സൂക്ഷിക്കുക! വാക്കുകളിൽ പോലും ഫാഷിസം ഒളിഞ്ഞിരിപ്പുണ്ട്.
"അവ്യക്തതയിലും അന്ധകാരത്തിലുമാണ് ഫാഷിസം പുഷ്ടിപ്പെടുന്നത്" - ഡാഷാൻ സ്റ്റോക്സ്.
ഫാഷിസത്തിന്റെ ഉൾപ്പിരിവുകൾ രൂപപ്പെടുന്നതെങ്ങനെയെന്ന് കൃത്യമായി വിവരിക്കുന്ന കൃതിയാണ് ഡോ. പി സോമൻ രചിച്ച 'ഫാഷിസവും സംസ്കാരവും'. കാലാകാലങ്ങളിൽ അതിന് കൈവരുന്ന രൂപ-ഭാവ ഭേദങ്ങൾ എത്രമേൽ അപ്രവചനീയമാണെന്ന പൊള്ളുന്ന സത്യമാണ് ചരിത്ര വസ്തുതകളുടെ ബലത്തിൽ അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ മുന്നോട്ട് വെക്കുന്ന ആശയങ്ങളുടെ കാതൽ. ഇതിൽ അദ്ദേഹം പങ്ക് വെക്കുന്ന ഏറെ വിചിന്തനീയമായ ഒരു ചിന്തയുണ്ട്. 'ചരിത്രം ആവർത്തിക്കാത്തതിനാൽ ജർമ്മനിയിലും ഇറ്റലിയിലും രൂപപ്പെട്ട ഫാഷിസം അതേപടി ഇനി ഉണ്ടായെന്ന് വരില്ല. എന്നാൽ ചരിത്രത്തെയും സംസ്കാരത്തെയും കപടമായി അവതരിപ്പിച്ച് കൊണ്ട് പുതുരൂപത്തിൽ ഫാഷിസം കടന്ന് വരുന്നു.'
ദ്വിമാനങ്ങളിലൂടെയാണ് ഫാഷിസം സമൂഹത്തെ ഗ്രസിക്കുക. ചിലയിടങ്ങളിൽ സ്റ്റേറ്റിന്റെ ഭരണം കയ്യേറി ബാഹ്യമായ രാഷ്ട്രീയ പ്രവേശം നടത്തുമത്. മറ്റിടങ്ങളിൽ നിശബ്ദമായി സാംസ്കാരികതയുടെ വേരിലൂടെ ജലം കണക്കെ നുഴഞ്ഞു കയറുന്നതാണ് അതിന്റെ രീതി. ഒരുപക്ഷെ, കാതലിലെത്തുമ്പോൾ മാത്രമാണ് അതിന്റെ സാന്നിധ്യം തിരിച്ചറിയപ്പെടുക പോലുമുള്ളൂ. ഇന്ത്യൻ സമൂഹത്തിന്റെ കാര്യമെടുക്കാം. 2014 ൽ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേ ഇവിടെ സാംസ്കാരിക ഫാഷിസം സജീവത കൈവരിച്ചിരുന്നു എന്ന് ഇപ്പോൾ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ ഫാഷിസം അപ്രാപ്യമായ കേരളത്തിൽ പോലും 1970 കളിൽ തന്നെ തലപൊക്കിത്തുടങ്ങിയതാണിത്. ഇന്ന്, നമുക്ക് ചുറ്റിലും സാമൂഹ്യ പ്രതലങ്ങളിലും പരസ്യമായ സമ്പർക്കം പുലർത്തുന്നിടത്തേക്ക് വളർന്നു കഴിഞ്ഞു ഈ 'വൈറസ്.
Also Read:ഹിന്ദുത്വ ഫാഷിസം: വഴിയും വര്‍ത്തമാനവും
ഇന്ത്യൻ പശ്ചാത്തലത്തിൽ രൂപഭേദം വന്ന സാംസ്കാരിക ഫാഷിസത്തിന്റെ ഇരകളുടെ പട്ടികയിൽ ആദ്യമെഴുതാൻ ജിഹാദിനോളം പോന്ന മറ്റൊന്നില്ല. മുസ്ലിംകൾ ഏറെ പവിത്രതയോടെ കണക്കാക്കുന്ന ഈ പദം സാധാരണക്കാരെ പോലും ഭയപ്പെടുത്തുന്നുണ്ടെങ്കിൽ അതാണ് ഫാഷിസം ഈ കണക്കിൽ നേടിയെടുത്ത ഏറ്റവും വലിയ വിജയം. മാത്രവുമല്ല, ഏത് വാക്കിന് പിന്നിലും 'ജിഹാദ്' പ്രത്യമായി ചേരുന്നതോടെ അത് നിഷേധാർത്ഥമായി പരിണമിക്കുന്നിടത്തേക്കെത്തി നിൽക്കുന്നു കാര്യങ്ങൾ. ലവ് ജിഹാദ് എന്ന പദനിർമ്മിതി മുതലാണല്ലോ ഇതിന്റെ തുടക്കം. ദക്ഷിണ കർണ്ണാടകയിൽ നിന്ന് ഉരുവം കൊണ്ട ഈ സംജ്ഞ പിന്നീട് ഔദ്യോഗികമായി കേരള കൗമുദിയും തുടർന്ന് മറ്റു മാധ്യമങ്ങളും ഉത്തരവാദിത്തത്തോടെ തന്നെ ഉപയോഗിക്കുന്നത് നാം കണ്ടു.
കർണ്ണാടകയിലുടനീളമായി 30000 ഹിന്ദു പെൺകുട്ടികളെ മുസ്ലീംമതപരിവർത്തനം നടത്താനായി പ്രണയം നടിച്ച് നാടുകടത്തിയെന്ന ഹിന്ദു ജനജാഗ്രത സമിതിയുടെ ആരോപണത്തിന് പിന്നാലെയാണ് അതിന് പ്രാരംഭമായത്. കേസ് അന്വേഷിച്ച വിദഗ്ധ സംഘം തിരോധാനം സംഭവിച്ച പെൺകുട്ടികളുടെ എണ്ണം 30000 അല്ല 404 ആണെന്നും അതിൽ 332 പേരെ കണ്ടെത്തിയെന്നും ശേഷിക്കുന്ന 57 പേർ വിവിധ മതങ്ങളിൽ പെട്ടവരാണെന്നും വ്യക്തമാക്കിയതോടെ ഫാഷിസം സംവിധാനം ചെയ്ത ഈ പ്രണയനാടകത്തിൽ ജിഹാദിന് പങ്കില്ലെന്ന് വ്യക്തമായതാണ്. പക്ഷെ, ലവ് ജിഹാദ് എന്ന സംജ്ഞ പ്രചരിച്ചതോടെ സംഭവത്തിന്റെ യാഥാർഥ്യം എല്ലാവരിലുമെത്താനാവാതെ പോയി. ഇപ്പോഴും ലവ് ജിഹാദ് എന്ന അർത്ഥമില്ലാത്ത ഈ വാക്ക് കേൾക്കുമ്പോഴേക്ക് ഒരു വേളയെങ്കിലും ആശങ്കപ്പെടുന്ന എത്രയോ മാതാപിതാക്കളുണ്ടെന്നത് വാക്കിലൂടെ ഫാഷിസം കയറ്റിയ വിഷത്തിന്റെ വീര്യമാണ് കാണിക്കുന്നത്.
Also Read:ലൗ ജിഹാദും സ്വാതന്ത്ര്യ വിരുദ്ധ നിയമങ്ങളും
ലവ് ജിഹാദെന്ന പദം ഭീതിജനകമായിരുന്നെങ്കിൽ അതിന്റെ ചുവട് പിടിച്ച് വന്ന 'ഡാൻസ് ജിഹാദ്' പരിഹാസോക്തിയുള്ള പദമായാണ് അരങ്ങിലെത്തി നിൽക്കുന്നത്. കോളേജിന്റെ കോറിഡോറിൽ നൃത്തം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ താരങ്ങളായ രണ്ട് സഹപാഠികളിൽ ഒരാൾ മുസ്ലിമായ ആൺകുട്ടിയും മറ്റൊരാൾ അമുസ്ലിമായ പെണ്കുട്ടിയുമാവുമ്പോഴേക്ക് ജിഹാദെന്ന് മുറവിളി കൂട്ടിയയാളെ നയിക്കുന്നത് ഉള്ളിൽ വമിഞ്ഞിരിക്കുന്ന വിഷവിലിപ്തമായ വർഗീയതയായിരിക്കാം. എന്നാൽ അതേറ്റു പിടിച്ച് ഡാൻസ് ജിഹാദ് എന്ന പദം പണി തീർത്തവർ ആസൂത്രിതമായി ആ പദത്തെ വികലമാക്കാൻ ഇറങ്ങിത്തിരിച്ചവരാണെന്ന് പറയാതെ വയ്യ. ഒരിക്കൽ കൂടി ജിഹാദ് പൊതുമധ്യത്തിൽ വരുത്തി ഇനി അതെവിടെ കൊണ്ടിട്ടാലും ഇട്ടയിടം അവിശുദ്ധമാകും എന്ന തീർപ്പ് ഇക്കൂട്ടർ ഉണ്ടാക്കിവെക്കുന്നുണ്ട്. പിന്നീട് രൂപപ്പെട്ട 'മത്സ്യ ജിഹാദെ'ന്ന പരിഹാസോക്തിയുള്ള പദവും ജിഹാദ് പ്രത്യയമായി തുടർന്നും രൂപപ്പെടാനിരിക്കുന്ന സംജ്ഞകളും ഇവരുടെ കണക്ക് കൂട്ടലുകളല്ലെന്ന് എങ്ങനെ കരുതാനാവും?
ഈ വസ്തുത അറിഞ്ഞോ അല്ലാതെയോ ഇത്തരം പദങ്ങൾക്ക് പ്രചാരം കൊടുക്കുന്ന മാധ്യമങ്ങളും നമ്മളും സാംസ്കാരിക ഫാഷിസമെന്ന ഈ അപായത്തെ അലംഭാവത്തോടെ സമീപിക്കുന്നുവെന്നതിനർത്ഥം രാഷ്ട്രീയ ഫാഷിസത്തിന് സർവ്വാത്മനാ നമ്മൾ വഴങ്ങിക്കൊടുക്കുന്നുവെന്നതാണ്. അപ്പോൾ പിന്നെ നമുക്കെന്ത് ചെയ്യാനാവുമെന്നതാണ് അടുത്ത ചോദ്യം. പദങ്ങളിലൂടെ, വാക്കുകളിലൂടെ പ്രതിരോധം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഈ അപായത്തിന് ഉപായം. സൂക്ഷിക്കുക! വാക്കുകളിൽ പോലും ഫാഷിസം ഒളിഞ്ഞിരിപ്പുണ്ട്.
Leave A Comment