവിനെകുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ, അത് കൊണ്ട് തന്നെ അവരെല്ലാം സ്വന്തത്തേക്കാളും അവരെ സ്നേഹിക്കുകയും സ്വജീവന്‍ പോലും അവര്‍ക്കായി ബലികഴിക്കാന്‍ തയ്യാറാവുകയും ചെയ്തു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ പ്രവാചകരെ കണ്ട്മുട്ടിയവരൊക്കെ ആ പ്രഭാവം അംഗീകരിച്ചിട്ടുണ്ട്.

കൊടിയ ശത്രുക്കള്‍ക്ക് പോലും ആ പ്രവാചകര്‍ക്കെതിരെ ആരോപിക്കാന് സ്വഭാവവൈകല്യത്തിന്റെ കണിക പോലും ലഭ്യമായില്ലെന്നതിന് ചരിത്രത്താളുകളാണ് സാക്ഷി. പ്രവാചകരുടെ ആദ്യകാലബദ്ധശത്രുവായിരുന്ന അബൂസുഫിയാനുബ്നുഹര്‍ബ്, പ്രവാചകരെകുറിച്ചുള്ള റോം രാജാവായ ഹിറഖലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ഹദീസുകളില്‍ കാണാം. എവിടെയെങ്കിലും പ്രവാചകരെ കുറിച്ച് മോശമായി എന്തെങ്കിലും പറയണമെന്ന് ആശിക്കുമ്പോഴും അത് പറയാനാവതെ യഥാതഥാ വിവരിക്കുന്നത് പ്രവാചകരുടെ മഹത്വങ്ങളും അതിലുപരി പൂര്‍വ്വവേദങ്ങളില്‍  പരാമൃഷ്ടമായ പ്രവാചകലക്ഷണങ്ങളുമാണ്.

ചുരുക്കത്തില്‍ മനുഷ്യമഹത്വത്തിന്റെ പൂര്‍ണ്ണതയിലെത്തിയ ഒരേ ഒരു വ്യക്തിത്വം പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടേത് മാത്രമായിരുന്നുവെന്ന് സര്‍വ്വാംഗീകൃതമാണ്. അപ്പോഴും ഞാനും നിങ്ങളെപ്പോലൊരു മനുഷ്യന്‍ മാത്രമാണെന്ന് ഇടക്കിടെ ഓര്‍മ്മിപ്പിക്കുകയും അല്ലാഹുവിന്റെ അടിമയാണെന്ന് സാഭിമാനം ഉദ്ഘോഷിക്കുകയും  ചെയ്യുമ്പോള്‍ ആ മഹത്വത്തിന് വീണ്ടും വീണ്ടും തിളക്കമേറുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter