മറ്റുള്ളവരെ വിഡ്ഢികളാക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ നാം തന്നെയല്ലേ വിഡ്ഢികളാവുന്നത്..

സത്യം പറയുക എന്നത് അടിസ്ഥാന ഗുണങ്ങളിലൊന്നാണ്. സത്യമേ പറയാവൂ, സത്യമേവ ജയതേ തുടങ്ങി സത്യത്തെ പ്രകീര്‍ത്തിക്കാത്ത മതങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ല.

നന്മയുടെ അടിസ്ഥാനമായി വിശുദ്ധ ഇസ്‍ലാം കാണുന്ന ഗുണങ്ങളിലൊന്നാണ് സത്യസന്ധത. വാക്കുകളിലും പ്രവൃത്തികളിലും വിചാരങ്ങളില്‍ പോലും സത്യസന്ധത പാലിക്കാനാണ് ഇസ്‍ലാം കല്‍പിക്കുന്നത്.

ഒരു പ്രവാചക വചനം ഇങ്ങനെ വായിക്കാം, നിങ്ങള്‍ സത്യസന്ധത പാലിക്കുക, അത് നിങ്ങളെ നന്മയിലേക്ക് നയിക്കും, നന്മ സ്വര്‍ഗ്ഗത്തിലേക്കും. സത്യസന്ധരുടെ കൂടെയായിരിക്കാന്‍ കല്‍പിക്കുന്ന എത്രയോ ഖുര്‍ആന്‍ സൂക്തങ്ങളും കാണാം.

പ്രയാസകരമാണെങ്കില്‍ പോലും സത്യമേ പറയാവൂ എന്നതാണ് പ്രവാചകാധ്യാപനം. അബൂദര്‍രില്‍ ഗിഫാരി നിവേദനം ചെയ്യുന്ന പ്രവാചകവചനം ഇങ്ങനെയാണ്, കൈപ്പേറിയ സന്ദര്‍ഭങ്ങളില്‍ പോലും സത്യമേ പറയാവൂ.

ഇങ്ങനെയൊക്കെയായിരിക്കെ, എന്തിന്റെ പേരിലും കളവ് പറയുന്നത് ഒരു വിശ്വാസിക്കെന്ന് മാത്രമല്ല, മനുഷ്യന് തന്നെ ഭൂഷണമല്ല. ഏപ്രില്‍ ഫുള്‍ എന്ന പേരില്‍, മറ്റുള്ളവരെ വിഡ്ഢികളാക്കാനും പരിഹസിക്കാനുമായി കളവ് പറയുമ്പോഴും ചെയ്യുമ്പോഴും അതിന് വേണ്ടിയുള്ള വിചാരങ്ങളും ആലോചനകളും നടത്തുമ്പോഴെല്ലാം, യഥാര്‍ത്ഥത്തില്‍ നാം തന്നെയല്ലേ വിഡ്ഢികളാവുന്നത്. 

കാരണം, സത്യസന്ധത നന്മയിലേക്ക് നയിക്കുമെന്ന പോലെ,  കളവ് തിന്മയിലേക്കാണ് നയിക്കുന്നത്. തിന്മ നരകത്തിലേക്കും ശാശ്വത നാശത്തിലേക്കും. 

അഥവാ, നൈമിഷ രസത്തിന് വേണ്ടി കളവ് പറയുന്നതിലൂടെ, യഥാര്‍ത്ഥത്തില്‍ ഫൂളാവുന്നത് പറയുന്നവര്‍ തന്നെയാണ് എന്നര്‍ത്ഥം. ആയതിനാല്‍, ഈ ഏപ്രില്‍ ഫൂള്‍ കളവ് പറയാനുള്ളതല്ല, മറിച്ച് ജീവിതത്തില്‍ കളവ് പറയില്ലെന്ന പ്രതിജ്ഞ പുതുക്കാനുള്ളതാവട്ടെ.

Related Posts

Leave A Comment

Voting Poll

Get Newsletter